കൊച്ചി: അക്കേഷ്യ ഭീതി മുതൽ ആസ്ട്രോ ഫിസിക്‌സ് വരെ, പാരന്റിങ്ങ് തൊട്ട് സൈക്കോപ്പത്തുകളുടെ മനഃശാസ്ത്രവും ലാടവൈദ്യം വരെയും. മതവിമർശനവും സാമൂഹിക നിരീക്ഷണങ്ങളും ശാസ്ത്ര ക്ലാസുകളും സംവാദങ്ങളുമൊക്കയായി വിജ്ഞാനോൽസവമായാണ് സ്വതന്ത്ര ചിന്തകരുടെ സംഘടനയായ എസ്സൻസ് ക്ലബിന്റെ വാർഷിക സമ്മേളനം - എസ്സൻഷ്യ- 18 ന് സമാപനമായത്. മതം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആരും തൊടാത്ത മേഖലകളിലൂടെയാണ് എറണാകുളം ടൗൺഹാളിൽ നടന്ന സെമിനാർ കടന്നുപോയത്.രാവിലെ 9 മണിമുതൽ രാത്രി 8 മണിവരെ നടന്ന സെമിനാറിൽ 26 പേരാണ് സംസാരിച്ചത്.

മദർ തേരേസയെ കുറിച്ചുള്ള വാഴ്‌ത്തപ്പെട്ട എല്ലാ കഥകളും പൊളിച്ചടുക്കുന്നതായിരുന്നു ജോസ് കണ്ടത്തിലിന്റെ ' മദർ തേരേസ: പറയാത്ത കഥകൾ' എന്ന പ്രഭാഷണം. മദർ തേരേസയുടെ ലക്ഷ്യം അടിസ്ഥാനമായി മത പരിവർത്തനം തന്നെയായിരുന്നു. രോഗികളെ മരുന്നുപോലും കൊടുക്കാതെ നരകിച്ച് മരിക്കാൻ വിടുന്ന അവർ, അസുഖം വന്നാൽ പ്രാർത്ഥന നടത്താതെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളെ അഭയം പ്രാപിക്കുകയാണ് ചെയ്തിരുന്നത്. ഒരു തവണ ഉപയോഗിച്ച സൂചി തന്നെ വീണ്ടും ഉപയോഗിക്കുന്നത് കണ്ട് മദർതേരസയുടെ ആശുപത്രി സന്ദർശിച്ച വിദേശ ഡോക്ടർമാർ അമ്പരന്നുപോയിട്ടുണ്ട്. കോടിക്കണക്കിന് രൂപ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് കിട്ടുമ്പോളും അത് വത്തിക്കാന്റെ അക്കൗണ്ടിലായിരുന്നു അവർ സൂക്ഷിച്ചിരുന്നതെന്നും വിവിധ രേഖകൾ ഉദ്ധരിച്ച് ജോസ് കണ്ടത്തിൽ ചൂണ്ടിക്കാട്ടി.

