തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തിൽ രാജ്ഭവൻ ഇടപെട്ടതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം തേടി. സജി ചെറിയാൻ മുഖ്യമന്ത്രിയോട് കാര്യങ്ങൾ വിശദീകരിച്ചു. ഭരണഘടനയെ അല്ല വിമർശിച്ചതെന്നും ഭരണകൂടത്തിന്റെ നടപടികളെയാണ് വിമർശിച്ചതെന്നും സജി ചെറിയാൻ മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിയുടെ വിശദീകരണം വാർത്താക്കുറിപ്പായി പുറത്തിറക്കും. വിശദീകരണക്കുറിപ്പ് പുറത്തുവിട്ട് വിഷയത്തിൽ നിന്നും തലയൂരാനാണ് ഇടതു സർക്കാരിന്റെ നീക്കം.

ഇന്ത്യൻ ഭരണഘടനയ്‌ക്കെതിരെ മന്ത്രി നടത്തിയ പരാമർശം ഗൗരവത്തോടെ കാണുന്നുവെന്ന് രാജ്ഭവൻ അറിയിച്ചു. മന്ത്രിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാൻ ഗവർണർ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. പ്രസംഗം പരിശോധിച്ചതിന് ശേഷം ഗൗരവതരമെങ്കിൽ ഗവർണർ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകും.ഗവർണർ ഇന്നുതന്നെ പ്രതികരിക്കുമെന്നും രാജ്ഭവൻ അറിയിച്ചു. ഗവർണർ വൈകിട്ട് മാധ്യമങ്ങളെ കാണും. അതിനിടെ മന്ത്രി സജി ചെറിയാനെതിരെ ഗവർണർക്ക് പരാതി. സജി ചെറിയാന്റെ രാജി ഗവർണർ ആവശ്യപ്പെടണമെന്നാണ് പൊതുപ്രവർത്തകൻ പായിച്ചിറ നവാസിന്റെ ആവശ്യം.

സജി ചെറിയാന്റെ പ്രസംഗം പരിശോധിക്കുമെന്ന് സിപിഎം നേതൃത്വവും അറിയിച്ചു. ജില്ലാ നേതൃത്വത്തോട് കാര്യങ്ങൾ ആരായും. നിലപാട് അതിനുശേഷം വ്യക്തമാക്കുമെന്നും അവർ പറഞ്ഞു.

പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന പരിപാടിക്കിടെയാണ് മന്ത്രി ഗുരുതര പരാമർശം നടത്തിയത്. രാജ്യത്ത് ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് മന്ത്രി പ്രസംഗത്തിൽ പറഞ്ഞു. ജനാധിപത്യം മതേതരത്വം എന്നിവ പേരിനു മാത്രം എഴുതിവച്ചിട്ടുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.

ബ്രിട്ടിഷുകാരൻ പറഞ്ഞ് തയാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാരൻ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാൾ പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാൻ പറയും എന്നായിരുന്നു മന്ത്രിയുടെ പരാമർശം.

മല്ലപ്പള്ളിയിൽ 'പ്രതിവാര രാഷ്ട്രീയ നിരീക്ഷണം' എന്ന പരിപാടിയിലായിരുന്നു മന്ത്രി ഭരണഘടനയ്ക്കെതിരേ സംസാരിച്ചത്. മാധ്യമങ്ങളിലൂടെ മന്ത്രിയുടെ പരാമർശം പുറത്തുവന്നതോടെ പ്രതിപക്ഷ കക്ഷികളും നിയമവിദഗ്ധരും അടക്കം മന്ത്രിക്കെതിരേ രംഗത്തുവരികയും ചെയ്തു.

ഇന്ത്യൻ ഭരണഘടനയെ വിമർശിച്ച് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്

'മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മൾ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാൻ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാർ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാൾ പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാൻ പറയും'