തിരുവനന്തപുരം: സിഡ്‌കോ മുൻ എം ഡി സജി ബഷീറിനെതിരെ വിജിലൻസ് അന്വേഷണം. സിഡ്‌കോയിൽ അനധികൃത നിയമനങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. യോഗ്യതപോലും പരിഗണിക്കാതെ 23 ഓളം പേരെ അനധികൃതമായി നിയമിച്ചു എന്നാണു പരാതി. പരാതിയിൽ വിജിലൻസ് ത്വരിതാന്വേഷണം നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സജി ബഷീറിന്റെ അനധികൃത നിയമനങ്ങളും ഇടപാടുകളും സംബന്ധിച്ച് മറുനാടൻ മലയാളി വാർത്തകൾ നൽകിയിരുന്നു.

സജി ബഷീറിന്റെ തിരുവനന്തപുരത്തെ വസതിയിൽ വിജിലൻസ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു. . അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെറ്റായിരുന്നു പരിശോധന. രണ്ട് വിജിലൻസ് കേസുകളിൽ ഒന്നാം പ്രതിയായ സജി ബഷീർ 6 വിജിലൻസ് അന്വേഷണങ്ങൾ നേരിടുന്നുമുണ്ട്. എ്ൽഡിഎഫ് -യുഡിഎഫ് സർക്കാരുകൾ മാറിമാറി വരുമ്പോഴും സജി ബഷീറിനെ സംരക്ഷിക്കുന്ന നയം സ്വീകരിക്കുന്നതായി ഏറെക്കാലമായി ആരോപണമുണ്ട്. സജി ബഷീറിനെതിരെ ഉയർന്ന ആരോപണങ്ങൾ തെളിവുകൾ സഹിതം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

എറണാകുളം കടവന്ത്രയിലുള്ള സർക്കാർ ഭൂമി ഭീമ ജൂവലറിക്ക് കൈമാറാൻ സിഡ് കോ നടത്തിയ നീക്കത്തിനു പിന്നിൽ വൻ ക്രമക്കേടു നടന്നതായും സൂചനകൾ പുറത്തുവന്നു. ഇപ്പോൾ അഞ്ഞൂറ് കോടി രൂപ വിലമതിക്കുന്ന 5.13 ഏക്കർ ഭൂമി വെറും 15 കോടി രൂപ മുൻകൂർ വാങ്ങി ഭീമ ജൂവലറിക്ക് 80 വർഷത്തേക്ക് കൈമാറാൻ സിഡ്‌കോ മുൻ എം ഡി സജി ബഷീറിന്റെ നേതൃത്വത്തിലാണ് തീരുമാനമെടുത്തത്. ഇതുസംബന്ധിച്ചും അന്വേഷണം നടക്കുകയാണ്.

നേരത്തെ സിഡ്‌കോ, കെ.എസ് . ഐ .ഇ എന്നീ സ്ഥാപനങ്ങളുടെ എം ഡി യായിരുന്നു സജി ബഷീർ. കഴിഞ്ഞ എൽ ഡിഎഫ് സര്ക്കാരിന്റെ കാലത്തായിരുന്നു സജി ബഷീറിനെ സിഡ്‌കോ എം ഡി ആക്കിയത്. 10 വർഷമാണ് സജി ബഷീർ സിഡ്‌കോ എം ഡി യായി പ്രവർത്തിച്ചത്. ഇക്കാലയളവിൽ ഒട്ടേറെ അഴിമതി ആരോപണങ്ങളാണ് സജിക്കെതിരെ ഉയർന്നത്. 8 വിജിലൻസ് അന്വേഷണങ്ങൾ വന്നു. രണ്ടെണ്ണത്തിൽ ഒന്നാംപ്രതിയാക്കി. ഒലവക്കോട്ടെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഷെഡുകൾ വാടകയ്ക്ക് നൽകിയതിൽ സിഡ്‌കോയ്ക്ക് ഒരു കോടി പതിനെട്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു ഒന്നാമത്തെ കേസ്.

