- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത് കിടന്നപ്പോൾ കൊല്ലാനുള്ള കലി; എങ്ങനെ കൊല്ലണമെന്ന് ആലോചിച്ച് യൂട്യൂബ് നോക്കി്; കത്തികൊണ്ട് കുത്തിക്കൊല്ലുന്ന വീഡിയോ കണ്ടു; അടുക്കളയിൽ നിന്ന് കത്തിയെടുത്ത് കുത്തിക്കീറി; എല്ലാം ലഹരിയിൽ; 55,000രൂപയ്ക്ക് മംഗളൂരുവിൽ നിന്ന് വാങ്ങിയ കഞ്ചാവ് വില്ലനായി; ഇടച്ചിറ ഓക്സോണിയ ഫ്‌ളാറ്റിൽ ലഹരി കച്ചവടവും; സജീവ് കൃഷ്ണന്റെ കൊലയിൽ തെളിയുന്നത്
കാക്കനാട്: കൊച്ചിയിലേത് ലഹരി ഇടപാടിനെ ചൊല്ലിയുള്ള തർക്കവും കൊലയും എന്ന നിഗമനത്തിലേക്ക് പൊലീസ്. അർഷാദിന്റെ കുറ്റസമ്മതവും ഈ നിലയിലാണ്. എങ്കിലും പൊലീസിന് സംശയം പൂർണ്ണമായും മാറിയിട്ടില്ല. കാക്കനാട് ഇടച്ചിറയിലെ ഫ്‌ളാറ്റിൽ യുവാവിനെ കുത്തിക്കൊന്നത് താൻ ഒറ്റയ്ക്കാണെന്ന് അറസ്റ്റിലായ സുഹൃത്ത് കോഴിക്കോട് ഇരിങ്ങൽ അയനിക്കാട് കൊളാരിക്കണ്ടിയിൽ അർഷാദ് പറയുന്നു. ഇൻഫോപാർക്കിലെ ഹോട്ടലിൽ ജീവനക്കാരനായ മലപ്പുറം വണ്ടൂർ അമ്പലപ്പടി പുത്തൻപുരയിൽ സജീവ് കൃഷ്ണനെ (22) അടുക്കളയിൽ ഉപയോഗിക്കുന്ന കത്തികൊണ്ട് കൊന്നതായാണ് പ്രതി പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ മറ്റാരുടെയെങ്കിലും സ്വാധീനമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു. സജീവും അർഷാദും തമ്മിൽ ലഹരി-സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇവരുടെ ഫ്‌ളാറ്റിൽ ലഹരി കച്ചവടവും ഉണ്ടായിരുന്നു.
'അവൻ അടുത്ത് കിടന്നപ്പോൾ കൊല്ലാനുള്ള കലിയായിരുന്നു. എങ്ങനെ കൊല്ലണമെന്ന് ആലോചിച്ചാണ് യൂട്യൂബ് നോക്കിയത്. കത്തികൊണ്ട് ഒരാളെ കുത്തിക്കൊല്ലുന്ന വീഡിയോ കണ്ടു. ഉടൻ അടുക്കളയിൽ നിന്ന് കത്തിയെടുത്ത് കുത്തിക്കീറുകയായിരുന്നു'- അർഷാദ് പൊലീസിനു മുൻപിൽ കുറ്റസമ്മതം ഇങ്ങനെയാണ്. ഇരുവരും സംഭവ ദിവസം കഞ്ചാവും മറ്റ് ലഹരിമരുന്നും ഉപയോഗിച്ചിരുന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന സാധനവും കഞ്ചാവ് തരികളും മുറിയിലെ ബെഡ്ഡിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
അർഷാദിൽനിന്ന് സജീവ് പണം കടം വാങ്ങിയിരുന്നതായും അത് തിരിച്ചുചോദിച്ചപ്പോൾ ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചതായുമാണ് പ്രതി പറയുന്നത്. ലഹരി ഇടപാടിലെ കണ്ണികളെക്കുറിച്ചും പൊലീസ് വിപുലമായി അന്വേഷിക്കും. കൊലപാതകം നടന്ന ഫ്‌ളാറ്റിൽ ശനിയാഴ്ച വൈകിട്ട് ഇൻഫോപാർക്ക് പൊലീസ് അർഷാദുമായി തെളിവെടുപ്പ് നടത്തി. ഫ്‌ളാറ്റിൽ ആളുകൾവന്ന് ലഹരി ഉപയോഗിക്കുകയും വാങ്ങുകയും ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കുറ്റകൃത്യം നടത്തിയശേഷം തെളിവ് നശിപ്പിക്കാൻ ശ്രമിച്ചത് സാധൂകരിക്കുന്ന വിവരങ്ങളും ലഭിച്ചു.
27 വരെയാണ് കോടതി അർഷാദിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഇയാൾ പോയ സ്ഥലങ്ങളിൽ എത്തിച്ച് വരുംദിവസങ്ങളിൽ കൂടുതൽ തെളിവെടുപ്പ് നടത്തും. ലഹരിമരുന്നുകൾ കൈവശം വച്ചതിന് കാസർകോട് ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി അർഷാദിനെ റിമാൻഡ് ചെയ്തിരുന്നു. ഇൻഫോപാർക്ക് പൊലീസ് വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയിൽ വാങ്ങി, ശനി പുലർച്ചെയാണ് കൊച്ചിയിലെത്തിച്ചത്. രക്ഷപ്പെടാൻ സഹായിച്ചതിന് ഒപ്പം പിടികൂടിയ അശ്വന്തിന് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.
