കോഴിക്കോട്: ഇന്ത്യക്ക് സ്വതന്ത്ര്യം കിട്ടിയപ്പോൾ അത് വെള്ളക്കാരിൽനിന്ന് കൊള്ളക്കാരിലേക്കുള്ള സ്വാതന്ത്ര്യമാണെന്നാണ്, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ബുദ്ധിജീവികൾ വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യ ദിനത്തെ ഒരുവേള ആപത്ത് ദിനം എന്നും കരിദിനമെന്നും അവർ പരിഹസിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 74 വർഷം വരേയും, കമ്യൂണിസ്റ്റുകൾ സ്വാതന്ത്യദിനം ആഘോഷിച്ചിരുന്നില്ല. ഇത് അവരുടെ പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടിന്റെ പ്രശ്നമായിരുന്നു. ബൂർഷ്വാ ഭരണകൂടത്തെ മൂടുതാങ്ങാൻ ഉണ്ടാക്കിയ, പാശ്ചാത്യ ആശയങ്ങൾ കോപ്പിയടിച്ച ഭരണഘടനയാണ് ഇന്ത്യയുടേത് എന്നാണ് അവർ എക്കാലവും പ്രചരിപ്പിച്ചിരുന്നത്.

ഇന്ത്യൻ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കുകയല്ല, സത്യത്തിൽ കമ്യൂണിസ്റ്റുകളുടെ ജോലിയും. അവർ തൊഴിലാളി വർഗ സർവാധിപത്യത്തിലാണ് വിശ്വസിക്കുന്നത്. എന്നാൽ അതിനുള്ള സമയം ആവാത്തതിനാലുള്ള ഇടക്കാല പദ്ധതി മാത്രമാണ് ഇപ്പോൾ സിപിഎം വിശ്വസിക്കുന്ന 'ജനകീയ ജനാധിപത്യ വിപ്ലവം' എന്ന ആശയം. അതുകൊണ്ടുതന്നെ ത്വാത്വികമായി എക്കാലവും ഭരണഘടനാ വിരുദ്ധരാണ് കമ്യൂണിസ്റ്റ് പാർട്ടികൾ. ഭരണഘടനയെ അധിക്ഷേപിച്ചത് സജിചെറിയാന് സംഭവിച്ച ഒരു നാക്കുപിഴയല്ല എന്ന് വ്യക്തമാണ്. ഇത് എക്കാലവും കമ്യൂണിസ്റ്റുകൾ ഉന്നയിക്കുന്നതാണ്. ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റിയിൽ തന്നെ ഇക്കാര്യത്തിൽ ശക്തമായ എതിർപ്പ് കമ്യൂണിസ്റ്റുകൾ പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ ഭരണഘടനാശിൽപ്പി ഡോ ബി ആർ തന്നെ അതിന് മറുപടിയും നൽകിയിട്ടുണ്ട്. ഇത് അംബേദ്ക്കർ സജി ചെറിയാന് നൽകിയ മറുപടി എന്ന രീതിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

'അവർക്ക് വേണ്ടത് സവർവാധിപത്യം'

1949 നവംബർ 25നു ഭരണഘടനാ നിയമനിർമ്മാണ സഭയിൽ ഡോ. ബി ആർ അംബേദ്ക്കറുടെ അവസാന പ്രസംഗത്തിലെ പ്രസക്തഭാഗങ്ങളിൽ അദ്ദേഹം കമ്യൂണിസ്റ്റുുകാർക്ക് മറുപടി നൽകുന്നുണ്ട്. ഇത് ഡോ. ബാബാ സാഹേബ് അംബേദ്ക്കരുടെ പ്രസംഗങ്ങൾ എന്ന പുസ്തകക പരമ്പരയുടെ മൂന്നാം വ്യാള്യത്തിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ആ വാക്കുകൾ ഇങ്ങനെയാണ്. -'കമ്യൂണിസ്റ്റ് പാർട്ടി, സോഷ്യലിസ്റ്റ് പാർട്ടി എന്നീ രണ്ടു ഘടകങ്ങളിൽ നിന്ന് ഭരണഘടനയുടെ പേരിൽ വലിയ തോതിൽ ഇഷ്ടക്കുറവ് വ്യക്തമാക്കപ്പെടുന്നുണ്ട്. അവർ ഭരണഘടനയെ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നില്ല? ശരിക്കും ഭരണഘടന മോശമാണ് എന്നതുകൊണ്ടാണോ? നിശ്ചയമായും അല്ല എന്ന് ഞാൻ പറയും. കമ്യൂണിസ്റ്റ് പാർട്ടിക്ക് തൊഴിലാളികളുടെ സ്വേച്ഛാധിപത്യത്തെ ആധാരമാക്കിയ ഭരണഘടന വേണം. ഈ ഭരണഘടന പാർലമെന്ററി ജനാധിപത്യത്തിൽ ആധാരമായതിനാൽ അവർ ഭരണഘടനയെ എതിർക്കുന്നു. സോഷ്യലിസ്റ്റ് പാർട്ടികൾക്ക് രണ്ടു കാര്യങ്ങൾ വേണം. അവർക്കാവശ്യമുള്ള ഒന്നാമത്തെകാര്യം, അധികാരത്തിലെത്തിയാൽ നഷ്ടപരിഹാരം നൽകാതെ സ്വകാര്യസ്വത്ത് ദേശസാൽക്കരിക്കാൻ ഭരണഘടന അവർക്ക് സ്വാതന്ത്ര്യം കൊടുക്കണം. സോഷ്യലിസ്റ്റുകൾക്ക് വേണ്ട രണ്ടാമത്തെ കാര്യം മൗലികാവകാശങ്ങൾ നിരപേക്ഷവും യാതൊരു നിബന്ധനകളില്ലാത്തതും ആയിരിക്കണം; എന്തെന്നാൽ അധികാരം പിടിച്ചെടുക്കുന്നതിൽ വിജയിച്ചില്ലെങ്കിൽ അനിയന്ത്രിതമായവിധം വിമർശിക്കാൻ മാത്രമല്ല, രാജ്യത്തെ തകിടം മറിക്കാനും സ്വാതന്ത്ര്യം അവർക്കുവേണം.

