തിരുവനന്തപുരം: മലയാളികളുടെ വിദേശജോലി പ്രേമം മുതലെടുത്ത് നടത്തുന്ന തട്ടിപ്പുകൾക്കും ഒട്ടും കുറവല്ല. അത്തരം തട്ടിപ്പുകളുടെ പട്ടികയിൽ ഏറ്റവും അവസാനമായി പുറത്ത് വരുന്നത് കർണ്ണാടകയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ഏഷ്യൻ ഫെഡറേഷൻ ഫോർ പെന്തകോസ്തൽ ചർച്ചസ് അംഗവുമായ സജി സൈമൺ എന്ന പാസ്റ്ററുടെ പേരാണ്. കാനഡയിൽ ജോലി തരപ്പെടുത്താം എന്ന് പറഞ്ഞാണ് തൃശ്ശൂർ കുന്നംകുളം സ്വദേശിയായ സജി സൈമൺ ലക്ഷങ്ങൾ തട്ടിയെടുത്തത്.

കാനഡയിൽ ജോലി വാഗ്ദാനംചെയ്ത് ഇരുപത്തിയഞ്ച് ലക്ഷത്തിലേറെ രൂപാ തട്ടിയെടുത്തുവെന്ന പരാതിയിൽ പാസ്റ്റർ കുന്നങ്കുളം ചീരൻ വീട്ടിൽ ഡോ. സജി സൈമണി(50)നെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കർണ്ണാടക റായിച്ചൂർ പ്രഭു ക്ഷേത്രത്തിന് സമീപം സാവിത്രി കോളനിയിൽ സജി സൈമൺ എന്ന വിലാസവും ഇയാൾക്കുണ്ട്. ടെറാണ്ടോ എന്ന സ്ഥലത്ത് മൗണ്ട്ചീയാനോ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് വിസ തരപ്പെടുത്തിനൽകുന്നതിന് മൂന്ന് ലക്ഷം രൂപാ വീതമാണ് ഇയാൾ വാങ്ങിച്ചത്.

പണം വാങ്ങി ഒരു വർഷത്തിലേറെയായിട്ടും വിസ ലഭിച്ചില്ല. ഇതോടെ കുറവിലങ്ങാട് വെള്ളായിപറമ്പിൽ ജെസിയുൾപ്പെടെ ജില്ലയിൽനിന്നുള്ള അഞ്ച് പേർ ചേർന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകി. മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. പ്രാർത്ഥനാലയത്തിൽ എത്തിയിരുന്ന വിശ്വാസികളോടാണ് പ്രധാനമായും പണം വാങ്ങിയത്. ജോലി വാഗ്ദാനം പ്രചരിപ്പിക്കുന്നതിന് സഭാ ബിഷപ്പിനെയും സഹ പാസ്റ്റർമാരെയും കബളിപ്പിച്ച് ഉപയോഗിച്ചു. പാസ്റ്ററായ ആർപ്പൂക്കര ഏബ്രഹാം മകൾക്കു വേണ്ടിയാണ് പണം നൽകിയത്.

കൊല്ലം, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നുമുള്ള അഞ്ചു പേരാണ് പാസ്റ്ററുടെ തട്ടിപ്പിനിരയായത്. 2016 എപ്രിൽ, മെയ് മാസങ്ങളിലായിട്ടാണ് പാസ്റ്റർക്ക് പണം ബാങ്ക് അക്കൗണ്ട് വഴി കൈമാറിയതെന്നും തട്ടിപ്പിനിരയായ യുവതിയുടെ ഭർത്താവ് പറയുന്നു. കൊല്ലം കുണ്ടറ നല്ലില സ്വദേശിയായ ലിജു പാസ്റ്റർക്കെതിരെ പരാതി നൽകാനൊരുങ്ങുകയാണ്. കാനഡയിൽ ജോലിയും ആറ് മാസം കഴിയുമ്പോൾ പെർമനെന്റ് റെസിഡൻസിയും ശരിയാക്കാം എന്ന് വാഗ്ദാനം നൽകിയാണ് ഓരോരുത്തരിൽ നിന്നും ഇയാൾ രണ്ടര ലക്ഷം രൂപ വീതം വാങ്ങിയത്.

കുണ്ടറയിലെ ഏഷ്യൻ ഫെഡറേഷൻ ഫോർ പെന്തകോസ്തൽ ചർച്ചസിന്റെ ഓഫീസിൽ വച്ചാണ് സജി സൈമണിനെ ലിജുവിന്റെ അച്ഛൻ അലക്സാണ്ടർ എബ്രഹാം പരിചയപ്പെടുന്നത്. താൻ നിരവധി ആളുകളെ വിദേശത്തേക്ക് അയച്ചിട്ടുണ്ടെന്നും കാനഡയിലെ ടൊറന്റോയിലെ മൗണ്ട് സീനായ് ഹോസ്പിറ്റലിൽ ജോലി വാങ്ങി തരാം എന്നായിരുന്നു ഉറപ്പ്. പാസ്റ്റർ ആയതുകൊണ്ടും അതിലുപരി ഡോക്ടറായതിനാലുമാണ് തങ്ങൾ ഇയാളുടെ വാക്കുകൾ വിശ്വസിച്ചതെന്നും പരാതിക്കാർ പറയുന്നു.

