- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സജി ചെറിയാന്റെ പൂർണ പ്രസംഗം കിട്ടിയില്ലെന്ന് പറഞ്ഞ് തടിയൂരാൻ ശ്രമിച്ച കേരളാ പൊലീസിനെ വെട്ടിലാക്കി ബിജെപി നീക്കം; സന്ദീപ് വാചസ്പതി സമൂഹ മാധ്യമങ്ങളിൽ പ്രസംഗ വീഡിയോ പങ്കുവെച്ചതോടെ ഗത്യന്തരമില്ലാതെ നടപടിക്ക് നീക്കം; ദൃശ്യങ്ങൾ പരിശോധനയ്ക്കായി സൈബർ സെല്ലിനു കൈമാറുമെന്ന് തിരുവല്ല ഡിവൈഎസ്‌പി
തിരുവല്ല: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മുൻ മന്ത്രി സജി ചെറിയാനെതിരെ കേസ് അന്വേഷണം നടത്തുന്നതിൽ നിന്നും വഴുതി മാറാനുള്ള പൊലീസ് നീക്കം വെട്ടിൽ. മല്ലപ്പള്ളിയിൽ നടത്തിയ വിവാദ പ്രസംഗത്തിന്റെ പൂർണരൂപം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടയാണ് പൊലീസിന് നടപടി എടുക്കാതെ മാർഗ്ഗമില്ലെന്ന അവസ്ഥയിലേക്ക് മാറ്റിയത്. മുൻ മന്ത്രിയുടെ പ്രസംഗം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ദൃശ്യങ്ങൾ പരിശോധനയ്ക്കായി സൈബർ സെല്ലിനു കൈമാറുമെന്നും തിരുവല്ല ഡിവൈഎസ്‌പി ടി.രാജപ്പൻ വ്യക്തമാക്കി.
കേസിൽ ഇതുവരെ 22 പേരുടെ മൊഴി രേഖപ്പെടുത്തി. 12 സിപിഎം നേതാക്കളുടെയും 10 പരാതിക്കാരുടെയും മൊഴിയാണ് എടുത്തത്. പരിപാടി തത്സമയം സംപ്രേഷണം ചെയ്ത വിഡിയോഗ്രഫറുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശേരി നൽകിയ പരാതിയിൽ ഇന്നു മൊഴി എടുക്കും.
സമൂഹ മാധ്യമത്തിലൂടെ രാഷ്ട്രീയ നിരീക്ഷണം നടത്തി വന്നിരുന്ന ഏരിയ കമ്മിറ്റി അംഗം കെ.പി.രാധാകൃഷ്ണൻ, ഇദ്ദേഹത്തിന്റെ മകൻ എന്നിവരുടെ മൊഴിയും ഉടൻ എടുക്കും. സിപിഎം ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള ഏതാനും പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും മൊഴി കൂടി രേഖപ്പെടുത്തും. എംഎൽഎമാരായ മാത്യു ടി.തോമസ്, പ്രമോദ് നാരായൺ എന്നിവരുടെ മൊഴി നിയമസഭ സമ്മേളനത്തിനു ശേഷം എടുക്കുമെന്നും ഡിവൈഎസ്‌പി പറഞ്ഞു.
സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. 2 മണിക്കൂർ 29 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയാണ് ബിജെപി വക്താവ് സന്ദീപ് വാചസ്പതി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. സിപിഎം നേതാക്കളെ കഴിഞ്ഞ ദിവസം ചോദ്യംചെയ്തപ്പോൾ പരിപാടിയുടെ പൂർണ വിഡിയോ കയ്യിൽ ഇല്ലെന്നായിരുന്നു മറുപടി.
നേരത്തെ കേസുമായി ബന്ധപ്പെട്ട് മല്ലപ്പള്ളി ഏരിയാ സെക്രട്ടറി അടക്കം പത്ത് പേരുടെ മൊഴിയെടുത്തിരുന്നു. വിവാദ പ്രസംഗത്തിന്റെ മുഴുവൻ സമയ വീഡിയോ സൂക്ഷിച്ചിട്ടില്ലെന്നാണ് സംഘാടകരുടെ മൊഴി. അതേസമയം ഫേസ്‌ബുക്ക് അക്കൗണ്ടിൽനിന്ന് നീക്കം ചെയ്ത വീഡിയോ വീണ്ടെടുക്കാൻ പൊലീസ് സൈബർ ഫോറൻസിക് വിഭാഗത്തെ സമീപിക്കാനുമായിരുന്നു നീക്കം. ഇതിനിടെയാണ് ബിജെപി നേതാവ് പൂർണരൂപം അപ്ലോഡ് ചെയ്തത്.
സജി ചെറിയാന്റെ വിവാദ പ്രസംഗമുണ്ടായത് മല്ലപ്പള്ളിയിലാണ്. സിപിഎം. മല്ലപ്പള്ളി ഏരിയ കമ്മിറ്റിയായിരുന്നു പരിപാടിയുടെ സംഘാടകർ. മല്ലപ്പള്ളി ഏരിയ സെക്രട്ടറിയും സംഘാടക സമിതി ചെയർമാനുമായ ബിനു വർഗീസ്, കൺവീനർ കെ. രമേശ് ചന്ദ്രൻ തുടങ്ങിയവരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.
അതേസമയം, സജി ചെറിയാൻ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ ചിലത് അടർത്തിയെടുത്ത് വിവാദമാക്കുക എന്ന ഉദ്ദേശത്തോടെ ചിലരുടെ ബോധപൂർവമായ ഇടപെടലാണ് ഉണ്ടായതെന്നുമാണ് സംഘാടകർ നൽകിയ മൊഴിയെന്നാണ് വിവരം. കേസിൽ നിർണായക തെളിവായി മാറുന്ന രണ്ട് മണിക്കൂറിലേറെ നേരം നീണ്ടുനിൽക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കണമെന്നും നോട്ടീസിൽ പ്രത്യേകം നിർദേശിച്ചിരുന്നു. എന്നാൽ തങ്ങളുടെ കൈവശം ദൃശ്യങ്ങൾ ഇല്ലെന്നാണ് ഏരിയാ സെക്രട്ടറി ഉൾപ്പെടെ നൽകിയ വിശദീകരണം.
ഫേസ്‌ബുക്കിൽ അപ്ലോഡ് ചെയ്ത ദൃശ്യം മാത്രമായിരുന്നു കൈവശമുണ്ടായിരുന്നതെന്നും എന്നാൽ സംഭവം വിവാദമായതോടെ അത് നീക്കം ചെയ്തുവെന്നുമാണ് സംഘാടകർ പറഞ്ഞത്. ദൃശ്യങ്ങൾ പകർത്തിയ വീഡിയോഗ്രാഫറുടെ മൊഴിയെടുത്തെങ്കിലും റെക്കോർഡ് ചെയ്ത വീഡിയോ താൻ സൂക്ഷിച്ചിട്ടില്ലെന്നായിരുന്നു നൽകിയ മറുപടി.
മറുനാടന് മലയാളി ബ്യൂറോ