അയ്യപ്പൻ എന്നത് വലിയൊരു അന്ധവിശ്വാസ പാക്കേജ് ആണെന്നും, അതിലെ ഒരു ബ്രഹ്മചര്യ പ്രശ്നം മാത്രം എടുത്തിട്ട് അത് ശരിയല്ലെന്ന് പറയുന്നവർ ബാക്കിയുള്ള അന്ധവിശ്വാസങ്ങളെ അംഗീകരിക്കുണ്ടോയെന്ന് 'ശബരിമലക്കും മീതെ' എന്ന വിഷയം അവതരിപ്പിച്ച് സജീവൻ അന്തിക്കാട് ചൂണ്ടിക്കാട്ടി. ജാതി സംഘടനകളെ വിളിച്ച് ചേർത്ത് ഉണ്ടാക്കിയ നവോത്ഥാന മതിലിൽകണ്ണികളാവുക നാസ്തികരുടെ ചുമതലയല്ലെന്നും ശാസ്ത്രബോധവും സ്വതന്ത്രചിന്തയും വളർത്താനുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ്‌ വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദൈവം എവിടെ എന്ന വിഷയം അവതരിപ്പിച്ച് പ്രശസ്ത ശാസ്ത്രലേഖകനും ഗവേഷകനുമായ എതിരൻ കതിരവൻ ചൂണ്ടിക്കാട്ടിയത്, നമ്മുടെ മസ്തിഷ്‌ക്കത്തിലെ ന്യൂറോളജിക്കൽ
പ്രോസസുകളാണ് ദൈവം എന്നതാണ്. ഫ്രണ്ടൽ കോർട്ടക്സിന് ക്ഷതമേൽക്കുന്ന പലർക്കും മതവിശ്വാസം തന്നെ ഇല്ലാതായിട്ടുണ്ട്. മത ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ കിട്ടുന്ന ഊർജ്ജവും മറ്റും ഡോപ്പുമിൻ എന്ന രാസവസ്തുവിന്റെ കളികളാണ്. ഇത് കൃത്രിമമായും ഉണ്ടാക്കിയെടുക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വൃക്ഷായുർവേദം എന്ന വ്യാപകമായ ആധുനിക അന്ധവിശ്വാസത്തെകുറിച്ചുള്ള ഡോ കെ.എം.ശ്രീകുമാറിന്റെ ക്ലാസും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആധുനിക  ലോകത്തും എങ്ങനെ കപട വൈദ്യന്മാർ പിടിമുറുക്കുന്നുവെന്ന് ഡോ. സുനിൽകുമാറും വിശദീകരിച്ചു. അക്കേഷ്യ എന്ന വൃക്ഷത്തെ ചുറ്റിപ്പറ്റിയുള്ള ഭീതിയെ പൊളിച്ചടുക്കുന്നതായിരുന്നു ഡോ. രാഗേഷിന്റെ പ്രചാരണം. അക്കേഷ്യ വെള്ളം വലിച്ചെടുക്കുന്നുവെന്നും, മരുഭൂമികൾ ഉണ്ടാക്കുന്നെന്നുമുള്ള പ്രചാരണം തീർത്തും വ്യാജമാണെന്നും, മിതമായ വെള്ളത്തിൽ വളരാൻ കഴിയുന്ന പരിണാമപരമായ അനുകൂലനം കിട്ടിയ ഒരു ചെടിയാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്ലാം മതത്തിലെ അബദ്ധധാരണകൾക്കും മതാന്ധവിശ്വാസങ്ങൾക്കും എതിരെ മാവൂരാൻ നാസർ നടത്തിയ നർമ്മത്തിൽ പൊതിഞ്ഞ 'ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്' എന്ന് തലക്കെട്ടിട്ട പ്രഭാഷണം സദസ്യരുടെ മുക്തകണ്ഠ പ്രശംസ നേടി. ഹജ്ജ്, കഅ്ബ, പിശാചിനെ കല്ലേറ്റ്, ചന്ദ്രനെ പിളർത്തൽ തുടങ്ങിയ ഇസ്ലാം അവകാശപ്പെടുന്ന കാര്യങ്ങൾ യുക്തിവിരുദ്ധമായ  വെറും കോമഡിയാണെന്ന് മാവൂരാൻ നാസർ ചൂണ്ടിക്കാട്ടി.

രണ്ടുകാലുള്ള ഒരു കുട്ടിക്ക് ചെറുപ്പം മുതൽ ഊന്നുവടികൾ ശീലിപ്പിച്ച് മൂന്നാംപാദം കൊടുക്കുന്നതു പോലെയാണ് അവന്റെ മനസ്സിലേക്ക് മതം കയറ്റിവിടുന്നതെന്ന് പ്രശസ്ത എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.അവസാന സെഷനായ 'ഭഗത്സിങും മൂന്നാം പാദവും' എന്ന വിഷയത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം. നാസ്തികത എന്നത് രണ്ടുകാലിലുള്ള സ്വതന്ത്രമായ നിൽപ്പാണ്. മതം പോലുള്ള ഊന്നുവടികളുടെയും കൃത്രിമമായ ആശ്വാസങ്ങളുടെയും ആവശ്യമില്ല. ഇത് കൃത്യമായി മനസ്സിലാക്കിയ വ്യക്തിയായിരുന്നു ഭഗത്സിങ്. തൂക്കിലേറ്റുന്നതിന് തൊട്ടുമുമ്പുള്ള കാലയളവിൽ എഴുതിയ 'എന്തുകൊണ്ട് ഞാൻ നാസ്തികനായി' എന്ന പുസ്തകത്തിൽ ഇക്കാര്യം ഭഗത്സിങ് വ്യക്തമായി പറയുന്നുണ്ട്. എന്നാൽ ഒരു നാസ്തികൻ എന്ന നിലയിൽ ഭഗത്സിങിനെ അധികമാരും വിലയിരുത്തിയിട്ടില്ല. തന്റെ കൂടെയുള്ള വിപ്ലവകാരികൾ എല്ലാവരും വിശ്വാസികൾ ആയി തുടരുമ്പോഴും ഭഗത്സിങ് മതം ഒരു അസംബന്ധമാണെന്ന നിലപടാണ് എടുത്തത്. - സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.

