തിരുവനന്തപുരം: കോൺഗ്രസ് നേതാവ് വർക്കല കഹാറിന്റെ മുൻ ഡ്രൈവർ സാജിദിന്റെ ദുരൂഹമരണത്തിൽ ഐജി തല അന്വേഷണത്തിനു സാധ്യത. സാജിദിന്റെ ബന്ധുക്കൾ ഡിജിപി ലോക്നാഥ് ബെഹ്റയെ സന്ദർശിച്ചതോടെയാണ് സാധ്യത തെളിഞ്ഞത്. മൊഴിയുമായും കേസുമായും ബന്ധപ്പെട്ട അന്വേഷണത്തിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ വന്നാൽ ഐജി തല അന്വേഷണത്തിനു ആലോചിക്കാം എന്നാണ് ഡിജിപി ബന്ധുക്കളെ അറിയിച്ചത്. അതേസമയം സാജിദിന്റെ ബന്ധുക്കൾ ഇന്നു ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി അശോകന് മുന്നിൽ മൊഴി നൽകിയിട്ടുണ്ട്. അപകടമരണം എന്നെഴുതി ഏഴുവർഷം മുൻപ് പൊലീസ് അവസാനിപ്പിച്ച ഈ കേസ് പുനരന്വേഷിക്കണം എന്നാണ് മൊഴിയിൽ ബന്ധുക്കൾ ആവശ്യപ്പെട്ടത്. സാജിദിന്റെ മരണത്തിൽ അവസാനം വന്ന ഫോൺ കോൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെട്ടത്. അന്ന് തന്നെ സാജിദിന്റെ സുഹൃത്തുക്കൾ സാജിദിന്റെതുകൊലപാതകം എന്ന രീതിയിൽ സൂചനകൾ നൽകിയിരുന്നു. ഉന്നത രാഷ്ട്രീയനേതാവിന്റെ മകളുമായി സാജിദിന് ബന്ധം ഉണ്ടെന്ന കാര്യം സുഹൃത്തുക്കൾ വെളിപ്പെടുത്തിയിരുന്നു. പക്ഷെ പൊലീസ് സത്വരമായ രീതിയിൽ അന്വേഷണം മുന്നോട്ട് നീക്കിയില്ല.

പകൽ തിരഞ്ഞപ്പോൾ കാണാതിരുന്ന സാജിദിന്റെ ചെരുപ്പുകൾ കിണറ്റിന്റെ കരയിൽ നിന്ന് രാത്രി കണ്ടു കിട്ടിയത് സംശായാസ്പദമാണ്, ഈ കാര്യത്തിൽ അന്വേഷണം വേണം. -ബന്ധുക്കൾ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ പറയുന്നു. 'ശക്തമായ മൊഴിയാണ് ഞങ്ങൾ ക്രൈംബ്രാഞ്ചിന് നൽകിയിരിക്കുന്നത്. എല്ലാ വിശദാംശവും ഞങ്ങൾ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ നൽകിയിട്ടുണ്ട്. ഡിജിപിയെ കണ്ടിട്ടും സത്വര അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. മൊഴികൾ എല്ലാം പഠിക്കട്ടെ. എന്നാണ് ഡിജിപി പറഞ്ഞത്. പ്രാഥമിക അന്വേഷണത്തിൽ പൊരുത്തക്കേടുകൾ വന്നാൽ ഐജി തല അന്വേഷണം എന്നാണ് ഡിജിപി പറഞ്ഞത്-'സാജിദിന്റെ ബന്ധുക്കൾ മറുനാടനോട് പ്രതികരിച്ചു. -ബന്ധുക്കൾ പറഞ്ഞു. കേരളാ കോൺഗ്രസ് നേതാവായ ഹാഫിസ് ഈ കാര്യത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്ക് പരാതി നൽകിയിട്ടുണ്ട്. ഈ പരാതി പ്രകാരം വർക്കല കഹാറിന്റെ മൊഴിയും , സാജിദിനെ കൊലപ്പെടുത്തി എന്ന കാര്യം ഹാഫിസിനോട് വെളിപ്പെടുത്തിയ കഹാറിന്റെ ഭാര്യാ സഹോദരൻ മൂസയുടെയും മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

