തിരുവനന്തപുരം: ഇന്ത്യൻ കായിക രംഗത്തിനും പ്രത്യേകിച്ച് മലയാളികൾക്കും ഏറെ അഭിമാനിക്കാവുന്ന ഒരു രാവാണ് മലയാളി നിന്തൽ താരം സാജൻ പ്രകാശ് സമ്മാനിച്ചത്. ഇന്ത്യൻ കായിക നിന്തലിന്റെ ചരിത്രത്തിൽ ആദ്യമായി എ കട്ട് വിഭാഗത്തിൽ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുന്ന താരമാണ് സാജൻ.യോഗ്യതക്കാവശ്യമായ സമയത്തിന് മുന്നെ നീന്തിക്കയറിയാണ് സാജൻ ടോക്യോവിലേക്ക് ടിക്കെറ്റെടുത്തത്.

നിന്തലിനെ ഗൗരവമായി കണ്ടനാൾ മുതൽ മനസിൽ നീന്തൽക്കുളത്തിലെ സാജന്റെ വേഗതയെ പ്രലോഭിപ്പിച്ചത് ഫെൽസ്പിന്റെ പ്രകടനങ്ങൾ തന്നെയാണ്.ചരിത്ര നേട്ടത്തോടെ രണ്ടാം തവണ ഒളിമ്പിക്‌സിന് എത്തുമ്പോൾ മെഡലിൽ കുറഞ്ഞതൊന്നും തന്നെ സാജന്റെ സ്വപനങ്ങളിലില്ല. എന്തുതന്നെയായാലും റിയോയിലെതിനേക്കാളും മികച്ച പ്രകടനം ടോക്യോവിൽ പുറത്തെടുക്കാൻ പറ്റും എന്നുതന്നെയാണ് സാജന്റെ വിശ്വാസം.

മികച്ച പ്രകടനം ലക്ഷ്യമിട്ടിരുന്ന സാജൻ അപ്രതീക്ഷിതമായാണ് ചുമലിൽ പരിക്കേൽക്കുന്നത്.ഇത് ഇത്തവണത്തെ ഒളിമ്പിക് യോഗ്യതയെ പ്രതിസന്ധിയിലാക്കുമോ എന്ന സംശയം ഏവർക്കും ഉണ്ടായിരുന്നു.എ്ന്നാൽ ഈ സംശയങ്ങളെയൊക്കെ അസ്ഥാനത്താക്കി സാജന്റെ മിന്നുന്ന തിരിച്ചുവരവാണ് ഉസ്ബക്കിസ്ഥാനിൽ കണ്ടത്.ഉസ്ബക്കിസ്ഥാൻ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണം സ്വന്തമാക്കിയിരുന്നു താരം. 200 മീറ്റർ ഫ്രീസ്‌റ്റൈൽ, 200 മീറ്റർ ബട്ടർഫ്‌ളൈ എന്നീ ഇനത്തിലായിരുന്നു സജൻ സ്വർണം നേടിയത്.

2020 ടോക്കിയോ ഒളിമ്പിക്സിലേക്ക് 200 മീറ്റർ ബട്ടർ ഫ്‌ളെ ഇനത്തിൽ ആണ് സാജൻ യോഗ്യത നേടിയത്. 1.56.38 മിനിറ്റിൽ റോമിൽ നീന്തൽ പൂർത്തിയാക്കിയ സാജൻ ആദ്യ സ്ഥാനത്ത് എത്തുകയും ചെയ്തു. ടോക്കിയോ ഒളിമ്പിക്‌സ് യോഗ്യത ആയ 1.56.48 മിനിറ്റിനെക്കാൾ വളരെ മികച്ച സമയം തന്നെയാണ് സാജൻ കുറിച്ചത്. ഒളിമ്പിക് എ കട്ട് യോഗ്യത നേടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ നീന്തൽ താരമായും സാജൻ ഇതോടെ മാറി.

തന്റെ പേരിലുള്ള ഈ ഇനത്തിലെ ദേശീയ റെക്കോർഡും സാജൻ ഇതോടെ മറികടന്നു. 2016 റിയോ ഒളിമ്പിക്സിലും മത്സരിച്ച സാജൻ കൂടുതൽ മികച്ച പ്രകടനം ആണ് ടോക്കിയോ ഒളിമ്പിക്സിൽ ലക്ഷ്യം വക്കുന്നത്. ഇന്ത്യൻ നീന്തലിനിത് ചരിത്ര മുഹൂർത്തമാണെന്ന് സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു. 2016ലെ റിയോ ഒളിമ്പിക്സിൽ 200 മീറ്റർ ബട്ടർഫ്ളൈ ഇനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സജൻ മത്സരിച്ചിരുന്നു. 2015ലെ ദേശീയ ഗെയിംസിൽ പുരുഷവിഭാഗം ഫ്രീസ്റ്റൈൽ, ബട്ടർഫ്ളൈ, റിലേ തുടങ്ങിയ മത്സര വിഭാഗത്തിൽ പങ്കെടുത്ത സജൻ 6 സ്വർണ്ണവും 3 വെള്ളിയും നേടിയിരുന്നു. ആ വർഷത്തെ ദേശീയ ഗെയിംസിന്റ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.