ജോലിക്കു കയറുമ്പോൾ തന്നെ 3200 കനേഡിയൻ ഡോളർ(ഒന്നര ലക്ഷം രൂപ) ശമ്പളം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതിന് പുറമേ താമസ സൗകര്യവും ഭക്ഷണവും ആശുപത്രി അധികൃതർ നൽകുമെന്നും പറഞ്ഞാണ് പാസ്റ്റർ വിശ്വസിപ്പിച്ചത്. വിസയുടേയും ജോലിയുടേയും അപേക്ഷയ്ക്കായി പൂരിപ്പിച്ച് നൽകേണ്ട ഫോമുകൾ കൊറിയറായ അയച്ച് തരാമെന്ന് പറഞ്ഞിരുന്നു. ഇതെല്ലാം അയച്ചു തന്നത് അനുസരിച്ച് തിരികെ പൂരിപ്പിച്ച് അയച്ച് കൊടുക്കുകയും ചെയ്തു. എംബസിയിൽ നിന്നും അഭിമുഖത്തിനും ആശുപത്രി അധികൃതരും ബന്ധപ്പെടുമെന്നും ഇയാൾ അറിയിച്ചിരുന്നു.

ഒക്ടോബറിൽ കാനഡയിലേക്കു പോകാൻ തയ്യാറെടുപ്പുകൾ നടത്താൻ നിർദ്ദേശവും നൽകി. പിന്നീട് രണ്ട് തവണയായി രണ്ടരലക്ഷം രൂപ ഫെഡറൽ ബാങ്കിന്റെ ശാഖയിലേക്ക് പാസ്റ്റർ പറഞ്ഞ പ്രകാരം ട്രാൻസ്ഫർ ചെയ്യുകയും ചെയ്തതായും ലിജോ പറയുന്നു. പിന്നീട് ഒക്ടോബർ മാസത്തോട് അടുത്തിട്ടും വിദേശയാത്രയ്ക്കുള്ള മറ്റ് കാര്യങ്ങളൊന്നും ശരിയാകാതെ വന്നതോടെയാണ് സംശയം തോന്നിയത്.ബന്ധുക്കൾ ഓരോ സംശയം പ്രകടിപ്പിച്ച് തുടങ്ങിയതോടെ പാസ്റ്റർ ഫോണെടുക്കാതെ ഒഴിഞ്ഞ് മാറിതുടങ്ങി. പിന്നീട് ലിജോയുടെ ബന്ധുക്കളും മറ്റും ഫോൺ വിളിച്ചു. അപ്പോഴൊക്കെ ഒഴിവു കഴിവുകൾ പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച പാസ്റ്റർ പിന്നീട് ഭീഷണിയുടെ സ്വരം പുറത്തെടുക്കുകയായിരുന്നു.

അതേസമയം കാനഡയിലേക്ക് കൊണ്ട് പോകാം എന്ന് പറഞ്ഞ് താൻ പണം വാങ്ങിയിട്ടുണ്ടെന്ന് സജി സൈമൺ സമ്മതിക്കുകയും ചെയ്യുന്നുണ്ട്. പണം വാങ്ങി എന്നത് സത്യം തന്നെ പക്ഷേ അത് തട്ടിപ്പിനാണെന്ന് പറയുന്നതിന് അടിസ്ഥാനമില്ലെന്നും പാസ്റ്റർ പറയുന്നു. സ്പോൺസർഷിപ്പോടെ കാനഡയിലേക്ക് കൊണ്ട് പോകാമെന്നാണ് താൻ നൽകിയ ഉറപ്പെന്നും സ്പോൺസർഷിപ്പ് റെഡിയാകാത്തതിനാലാണ് കാലതാമസമുണ്ടായതെന്നും പാസ്റ്റർ പറയുന്നുണ്ട്. അവരുടെ പണം വാങ്ങിയത് ബാങ്ക് വഴിയാണ്.

ഇയാൾ സമാന കേസുകളിൽ മുമ്പും പ്രതിയായിട്ടുള്ളതായും പൊലീസിന് വിവരം ലഭിച്ചു. കേരളത്തിൽ കുണ്ടറ, പാലക്കാട് സ്റ്റേഷനുകളിൽ കേസുകൾ ഉള്ളതായാണ് സൂചന. കർണ്ണാടക, ആന്ധ്ര, തെലുങ്കാന, തമിഴ്‌നാട് തുടങ്ങിയ സ്ഥലങ്ങളിലും സമാന തട്ടിപ്പ് നടത്തിയിട്ടുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

തട്ടിപ്പിനായിട്ടാണെങ്കിൽ രേഖയാകുമെന്ന് ഉറപ്പുള്ള ബാങ്കുവഴി വാങ്ങേണ്ട കാര്യമില്ലല്ലോയെന്നും പാസ്റ്റർ പറയുന്നു. കാലതാമസം വന്നതിലെ വിശ്വാസമില്ലായ്മയാണ് ഇപ്പോഴുണ്ടായതെന്നും മൂന്ന് നാല് ദിസത്തിനുള്ളിൽ പണം തിരികെ ലഭിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്തിട്ടുണ്ടെന്നും പാസ്റ്റർ പറയുന്നു. എന്നാൽ പണം നഷ്ടമായവരും ബന്ധുക്കളും ഈ വാക്കുകൾ മുഖവിലയ്ക്കെടുക്കാൻ തയ്യാറല്ല.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാളെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷനിലൂടെ ഇയാൾ കുന്നങ്കുളത്ത് ഉള്ളതായും കുന്നങ്കുളത്തെ ഒരു കൺവൻഷനിൽ പങ്കെടുക്കുമെന്ന രഹസ്യ വിവരവും പൊലീസിന് ലഭിച്ചു. ഇതോടെ എസ്.ഐ. ഷമീർഖാന്റെ നിർദ്ദേശപ്രകാരം എസ്.ഐ.മാരായ തങ്കച്ചൻ, തിലകൻ, എഎസ്ഐ: പ്രേംഷാ, സി.പി.ഒ. ജഗതി എന്നിവർ ചേർന്ന് കുന്നംകുളത്തുനിന്ന് ഇയാളെ പിടികൂടുകയായിരുന്നു.