സാജിദിന്റെ ബന്ധുക്കൾ ഇന്ന് നൽകിയ മൊഴിയും ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നുണ്ട്. അതിനു ശേഷം മാത്രമേ ഐജി തല അന്വേഷണ സാധ്യതകൾ പൊലീസ് പരിശോധിക്കുകയുള്ളൂ. നേരത്തെ മുഖ്യമന്ത്രിയെ സന്ദർശിച്ച സാജിദിന്റെ ബന്ധുക്കൾ ദുരൂഹമരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സത്വര നടപടികൾ ഈ കാര്യത്തിൽ പൊലീസ് കൈക്കൊള്ളും എന്നാണ് മുഖ്യമന്ത്രിയും ബന്ധുക്കൾക്ക് ഉറപ്പ് നൽകിയത്. മൊഴിയിലെ ദുരൂഹതകൾ നീക്കാൻ ഇനിയും കഹാറിന്റെ ഭാര്യാ സഹോദരൻ മൂസയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്. അതേ സമയം സാജിദിനെ കൊലപ്പെടുത്തി എന്ന് മൊഴി നൽകിയ ഭാര്യാ സഹോദരനെ കഹാർ ക്രൈംബ്രാഞ്ചിന് മുന്നിൽ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഭാര്യാ സഹോദരൻ മൂസ തട്ടിപ്പുകാരനാണെന്നാണ് കഹാർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. ഭാര്യാ സഹോദരനായ മൂസയെ പല കാരണങ്ങൾ കൊണ്ട് താൻ അകറ്റി നിർത്തിയിരുന്നു. ഇങ്ങനെ അകറ്റി നിർത്തിയതിലുള്ള വൈരാഗ്യം കാരണമാണ് മൂസ വെളിപ്പെടുത്തൽ നടത്തിയതെന്നാണ് കഹാർ മൊഴി നൽകുന്നത്.

തന്റെ പേരിൽ നിന്നും പലരിൽ നിന്നും പണപ്പിരിവ് നടത്തിയതായി അറിഞ്ഞപ്പോൾ മൂസയെ വിലക്കിയിരുന്നു. അതിനാൽ അകറ്റി നിർത്തിയതിനെ തുടർന്ന് മൂസയ്ക്ക് വൈരാഗ്യമുണ്ടായിരുന്നു. അതിനാലാണ് മൂസ തനിക്കെതിരായുള്ള വെളിപ്പെടുത്തൽ നടത്തിയത് കഹാറിന്റെ മൊഴി തുടരുന്നു. . എന്നാൽ കഹാറിന്റെ ഈ മൊഴി തട്ടിപ്പാണെന്നു കഹാറിനെതിരെ മൊഴി നൽകിയ കേരളാ കോൺഗ്രസ് നേതാവ് ഹഫീസ് മറുനാടൻ മലയാളിയോട് പ്രതികരിച്ചിരുന്നു. കഹാറിന്റെ എല്ലാ ഇടപാടുകളിലും പങ്കു ചേർന്ന ആളായിരുന്നു ഭാര്യാ സഹോദരൻ എന്ന നിലയിൽ മൂസ. കഹാറിന്റെ പേരിൽ പണപ്പിരിവ് മൂസ നടത്തിയിട്ടുണ്ടെങ്കിൽ അതും കഹാറിന്റെ നിർദ്ദേശ പ്രകാരമാകും- ഹഫീസ് പറയുന്നു. സാജിദിന്റെ മരണവുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ അങ്ങാടിപ്പാട്ടായപ്പോൾ പിടിച്ചു നിൽക്കാനുള്ള അടവാണ് കഹാറിന്റെ മൊഴി. കഹാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും കഹാറും ഭാര്യാ സഹോദരനായ മൂസയും കൂട്ടുകച്ചവടക്കാരനായിരുന്നു. ഇപ്പോൾ താൻ വെട്ടിലായെന്നു കഹാർ മനസിലാക്കുന്നു അതുകൊണ്ടാണ് കഹാർ ഇപ്പോൾ ഈ രീതിയിൽ മൊഴി നൽകുന്നത്-ഹഫീസ് പ്രതികരിക്കുന്നു. ഈ മൊഴി നൽകുന്ന അന്നും കഹാറും മൂസയും ബന്ധപ്പെട്ടിട്ടുണ്ട്. അന്വേഷണത്തെ വഴിതെറ്റിക്കാൻ ഉതകുന്ന മൊഴിയാണ് കഹാർ നൽകുന്നത്. സാജിദിന്റെ കൊലപാതകത്തിൽ പിടിക്കപ്പെടുമെന്നു മനസിലായപ്പോൾ ഇപ്പോൾ കഹാർ രക്ഷപ്പെടാനുള്ള തന്ത്രം പയറ്റുകയാണ്-ഹഫീസ് പറയുന്നു. സാജിദിനെ കൊന്നെന്നു ഹാഫിസിനോട് വെളിപ്പെടുത്തൽ നടത്തിയ വർക്കല കഹാറിന്റെ ഭാര്യാ സഹോദരൻ മൂസ താൻ അങ്ങിനെ വെളിപ്പെടുത്തൽ നടത്തിയിട്ടില്ലെന്ന് മറുനാടനോട് പ്രതികരിച്ചിരുന്നു.