പ്രധാനമായും ഈ രണ്ടു കാരണങ്ങൾ കൊണ്ടാണ് ഭരണഘടന വിമർശിക്കപ്പെടുന്നത്. പാർലമെന്ററി ജനാധിപത്യമെന്ന തത്വം മാത്രമാണ് രാഷ്ട്രീയ ജനാധിപത്യത്തിന്റെ ആദർശപരമായ രൂപം എന്ന് ഞാൻ കരുതുന്നില്ല. നഷ്ടപരിഹാരം കൊടുക്കാതെ സ്വകാര്യസ്വത്ത് കൈവശമാക്കുക എന്ന തത്വം പവിത്രമായതിനാൽ അതിന് പര്യായമില്ല എന്ന് ഞാൻ പറയുന്നില്ല. മൗലികാവകാശങ്ങൾ ഒരിക്കലും എടുത്തുകളയാൻ വയ്യെന്നും ഞാൻ പറയുകയില്ല. എനിക്കു പറയാനുള്ളത്, ഭരണഘടനയിൽ അടങ്ങിയിട്ടുള്ള അഭിപ്രായങ്ങൾ ഇന്നത്തെ തലമുറയുടേതാണ്; ഇത് നിങ്ങൾക്ക് അതിശയോക്തിപരമായി തോന്നുണ്ടെങ്കിൽ ഭരണഘടനയിലെ അഭിപ്രായങ്ങൾ ഭരണഘടനാസഭയുടെ അംഗങ്ങളുടേതാണെന്നും പറയാം. ഭരണഘടനയിൽ അവ ഉൾപ്പെടുത്തിയതിൽ കരടെഴുത്തുസമിതിയെ എന്തിന് കുറ്റപ്പെടുത്തണം? ഭരണഘടനാസഭയിലെ അംഗങ്ങളെയും കുറ്റപ്പെടുത്തരുതോ എന്ന് ഞാൻ ചോദിക്കും. അമേരിക്കൻ ഭരണഘടനാ നിർമ്മാണത്തിൽ വലിയ പങ്കുവഹിച്ച അമേരിക്കയിലെ രാജ്യ തന്ത്രജ്ഞൻ ജഫേഴ്സൺ വളരെ വിലപ്പെട്ടതും മഹത്വപൂർണവുമായ വിചാരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അവ ഭരണഘടനാ നിർമ്മാതാക്കളുടെ കൺമുമ്പിൽഎപ്പോഴും ഉണ്ടായിരിക്കേണ്ടവയാണ്. ജഫേഴ്സൺ പറയുന്നു. ' ഓരോ തലമുറയും ഭൂരിപക്ഷത്തിന്റെ ഇഷ്ടമനുസരിച്ച് സ്വയം ബന്ധിക്കപ്പെടാൻ അധികാരമുള്ള ഒരു സ്വതന്ത്രരാഷ്ട്രത്തിലേതുപോലെയാണ്. വരും തലമുറകളെ ബന്ധിക്കാൻ ആർക്കും കഴിയുകയില്ല, മറ്റൊരു രാഷ്ട്രത്തിലെ ജനങ്ങളെ ബന്ധിക്കാൻ കഴിയാത്തതുപോലെ'.