രമേശ് രാജശേഖരൻ (മൺമറഞ്ഞവരുടെ കണ്ണീർ), രഞ്ചു (പാഠം ഒന്ന് ടീച്ചർ ആബസ്ൻഡ്), ഷാജു തൊറയൻ ( കാനായിലെ കൽഭരണികൾ), മണികണ്ഠൻ ഇൻഫ്രാകിഡ്സ് (ധ്വനി), ഡോ. ഹരീഷ്‌കൃഷ്ണൻ ( രാക്ഷസൻ), സനിൽ കെ.വി ( മനുഷ്യജാതി), ഡോ.സാബു ജോസ് ( സംഭവ ചക്രവാളം), ധന്യാ ഭാസ്‌കരൻ ( പാരന്റോ പാരയോ) , ബിജുമോൻ എസ്‌പി.( ബാൻച്ചോ വോയുടെ ഭയാനതകൾ), സുരേഷ്ബാബു (ഇരപോവുന്ന ഗുഹകൾ), സനോജ് കണ്ണൂർ( ലിവിങ്ങ് ടുഗദർ), ഡോ.പ്രസന്നൻ (മോഡേൺ ചാതുർവർണ്ണ്യം), മൃദുൽ ശിവദാസ് ( സത്യക്രിസ്ത്യാനികൾ) തുടങ്ങിയവരും പ്രഭാഷണം നടത്തി.

ചരിത്രത്തിൽ ആദ്യമായി ചെറുപ്പക്കാരായ നാല് വിദ്യാർത്ഥികൾ അവിശ്വാസി ആയതുകൊണ്ട് മാത്രം നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ച് സദസ്സിനോട് നേരിട്ട് സംവദിച്ച 'എലൈറ്റ് 18' എന്ന പരിപാടിയാണ് എസ്സൻഷ്യയിൽ തീർത്തും വേറിട്ടത്. എസെൻസ് റിസോഴ്സ് പേഴ്സൺമാരായ കൃഷ്ണപ്രസാദ്, ശിബു, മനുജ മൈത്രി, അനുപമ രാധാകൃഷ്ണൻ എന്നിവരാണ് ചർച്ച നയിച്ചത്. എസെൻസ് റിസോഴ്സ് പേഴ്സണും കവിയുമായ ആർ. അജിത് കുമാർ മോഡറേറ്ററായിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള സംവരണം തങ്ങൾ സ്വീകരിക്കില്ലെന്നും, വിവാഹം അടക്കമുള്ള കാര്യങ്ങളിലും ആദർശംവിട്ടുള്ള വിട്ടുവീഴ്ചകൾക്ക് തയ്യാറാവില്ലെന്നും ഇവർ പ്രഖ്യാപിച്ചു. നാസ്തിക പറയുന്നവരെ ഇനി ഒറ്റപ്പെടുത്താൽ കഴിയില്ലെന്നും സംഘടിത മതത്തിന്റെ സമ്മർദത്തെ  അതിജീവിക്കാമെന്നുമുള്ള പ്രഖ്യാപനം കൂടിയായി സെമിനാർ.

.നേരത്തെ തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ലിറ്റ്മസ് സെമിനാറിലെ പ്രഭാഷണങ്ങൾ ചേർന്ന പുസ്തകത്തിന്റെ 'സ്വതന്ത്ര ചിന്തകരുടെ സുവിശേഷം' പ്രകാശനവും ചടങ്ങിൽ നടന്നു. ഡിസി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.രണ്ടാം ദിവസം എസൻസ് അംഗങ്ങൾ ചേർന്ന് കൊച്ചിയിൽനിന്ന് കടലിലേക്ക് ക്രൂയിസിൽ വിനോദയാത്രയും നടത്തി.