മൂന്നാർ: സന്തോഷ വാർത്ത വരുമ്പോൾ സജീവ് തലസ്ഥാനത്തില്ല. ഒരാഴ്ചയായി അവധിയിലാണ്. മൂന്നാറിലെ തണുപ്പിൽ എഴുത്തിന്റെ തിരക്കുകളിലായിരുന്നു സജീവ് പാഴൂർ. സംസ്ഥാന പുരസ്‌കാരത്തിന് പിന്നാലെ ദേശീയ പുരസ്‌കാരവും. തൊണ്ടി മുതലും ദൃക്്‌സാക്ഷിയും ചിത്രത്തിന്റെ തിരക്കഥാ രചനയ്ക്ക് ദേശീയ പുരസ്‌കാരം കിട്ടിയപ്പോഴും അമിതാഹ്ലാദങ്ങളില്ല. എങ്ങനെയൊക്കെയോ അങ്ങനെ സംഭവിച്ചു. സജീവ് മറുനാടൻ മലയാളിയോട് പറഞ്ഞു.ഞാൻ ഹൈറേഞ്ചിൽ നിന്ന് ഇറങ്ങുകയാണ്, സജീവ് പറഞ്ഞുനിർത്തി.

വടക്കൻ സെൽഫി സംവിധാനം ചെയ്ത പ്രജിത്തിന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥാ രചനയ്ക്കായാണ് സജീവ് മൂന്നാറിലെത്തിയത്. ദിലീപ് നായകനാകുന്ന നാദിർഷാ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും സജീവാണ്. നേരത്തെ ഷാജി. എൻ .കരുണിന്റെ സ്വപാനത്തിന്റെ സഹഴുത്തുകാരനായും സജീവ് പ്രവർത്തിച്ചു. ടെലിവിഷൻ മേഖലയിൽ ഒരുക്കിയ പല ഹ്രസ്വ ച്ിത്രങ്ങളും പുരസ്‌കാരങ്ങൾ വാരിക്കൂട്ടി.

മൂന്ന് വർഷം മുമ്പ് സജീവ് തന്നെ സംവിധാനം ചെയ്യാനായാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എഴുതിയത്. 'പൊന്മുട്ടൈ' എന്ന പേരിൽ തമിഴിലും മലയാളത്തിലുമായി ചെയ്യാനായിരുന്നു ആലോചന. പാലക്കാട് -തമിഴ്‌നാട് അതിർത്തിയിലുള്ള ഗ്രാമം പശ്ചാത്തലാമക്കി ഇന്ദ്രൻസും ഉർവശിയും ദമ്പതി കഥാപാത്രങ്ങളായാണ് ആദ്യം ആലോചിച്ചത്. എന്നാൽ, ചെറിയ ബജറ്റിൽ ചെയ്യാൻ ആലോചിച്ച ചിത്രം പിന്നീട് വിപുലമാവുകയും ദിലീഷ് പോത്തൻ സംവിധായക സ്ഥാനത്തേക്ക് വരികയും ചെയ്തു. മഹേഷിന്റെ പ്രതികാരം ചെയ്ത് ദിലീഷ് തിളങ്ങി നിൽക്കുന്ന സമയത്ത് സജീവിന് എന്ത് എതിർപ്പ്? ലൊക്കേഷൻ പാലക്കാട് നിന്ന് മാറി കാസർകോട്ടേക്ക് മാറ്റി.ഫഹദും, സുരാജും, നിമിഷയും, രാജീവ് രവിയും ഒകകെ പ്രോജക്റ്റിന്റെ ഭാഗമായി.

തിരക്കഥാരചന ഒറ്റയ്ക്കിരുന്ന എഴുതുന്നുവെന്നതിനേക്കാൾ കൂട്ടായ ചർച്ചയിലൂടെ സർഗാത്മകമായി വിരിയിച്ചെടുക്കുന്ന സമ്പ്രദായത്തോടും ചേർന്നു നിൽക്കാൻ ഇഷ്ടമാണ് സജീവ്.ഇന്ത്യൻ സാഹചര്യത്തിൽ എവിടെ വേണമെങ്കിലും ഇണങ്ങുന്നതാണ് തൊണ്ടിമുതലിന്റെ കഥ. കൗശലക്കാരനായ കള്ളൻ ഇങ്ങനെയൊരു പൊലീസ് സ്റ്റേഷനിൽ എത്തിയാൽ സംഭവിക്കാവുന്ന റിയലിസറ്റിക്കായ കഥ.അത് ചലച്ചിത്രമായപ്പോൾ അഭിനേതാക്കളുടെയും, സംവിധായകന്റെയും മികവിൽ കൂടുതൽ തിളങ്ങി.തിരക്കഥ മിനുക്കിയെടുക്കുന്നതിൽ ക്രിയേറ്റീവ് ഡയറക്ടർ ശ്യാം പുഷ്‌കരന്റെ പങ്കും എടുത്തു പറയുന്നു സജീവ്.

