- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ര പരസ്യം നൽകി സഹതാപത്തിൽ വീഴ്‌ത്തി കല്യാണം; പത്തുകൊല്ലത്തിനിടെ എട്ട് ഭാര്യമാർ; സ്ത്രീധനമായി ലഭിക്കുന്ന സ്വർണവും പണവും വിറ്റ് ധൂർത്തടിക്കും; ഒടുവിൽ വിവാഹ കുബേരൻ സജികുമാരൻ നായർ പൊലീസ് പിടിയിൽ
തിരുവനന്തപുരം: നിയമപരമായി വിവാഹ ബന്ധം വേർപെടുത്തിയ യുവാവ്, 35 വയസ് , റിയൽ എസ്റ്റേറ്റ് ബിസിനസ് , വെളുത്ത നിറം, സുന്ദരൻ, ജാതി പ്രശ്‌നമല്ല . ബാദ്ധ്യതകളുള്ളവരെയും പരിഗണിക്കും. നന്ദിയോട് പച്ച പാലുവള്ളിക്കര പുത്തൻവീട്ടിൽ സജികുമാരൻ നായർ (40) സ്ഥിരമായി നൽകുന്ന വിവാഹ പരസ്യമാണിത്. തന്റെ ബന്ധുക്കൾക്ക് വേണ്ടിയല്ല ഈ പരസ്യം, സ്വന്തം വിവാഹക്കാര്യത്തിനുതന്നെ. ഇതെല്ലാം കണ്ടാൽ സജികുമാരൻ നായരെ പോലെ നിഷ്‌കളങ്കനായ വ്യക്തി വേറെയില്ലെന്ന് തോന്നും. പക്ഷേ, കഴിഞ്ഞ ദിവസം പാലോട് പൊലീസിന്റെ പിടിയിലായതോടെയാണ് കള്ളി വെളിച്ചത്തായത്- നല്ല ഒന്നാന്തരം വിവാഹത്തട്ടിപ്പ് വീരൻ. പത്രങ്ങളിൽ പരസ്യം നൽകി വിവാഹം കഴിക്കാൻ ഇറങ്ങുന്ന സൂത്രശാലി. പത്തുവർഷത്തിനിടെ വിവാഹം ചെയ്തത് എട്ട് സ്ത്രീകളെ. അതെല്ലാം തിരുവനന്തപുരത്തും പരിസരത്തുമുള്ളവർ. ഒടുവിൽ മുൻ ഭാര്യ മാറനല്ലൂർ വെള്ളയംകോട് സ്വദേശിനിയായ 35 കാരിയുടെ പരാതിയിൽ അറസ്റ്റിലായി. പത്താംതരം വരെമാത്രം വിദ്യാഭ്യാസം. തൊഴിൽ രഹിതനായി കറങ്ങി നടന്ന സജികുമാരൻനായർ മീശകുരുക്കുംമുമ്പേ സ്ത്രീകളെ വലയിലാക്
തിരുവനന്തപുരം: നിയമപരമായി വിവാഹ ബന്ധം വേർപെടുത്തിയ യുവാവ്, 35 വയസ് , റിയൽ എസ്റ്റേറ്റ് ബിസിനസ് , വെളുത്ത നിറം, സുന്ദരൻ, ജാതി പ്രശ്‌നമല്ല . ബാദ്ധ്യതകളുള്ളവരെയും പരിഗണിക്കും. നന്ദിയോട് പച്ച പാലുവള്ളിക്കര പുത്തൻവീട്ടിൽ സജികുമാരൻ നായർ (40) സ്ഥിരമായി നൽകുന്ന വിവാഹ പരസ്യമാണിത്. തന്റെ ബന്ധുക്കൾക്ക് വേണ്ടിയല്ല ഈ പരസ്യം, സ്വന്തം വിവാഹക്കാര്യത്തിനുതന്നെ. ഇതെല്ലാം കണ്ടാൽ സജികുമാരൻ നായരെ പോലെ നിഷ്‌കളങ്കനായ വ്യക്തി വേറെയില്ലെന്ന് തോന്നും. പക്ഷേ, കഴിഞ്ഞ ദിവസം പാലോട് പൊലീസിന്റെ പിടിയിലായതോടെയാണ് കള്ളി വെളിച്ചത്തായത്- നല്ല ഒന്നാന്തരം വിവാഹത്തട്ടിപ്പ് വീരൻ. പത്രങ്ങളിൽ പരസ്യം നൽകി വിവാഹം കഴിക്കാൻ ഇറങ്ങുന്ന സൂത്രശാലി. പത്തുവർഷത്തിനിടെ വിവാഹം ചെയ്തത് എട്ട് സ്ത്രീകളെ. അതെല്ലാം തിരുവനന്തപുരത്തും പരിസരത്തുമുള്ളവർ. ഒടുവിൽ മുൻ ഭാര്യ മാറനല്ലൂർ വെള്ളയംകോട് സ്വദേശിനിയായ 35 കാരിയുടെ പരാതിയിൽ അറസ്റ്റിലായി.
