തിരുവനന്തപുരം: നീന്തൽകുളത്തിലെ സുവർണ മത്സ്യം കേരളത്തിന്റെ സാജൻ പ്രകാശിന് അഞ്ചാം സ്വർണം. ദേശീയ റെക്കോഡോടെയാണ് സാജന്റെ കുതിപ്പ്. സാജന്റെ അഞ്ചു സ്വർണ നേട്ടത്തിന്റെ കരുത്തിൽ കേരളത്തിന്റെ ആകെ തങ്കപ്പതക്കങ്ങളുടെ എണ്ണം പന്ത്രണ്ടായി.

പുരുഷന്മാരുടെ 800 മീറ്റർ ഫ്രീസ്‌റ്റൈലിലാണ് പുതിയ ഗെയിംസ് റെക്കോർഡോടെ സാജൻ സ്വർണം നേടിയത്. കേരളത്തിന്റെ തന്നെ എ എസ് ആനന്ദിനാണ് ഈയിനത്തിൽ വെങ്കലം. മൂന്നു വെള്ളിയുമുൾപ്പെടെ ഗെയിംസിൽ സാജന്റെ മെഡൽ നേട്ടം എട്ടായി. ഇന്നലെ 200 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്കിൽ ദേശീയ റെക്കോർഡോടെയാണ് സാജൻ സ്വർണം നേടിയത്. 100 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്ക്, 1500 മീറ്റർ ഫ്രീ സ്‌റ്റൈൽ, 4-100 മീറ്റർ ഫ്രീ സ്‌റ്റൈൽ റിലേ എന്നീ ഇനങ്ങളിലും സാജൻ സ്വർണം നേടി.

ദേശീയ ഗെയിംസിൽ കേരളത്തിന് ചരിത്ര നേട്ടം സമ്മാനിച്ചു ഷൂട്ടിങ് റേഞ്ചിൽ നിന്ന് എലിസബത്ത് സൂസൻ കോശിയാണ് ഇന്നു സ്വർണനേട്ടത്തിലെത്തിയ മറ്റൊരു താരം. എലിസബത്തിന്റെ രണ്ടാം സ്വർണമാണിത്. 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിലാണ് എലിസബത്ത് സ്വർണം നേടിയത്. നേരത്തെ 50 മീറ്റർ റൈഫിൾ പ്രോൺ വിഭാഗത്തിലും താരം സ്വർണം നേടിയിരുന്നു.

ഓളപ്പരപ്പിലും കേരളം ഇന്നു സ്വർണക്കൊയ്ത്താണ് നടത്തിയത്. മൂന്ന് സ്വർണ്ണമാണ് റോവിംഗിൽ നിന്നും കേരളം വേമ്പനാട്ടു കായലിൽ നേടിയത്. വനിതകളുടെ 500 മീറ്റർ സിംഗിൾ സ്‌കൾസ് റോവിങ്ങിൽ ഡിറ്റിമോൾ വർഗീസും വനിതകളുടെ കോക്‌സ്‌ലെസ് ഫോർ 500 മീറ്ററിൽ എ. അശ്വനി, നിമ്മി തോമസ്, അഞ്ജലി രാജ്, ഹണി ജോസഫ് എന്നിവരടങ്ങിയ ടീമുമാണ് സ്വർണം നേടിയത്.

വനിതകളുടെ ബീച്ച് വോളിയിൽ കേരളത്തിനു വെങ്കലം ലഭിച്ചു. തമിഴ്‌നാടിനെ തോൽപ്പിച്ചാണ് കേരളത്തിന്റെ ബി ടീം വെങ്കലമെഡൽ നേട്ടത്തിൽ എത്തിയത്. ജിഷ-സോണിയ സഖ്യമാണ് തമിഴ്‌നാടിന്റെ നർമദ-ഹേമമാലിനി സഖ്യത്തെ തോൽപ്പിച്ച് വെങ്കലം നേടിയത്. സ്‌കോർ 21-15, 10-21, 15-7(ടൈബ്രേക്കർ).

ഹണി ഉൾപ്പെടുന്ന കോക്‌സ്‌ലെസ് ഫോർ ടീമിന്റെ വകയാണ് ഇന്നത്തെ ആദ്യ സ്വർണം പിറന്നത്. ഡിറ്റിമോൾ നേരത്തെ സിംഗിൾ സ്‌കൾസ് 2000 മീറ്ററിലും താര കുര്യനൊപ്പം 2000 മീറ്റർ ഡബിൾ സ്‌കൾസിലും വെള്ളി നേടിയിരുന്നു. 2000 മീറ്റർ കോക്‌സ്‌വെയ്ൻലെസ് പെയേഴ്‌സിൽ നിമ്മി തോമസും ഹണി ജോസഫുമാണ് കേരളത്തിനുവേണ്ടി മറ്റൊരു വെള്ളി നേടിയത്.

അതേസമയം മത്സരം അഞ്ചാം ദിവസം മത്സരം തുടരുമ്പോൾ കേരളം നാലാം സ്ഥാനത്ത് തുടരുകയാണ്. 12 സ്വർണ്ണമാണ് കേരളം നേടിയിരിക്കുന്നത്. 27 സ്വർണ്ണ മെഡൽ നേടിയ സർവീസസ് തന്നെയണ് ഒന്നാം സ്ഥാനത്ത്, 25 സ്വർണം നേടിയ ഹരിയാന രണ്ടാം സ്ഥാനത്തും 18 സ്വർണം നേടിയ മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തുമാണ്.