കൊച്ചി: കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറിയായി ചലച്ചിത്ര നിർമ്മാണ-വിതരണക്കാരനായ സജി നന്ത്യാട്ട് തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ സിനിമാ വിതരണക്കാരുടെ സംഘടനയുടെ പ്രസിഡന്റാണ്. പബ്ലിക് കോളേജ് ഗ്രൂപ്പ് ഡയറക്ടറുമാണ്.

ദിലീപുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് സജി നന്ത്യാട്ട്. ദിലീപിനായി തുടക്കം മുതൽ തന്നെ ചാനൽ ചർച്ചകളിൽ നിറയുന്നത് സജി നന്ത്യാട്ടാണ്. ഇതിനിടെ ചില വിവാദങ്ങളിലും പെട്ടു. ആക്രമത്തിന് ഇരയായ നടിയെ അപമാനിച്ചുവെന്ന ആക്ഷേപമാണ് ഉയർന്നത്. അപ്പോഴും ജയിലിലുള്ള ദിലീപിനായി ശക്തിയുക്തം വാദിച്ചത് സജി നന്ത്യാട്ടാണ്. സിപിഎമ്മുമായും അടുത്ത ബന്ധം സജി നന്ത്യാട്ടിനുണ്ട്.

വിവാദങ്ങൾക്കിയിലും കേരളാ ഫിലിം ചേംബർ ഓഫ് കോമേഴ്‌സിന്റെ തലപ്പത്ത് സജി നന്ത്യാട്ട് എത്തുന്നത് സിനിമയിൽ ദിലീപിനുള്ള സ്വാധീനത്തിന് തെളിവാണ്. അഴിക്കുള്ളിൽ കിടക്കുമ്പോഴും ദിലീപിനുള്ള സ്വാധീനമാണ് സജി നന്ത്യാട്ടിനെ പദവിയിൽ എത്തിച്ചതെന്നാണ് വിലയിരുത്തൽ. ജയിലിൽ തന്നെ വന്നു കണ്ട പ്രമുഖരോടെല്ലാം സജി നന്ത്യാട്ടിന് വേണ്ടി നിലയുറപ്പിക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നതായും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് സജി നന്ത്യാട്ട് സംഘടനയുടെ തലപ്പത്ത് എത്തുന്നത്.

ൾസർ സുനിയുടെ അഭിഭാഷകനായ ബിഎ ആളൂരിന് എതിരെ ഗുരുതരമായ ആരോപണങ്ങളാണ് സജി നന്ത്യാട്ട് ഉന്നയിച്ചിരിക്കുന്നത്. പൾസർ സുനി മൊഴി മാറ്റുന്നതിനും വെളിപ്പെടുത്തലുകൾ നടത്തുന്നതിനും പിന്നിൽ ആളൂരാണെന്നാണ് ആരോപണം. കാവ്യ വിളിച്ചോ കാവ്യയും അമ്മയും ആളൂരിനെ വിളിക്കുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല. കേസന്വേഷിക്കുന്ന പൊലീസിനെ പോലും ആളൂർ വക്കീൽ തെറ്റിദ്ധരിപ്പിക്കുന്നതായും സജി നന്ത്യാട്ട് ആരോപിച്ചിരുന്നു. കേസ് ഒത്തുതീർക്കാനോ നടി കാവ്യാ മാധവനും അമ്മയും തന്നെ തുരുതുരാ വിളിക്കുന്നുവെന്നും കേസ് സെറ്റിൽ ചെയ്യാൻ ആവശ്യപ്പെടുന്നുവെന്നും ആളൂർ പറഞ്ഞതായും സജി നന്ത്യാട്ട് ആരോപിച്ചു.

എന്നാൽ സജി നന്ത്യാട്ട് മിഥ്യാധാരണകൾ പറഞ്ഞ് പരത്തുകയാണ് എന്നാണ് ആളൂർ മറുപടി നൽകിയത്. നിങ്ങൾ സഹപ്രവർത്തകനായ ദിലീപിനെ ആദ്യം രക്ഷിക്കാൻ നോക്കൂ എന്നും ആളൂർ പറയുകയുണ്ടായി. ഇത്തരത്തിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിനായി വാദിക്കുന്ന ആളാണ് സജി നന്ത്യാട്ട്. ദിലീപ് കേസിൽ കുറ്റക്കാരല്ലെന്നാണ് സിനിമാ സംഘടനയുടെ തലപ്പത്തുള്ള ബഹുഭൂരിഭാഗം പേരുടേയും നിലപാട്. ഈ സാഹചര്യത്തിൽ കൂടിയാണ് സജി നന്ത്യാട്ടിന്റെ സ്ഥാനലബ്ദിയെന്നതും ശ്രദ്ധേയമാണ്.