ഹോളിവുഡ് സിനിമകളിൽമാത്രം ഉപയോഗിച്ചു വരുന്ന ആർട്ടിന്റെ ഒരു പ്രധാന വിഭാഗമാണ് അനിമട്രോണിക്സ് സ്പെഷൽ ഇഫക്ട്സ്. ഇന്ത്യൻ സിനിമയിൽ യെന്തിരനിൽ മാത്രം ഉപയോഗിച്ചിട്ടുള്ള ആർട്ടിന്റെ ഈ വിഭാഗത്തിൽ ഇപ്പോൾ ഒരു ഇന്ത്യക്കാരനും കരവിരുത് നേടിയിരിക്കുന്നു. അതൊരു മലയാളിയുമാണ്. അതെ ആ അനിമട്രോണിക്സ് സ്പെഷൽ ഇഫക്ട്സ് വിദഗ്ധൻ ചേർത്തല പൂച്ചാക്കൽ ഉളവെയ്പ് സ്വദേശി സജയ് മാധവൻ ആണ്. യെന്തിരൻ രണ്ടാം ഭാഗത്തിൽ പക്ഷികളെ സൃഷ്ടിച്ചാണ് സജയ് അനിമട്രോണിക്സ് സ്പെഷൽ ഇഫക്ടസിൽ ഇന്ത്യയുടെ അഭിമാനമായിരിക്കുന്നത്.

രജനികാന്തിന്റെ യന്തിരൻ രണ്ടാം ഭാഗത്തിനു വേണ്ടിയും വിജയ്‌യുടെ മെർസലിനു വേണ്ടിയുമാണ് സജയ് മാധവൻ അനിമട്രോണിക്സ് വൈഭവം തെളിയിച്ചിരിക്കുന്നത്. യന്തിരൻ രണ്ടാം ഭാഗത്തിനു വേണ്ടി ആറോളം പക്ഷികളുടെ സൃഷ്ടിയിലും വിജയ്്്യുടെ മെർസലിൽ പ്രസവരംഗത്തുമാണ് സജയ്‌യുടെ വൈദഗ്ധ്യം സിനിമയുടെ പ്രക്രിയയ്ക്കു മുതൽക്കൂട്ടായിരിക്കുന്നത്. ഈ രംഗങ്ങളിൽ കംപ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ചിട്ടില്ലത്രേ. ഹോളിവുഡ് സിനിമകളിൽ കാലാകാലങ്ങളായി ഉപയോഗിച്ചുവരുന്ന ആർട്ടിന്റെ ഈ രീതി ഇന്ത്യൻ സിനിമയ്ക്ക് പുതിയവിശേഷമാണ്. ഇന്ത്യൻ സിനിമയിൽ അനിമട്രോണിക്സിന്റെ സാധ്യതയെക്കുറിച്ചും എന്താണ് അനിമട്രോണിക്സ് എന്നും സജയ് മാധവൻ മാറുനാടൻ മലയാളിയോട് സംസാരിക്കുന്നു.

അനിമട്രോണിക്സ് എന്നാൽ എന്താണ്?
ഹോളിവുഡ് സിനിമകളിൽ ഉപയോഗിച്ചുവരുന്ന ആർട്ടിന്റെ മൂന്നു വിഭാഗങ്ങളാണ് പ്രൊസ്തെറ്റിക്സ്, അനിമട്രോണിക്സ്, എസ്.എഫ് എക്സ്. ഇതിൽ പ്രൊസ്‌തെറ്റിക്സ് മേക്കപ്പിന്റെ ഒരു ഭാഗമായി വരും. ഹോളിവുഡ് സിനിമകളിൽ വൂണ്ട് ഇഫക്റ്റ്, സിസേറിയൻ, മുറിവുകൾ ഇതൊക്കെയാണ് പ്രൊസ്തെറ്റിക്സ് രീതിയിലൂടെ സൃഷ്ടിക്കുന്നത്. അതിനുശേഷം ഷൂട്ട്ചെയ്യുന്നു. അത് കൂടുതൽ യാഥാർഥ്യമായി തോന്നുകയും ചെയ്യുന്നു. മാത്രമല്ല സംവിധായകൻ അത് സംതൃപ്തി നൽകുന്ന തരത്തിൽ ചിത്രീകരിക്കാനാകും. രണ്ടാമത്തെ വിഭാഗം എസ്എഫ്എക്സ് ആണ്. എസ്എഫ്എക്സ് രീതിവച്ച് ആവശ്യമായ ക്യാരക്റ്റേഴ്സിനെ സൃഷ്ടിച്ചെടുക്കുന്നു. ഇവ അങ്ങനെതന്നെ ലൈവായി ഷൂട്ട്ചെയ്യാനാകും. എത്രത്തോളം ലൈവായി ഷൂട്ട് ചെയ്യുന്നു അത്രത്തോളം റിയലിസ്റ്റിക്കാകുന്നു.