ഭരണഘടനയുടെ നടത്തിപ്പ് പൂർണമായും അതിന്റെ സ്വരൂപത്തെ അവലംബിച്ചിരിക്കുകയില്ല. ഭരണഘടന രാജ്യത്തിന്റെ വിഭാഗങ്ങളെയും നിയമസഭകളെയും കാര്യനിർവാഹകമണ്ഡലത്തെയും നിയമപാലകരെയും നിർമ്മിക്കുക മാത്രമാണ് ചെയ്യുക. രാജ്യത്തിന്റെ വിഭാഗീയ കാര്യങ്ങൾ രാജ്യത്തിലെ ജനങ്ങളെയും അവരുടെ ആകാംക്ഷകളെയും രാജ്യകാര്യങ്ങൾ സാധിക്കാൻ വേണ്ടി നിർമ്മിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ കക്ഷികളെയും അവലംബിച്ചിരിക്കും. ഇന്ത്യയിലെ ജനങ്ങളും രാഷ്ട്രീയ കക്ഷികളും എങ്ങനെ പെരുമാറണമെന്ന് ആർക്കാണ് പറയാൻ കഴിയുക? അവരുടെ ഉദ്ദിഷ്ടസാധ്യത്തിന് അവർ ഭരണഘടനാപരമായ മാർഗങ്ങൾ അവലംബിക്കുമോ, അതോ വിപ്ലവാത്മകമായ മാർഗങ്ങൾ അവലംബിക്കുമൊ? വിപ്ലവാത്മകമായ മാർഗമാണ് അവലംബിക്കു ന്നതെങ്കിൽ ഭരണഘടന എത്ര നന്നായിരുന്നാലും അത് വിജയിക്കുകയില്ല എന്നു പറയാൻ ഒരു ഭവിഷ്യജ്ഞാനിയുടെ ആവശ്യമൊന്നുമില്ല. അതുകൊണ്ട് ഇന്ത്യയിലെ ജനങ്ങളും രാഷ്ട്രീയ കക്ഷികളും എങ്ങനെ പെരുമാറണമെന്നറിയാതെ ഭരണഘടനയെക്കുറിച്ച് എന്തെങ്കിലും നിർണയനമെടുക്കുന്നത് നിരർഥകമായിരിക്കും''- ഇങ്ങനെയാണ് അംബദ്ക്കർ തന്റെ നയം വ്യക്തമാക്കിയത്.

വിമർശിക്കാം പക്ഷേ അവഹേളിക്കരുത്

ഇന്ത്യൻ ഭരണഘടന ഒരിക്കലും വിമർശനത്തിന് അതീതമാണെന്ന് അംബേദ്ക്കർ എവിടെയും പറഞ്ഞിട്ടില്ല. മാത്രമല്ല ക്രിയാത്മകമായ വിമർശനം വേണമെന്നും, കാലാനുസൃതമായി പരിഷ്‌ക്കരിക്കണം എന്നുമാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല, ഭരണഘടനയെ ആദ്യം വിമർശിച്ചത് ഭരണഘടനാ നിർമ്മാണ സഭയിലെ അംഗങ്ങൾ തന്നെയാണ്.

ഭരണഘടന വെറും പാശ്ചാത്യ അനുകരണം മാത്രമാണെന്നും പാശ്ചാത്യ ശക്തികൾക്കുള്ള കീഴടങ്ങലാണെന്നും പറഞ്ഞത് കോൺസ്റ്റിറ്റൂവന്റ് അംസംബ്ലിയിലെ അംഗമായിരുന്ന ലോക്‌നാഥ് മിശ്രയാണ്. വീണയുടേയോ സിതാറിന്റെയോ സംഗീതം കേൾക്കാനാണ് നമ്മൾ ആഗ്രഹിച്ചത്, പക്ഷേ കിട്ടിയത് ഇംഗ്ലീഷ് ബാൻഡാണെന്നു പറഞ്ഞത് മറ്റൊരു മെംബർ ഹനുമന്ത റാവു പറയുന്നു. ഭരണ ഘടന ഇന്ത്യക്ക് പറ്റിയതല്ലെന്നും നടപ്പിലാകുന്നതോടെ തകർന്നു തരിപ്പണമാകുമെന്നും പറഞ്ഞത് ഭരണഘടനാ സഭയിലെ മറ്റൊരു അംഗം ലക്ഷ്മി നാരായണ സാഹുവാണ്്.

ടി. പ്രകാശവും കെ. ഹനുമന്തയ്യയുമൊക്കെ ഭരണഘടന ഗാന്ധിയൻ ആശയങ്ങൾക്ക് വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയുടെ ആത്മാവ് ഉൾക്കൊള്ളാത്തതാണ് ഭരണഘടനയെന്നു അഭിപ്രായമുള്ളവരുമുണ്ടായിരുന്നു. 1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ടിന്റെ കാർബൺ കോപ്പിയാണെന്നായിരുന്നു പ്രൊഫ. എൻ, ശ്രീനിവാസന്റെ അഭിപ്രായം. ആ ആക്ടിന്റെ അക്ഷരാർഥത്തിലുള്ള പകർപ്പാണ് ഇന്ത്യൻ ഭരണഘടനയെന്ന് ബ്രിട്ടീഷ് ഭരണഘടനാ വിദഗ്ധനായിരുന്ന സർ ഐവർ ജെന്നിങ്‌സ് പറഞ്ഞിരുന്നു. എന്നാൽ നല്ലത് എവിടെ കണ്ടാലും എടുക്കാെമന്നും, ഇക്കാര്യത്തിൽ തനിക്ക് കുറ്റബോധം അശേഷം ഇല്ലെന്നുമായിരുന്നു അംബേദ്ക്കറുടെ മറുപടി.

പക്ഷേ കാലം മാറിയപ്പോൾ കമ്യൂണിസ്റ്റുകാർ ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പടിക്കാം എന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിൽ കയറുന്നു. അങ്ങനെ മന്ത്രിയായ ഒരാൾ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടന എന്ന് പറയുമ്പോൾ അത് സത്യപ്രതിജ്ഞാ ലംഘനവും കടുത്ത അവഹേളനവും ആവുകയാണ്.

കുഴപ്പം ഭരിക്കുന്നവരുടെ മനോഭാവം

സമത്വം, മതേതരത്വം, തുടങ്ങിയ കാര്യങ്ങളൊന്നും അത്രയേറെ പരിചയമില്ലാത്ത ഒരു യാഥാസ്ഥിക ഇന്ത്യയിൽ, ഒരു ആധുനിക ഭരണഘടന കെട്ടിപ്പെടുത്തതിൽ നെഹ്റുവിനും അംബേദ്ക്കർക്കും ഉള്ള പങ്ക് വളരെ വലുതായിരുന്നു. ഗോവധ നിരോധനം മൗലിക അവകാശം ആക്കണം എന്നൊക്കെപ്പറഞ്ഞുള്ള മത കോലാഹലങ്ങളെയൊക്കെ നേരിട്ടുകൊണ്ടാണ്, അംബേദ്ക്കർ ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കിയത്. അന്ന് അത് വായിച്ച പല വിദേശ വിദഗ്ധരും പറഞ്ഞത് ഇന്ത്യ ഒരിക്കലും അർഹിക്കാത്ത ഒരു ഭരണഘടന എന്നായിരുന്നു.

കടുത്ത എതിർപ്പുകളോടും ഒറ്റപ്പെടുത്തലുകളോടും പോരടിച്ച അനിതരസാധാരണമായ വ്യക്തിത്വമായിരുന്നു അംബേദ്ക്കർ. ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം ലഭിച്ച പാക്കിസ്ഥാൻ പട്ടാള ഭരണത്തിന്റെ വഴിയിൽ നീങ്ങിയപ്പോഴും, ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം എന്ന നിലയിൽ ഇന്ത്യയ്ക്ക് തലയുയർത്തി നിൽക്കാൻ സാധിച്ചത് അംബേദ്ക്കറിന്റെ ദീർഘവീക്ഷണവും ജ്ഞാനസപര്യയും മൂലമാണ്. ഇന്ത്യൻ ഭരണഘടനയുടെ കോർ ആർക്കും ഭേദഗതി ചെയ്യാൻ പറ്റാത്ത രീതിയിലാണ് അദ്ദേഹം തയ്യാറാക്കിയത്.

ഇന്ത്യയുടെ ഭരണം മോശമാവുന്നത് അത് ഭരണഘടനയുടെ കുഴപ്പം കൊണ്ടല്ല മറിച്ച് അത് കൈകാര്യം ചെയ്യുന്നവരുടെ കുഴപ്പം അംബേദ്ക്കർ നേരത്തെ പ്രവചിച്ചിട്ടുണ്ട്. ''എനിക്ക് തോന്നുന്നു, ഒരു ഭരണഘടന എത്ര നല്ലതാണെങ്കിലും, അത് മോശമായി മാറുമെന്ന് ഉറപ്പാണ്. കാരണം...അത് കൈകാര്യം ചെയ്യുന്നവർ മോശം ആളുകൾ ആയാൽ. ഒരു ഭരണഘടന എത്ര മോശമായാലും, അത് കൈകാര്യം ചെയ്യുന്നവർ നല്ലവരായാൽ അത് നല്ലതായി മാറിയേക്കാം''- ഇപ്പോൾ സജി ചെറിയാന്റെ കാര്യത്തിലും അംബേദ്ക്കർ പറഞ്ഞതുതന്നെ സത്യമായിരിക്കയാണ്.