മൂസ അങ്ങിനെ വെളിപ്പെടുത്തൽ നടത്തിയിട്ടില്ലെങ്കിൽ പിന്നെന്തിനാണ് കഹാർ മൂസ തന്നോട് വ്യക്തിവിരോധം തീർക്കുന്നു എന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത് എന്ന ചോദ്യം ഉദിക്കുന്നുണ്ട്. കഹാറിനു തീർച്ചയുണ്ടെങ്കിൽ മൂസ അങ്ങിനെ പറഞ്ഞിട്ടില്ലാ എന്ന് കഹാറിനു മൊഴി നൽകാമായിരുന്നു.അതോടുകൂടി അന്വേഷത്തിലും പ്രതിസന്ധി വന്നേനെ. പക്ഷെ കഹാർ നൽകിയ മൊഴി മൂസ തന്നോട് വ്യക്തിവിരോധം തീർക്കുന്നു എന്നാണ്. അപ്പോൾ മൂസ അങ്ങിനെ മൊഴി നൽകിയെന്ന് കഹാറും വിശ്വസിക്കുന്നുണ്ടെന്നു വിലയിരുത്തേണ്ടി വരുന്നു. സാജിദിന്റെതുകൊലപാതകം എന്ന് വെളിപ്പെടുത്തൽ നടത്തിയ മൂസയെ വിശ്വാസത്തിൽ എടുക്കാൻ കഹാറും ഇപ്പോൾ തയ്യാറാകുന്നില്ല.

ഇത് സാജിദിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ നിർണായക ഘടകമായി മാറുന്നു. കഹാറും മൂസയും തമ്മിൽ അകൽച്ചയിലാണ് എന്നുള്ള കഹാറിന്റെ മൊഴി വിശ്വാസത്തിൽ എടുക്കേണ്ടതില്ലാ എന്നാണ് ഹഫീസും മൊഴി നൽകുന്നത്. സാജിദിനെ കൊലപ്പെടുത്തി എന്ന കാര്യം ഹഫീസിനോട് പറഞ്ഞിട്ടില്ലെന്നാണ് മൂസ മറുനാടൻ മലയാളിയോട് വെളിപ്പെടുത്തിയത്. പക്ഷെ ഹഫീസിനെ വിളിച്ച് തെറി പറഞ്ഞു എന്ന കാര്യം മൂസ സമ്മതിക്കുകയും ചെയ്തു. നല്ല തെറിവിളിയാണ് ഹഫീസിനു നേരെ നടത്തിയത്. പക്ഷെ ആ സംഭാഷണത്തിൽ സാജിദിനെ കൊലപ്പെടുത്തിയതാണ് എന്ന് പറഞ്ഞിട്ടില്ല. തെറി വിളിച്ചപ്പോൾ ഹാഫിസിനെ വണ്ടിയിടിച്ച് കൊല്ലുമെന്നും പറഞ്ഞിട്ടില്ല. ഒരാളെ ചീത്ത വിളിക്കുമ്പോൾ വണ്ടിയിടിച്ച് കൊല്ലും കുത്തിക്കൊല്ലും എന്നൊന്നും ആരും പറയില്ലല്ലോ- മൂസ പ്രതികരിച്ചിരുന്നു. . ഹഫീസിനെ നേരത്തെ അറിയാമായിരുന്നു. പക്ഷെ ഫോൺ മാറിയാണ് ഹഫീസിനു പോയത്. അപ്പോൾ ഒന്നും രണ്ടും പറഞ്ഞു ചീത്തവിളിയായി.

