കോഴിക്കോട്: വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഉയരുന്നത് ഗുരുതര ആരോപണം. പൊലീസിനെതിരെ വെളിപ്പെടുത്തലുമായി ഓട്ടോ ഡ്രൈവറാണ് രംഗത്തുവന്നത്. കല്ലേരി സ്വദേശി സജീവനാണ് കുഴഞ്ഞു വീണു മരിച്ചത്. അർദ്ധരാത്രി പൊലീസ് സ്റ്റേഷന്റെ വളപ്പിൽ ഒരാൾ കുഴഞ്ഞുവീഴുന്നത് കണ്ടെന്നും ഒരു പൊലീസുകാരൻ മാത്രമാണ് വന്നുനോക്കിയതെന്നും ഓട്ടോ ഡ്രൈവർ പറഞ്ഞു.

ഓട്ടോ ഡ്രൈവർമാരും സുഹൃത്തുക്കളുമാണ് സജീവനെ വടകരയിലെ സഹകരണ ആശുപത്രിയിലെത്തിച്ചത്. അരമണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. നേരത്തെ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞതായി ഓട്ടോ ഡ്രൈവർ വ്യക്തമാക്കി. സജീവന് ക്രൂരമായി മർദനമേറ്റിട്ടുണ്ടെന്ന് സുഹൃത്തുക്കൾ ആരോപിച്ചു. കസ്റ്റഡിയിലിരിക്കെ തന്നെ നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ ആശുപത്രിയിൽ കൊണ്ടുപോകാൻ പൊലീസ് കൂട്ടാക്കിയില്ലെന്നാണ് ആരോപണം. പൊലീസ് സ്റ്റേഷന് പുറത്തിറങ്ങിറപ്പോൾ സജീവൻ കുഴഞ്ഞുവീണു.

ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായം ചോദിച്ചെങ്കിലും പൊലീസ് തയ്യാറായില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. സജീവനും സുഹൃത്തുകളും സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചിരുന്നു. നഷ്ടപരിഹാരത്തെ സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് മറ്റേ വാഹനത്തിലുണ്ടായിരുന്നവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മദ്യപിച്ച കാര്യം പൊലീസിനോട് സമ്മതിച്ചെന്നും, പിന്നാലെ എസ് ഐ മർദിച്ചെന്നും സുഹൃത്തുക്കൾ ആരോപിക്കുന്നു.

എന്നാൽ പൊലീസ് കസ്റ്റഡിയിലിരിക്കെയല്ല സജീവൻ കുഴഞ്ഞുവീണതെന്നാണ് പൊലീസുകാർ നൽകുന്ന വിശദീകരണം. ചോദ്യം ചെയ്ത ശേഷം വിട്ടയച്ചുവെന്ന് അധികൃതർ വ്യക്തമാക്കി. വാഹനാപകടവുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ എത്തിയ തങ്ങളോട് വടകര എസ്‌ഐ ക്രൂരമായാണ് പെരുമാറിയതെന്ന് സുഹൃത്ത് ജുബൈർ ഉമ്മറും പറഞ്ഞു. സജീവനെയും തന്നെയും മർദ്ദിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായെന്നും ജുബൈർ ആരോപിച്ചു.

സ്റ്റേഷനിലെത്തിയപ്പോൾ കാരണമില്ലാതെയാണ് പൊലീസ് മർദ്ദിച്ചതെന്ന് സജീവന്റെ ബന്ധു അർജുൻ പറഞ്ഞു. സജീവന്റെ മരണത്തിൽ പ്രദേശത്ത് പ്രതിഷേധം ഇരമ്പുകയാ്ണ്. സംഭവത്തിൽ പ്രതിഷേധിച്ച് പൊലീസ് സറ്റേഷനിലേക്ക് ഡിവൈഎഫ്‌ഐ പ്രവർത്തകർ മാർച്ച് നടത്തി.