പത്താംതരം വരെമാത്രം വിദ്യാഭ്യാസം. തൊഴിൽ രഹിതനായി കറങ്ങി നടന്ന സജികുമാരൻനായർ മീശകുരുക്കുംമുമ്പേ സ്ത്രീകളെ വലയിലാക്കുന്നതിൽ ഡോക്ടറേറ്റ് നേടി. നാട്ടിൻപുറത്തെ പെൺകുട്ടികളെയും സ്ത്രീകളെയും വലവീശി പിടിക്കുന്നതിൽ വിരുതൻ. ഇരുപത്തിയഞ്ചാം വയസിൽ വീടിന് ഏറെ അകലെയല്ലാത്ത കിള്ളിപ്പാറ സ്വദേശിനിയായ യുവതിയുമായി ആദ്യവിവാഹം. രണ്ട് മക്കൾക്ക് ജന്മം നൽകി ഇയാൾക്കൊപ്പം കഴിയവേയാണ് നാട്ടിലെ പല സ്ത്രീകളുമായും ഇയാൾക്കുള്ള അടുപ്പം അവരറിയുന്നത്. അതോടെ വിവാഹ മോചനം നേടി മക്കളുമായി അവർ സ്ഥലംവിട്ടു.
പത്രങ്ങളിൽ നൽകുന്ന വിവാഹ പരസ്യങ്ങളിലെ ഫോൺനമ്പരുകളിലേക്ക് നിരവധി പേരാണ് വിളിക്കുന്നത്. പരസ്യം കണ്ട് യുവതികൾ നേരിട്ട് വിളിക്കുന്ന കോളുകൾക്കാണ് സജികുമാരൻ നായർ മുൻഗണന നൽകുന്നത്. രക്ഷിതാക്കളോ ബന്ധുക്കളോ ആണ് ബന്ധപ്പെടുന്നതെങ്കിൽ അത് കഷ്ടിച്ച് പെണ്ണുകാണൽ ചടങ്ങിനപ്പുറം നീളാറില്ല. വിധവകളോ വിവാഹമോചനം നേടിയവരോ ആയ ഇടത്തരം കുടുംബത്തിൽ നിന്നുള്ള യുവതികളുടെ ഫോൺ വന്നാൽ, പെണ്ണുകാണൽ ചടങ്ങിനിറങ്ങുന്ന സജി ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അവരുടെ മനസിൽ കയറിക്കൂടും. റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് കോടികളുടെ നിക്ഷേപമുള്ള യുവ ബിസിനസുകാരനാണ് താനെന്നാണ് ഇവരെ ധരിപ്പിക്കുമെങ്കിലും അതൊന്നും പുറമേ കാണിക്കാത്ത പഞ്ചപാവമെന്ന നിലയിലാകും ഇടപെടൽ. പെണ്ണുകാണാനെത്തുന്ന വീട്ടിൽ പെൺകുട്ടിയുടെ ബന്ധുക്കളോ അയൽക്കാരോ പ്രായമുള്ളവരോ ഉണ്ടെങ്കിൽ അവരോട് ഉപചാരവൂർവ്വമേ സംസാരിക്കൂ. വീട്ടുകാരുടെ സാന്നിദ്ധ്യത്തിൽ തനിക്ക് ഡിമാന്റൊന്നുമില്ലെന്നും മകൾക്കെന്താണ് കൊടുക്കാൻ ആഗ്രഹിക്കുന്നതെന്നുവച്ചാൽ അത് നൽകിയാൽ മതിയെന്നും പറയും.