നേരത്തെ ഓഫ്ബീറ്റ് ചിത്രങ്ങളുടെ ആളായാണ് സജീവ് അറിയപ്പെട്ടത്. ആർ.ശരത്തിന്റെ സ്വയം, ഷാജി.എൻ.കരുണിന്റെ സ്വപാനം എന്നിവ കൊമേഴ്‌സ്യൽ വിജയങ്ങളായില്ല. മഴവില്ലിന്റെ വീട് എന്ന പേരിൽ കുട്ടികൾക്ക് വേണ്ടിയുള്ള ഒരു സിനിമയ്ക്കായി ഷാജി എൻ കരുണിന് വേണ്ടി സ്‌ക്രിപ്റ്റ് എഴുതിയിരുന്നു.അതുസിനിമയാകുമെന്നാണ് പ്രതീക്ഷ.

സംസ്ഥാന പുരസ്‌കാരം കിട്ടിയ 'അഗ്‌നിസാക്ഷിയുടെ സാക്ഷി', എംകെ അർജുനൻ മാസ്റ്ററെക്കുറിച്ചുള്ള 'സംഗീതം എംകെ അർജുനൻ' എന്നിവയടക്കം 75-ഓളം ഡോക്യുമെന്ററികൾ ഇതുവരെ ചെയ്തു. കൂടുതലും സർക്കാർ പ്രോജക്ടുകളായിരുന്നു. കേരളത്തിന്റെ ഉണർത്തുപാട്ട് എന്ന പേരിൽ 12-ഓളം ഡോക്യുമെന്ററികൾ ചെയ്തിട്ടുണ്ട്.ദേശാഭിമാനിയിൽ ജോലി ചെയ്യുന്ന കാലത്താണ് ഈ സൃഷ്ടികളൊക്കെ. ചെറുകഥാ രചയിതാവ് കൂടിയായ അദ്ദേഹത്തിന് സിനിമയുടെ തിരക്ക് മൂലം ഇപ്പോൾ അതിന് സാധിക്കുന്നില്ലല്ലോ എന്ന സങ്കടവുമുണ്ട്.

രണ്ട് പഠനങ്ങളും ചെയ്തുകൊണ്ടിരിക്കുന്നു. യോഗക്ഷേമ സഭയുടെ ഭാഗമായി നവോത്ഥാന പ്രസ്ഥാനത്തിന്റെ മുൻനിരയിലുണ്ടായിരുന്ന നമ്പൂതിരി സ്ത്രീകളെ കുറിച്ചുള്ള ഒരു പുസ്തകം പണിപ്പുരയിലാണ്. പിആർഡിയിൽ അസിസ്റ്റന്റ് കൾച്ചറൽ ഡവലപ്‌മെന്റ് ഓഫീസറായാണ് സജീവ് ഇപ്പോൾ ജോലി ചെയ്യുന്നത്.

ഷോട്ട് ഫിലിമുകൾ ചെയ്യുന്നുണ്ടെങ്കിലും ഫീച്ചർ ഫിലിമുകളുടെ സംവിധാനം തൽക്കാലം ആലോചിക്കുന്നില്ല. കുറെ കഥകൾ ചെയ്ത് കുറച്ച് കഴിയട്ടെ കാര്യങ്ങൾ എന്നാണ് സജീവിന്റെ ഭാവം.ഏതായാലും ഇപ്പോൾ തിരക്കഥാരചനയുടെ തിരക്കിലാണ്. മൂന്നാറിലെ തണുപ്പിൽ നിന്ന് ദേശീയ പുരസ്‌കാരത്തിന്റെ ചൂടിലേക്ക് ഇറങ്ങുകയാണ്.