ചിലപ്പോൾ ചലനങ്ങൾ ആവശ്യംവരും. അതാണ് അനിമട്രോണിക്സ്. ഇത് റോബോട്ടിക് ആണ്. ചലനത്തോടുകൂടി ഒരു ക്യാരക്ടറ്റർ ഡിസൈൻ ചെയ്ത് മൂവ് ചെയ്യണമെങ്കിൽ ഷൂട്ട്ചെയ്യാൻ എളുപ്പമാണ്. ഫോളൻ കിങ്ഡത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്നത് അനിമട്രോണിക്സ് റോബോട്ടുകളാണ്. ദിനോസറുകളെ കൃത്രിമമായി ഉണ്ടാക്കി ചലിപ്പിച്ചതാണ്. അതൊന്നും ഗ്രാഫിക്സ് അല്ല. സംവിധായകനെ സംബന്ധിച്ച് ഏറ്റവും എളുപ്പം ഷൂട്ട് ചെയ്യാൻ പറ്റുന്നതും സംതൃപ്തികിട്ടുന്നത് അനിമട്രോണിക് ആണ്. വിഎഫ്എക്സിൽ ചെയ്താൽ വീണ്ടും അത് മറ്റൊരു തലത്തിലേക്കു മാറ്റേണ്ടിവരും. സംവിധായകന് സംതൃപ്തി വരാത്ത ഒരു അവസ്ഥ നേരിടേണ്ടിവരും.

താങ്കൾ സൃഷ്ടിച്ച യെന്തിരൻ രണ്ടാംഭാഗത്തിലെ പക്ഷികൾ?
യന്തിരൻ രണ്ടാംഭാഗത്തിൽ മുഴുവനും ഹോളിവുഡിലുള്ളവരാണ് അനിമട്രോണിക്സ് ചെയ്തിരിക്കുന്നത്. ഒരു ചെറിയ ഭാഗമേ ഞാൻ ചെയ്തിട്ടുള്ളൂ. പിന്നെ ശങ്കർ സാറിന്റെ സിനിമയിൽ കിട്ടുക എന്നുള്ളത് വലിയൊരു ഭാഗ്യമായാണ് കരുതുന്നത്. യന്തിരൻ ഒരു റോബോട്ടിക് സിനിമയേക്കാൾ ഒരു കാലിക പ്രസക്തിയും സന്ദേശവും നൽകുന്ന സിനിമയാണ്. അക്ഷയ്കുമാറിന്റെ പെറ്റ് ആയ ഒരു പക്ഷിയെയാണ് ഞാൻ സൃഷ്ടിച്ചത്. അങ്ങനെ ആറോളം പക്ഷികളെ സൃഷ്ടിച്ചു. അത് ലൈവ് ആയി പിന്നീട് ഷൂട്ട് ചെയ്യുകയായിരുന്നു. യെന്തിരനിൽ ഗ്രാഫിക് വർക്ക് ചെയ്തിട്ട് സംതൃപ്തികിട്ടാതെ പിന്നീട് റീ വർക്ക് ചെയ്യേണ്ടിവന്നിട്ടുണ്ട്. യന്തിരനിൽ അനിമട്രോണിക്സ് നന്നായി ഉപയോഗിച്ചിട്ടുണ്ട്.