സജിയുടെ വാക്കുകളിലെ ദുരുദ്ദേശം ചിന്തിക്കാതെ വീട്ടുകാർ മകൾക്ക് കൊടുക്കാനുദ്ദേശിക്കുന്ന സ്വർണവും പണവും വസ്തുവകകളും പറയും. ഇത് കേൾക്കുമ്പോൾ സജികുമാരന്റെ മനസിൽ ലഡുപൊട്ടും. ആലോചന തള്ളണോ കൊള്ളണോയെന്ന് അപ്പോൾ തന്നെ തീരുമാനിക്കുന്ന ഇയാൾ കൊള്ളാനാണ് തീരുമാനമെങ്കിൽ പെൺകുട്ടിയോട് അൽപ്പം സംസാരിക്കണമെന്ന് ശഠിക്കും. പെൺകുട്ടിയെ തന്റെ വാക് ചാതുരിയിൽ വീഴ്‌ത്തും. പലസ്ഥലങ്ങളിലായി കോടികളുടെ റിയൽ എസ്റ്റേറ്റ് ബിസിനസുള്ള തന്റെ സമ്പാദ്യത്തിൽ നല്ലൊരു പങ്കും മുൻ ഭാര്യ അപഹരിച്ചതായും വഞ്ചിച്ചതായും പറഞ്ഞ് സഹതാപം നേടും. തന്നെ എനിക്ക് ഒരുപാട് ഇഷ്ടമായെന്നും സ്‌നേഹിക്കാനും സംരക്ഷിക്കാനും തയ്യാറാണെന്നും തിരിച്ച് സ്‌നേഹം മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂവെന്നും പറയുന്നതോടെ പെൺകുട്ടി വലയിൽ വീഴും. സജികുമാരൻ നായർ ഇപ്പോൾ അകത്താകാൻ ഇടയായ പരാതി നൽകിയ യുവതിയെ ഇത്തരത്തിൽ വീഴ്‌ത്തി പെണ്ണുകാണൽ ചടങ്ങ് ദിവസം തന്നെ വിവാഹം ചെയ്തതാണ്.
വിവാഹം മാമാങ്കമാക്കിയ മകന്റെ ലീലാവിലാസങ്ങൾ നന്നായി അറിയാവുന്ന മാതാപിതാക്കളുടെ ഒത്താശയാണ് സജികുമാരൻനായരുടെ വിവാഹത്തട്ടിപ്പുകൾക്ക് തുണയായത്. ആദ്യഭാര്യയുമായി നിയമപരമായി വിവാഹബന്ധം വേർപിരിയുന്നതിന് മുമ്പും ശേഷവും നിരവധി സ്ത്രീകളുമായി ഇയാൾക്കുള്ള ബന്ധത്തെപ്പറ്റി വീട്ടുകാർക്കും അറിവുള്ളതായിരുന്നെങ്കിലും അവരാരും ഇയാളെ പിന്തിരിപ്പിക്കാനോ കൂട്ടിക്കൊണ്ടുവരുന്ന പെൺകുട്ടികളോട് ഇതേപ്പറ്റി പറയാനോ തയ്യാറായിട്ടില്ല.
