- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചനും മലയാള അച്ചടിയും
അച്ചടിസാങ്കേതികവിദ്യയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് പ്രസാധനവ്യാപാരത്തിലേർപ്പെട്ട നാട്ടുകാരനായ ആദ്യ പ്രസാധകനാണ് ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ. 'വിദേശിയരുടെ സാങ്കേതിക സഹായം കൂടാതെ ഒരു കേരളീയൻ ആദ്യമായി സ്ഥാപിച്ച അച്ചുകൂട'മെന്നാണ് മാന്നാനം സെന്റ് ജോസഫ്‌സ് പ്രസ്സിനെ ഗ്രന്ഥചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. പുസ്തകം എന്ന അറിവ് ര
അച്ചടിസാങ്കേതികവിദ്യയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് പ്രസാധനവ്യാപാരത്തിലേർപ്പെട്ട നാട്ടുകാരനായ ആദ്യ പ്രസാധകനാണ് ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ. 'വിദേശിയരുടെ സാങ്കേതിക സഹായം കൂടാതെ ഒരു കേരളീയൻ ആദ്യമായി സ്ഥാപിച്ച അച്ചുകൂട'മെന്നാണ് മാന്നാനം സെന്റ് ജോസഫ്‌സ് പ്രസ്സിനെ ഗ്രന്ഥചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. പുസ്തകം എന്ന അറിവ് രൂപത്തിന്റെ ആവശ്യകതയെയും അതിന്റെ തിരഞ്ഞെടുപ്പിനെയും പറ്റി സഭാവിശ്വാസികളെ അറിയിക്കുന്നതിന് വേണ്ടി ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ എഴുതിയ കത്തിന്റെ ഉള്ളടക്കം നോക്കുക:''കാവ്യരുടെ ശാസ്ത്രപുസ്തകങ്ങൾ അജ്ഞതയും അറിവില്ലായ്മയും പഠിപ്പിക്കുന്നതാകുന്നു. ഇപ്രകാരമുള്ള പുസ്തകങ്ങളും ചിറ്റിമ്പപ്പാട്ടുകൾ അടങ്ങിയ പുസ്തകങ്ങളും ഇടത്തൂട്ടുകാരുടെ പുസ്തകങ്ങളും വീട്ടിൽവച്ചു സൂക്ഷിക്കുന്നത് വൈക്കോലിൽ തീ ഒളിച്ചുവെക്കുന്നതിനു സമമാകുന്നു. ഭക്തിയെ വർദ്ധിപ്പിക്കുന്ന ജ്ഞാനപുസ്തകങ്ങളും തത്വശാസ്ത്രപുസ്തകങ്ങളും മക്കൾക്കു സമ്പാദിച്ചുവെക്കേണ്ട നിക്ഷേപങ്ങളാകുന്നു. ഇപ്രകാരമുള്ള പുസ്തകങ്ങളെ ശക്തിപോലെ വാങ്ങിച്ചു ശേഖരിക്ക''. മലയാളം അച്ചടിയുടെ ആരംഭദിശയിലാണ് പുസ്തകങ്ങളെക്കുറിച്ച് ഈ അഭിപ്രായം അദ്ദേഹം എഴുതുന്നത്. പുസ്തകം/ വായന എന്നിവയെക്കുറിച്ച് ആധുനിലോകബോധത്തിന്റെ പ്രകാശനം തന്നെയാണിത്. ആധുനികനായ വ്യക്തി എന്ന ബോധം ഇവിടെയുണ്ടാകുന്നു. പുസ്തകം നിർമ്മിക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ ഇത് കടന്നുവരുന്നുണ്ട്.
ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്റെ പ്രസാധനശീർഷകങ്ങൾക്ക് കേവലം മതകേന്ദ്രിതമായ പുസ്തകങ്ങൾ എന്ന നിലയിലുള്ള പ്രസാധനമൂല്യം മാത്രമല്ല ഉള്ളത്. ചാവറയച്ചന്റെ പ്രസാധനശ്രമങ്ങളെ രണ്ട് രീതിയിൽ തരം തിരിക്കാം. ഒന്ന് : പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളസഭകളിൽ നടന്ന അനൈക്യത്തിന്റെ പശ്ചാത്തലത്തിൽ ക്രിസ്തീയ മതവിശ്വാസങ്ങളെ ഏകീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും, അതിന് വേണ്ടിയുള്ള പുസ്തകങ്ങൾ വിവർത്തനം ചെയ്ത് പ്രസാധനപ്പെടുത്തുകയും (ജ്ഞാനപീയൂഷം. നിത്യാരാധന, കൃപാനിധി എന്നിവ ഉദാഹരണം), ഗ്രന്ഥങ്ങൾ സ്വയം എഴുതി സഭാവിശ്വാസികളുടെ ഇടയിൽ പ്രചരിപ്പിക്കുകയും ചെയ്യുക (ആത്മാനുതാപം, അനസ്താസ്യായുടെ രക്തസാക്ഷ്യം, മരണവീട്ടിൽ പാടാനുള്ള പാന എന്നിവ). രണ്ട് : വിദ്യാഭ്യസപ്രവർത്തനങ്ങൾ, മതപ്രവർത്തനം എന്നിവയ്ക്ക് വേണ്ടിയുള്ള സർക്കുലറുകൾ അച്ചടിച്ച് വിതരണം ചെയ്യുക.