കുറേ ക്യാരക്റ്റേഴ്സ് ചെയ്യണമെങ്കിൽ, അതുപോലെ അനിമൽസ്, ബേഡ്സ് ഒക്കെ ചെയ്യണമെങ്കിൽ അനിമട്രോണിക്സ് രീതി ഉപയോഗിക്കുന്നു. മൃഗങ്ങളെ കൊല്ലുന്നത് ശിക്ഷയായതുകൊണ്ട് ഒരുപാട് പ്രശ്നങ്ങളുണ്ട്. നിയമപ്രശ്നങ്ങൾ കുറേ നേരിടേണ്ടിവരും. അതുകൊണ്ടുതന്നെ ഇന്ത്യയിലും അനിമട്രോണിക്സിന്റെ സാധ്യത കൂടിയിരിക്കുകയാണ്. ഇന്ത്യയിൽ യന്തിരനിൽ മാത്രമാണ് അനിമെട്രാണിക്സ് ചെയ്തിട്ടുള്ളത്. ബാഹുബലിയിൽ വിഎഫ്എക്സും അനിമേഷനും മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. അനിമട്രോണിക്സ് ഉപയോഗിച്ചിട്ടില്ല. യന്തിരന്റെ പ്രൊഡക്ഷൻ ഡിസൈനറായ മുത്തുരാജ് സാർ മുഖേനയാണ് വർക്ക് ചെയ്യാനായത്. ഏതാണ്ട് രണ്ടുമാസം കൊണ്ടാണ് പക്ഷികളെ സൃഷ്ടിച്ചത്. എന്റെ വർക്ക് കണ്ടപ്പോൾ ശങ്കർ സാറിന് വളരെ ഇഷ്ടമായി. എന്നെ പ്രശംസിക്കുകയുംചെയ്തു.

മെർസലിലെ ഗർഭസ്ഥ ശിശുവിനെ സൃഷ്ടിച്ച അനുഭവം?
മെർസലിലെ പ്രസവരംഗമാണ് പ്രൊസ്തെറ്റിക്സ് രീതി ഉപയോഗിച്ച് ചെയ്തിരിക്കുന്നത്. അത് അനിമേഷൻ അല്ല. മെർസലിലേക്ക് എത്തിയത് സാബു സിറിൽ സാർ മുഖേനയാണ്. സംവിധായകൻ ആറ്റ്ലി എന്താണ് വേണ്ടത് എന്ന് പറഞ്ഞുതന്നു. അതനുസരിച്ച് നവജാതശിശുവിനെയും രക്തക്കുഴലുകളും പ്ലാസന്റെയും പൊക്കിൾക്കൊടിയും കൃത്രിമമായാണ് ഞാൻ സൃഷ്ടിച്ചത്. മെർസലിന്റെ ആർട്ട് ഡയറക്ടർ മുത്തുരാജ് സാറിന്റെ നേതൃത്വത്തിലാണ് മെർസലിന്റെ വർക്ക് ചെയ്തത്.

സ്റ്റാൻ വിൻസ്റ്റൻ ആണോ താങ്കളുടെ പ്രചോദനം?
സ്പെഷൽ ഇഫക്ട്സിൽ ലോകത്തെ തലത്തൊട്ടപ്പൻ സ്റ്റാൻ വിൻസ്റ്റൻ തന്നെയാണ്. സ്റ്റാൻ വിൻസ്റ്റനാണ് എനിക്ക് പ്രചോദനം നൽകിയ സ്പെഷൽ ഇഫക്റ്റ് ആർട്ടിസ്റ്റ്. ജുമാഞ്ചി, ജുറാസിക് പാർക്ക് ഇവയുടെയെല്ലാം പ്രൊഡക്ഷൻ ഡിസൈനർ സ്റ്റാൻ വിൻസൻ. സംവിധായകനെ പോലെ അല്ലെങ്കിൽ സംവിധായകനേക്കാൾ വളരെ അറിവുള്ള ആളാണ് പ്രൊഡക്ഷൻ ഡിസൈനർ. മലയാളത്തിൽ ഈ രീതിയില്ല. ജുറാസിക് പാർക്ക്, ഷാർക്ക്, ടെർമിനേറ്റർ തുടങ്ങിയ സിനിമകളിൽ സ്പിൽബർഗിന്റെ ഇമേജനറി പ്രായോഗികമായി കൊണ്ടുവന്നത് സ്റ്റാൻ വിൻസനാണ്.