സ്ത്രീധനമായി ലഭിക്കുന്ന സ്വർണവും പണവും റിയൽ എസ്റ്റേറ്റ് ബിസിനസിനെന്ന പേരിൽ വസൂലാക്കുന്ന ഇയാൾ അവ വിറ്റ് ധൂർത്തടിക്കും. ജോലിക്കൊന്നും പോകാതെ കറങ്ങിനടന്നും ആർഭാട ജീവിതം നയിച്ചും പണം അടിച്ചുപൊളിച്ച് കഴിയുമ്പോൾ ഭാര്യമാരുമായി കലഹിക്കും. വഴക്കും ഉപദ്രവങ്ങളും കൂടുമ്പോൾ സ്ത്രീകൾ ജീവനുംകൊണ്ട് സ്വന്തം വീട്ടിലേക്ക് പോകും. അതോടെ അടുത്ത പരസ്യത്തിലൂടെ അടുത്ത ഇരയെ കണ്ടെത്തും. സജിയുടെ വിവാഹത്തട്ടിപ്പ് നാട്ടിൽ പാട്ടായതോടെ ഇയാൾ വെമ്പായത്തെ ഒരു വാടകവീട്ടിലാണ് കഴിഞ്ഞ കുറേ നാളായി താമസിച്ചുവരുന്നത്.
കൊല്ലം ശാസ്താംകോട്ട പടിഞ്ഞാറെ കല്ലട സ്വദേശിനിയായ ഒരു യുവതിയെയാണ് സജികുമാരൻ നായർ ഒടുവിൽ വിവാഹം കഴിച്ചത്. പൊലീസ് നൽകുന്ന കണക്കനുസരിച്ച് എട്ടാമത്തെ വിവാഹം. ആദ്യഭാര്യയുൾപ്പെടെ ഏഴ് പേർ വഞ്ചിക്കപ്പെട്ടെങ്കിലും അവരിൽ പലരും പിന്നീട് പുതിയ പങ്കാളികളും കുടുംബവും പ്രാരാബ്ധവുമായി കഴിയുന്നതിനാൽ പരാതിയുമായി രംഗത്തെത്തിയില്ല. വീട്ടുകാരുടെ അറിവോടെ എട്ടുപേരെ വിവാഹം ചെയ്ത ഇയാൾക്ക് ഇതിനു പുറമേ, നാട്ടിലുള്ള പല സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കണ്ടെടുത്ത പത്ത് സിം കാർഡുകളിൽ നിന്നായി നിരവധി സ്ത്രീകളുടെ ഫോൺ നമ്പരുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിവാഹത്തട്ടിപ്പ് അരങ്ങ് തകർത്ത ഒരുപതിറ്റാണ്ടിനിടെ മാറനല്ലൂർ സ്വദേശിനിയായ യുവതിയും ആദ്യഭാര്യയുമൊഴികെ മറ്റാരും പരാതിക്കാരായി എത്താതിരുന്നത് തട്ടിപ്പുകൾക്ക് കൂടുതൽ പ്രേരണയായി.
ഏറ്റവുമൊടുവിൽ ഏതാനും മാസം മുമ്പ് ഇയാൾ നൽകിയ പരസ്യത്തിലാണ് ശാസ്താംകോട്ട സ്വദേശിയും കുടുങ്ങിയത്. ഭർത്താവും മകനും അപകടത്തിൽ മരിച്ചതിനെ തുടർന്ന് അനാഥയായ യുവതിയെ ജീവിത പങ്കാളിയായി കൂടെ കൂട്ടിയ ഇയാൾ വെമ്പായത്തെ വാടകവീട്ടിലായിരുന്നു താമസം. ആശ്രിതർക്കുള്ള ഇൻഷുറൻസ് ആനുകൂല്യ ഇനത്തിൽ യുവതിക്ക് 35 ലക്ഷം രൂപ നഷ്ടപരിഹാരമായി കോടതി വിധിച്ചിട്ടുണ്ട്. ഇത് മനസിലാക്കിയാണ് സജികുമാരൻനായർ ഇവരെ കുടുക്കിയതെന്നാണ് പൊലീസ് പറയുന്നത്