കഴക്കൂട്ടത്ത് മേനംകുളത്തെ ടെലികോം സിറ്റി പദ്ധതിയുടെ ഭാഗമായി മണലെടുപ്പ് നടത്തിയതിലെ ക്രമക്കേടാണ് രണ്ടാമത്തെ കേസ്. ഇതുവഴി സജിബഷീർ 5 കോടി രൂപയുടെ അനധികൃത നേട്ടമുണ്ടാക്കിയതായി വിജിലൻസ് കണ്ടെത്തി. സജി ബഷീറിനെ സസ്‌പെന്റ് ചെയ്യണമെന്ന് വിജിലൻസ് ഡയറക്ടർ സർക്കാരിന് ശുപാർശ നൽകി. ആഭ്യന്തര സെക്രട്ടറിയും ഇതുതന്നെ ആവശ്യപ്പെട്ടു . എന്നാൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തയ്യാറായില്ല . തലസ്ഥാനത്തെ പ്രമുഖ മാദ്ധ്യമ പ്രവർത്തകന്റെ ഇടപെടൽ സജി ബഷീറിന് പലപ്പോഴും സംരക്ഷണകവചമായി മാറി. സജി ബഷീറിനെ സസ്‌പെന്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് ചെന്നിത്തല ഫയലിൽ എഴുതി. ഇത് വാർത്തയായതോടെ സർക്കാർ സജിബഷീറിനെ സിഡ്‌കോയിൽ നിന്ന് മാറ്റാൻ നിർബന്ധിതമായി . അവിടെ വ്യവസായ മന്ത്രി സജിയെ തുണച്ചു. വകുപ്പിന് കീഴിലെ കെ എസ് ഐ ഇയുടെ എം ഡിയായി മാറ്റി നിയമനം. അവിടെയിരുന്നും സജി തനിസ്വരൂപം കാണിച്ചു. ഇഷ്ടക്കാരെ വഴിവിട്ട് സ്ഥാപനത്തിൽ നിയമിച്ചതായി ആരോപണം വന്നു. ഇതോടെയാണ് അവിടെനിന്നും മാറ്റിയത്.

ഈ കേസെല്ലാം നിലനിൽക്കെത്തന്നെ പുതിയ സർക്കാർ വന്ന ശേഷവും സജി ബഷീറിനെ കെൽട്രോണിന്റെ എംഡിയാക്കാൻ നീക്കം നടന്നു. മറുനാടൻ ഈ വഴിവിട്ട നീക്കം പുറത്തുകൊണ്ടുവന്നതോടെയാണ് സർക്കാർ അതിൽ നിന്ന് പിൻതിരിഞ്ഞത്. ഇതോടെ സജിക്കെതിരെ അന്വേഷണങ്ങളും ശക്തമായി. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ വിജിലൻസ് കേസുകളിൽ അന്വേഷണം ത്വരിതഗതിയിലാകുന്നത്.

സജി ബഷീറിനെ കെൽട്രോൺ എം ഡിയാക്കാൻ വഴിവിട്ട നീക്കം നടന്നത് സിപിഎമ്മിന്റെ മുതിർന്ന നേതാവ് വഴിയായിരുന്നു. ഇതിനായി തലസ്ഥാനത്തെ സഹായിയായ ഒരു മാദ്ധ്യമ പ്രവർത്തകൻ നേതാവുമായി ചർച്ച നടത്തുകയും ചെയ്തു. സജി ബഷീറിന്റെ അടുപ്പക്കാരനാണ് ആർഎസ്എസ് അനുഭാവ മാദ്ധ്യമത്തിലെ റിപ്പോർട്ടർ. സജി ബഷീറിനെ നിയമിക്കാൻ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ഓഫീസിനു മേൽ വൻ സമ്മർദ്ദവുമുണ്ടായി. കെൽട്രോണിന്റെ എം ഡിയാക്കാൻ സാധിച്ചില്ലെങ്കിൽ കിൻഫ്രയുടെ എം ഡി യാക്കാനും ചർച്ചകൾ നടന്നു. പക്ഷേ, ഇതെല്ലാം മറുനാടനിൽ വാർത്തകളായതോടെ ആ ശ്രമത്തിൽ നിന്ന് സർക്കാർ പിന്മാറുകയായിരുന്നു.

ഏതു സർക്കാർ വന്നാലും പിടിച്ചുനിൽക്കാൻ കഴിയുന്നു എന്നതാണ് സജി ബഷീറിന്റെ സവിശേഷത. സസ്‌പെൻഡ് ചെയ്യാൻ ഒന്നിലേറെ തവണയാണ് വിജിലൻസ് സർക്കാരിന് ശുപാർശ നൽകിയത്. അഡീഷണൽ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടു പോലും സർക്കാർ സജിബഷീറിനെ തൊടാൻ തയ്യാറായില്ല. രണ്ടു തവണയാണ് രമേശ് ചെന്നിത്തല സജിയെ സംരക്ഷിച്ച് ഫയലിൽ എഴുതിയത്.