ക്രിസ്്റ്റഫർ നോളൻ എന്ന സംവിധായകനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഡൺകിർക്ക് ആണ് ഒടുവിലറങ്ങിയ അദ്ദേഹത്തിന്റെ സിനിമ. നമുക്ക് ഇമേജിൻ ചെയ്യാൻ പറ്റാത്ത തലത്തിലുള്ള ഒരു സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. ഓരോ സിനിമകളും ഒരോ തലങ്ങളിലായിരിക്കും. അടുത്തത് ഏത് സിനിമയാണെന്ന് നമുക്ക് ചിന്തക്കാൻപോലും പറ്റില്ല. ഇന്ത്യയിൽ സാബുസിറിൽ സാർ തന്നെയാണ് മികച്ച ആർട്ട് ഡയറക്ടർ. സാബുസാർ ഇല്ലെങ്കിൽ ബാഹുബലി എന്ന സിനിമ സങ്കല്പിക്കാൻ പോലും പറ്റില്ല. സംവിധായകൻ മനസിൽ കണ്ടത് അതുപോലെതന്നെ സാബുസാർ ചെയ്തുകൊടുത്തിട്ടുണ്ട്.

ഭാവിയിൽ സംവിധാനം താത്പര്യമുണ്ടോ?
സംവിധായകനാകുകയാണ് എന്റെ സ്വപ്നം. ഞാനൊരു ആർട്ടിസ്റ്റാണ്. സ്‌കൾപ്ച്ചർ ആണ്. കോളജിലെ അദ്ധ്യാപകനാണ്. ബാംഗ്ളൂരിൽ പഠിച്ച് പിന്നീട് കാരക്കുടിയിൽ ജോലികിട്ടി. ഇപ്പോൾ നീണ്ട അവധിയെടുത്ത് സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. മലയാളത്തിൽ ക്രോക്കഡൈിൽ ലവ് സ്റ്റോറിയിലെ മുതലയെ നിർമ്മിച്ചാണ് ഞാൻ സിനിമയിലെത്തുന്നത്.

പപ്പടം ഷാജി എന്ന മലയാള സിനിമയാണ് ഞാൻ സ്വതന്ത്രമായി ആർട്ട് ഡയറക്ടർ ആകുന്ന സിനിമ. പിന്നെ ചെങ്ങഴി നമ്പ്യാർ, അനൗൺസ് ചെയ്യാത്ത സിനിമകൾ വേറെയുണ്ട്. ഭരതനും പത്മരാജനും എനിക്ക് ഇഷ്ടപ്പെട്ട സംവിധായകരാണ്. അവർ വലിയ ആർട്ടിസ്റ്റുകളാണ്. ചെറുപ്പംമുതലേ സിനിമയോടുതന്നെയാണ് പാഷൻ. മൂന്നുസിനിമകളെങ്കിലും സംവിധാനംചെയ്യണം അതാണ് ആഗ്രഹം. ആദ്യസിനിമയുടെ പണിപ്പുരയിലാണ്. അതൊരു ഒരു യൂണിവേഴ്സൽ സിനിമ ആയിരിക്കും മാജിക്കൽ ഫാന്റസി സിനിമ ആയിരിക്കും. ഒരു ഹോളിവുഡ് നിലവാരത്തിൽ കാണാൻ പറ്റുന്ന സിനിമ.