തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാനെ അറസ്റ്റ് ചെയ്ത് പൊലീസ് ജയിലിൽ അടയ്ക്കില്ല. സജി ചെറിയാന്റെ വിവാദ പ്രസംഗത്തിനെതിരായ പരാതിയിൽ പൊലീസ് കേസെടുത്തുവെങ്കിലും ജാമ്യം നൽകാവുന്ന കുറ്റം മാത്രമാണ് ചുമത്തിയിട്ടുള്ളത്. മല്ലപ്പള്ളിയിൽ പാർട്ടി പരിപാടിയിൽ വച്ചാണ് ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ മന്ത്രിയായിരിക്കെ സജി ചെറിയാൻ പ്രസംഗിച്ചത്. മന്ത്രി ഭരണഘടനയെ അവഹേളിച്ചെന്ന പരാതിയിൽ കേസെടുക്കണമെന്ന് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു.

കോടതി നിർദേശിച്ചാൽ 24 മണിക്കൂറിനുള്ളിൽ കേസടുക്കണം. ഇതിനാലാണ് പൊലീസ് ഇന്ന് തന്നെ നടപടിയിലേക്ക് കടന്നത്. പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം പരിശോധിച്ച ശേഷമായിരുന്നു കീഴ്‌വായ്പൂർ പൊലീസിന്റെ നടപടി. വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ഭരണഘടനയെ അവഹേളിക്കുന്നതിനെതിരായ വകുപ്പാണിത്. പരമാവധി മൂന്ന് വർഷം വരെ തടവ് കിട്ടാവുന്ന വകുപ്പാണ് ഇത്. അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്താലും സജി ചെറിയാന് ജാമ്യം കിട്ടും.

പരമാവധി മൂന്ന് വർഷം തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ കിട്ടാവുന്നതാണ് വകുപ്പ്. കേസെടുക്കേണ്ട സാഹചര്യം ഉണ്ടെന്ന നിയമോപദേശം സർക്കാരിന് ലഭിച്ചിരുന്നു. സജി ചെറിയാന്റേത് കലാപ ആഹ്വാനമാണെന്ന ആരോപണം പ്രതിപക്ഷം ഉയർത്തിയിരുന്നു. ഇതിനൊപ്പം ക്രിമിനൽ ഗൂഢാലോചനാ കുറ്റവും ആരോപിച്ചു. ഇതെല്ലാം കേസിൽ വകുപ്പുകളായി എത്തിയിട്ടില്ല. അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്നത് ഒഴിവാക്കാനാണ് ഇത്.

അതിനിടെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിൽ ഒരു വിഷമവുമില്ലെന്ന് സജി ചെറിയാൻ പ്രതികരിച്ചു. പ്രയാസമൊന്നുമില്ല, അഭിമാനം മാത്രമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എംഎൽഎ ബോർഡ് വച്ച കാറിൽ സജി ചെറിയാൻ നിയമസഭയിലെത്തി. നിയമസഭയിൽ രണ്ടാം നിരയിൽ കെ.കെ.ശൈലജയ്ക്കു സമീപമാണ് അദ്ദേഹത്തിന്റെ ഇരിപ്പിടം. മന്ത്രിമാരും എംഎൽഎമാരും അടുത്തെത്തി സജി ചെറിയാനുമായി സൗഹൃദം പങ്കിട്ടു. എംഎൽഎ സ്ഥാനം സജി ചെറിയാൻ രാജിവയ്ക്കില്ല.

ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചതിന്റെ പേരിൽ സജി ചെറിയാൻ ഇന്നലെ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. രാജിവയ്ക്കാതെ പറ്റില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വവും സംസ്ഥാന നേതാക്കളും തമ്മിൽ ധാരണയായതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്ക് രാജിക്കത്തു നൽകിയത്. അതേസമയം, എംഎൽഎ സ്ഥാനം രാജിവയ്ക്കുമേയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല.

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ സിപിഎം ഏരിയ കമ്മിറ്റി കഴിഞ്ഞ ഞായറാഴ്ച സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിവാദ പ്രസംഗം. ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ബ്രിട്ടിഷുകാർ പറഞ്ഞു കൊടുത്തത് ഇന്ത്യക്കാർ എഴുതിവച്ചെന്നുമായിരുന്നു പരാമർശം.