- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ പറയും ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചതെന്ന്; ഭരണഘടനക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ; ബ്രിട്ടീഷുകാരൻ തയ്യാറാക്കി കൊടുത്ത ഭരണഘടന ഇന്ത്യാക്കാർ എഴുതിവച്ചു; അത് 75 വർഷമായി നടപ്പാക്കുന്നുവെന്നും മന്ത്രി; മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാലംഘനമെന്ന് വിമർശനം
തിരുവനന്തപുരം : ഭരണഘടനാ വിരുദ്ധ പരാമർശവുമായി മന്ത്രി സജി ചെറിയാൻ. ജനങ്ങളെ കൊള്ളയടിക്കാൻ കൂട്ടുനിൽക്കുന്നതാണ് ഇന്ത്യൻ ഭരണഘടനയെന്ന് സജി ചെറിയാൻ ആരോപിച്ചു. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. രാജ്യത്തിന്റെ ഭരണഘടന തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നില്ലെന്നും മന്ത്രി വിമർശിച്ചു.
ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടനയെന്ന് മന്ത്രി.ഭരണഘടനയിൽ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നത്. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു.തൊഴിലാളികൾക്ക് ഭരണഘാന സംരക്ഷണം നൽകുന്നില്ല.കോടതികളെയും മന്ത്രി വിമർശിച്ചു.മല്ലപ്പള്ളിയിലെ സി പി എം പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമർശം.
'മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മൾ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാൻ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാർ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാൾ പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാൻ പറയും' -സജി ചെറിയാൻ പറഞ്ഞു.
ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും സജി ചെറിയാൻ പറഞ്ഞു. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവിൽ എന്ന പരിപാടി മല്ലപ്പള്ളിയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു സജി ചെറിയാൻ.
തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യൻ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്ന ഭരണ ഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളർന്ന് വരാൻ കാരണം ഇന്ത്യൻ ഭരണഘടന അവർക്ക് നൽകുന്ന പരിരക്ഷയാണ്. അവർക്കെതിരെ എത്രപേർക്ക് സമരം ചെയ്യാൻ പറ്റും.
കോടതിയും, പാർലമെന്റുമെല്ലാം മുതലാളിമാർക്കൊപ്പമാണ്. മുതലാളിമാർക്ക് അനുകൂലമായി മോദി സർക്കാരിനെ പോലുള്ളവർ തീരുമാനമെടുക്കുന്നതും പ്രവർത്തിക്കുന്നതും ഇന്ത്യൻ ഭരണഘന അവർക്കൊപ്പമാണ് എന്നതിന്റെ തെളിവാണ്.ന്യായമായ കൂലി ചോദിക്കാൻ പറ്റുന്നില്ല. കോടതിയിൽ പോയാൽ പോലും മുതലാളിമാർക്ക് അനുകൂലമായിട്ടായിരിക്കും തീരുമാനമുണ്ടാവുക. ഇന്ന് കയ്യൂക്കുള്ളവൻ കാര്യക്കാരനാവുന്നത് ഭരണകൂടം അവർക്ക് അനുകൂലമാവുന്നതുകൊണ്ടാണ്.
തൊഴിൽ നിയമങ്ങൾ ഇല്ലാതാവുന്നത് ഈ ഭരണഘടനാ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കുന്നതുകൊണ്ടാണ്. എട്ടുമണിക്കൂർ ജോലി എട്ടുമണിക്കൂർ വിശ്രമം എന്നതൊക്കെ ഇല്ലാതായി. ഇവർക്ക് ഈ ഭരണഘടന സംരക്ഷണം നൽകുന്നുണ്ടോയെന്നും സജി ചെറിയാൻ ചോദിച്ചു.നാട്ടിലുണ്ടാകുന്ന ഏത് പ്രശ്നത്തിനും കാരണം തൊഴിലാളി സംഘടനകളാണ് എന്നാണ് കുറ്റപ്പെടുത്തുന്നത്. കൂലികിട്ടാത്ത കാര്യം ചോദ്യ ചെയ്ത് കോടതിയിൽ പോയാൽ ആദ്യം ചോദിക്കുന്നത് എന്തിനാണ് സമരം ചെയ്തത് എന്നാണെന്നും സജി ചെറിയാൻ ചോദിച്ചു.
അതേസമയം കോടതിയുടെ പ്രവർത്തനത്തെ ഉൾപ്പെടെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന പരാമർശത്തിനെതിരെ വ്യാപക വിമർശനം ഉയർന്നുകഴിഞ്ഞു. സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ ഇത്തരത്തിൽ ഭരണഘടനയെ താഴ്‌ത്തിക്കെട്ടുമ്പോൾ ജനങ്ങൾക്ക് എന്ത് വിശ്വാസമാണ് ഉണ്ടാകുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാലംഘനമാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