അറിവിന്റെ വ്യാപനത്തിന് അച്ചടിശാലകൾ അത്യന്താപേക്ഷിതമാണ്. കേരളീയ നവോത്ഥാനം അതിന്റെ ആശയപ്രചാരണത്തിന് അച്ചടിയുടെ സാധ്യതകൾ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. അച്ചടിശാല സ്ഥാപിക്കുന്നതിന് അച്ചൻ നേരിടേണ്ടിവന്ന വൈഷ്യമ്യങ്ങളും ചെറുതല്ല. ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്റെ ആത്മകഥയായ 'നളാഗമത്തി'ൽ അച്ചടിശാല തുടങ്ങുന്നതിനു നേരിടേണ്ടിവന്ന പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് വിവരിക്കുന്നുണ്ട്. ''1844 കാലം ചിങ്ങം മുതൽ പൊസ്തകം അടിപ്പാനുള്ള വെലയ്ക്കു പ്രത്യേകം മനസുവച്ചുതുടങ്ങി. രണ്ടുകുറി ഞാൻ ഏറിയ ആഗ്രഹത്തോടെ കൊട്ടയത്തെ ചെന്നാറെ. അവര കാട്ടിയതുമില്ല. പിന്നെ കെൾവിയാലും കണ്ടവരപലരൊടും ചോദിച്ച വെലകൾ ഒരൊന്ന നടത്തി. പെബദെലഗാദ മൂപ്പച്ചനെ കാണ്മാൻ തംകച്ചെരിക്കു ചെന്ന കണ്ട. മൂപ്പനെ ബോധിപ്പിച്ചു. പുതിച്ചേരി മദ്രാസുയിങ്ങനെ യുള്ളയിടങ്ങളിൽ പ്രെസിനും മഷിക്കും എഴുതിച്ചാറെ. മഷി അവിടെ കിട്ടുകയില്ലെും പ്രെസിനും എരോപ്പ വില 500 രൂപായെും പിന്നെയുള്ള കെവു മുതലായ ചിലവും കൊടുക്കണ മെന്നും എന്നാൽ ഒരു പ്രെസു വരുത്തിച്ചു തരാമെന്നു മറുപടി വരികയാൽ ദ്രവ്യ ചരുക്കത്താൽ മടുത്ത ക്ലേശിച്ചു കൊണ്ട''. അച്ചടി മാത്രമല്ല, പ്രസാധനവ്യവസായത്തിന്റെ അനുബന്ധമേഖലയായ ബൈൻഡിങ് യൂണിറ്റ് തുടങ്ങി, സഭാവിശ്വാസികൾക്ക് പുസ്തക ബെൻഡിങ് പരിശീലനവും നൽകി. ഫ്രാൻസിൽനിന്നും, സ്‌പെയിനിൽനിന്നും അച്ചടിക്കുള്ള കടലാസ് കൊണ്ടുവന്നു. അച്ചുനിരത്തലിന് പ്രൊഫഷണലായ വ്യക്തികളുടെ സേവനവും ലഭ്യമാക്കി.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ചാവറയച്ചൻ എഴുതിയ ആത്മാനുതാപം, അനസ്താസ്യായുടെ രക്തസാക്ഷ്യം, മരണവീട്ടിൽ പാടാനുള്ള പാന മുതലായ ഗ്രന്ഥങ്ങൾ മലയാളകാവ്യഭാഷയിലെ പ്രധാനപ്പെട്ടരചനകളാണ്. അർണോസ് പാതിരിയുടെ കൃതികളുടെ അനുകരണങ്ങൾ മാത്രമായിട്ടാണ് ഈ കൃതികളെ സാഹിത്യലോകം കണ്ടിട്ടുള്ളത്. അനസ്താസ്യായുടെ രക്തസാക്ഷ്യം എന്ന കൃതിയിലാകട്ടെ ചാവറയച്ചൻ വൈദേശിക രൂപങ്ങളുടെ രീതിയിൽ കവിത രചിക്കുവാൻ മലയാളിക്ക് ആദ്യമാതൃക നൽകി. മലയാളത്തിലെ ഒന്നാമത്തെ ഖണ്ഡകാവ്യം എന്ന് ആ കൃതിയെ കരുതാമെങ്കിൽ ഖണ്ഡകാവ്യരൂപത്തെപ്പറ്റി മലയാളിയെ മാതൃകയിലൂടെ പഠിപ്പിച്ച പ്രഥമാദ്ധ്യാപകൻ ചാവറയച്ചനാണെ് സമ്മതിക്കേണ്ടിവരും.
'ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം' എന്ന ആശയം കേരളസഭയിൽ 1864 ലാണ് ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ അവതരിപ്പിക്കുന്നത്. പമ്പാനദി മുതൽ ഭാരതപ്പുഴവരെയുള്ള പ്രദേശങ്ങളിലെ 154 പള്ളികൾ കേന്ദ്രീകരിച്ച് നടത്തിയ ഈ വിദ്യാഭ്യാസ പ്രവർത്തനം തന്നെയാണ് കേരളത്തിലെ ആധുനികമായ വിദ്യാഭ്യാസപദ്ധതികളുടെ തുടക്കത്തിനും കാരണമായത്. ചരിത്രകാരനായ എ. ശ്രീധരമേനോൻ ചാവറയച്ചന്റെ സമഗ്രസംഭാവനകളെ വിലയിരുത്തുന്നത് നോക്കുക : ''സംസ്‌കൃതപഠനത്തിന് വളരെ പ്രാധാന്യം നൽകുകയും അതിനായി സ്‌ക്കൂൾ സ്ഥാപിക്കുകയും ചെയ്തു. ഹൈന്ദവർക്കിടയിലെ പല ആചാരങ്ങളെയും ആധാരമാക്കി അനുഷ്ഠാനങ്ങൾ അദ്ദേഹം നടപ്പിലാക്കി. ഹൈന്ദവഭവനങ്ങളിൽ സാധാരണമായിരുന്ന സന്ധ്യാനാമകീർത്തനത്തെ അനുകരിച്ച് ക്രിസ്തുവിന്റെ ജീവിതകഥകളെ ആധാരമാക്കിയുള്ള പ്രാർത്ഥനാഗാനങ്ങൾ ആലപിക്കുന്നതിന് അദ്ദേഹം നേതൃത്വവും പ്രേരണയും നൽകി. ആദ്ധ്യാത്മികമണ്ഡലം കൂടുതൽ ഊർജ്ജസ്വലമാക്കുവാൻ അദ്ദേഹം ഉപദേശിച്ച പല ആചാരങ്ങളും ഭാരതീയമായിരുന്നു. ജപമാല, വേദപുസ്തകപാരായണം, വൈദികരുടെ വാർഷികധ്യാനം, ഇടവകധ്യാനം, കുർബാനക്കിടയിലെ സുവിശേഷപ്രസംഗം, സാഷ്ടാംഗ നമസ്‌കാരം തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇവയിൽ പലതും ഹൈന്ദവരീതികളാണ്. വിശ്വാസികൾക്കു വേണ്ടി ഖണ്ഡകാവ്യങ്ങളടക്കം പലതരം ഭക്തഗ്രന്ഥങ്ങൾ ഉണ്ടാക്കി. എഴുത്തച്ഛന്റെ കിളിപ്പാട്ടിന്റെ ശൈലിയിൽ യേശുവിന്റെ ജീവിതത്തെ ആധാരമാക്കി പ്രാർത്ഥനാഗീതങ്ങൾ രചിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ മാറ്റുവാൻ ചാവറയച്ചൻ വിലപ്പെട്ട സംഭാവനകൾ നൽകി. എല്ലാ പള്ളികളോടും ചേർന്ന് പള്ളിക്കൂടം സ്ഥാപിക്കണമെന്ന് കർശന നിർദ്ദേശം നൽകി. എല്ലാ വീട്ടിലെയും കുട്ടികൾ സ്‌ക്കൂളിൽ ചേർന്നിരിക്കണമെന്നും നിർദ്ദേശിച്ചു. ഇങ്ങനെ ചെയ്യാത്ത പള്ളികൾക്ക് ആത്മീയ പ്രവർത്തനങ്ങൾക്ക് അനുമതി നിഷേധിക്കുമെന്നും ചാവറയച്ചൻ താക്കീതു ചെയ്തു. ഇതോടെ കത്തോലിക്കാസഭ വിദ്യാഭ്യാസരംഗത്ത് ഏറെ സജീവമായി. സഭയുടെ ആത്മീയ, വിദ്യാഭ്യാസപ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമാക്കുവാനാണ് ചാവറയച്ചൻ മാന്നാനത്ത് 1846- ൽ അച്ചുകൂടം സ്ഥാപിച്ചത്. പ്രൊട്ടസ്റ്റന്റ് മിഷണിമാർ കോട്ടയത്തു സ്ഥാപിച്ച പ്രസുമായി മത്സരിച്ച് മാന്നാനത്തെ സെന്റ്‌ജോസഫ് പ്രസ് ഈ രംഗത്തു പ്രശസ്തിനേടി. പിൽക്കാലത്ത് നസ്രാണി ദീപികയും ഇവിടെ നിന്നു പ്രസിദ്ധീകരിക്കപ്പെട്ടു. ചാവറയച്ചന്റെ ക്രാന്തിദർശിത്വത്തിന് നിറഞ്ഞ നിദർശനമാണ് മുദ്രാലയപ്രവർത്തനങ്ങൾ''. ഇവിടെ എടുത്തുപറയേണ്ട ഒരു കാര്യം വിദ്യാഭ്യാസ മാദ്ധ്യമമെന്ന നിലയിലും മാദ്ധ്യമഭാഷയെന്ന നിലയിലും ഭരണഭാഷയെന്ന നിലയിലുമൊക്കെ ഇംഗ്ലീഷിനു കൈവന്ന പ്രാധാന്യത്തെയല്ല ചാവറയച്ചൻ നിലനിർത്താൻ ശ്രമിക്കുന്നത് എന്നതാണ്. പത്തൊമ്പതാം നൂറ്റാണ്ടിലുടനീളം മിഷനറി മാദ്ധ്യമങ്ങളും പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും ഇത്തരമൊരു ആധുനികീകരണ പ്രക്രിയയെയാണ് മുന്നോട്ടുവെക്കുന്നതെന്ന് കാണാനാവും. മിഷനറിമാരുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രവേശനം തേടിവന്ന നാനാജാതിമതക്കാരായ വിദ്യാർത്ഥികളുടെയും ഈ പ്രവേശനം കൂടുതൽ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവരുടെയും എണ്ണത്തിലുണ്ടായ വർദ്ധനവ് റോബിൻ ജെഫ്രിയെപ്പോലുള്ള ചരിത്രകാര•ാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് ജാതിപരമെന്ന പോലെ ലിംഗപരമായും കേരളീയ സമൂഹത്തിൽ വമ്പിച്ച പരിവർത്തനങ്ങളുളവാക്കിയതായി ചരിത്രകാര•ാർ രേഖപ്പെടുത്തുന്നുണ്ട്. സംസ്‌കൃതത്തിനും തദ്ദേശീയസാഹിത്യരൂപങ്ങൾക്കും പ്രാധാന്യം നൽകുക എന്നതുകൊളോണിയൽ മതപ്രചരണത്തിന്റെ മറ്റൊരു വശമായി കാണാവുന്നതാണ്. അതിലൂടെയാണ് ചാവറയച്ചൻ തന്റെ ക്രിയാത്മകമണ്ഡലം നിർമ്മിച്ചെടുത്തത്. ഒരർത്ഥത്തിൽ ഈ രണ്ട് കാര്യങ്ങളുടെയും ആത്യന്തിക ലക്ഷ്യം ഒന്ന് തന്നെയായിരുന്നെന്ന് കാണാവുന്നതാണ്. മാർക്‌സിസ്റ്റ് സൈദ്ധാന്തികനായ പി. ഗോവിന്ദപ്പിള്ള കേരളീയ നവോത്ഥാനത്തിന്റെ ഭാഗമായി മാറിയ 'ഒരു രഹസ്യ വിധ്വംസക പ്രവർത്തന'മായിട്ടാണ് ചാവറയച്ചന്റെ പ്രവർത്തനങ്ങളെ കണ്ടത്.
അച്ചടിയിലൂടെയും വിദ്യാഭ്യസപ്രവർത്തനങ്ങളിലൂടെയും കൊളോണിയൽ ആധുനികത സൃഷ്ടിച്ച പൊതുവായ സാംസ്‌കാരിക നവോത്ഥാനത്തിന്റെയും പശ്ചാത്തലത്തിൽ വേണം ഈ ആദ്യനാട്ടുപ്രസാധകൻ കേരളീയനവോത്ഥാനത്തിൽ നടന്നുതീർത്ത ദൂരം അളക്കാൻ.