- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജോജുവിന് അവാർഡ് നന്നായി അഭിനയിച്ചതിന്, കോൺഗ്രസുകാർ നന്നായി അഭിനയിച്ചാൽ പരിഗണിക്കാം; ഇക്കാര്യത്തിൽ നടൻ ഇന്ദ്രൻസിന്റേത് തെറ്റിദ്ധാരണ ആകാം'; പുരസ്ക്കാര നിർണയത്തിൽ രാഷ്ട്രീയമുണ്ടെന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണം തള്ളി മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: ഹോം സിനിമയ്ക്ക് പുരസ്‌കാരം നൽകാതിരുന്നതിൽ നിർമ്മാതാവിന്റെ പേരിലുള്ള കേസ് ഘടകമായിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ. അവാർഡ് നിർണയത്തിൽ ജൂറിക്കു പരിമാധികാരം നൽകിയിരുന്നെന്ന്, വിവാദത്തോടു പ്രതികരിച്ചുകൊണ്ടു മന്ത്രി പറഞ്ഞു.
ഹോം സിനിമ കണ്ടെന്നാണ് ജൂറി പറഞ്ഞത്. ജൂറിയുടേത് അന്തിമ വിധിയാണ്. ഇതിൽ സർക്കാർ ഇനി വിശദീകരണമൊന്നും ചോദിക്കില്ല. പുരസ്‌കാര നിർണയത്തിന് ജൂറിക്കു പരമാധികാരം നൽകിയിരുന്നു. മികച്ച രീതിയിലുള്ള പരിശോധനയാണ് നടന്നത്. നിർമ്മാതാവിന്റെ പേരിലുള്ള കേസ് പുരസ്‌കാര നിർണയത്തിൽ ഘടകമായിട്ടില്ല. ഇക്കാര്യത്തിൽ നടൻ ഇന്ദ്രൻസിന്റേത് തെറ്റിദ്ധാരണ ആകാമെന്ന് മന്ത്രി പറഞ്ഞു.
ജോജു ജോർജിന് മികച്ച നടനുള്ള പുരസ്‌കാരം നൽകിയതിന് എതിരെ കോൺഗ്രസ് നേതാക്കളുടെ പ്രതികരണം ചൂണ്ടിക്കാട്ടിയപ്പോൾ, മികച്ച രീതിയിൽ അഭിനയിച്ചതിനാണ് അവാർഡ് നൽകിയതെന്ന് മന്ത്രി പഞ്ഞു. കോൺഗ്രസുകാർ ആരെങ്കിലും നന്നായി അഭിനയിച്ചാൽ പരിഗണിക്കാം. ഇതിനായി വേണമെങ്കിൽ പ്രത്യേക ജൂറിയെ വയ്ക്കാമെന്നും സജി ചെറിയാൻ പറഞ്ഞു.
അതേസമയം ഹോം എന്ന സിനിമയെ തഴഞ്ഞതിനും, ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസിന് മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിൽ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാണ്. മികച്ച നടിയായി മഞ്ജു പിള്ളയെ പരിഗണിക്കാത്തതിലും ജൂറിയെ കുറ്റപ്പെടുത്തുന്നുണ്ട്. ലൈംഗിക പീഡന കേസിലെ പ്രതിയായ നിർമ്മാതാവും നടനുമായ വിജയ് ബാബു നിർമ്മിച്ച ചിത്രമാണ് ഹോം. അതുകൊണ്ടാണ് സിനിമയെ തഴഞ്ഞതെന്നും അഭ്യൂഹമുണ്ട്.
ഹോം ജൂറി കണ്ടിട്ടുണ്ടാകില്ലെന്ന് ഇന്ദ്രൻസ് പറഞ്ഞു. വീട്ടിലെ ഒരാൾ തെറ്റ് ചെയ്താൽ മുഴുവൻ കുടുംബത്തെയും ശിക്ഷിക്കുമോ എന്നും ഇന്ദ്രൻസ് ചോദിച്ചു. വ്യക്തിപരമായി എനിക്ക് പുരസ്‌കാരം ലഭിക്കാത്തതിൽ വിഷമമില്ല. എന്നാൽ സിനിമയെ പൂർണമായി തഴഞ്ഞതെന്തിന് എന്നറിയില്ല. ഹോം സിനിമ ജൂറി കണ്ടിട്ടുണ്ടാകില്ല. കണ്ടവരെല്ലാം മികച്ച അഭിപ്രായം പറഞ്ഞിരുന്നു. സിനിമയെ ഒഴിവാക്കാൻ ആദ്യമേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വീട്ടിലെ ഒരാൾ തെറ്റ് ചെയ്താൽ മുഴുവൻ കുടുംബത്തെയും ശിക്ഷിക്കുമോ?. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാൽ ജൂറി വീണ്ടും സിനിമ കാണുമോ? ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് ലഭിച്ച ഹൃദയം നല്ല സിനിമയാണ്. അതിനൊപ്പം ഹോമിനെയും ചേർത്തുവയ്ക്കമായിരുന്നില്ലയെന്നും ഇന്ദ്രൻസ് പറഞ്ഞു.
നടി രമ്യാ നമ്പീശൻ, കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ, ടി സിദ്ദിഖ് തുടങ്ങി ഒട്ടനവധിപേർ ഇന്ദ്രൻസാണ് പുരസ്‌കാരത്തിന് അർഹനെന്ന് ചൂണ്ടിക്കാട്ടി. 'ഹൃദയം കവർന്ന അഭിനയ പ്രതിഭയുടെ ഹോം എന്ന സിനിമയിലെ ഈ പുഞ്ചിരിയോളം മികച്ച ഭാവ പകർച്ച മറ്റ് അഭിനേതാക്കളിൽ കാണാൻ കഴിഞ്ഞ ജൂറിക്ക് പ്രത്യേക അഭിനന്ദനങ്ങളെന്ന് ടി സിദ്ദിഖ് കുറിച്ചു. ഇന്ദ്രൻസിന്റെ ചിത്രം പങ്കുവച്ച്, ഹോം എന്നും ഞങ്ങളുടെ ഹൃദയത്തിൽ എന്നാണ് രമ്യ കുറിച്ചത്.
അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ എന്ന് കുറിച്ച ഷാഫി പറമ്പിൽ ഇന്ദ്രൻസിന്റെ ചിത്രമാണ് പോസ്റ്റ് ചെയ്തത്. 'ജനഹൃദയങ്ങളിൽ' മികച്ച നടൻ എന്നും ഇന്ദ്രൻസ് ആണ് തുടങ്ങി നിരവധി പ്രതികരണങ്ങളാണ് കഴിഞ്ഞ ദിവസം മുതൽ എത്തിയത്.
മറുനാടന് മലയാളി ബ്യൂറോ