പക്ഷെ ഈ ചീത്ത വിളിക്കിടയിൽ സാജിദിനെ കൊലപ്പെടുത്തി എന്ന് ഞാൻ പറഞ്ഞിട്ടില്ല. സാജിദിന്റെ മരണം എനിക്ക് അറിയാമായിരുന്നു. കൊലപാതകമാണെന്ന് പക്ഷെ ഞാൻ പറഞ്ഞിട്ടില്ല. സാജിദിനെ ഞാൻ കണ്ടിട്ടില്ല. ഡ്രൈവർ ഇല്ലാത്ത സമയത്ത് താത്കാലികമായി വന്ന ആളാണ് സാജിദ്. ഹഫീസിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ആ മൊഴിയിലും സാജിദിന്റെ മരണത്തെ കുറിച്ച് അറിയില്ലാ എന്നാണ് പറഞ്ഞത്. പക്ഷെ ഹാഫിസുമായി സംസാരിച്ചപ്പോൾ ഹാഫിസിനെ തെറിവിളിച്ചു എന്ന കാര്യം സമ്മതിച്ചിട്ടുണ്ട്-മൂസ പറയുന്നു. സാജിദിന്റെ മരണം വിവാദമായ പശ്ചാത്തലത്തിൽ മൂസയുടെ മൊഴി രണ്ടാമതും രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് ഒരുങ്ങുകയാണ്. മൊഴികളിലെ വൈരുധ്യം മുൻ നിർത്തിയാണിത്. അതെ സമയം വർക്കല കഹാറിന്റെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

ചാനൽ ക്യാമറകളുടെ കണ്ണ് വെട്ടിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് കഹാർ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ മൊഴി നൽകാൻ എത്തിയത്. പക്ഷെ ചാനലുകൾ രാത്രി ആ സമയത്തും ക്രൈംബ്രാഞ്ച് ഓഫീസ് പരിസരത്ത് ഉണ്ടായിരുന്നതിനാൽ കഹാറിന്റെ ശ്രമം വിഫലമായി. 18 ചോദ്യങ്ങളാണ് രണ്ടു ഡിവൈഎസ്‌പിമാരടങ്ങിയ സംഘം കഹാറിനോട് ഇന്നലെ ചോദിച്ചത്. സാജിദിന്റെ മരണവുമായി ബന്ധപ്പെട്ടു മുൻ കോൺഗ്രസ് നേതാവും എംഎൽഎയുമായ വർക്കല കഹാർ കുരുക്കിലേക്ക് നീങ്ങുകയാണ്. കഹാറിന്റെ അളിയൻ മൂസ കേരളാ കോൺഗ്രസ് നേതാവ് ഹഫീസിനോട് നടത്തിയ അബദ്ധ സംഭാഷണത്തിലാണ് കൊലപാതക വിവരം മറ നീങ്ങുന്നത്. സാജിദിനെ കൊന്നത് പോലെ നിന്നെയും കൊല്ലും എന്നാണ് വഴിമാറി നടന്ന സംഭാഷണത്തിൽ പ്രകോപിതനായ ഹംസ പറഞ്ഞത്. മറുനാടനോടും ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയോടും ഈ കാര്യം നിഷേധിക്കുന്നുണ്ടെങ്കിലും ഓഡിയോ ക്ലിപ്പ് ഹഫീസിന്റെ കയ്യിൽ സുരക്ഷിതമാണ്. സാജിദിന്റെ ബന്ധുക്കളും ഏഴു വർഷം മുൻപ് നടന്ന ഈ ദുരൂഹ മരണത്തിൽ ഇപ്പോൾ സത്യം തേടി രംഗത്തുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് സാജിദിന്റെ ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചതും ഇന്ന് ഡിജിപി ലോക്നാഥ് ബഹ്‌റയെ നേരിട്ട് കണ്ടതും ഇതേ ആവശ്യം മുൻ നിർത്തിയാണ്. ഇതുവരെ രേഖപ്പെടുത്തപ്പെട്ട മൊഴികളും പഴയ കേസ് റെക്കോഡും പരിശോധിച്ച ശേഷം മാത്രമേ സാജിദിന്റ മരണത്തിൽ ഐജി തല അന്വേഷണം വേണമോ എന്ന് തീരുമാനിക്കപ്പെടുകയുള്ളൂ.