തിരുവനന്തപുരം: പരിശീലനത്തിന് പണമില്ലാത്തതിനാൽ മെഡലുകൾ വിൽക്കാനൊരുങ്ങി മലയാളി നീന്തൽ താരം സജൻ പ്രകാശ്. വിദഗ്ധ പരിശീലനത്തിനായി ലക്ഷങ്ങൾ വേണമെന്നിരിക്കെ സർക്കാർ ജോലിയിൽ നിന്നുള്ള ശമ്പളം ഉൾപ്പടയെുള്ള സഹായം കിട്ടുന്നില്ലെന്ന് സജൻ പ്രകാശ് പറയുന്നു. ആവശ്യമായ സാമ്പത്തികം ഇല്ലാത്തതുകൊണ്ട് മുൻപോട്ടുള്ള മത്സരങ്ങൾക്ക് ആവശ്യമായ പരിശീലനത്തിന് പോകാൻ കഴിയാത്ത അവസ്ഥയിലാണ് ഈ കായികതാരം.

2015 ലെ ദേശീയ ഗെയിംസിൽ പുരുഷവിഭാഗം ഫ്രീസ്‌റ്റൈൽ, ബട്ടർഫ്‌ളൈ, റിലേ തുടങ്ങിയ മത്സര വിഭാഗത്തിൽ പങ്കെടുത്തിട്ടുള്ള ഇദ്ദേഹം 6 സ്വർണ്ണവും 3 വെള്ളിയും നേടി ആ വർഷത്തെ ദേശീയ ഗെയിംസിന്റ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2016 ലെ റിയോ ഒളിമ്പിക്‌സിൽ 200 മീറ്റർ ബട്ടർഫ്‌ളൈ ഇനത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സജൻ പ്രകാശ് ആണ്. ഈ മത്സരങ്ങളിലെല്ലാം സ്വർണം വാരിക്കൂട്ടിയ താരം ഇന്ന് ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്.

സർക്കാരിന്റെ ഭാഗത്ത് നിന്ന് സഹായമായി ലഭിച്ച ജോലിയുടെ ശമ്പളം പോലും കൃത്യമായി ലഭിക്കുന്നില്ല. എന്നാൽ സജൻ ഇപ്പോൾ നേരിടുന്ന പ്രശ്‌നങ്ങളിൽ അടിയന്തിരമായി ഇതിൽ ഇടപെടുമെന്ന് കേരള അക്വാട്ടിക് ഫെഡറേഷൻ പ്രസിഡന്റ് എം വിജയകുമാർ പറഞ്ഞു. ഒളിമ്പിക്‌സിന് മത്സരിക്കാൻ ആവശ്യമായ പരശീലനം,ഭക്ഷണം മറ്റ് നിരവധി ചെലവുകൾ സജിനുണ്ട്. എന്നാൽ ഈ തുകയൊന്നും സജന് ലഭിക്കുന്നില്ലെന്നും അമ്മ ഷാന്റിമോൾ പറയുന്നു.

മറ്റ് സംസ്ഥാനങ്ങൾക്ക് വേണ്ടി മത്സരിച്ചാൽ കായികതാരത്തിന്റെ എല്ലാ ചെലവും സർക്കാർ വഹിക്കുമെന്നിരിക്കെ സജൻ ഇപ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് കേരളത്തിലെ വളർന്ന് വരുന്ന കായികതാരങ്ങൾക്ക് പിന്നോട്ട് പോകാൻ ഇടവരും. കോമൺവെൽത്ത് ഗെയിംസും ഏഷ്യൻ ഗെയിംസും വരാനിരിക്കുന്നു. മെഡലുകൾ ഉന്നമിട്ട് മികച്ച തയ്യാറെടുപ്പാണ് ദേശീയ ചാമ്പ്യൻ സജൻ പ്രകാശിന്റെ ലക്ഷ്യം. തായ്‌ലൻഡിലും സ്‌പെയ്‌നിലും ദുബായിലും വിദഗ്ധ പരിശീലനം. ഇതെല്ലാം വെള്ളത്തിലാവുമോ എന്ന് ഇപ്പോഴത്തെ ആശങ്ക. പരിശീലനത്തിന് ലക്ഷങ്ങൾ വേണം. സഹായിക്കാൻ സർക്കാർ ഉൾപ്പടെ ആരുമില്ലെന്ന് സജൻ.

പരിശീലനം മുടങ്ങാതിരിക്കാൻ വഴി തേടുകയാണ് മുൻ അത്‌ലറ്റുകൂടിയായ അമ്മ ഷാന്റിമോൾ. മത്സരങ്ങൾക്ക് പോകുന്നതെല്ലാം സ്വന്തം ചെലവിലാണ്. പൊരുതി നേടിയ മെഡലുകൾ വിറ്റിട്ടായാലും തുക കണ്ടെത്താനുള്ള ആലോചനയിലാണിവർ. ജനുവരിയിൽ കേരള പൊലീസിൽ നിയമനം കിട്ടിയെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളിൽ കുടുങ്ങി ശമ്പളം ഇതുവരെ കിട്ടിയിട്ടില്ല. വലിയ ചാമ്പ്യൻഷിപ്പുകൾ മുന്നിൽ നിൽക്കെ പരിശീലനത്തിന് സാമ്പത്തിക ബുദ്ധിമുട്ട് തടസ്സമാവാതിരിക്കാൻ സർക്കാർ ഇടപെടുമെന്നാണ് സജന്റെ പ്രതീക്ഷ.