ലഹരിമരുന്ന് വാങ്ങി വിൽപ്പന നടത്താൻ പണം കടം നൽകി. വിറ്റ ശേഷം തിരിച്ചുതരാമെന്ന് പറഞ്ഞതല്ലാതെ തന്നില്ല. സംഭവദിവസം താനും സജീവ് കൃഷ്ണനും അമിതമായി കഞ്ചാവും എം.ഡി.എ.എ.യും ഉപയോഗിച്ചിരുന്നു. ഇതിനിടെയാണ് പണത്തെ ചൊല്ലി കിടപ്പുമുറിയിൽ തർക്കമുണ്ടായത്. തങ്ങൾ ബഹളംവെച്ചെങ്കിലും ഇതിനിടെ സജീവ് ഉറക്കത്തിലേക്ക് വീണു. തന്റെ കലിയടങ്ങാതായപ്പോഴാണ് കൊല്ലാൻ തീരുമാനിച്ചത്. മനുഷ്യശരീരത്തിൽ കത്തിവെച്ച് എവിടേക്ക് കുത്തണമെന്ന് യൂട്യൂബ് നോക്കി മനസ്സിലാക്കിയാണ് പദ്ധതി ആസൂത്രണം ചെയ്തതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്.
താൻ ഒറ്റയ്ക്കാണ് സജീവിനെ കൊന്നതെന്ന് പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. കുറേ നേരത്തിനു ശേഷം മരിച്ചെന്ന് തിരിച്ചറിഞ്ഞതോടെ മൃതദേഹം എവിടെയെങ്കിലും ഒളിപ്പിക്കണമെന്നായി. അതിനായി ആദ്യം തറയിൽ വീണ രക്തക്കറ കഴുകി വൃത്തിയാക്കി. തുടർന്ന് മൃതദേഹം ബെഡ്ഷീറ്റ് കൊണ്ട് പൊതിഞ്ഞ് ഫ്‌ളാറ്റിലെ മാലിന്യക്കുഴലുകൾ കടന്നുപോകുന്ന ഡക്ടിൽ തള്ളിക്കയറ്റുകയായിരുന്നുവെന്നും പ്രതി പറഞ്ഞു. കാര്യങ്ങൾ പ്രതി പറഞ്ഞെങ്കിലും ഇതുമായി ബന്ധിപ്പിക്കുന്ന സാഹചര്യത്തെളിവുകൾ കൂടി ലഭിച്ചാലേ കാര്യങ്ങൾ വിശ്വസിക്കാൻ കഴിയൂവെന്നാണ് അന്വേഷണ സംഘം പറയുന്നത്.
മംഗളൂരുവിൽനിന്ന് വാങ്ങിയ കഞ്ചാവിന്റെ പേരിലാണ് തർക്കം തുടങ്ങിയത്. മംഗളൂരുവിൽനിന്ന് കഞ്ചാവ് വാങ്ങാൻ പ്രതി അർഷാദ്, സജീവ് കൃഷ്ണന് 55,000 രൂപ നൽകിയിരുന്നതായി ഇൻഫോപാർക്ക് പൊലീസ് പറഞ്ഞു. സജീവ് ട്രെയിനിൽ കഞ്ചാവ് കൊച്ചിയിൽ എത്തിച്ചു. സജീവ് ഇതിൽ ഭൂരിഭാഗവും വിറ്റിട്ടും അർഷാദിന് പണം തിരികെനൽകിയില്ല. ഇതേച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ എത്തിയതെന്നാണ് അർഷാദ് പറയുന്നത്. അമിതമായി ലഹരി ഉപയോഗിക്കുന്നയാളാണ് അർഷാദെന്ന് പൊലീസ് പറഞ്ഞു.
അർഷാദിനെ ശനി വൈകിട്ട് ആറിനാണ് പൊലീസ് കൊലപാതകം നടന്ന കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. രാത്രി എട്ടുവരെ തെളിവെടുപ്പ് നീണ്ടു. സജീവിന്റെ സഹതാമസക്കാരായ ഷിബിലി, അംജദ് എന്നിവരെ തെളിവെടുപ്പിനിടെ ഫ്‌ളാറ്റിലേക്ക് വരുത്തി. അർഷാദ് കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഫ്‌ളാറ്റിൽനിന്ന് പൊലീസ് കണ്ടെടുത്തു. മുറിയിലെ ചോരപ്പാടുകൾ കഴുകിക്കളയാൻ ഉപയോഗിച്ച ചൂലും കണ്ടെടുത്തു.
അർഷാദ് ഫ്‌ളാറ്റിൽ വരുമ്പോൾ തൊപ്പിവച്ച് തല താഴ്‌ത്തിയാണ് നടന്നിരുന്നതെന്ന് സമീപമുറികളിൽ താമസിച്ചിരുന്നവർ പൊലീസിനോട് പറഞ്ഞു. അർഷാദിനെ ഇവർ തിരിച്ചറിഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