കൊച്ചി: സംസ്ഥാന എക്‌സൈസ് വകുപ്പിന്റ ചരിത്രനേട്ടമായി മാറിയ നെടുമ്പാശേരി മയക്കുമരുന്ന് വേട്ട കേസിന്റ പിന്നാമ്പുറം തേടി കേന്ദ്ര ഏജൻസികൾ നെട്ടോട്ടത്തിൽ. കേന്ദ്ര ഇന്റിലിജൻസ് ബ്യൂറോയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും എൻ ഐ എ യുമാണ് പ്രധാനമായും കേസിന്റെ വിവരങ്ങൾ ശേഖരിച്ച് വരുന്നത്. ഈ ഏജൻസികളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ കേസന്വേഷണത്തിന് നേതൃത്വം നൽകിയ എക്‌സൈസ് സർക്കിൾ ഇൻസ്പക്ടർ സജി ലക്ഷമണനെ നേരിൽക്കണ്ട് വിവരങ്ങൾ ശേഖരിച്ചു.

കേസിന്റെ തുടക്കം മുതൽ പ്രതികളെ പിടികൂടിയത് വരെ എക്‌സൈസ് സംഘത്തിന്റെ മുഴുവൻ നീക്കങ്ങളെക്കുറിച്ചും കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞതായിട്ടാണ് ലഭ്യമായ വിവരം.തുടരന്വേഷണത്തിനായി റിമാന്റിൽ കഴിയുന്ന പ്രതികളെ എക്‌സൈസ് സംഘം കസ്റ്റഡിയിൽ വാങ്ങുന്നതിന് നീക്കം ആരംഭിച്ചിട്ടുണ്ട്. എക്‌സൈസ് സംഘത്തിന്റെ കസ്റ്റഡിയിലിരിക്കെ കേന്ദ്ര ഏജൻസികളിൽ നിന്നുള്ളവർ പ്രതികളിൽ നിന്നും വിവരശേഖരണത്തിന് എത്തുമെന്നും സൂചനയുണ്ട്.

രാജ്യത്തെ വൻ സുരക്ഷാ വീഴ്ച എന്ന നിലയിലാണ് സംഭവത്തെ കേന്ദ്ര ഏജൻസികൾ വിലിരുത്തുന്നതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഭീകരരുടെ ഇടപെടലോടെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങൾ വഴി വർഷങ്ങളായി നടന്നുവന്നിരുന്ന ശതകോടികളുടെ മയക്കുമരുന്ന് കടത്താണ് എക്‌സൈസ് സംഘം പുറത്തുകൊണ്ടുവന്നത്.അഫ്ഗാൻ-കശ്മീർ ഭീകരരുടെ പ്രധാന സാമ്പത്തീക ശ്രോതസ് മയക്കുമരുന്ന് വിൽപ്പനയാണെന്നുള്ള വിവരം നേരത്തെ പുറത്തായിരുന്നു.

എന്നാൽ ഇക്കൂട്ടർക്ക് കേരളത്തിൽ ഇടനിലക്കാരുണ്ടെന്നതിന്റെ ഒരു സൂചന പോലും ഇതുവരെ പുറത്ത്് വന്നിരുന്നില്ല.കേസിൽ പിടിയിലായ മണ്ണാർക്കാട് സ്വദേശി ഇതുവരെ വിമാനത്താവളങ്ങൾ വഴി കടത്തിയ എം ഡി എം എ യുടെ കൃത്യമായ കണക്ക് ഇനിയും പുറത്ത് വന്നിട്ടില്ല. പ്രതിമാസം ശരാശരി 50 കിലോ എം ഡി എം എ വിമാനത്താവലങ്ങൾ വഴി ഗൾഫ് നാടുകളിൽ എത്തിച്ചിട്ടുണ്ടെന്നാണ് ഇയാളിൽ എക്‌സൈസ് സംഘത്തിന് ലഭിച്ച പ്രാഥമീക വിവരം.ഇത് പൂർണ്ണമായും വിശ്വസിച്ചിട്ടില്ലന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഈ കണക്ക് വച്ച് കൂട്ടിയാൽ പോലും മാസം 500 കോടിരൂപയുടെ ഇടപാടുകൾ ഈ രംഗത്ത് നടന്നുവന്നിരുന്നതായിട്ടാണ് വ്യക്തമാവുന്നത്.20 ഗ്രാം എം ഡി എം എ ഗൾഫിൽ വിൽപ്പന നടത്തുന്നത് ഇരുപതിനായിരം രൂപയ്ക്കാണെന്നാണ് ഫൈസലിന്റെ മൊഴി.

5 കിലോ എം ഡി എം എ വിഭാഗത്തിൽപ്പെടുന്ന മയക്കുമരുന്നാണ് നെടുമ്പാശേരിയിൽ എക്‌സൈസ് സംഘം പിടികൂടിയത. കൊച്ചിയിലെ മോഹവില അനുസരിച്ച് ഇതിന് 30 കോടിരൂപ വിലവരും.ഇത് ഗൾഫിലെത്തിച്ചാൽ വില 50 കോടിക്ക് മുകളിലെത്തുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. അഞ്ച് കിലോ എം ഡി എം എ പിടികൂടിയതായി വിവരം ലഭിച്ചപ്പോൾ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അധികൃതർ ആദ്യം വിശ്വസിച്ചില്ലന്നും ഇത്ര കൂടിയ അളവിൽ ഈ മയക്കു മരുന്ന് കൈകാര്യം ചെയ്യുന്നവർ രാജ്യത്ത് ഉണ്ടാവാൻ സാദ്ധ്യത ഇല്ലെന്നും പിടിച്ചെടുത്തത് എം ഡി എം എ തന്നെയാണോ എന്ന് ഉറപ്പുവരുത്തണമെന്നും ഇക്കൂട്ടർ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും അറിയുന്നു.

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വലിയ മയക്കുമരുന്ന് കടത്തൽ സംഘത്തെ നിയന്ത്രിക്കുന്നത് രണ്ട് മലയാളികൾ ആണെന്നവിവരം എക്‌സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവരെ പിടികൂടിയാലെ ഈ സംഘത്തിന്റെ പ്രവർത്തനം സംമ്പന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കു എന്നാണ് എക്‌സൈസ് അധികൃതരുടെ കണക്കുകൂട്ടൽ.ഇതിനുള്ള നീക്കങ്ങൾ പലവഴിക്കായി നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഇതിനിടെ എക്‌സൈസ് സംഘത്തിന്റെ സഹായികളിൽ ചിലരെ മയക്കുമരുന്ന് കടത്തൽ സംഘത്തിലെ ചിലർ വിളിച്ച് ഭീഷിണിപ്പെടുത്തിയതായുള്ള വിവരങ്ങളും പുറത്ത് വന്നിരുന്നു.ഇത് ശരിയാണെന്ന് കേന്ദ്ര ഏജൻസികൾ സ്ഥീരീകരിച്ചതായിട്ടാണ് അറിയുന്നത്.ഈ ഫോൺകോളുകളുടെ പിന്നാലെ കേന്ദ്ര ഏജൻസികൾ വിശദമായി അന്വേഷണം ആരംഭിച്ചതായും സൂചനയുണ്ട്.

വകുപ്പിന്റെ അഭിമാനമായി മാറിയ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കോതമംഗലം നെല്ലിമറ്റം സ്വദേശി സജി ലക്ഷമണനെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വിളിച്ചുവരുത്തി വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ ഉപഹാരം നൽകി ആദരിച്ചിരുന്നു.