പത്തനംതിട്ട: പാർട്ടിക്കാരനും പാർട്ടിയുടെ സൽപ്പേരിനും വേണ്ടി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തപ്പോൾ തിരുവല്ല സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരിലാൽ കരുതിയത് ഭരണത്തിലിരിക്കുന്ന പാർട്ടി നേതാക്കൾ തന്നെ തുണയ്ക്കുമെന്നാണ്. അതിന്റെ അമിത ആത്മവിശ്വാസവും അഹന്തയുമായി നടന്ന പൊലീസ് ഓഫീസറെ ഒടുവിൽ ഐജി സസ്പെൻഡ് ചെയ്തു. പൊലീസ് അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയാകാൻ കാത്തിരിക്കുന്നയാളെ സസ്പെൻഡ് ചെയ്യുക വഴി പുലിവാൽ പിടിക്കാൻ മടിച്ച് ജില്ലാ പൊലീസ് മേധാവി അന്വേഷണ റിപ്പോർട്ട് ഐജി മനോജ് ഏബ്രഹാമിനു കൈമാറുകയായിരുന്നു.

പൊലീസ് ഓഫീസറുടെ സസ്പെൻഷനോടെ തിരുവല്ലയിൽ സിപിഎം നേതാവ് പ്രതിയായ കേസിലെ ഡിഎൻഎ പരിശോധന അട്ടിമറിച്ച സംഭവവും പൊലീസ് ഒതുക്കത്തിൽ പൂട്ടിക്കെട്ടി. ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിയായ സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരിലാലിനെയാണ് ഐ.ജി മനോജ് ഏബ്രഹാം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. തുടരന്വേഷണം നടത്താൻ പത്തനംതിട്ട അഡ്‌മിനിസ്ട്രേഷൻ ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ സംഭവം മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ഏപ്രിൽ നാലിനാണ് പരാതിക്ക് ഇടയായ സംഭവം നടന്നത്. സിപിഎം തിരുവല്ല നോർത്ത് ലോക്കൽ സെക്രട്ടറി സജിമോൻ പ്രതിയായ പീഡന കേസിൽ ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിൾ ശേഖരിക്കുമ്പോഴാണ് ആൾമാറാട്ടം നടന്നത്. ചുമത്ര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ മജിസ്ട്രേറ്റ് നേരിട്ടാണ് സജിമോനെതിെര കഴിഞ്ഞ ഒക്ടോബറിൽ കേസ് എടുത്തത്. അന്നു തന്നെ ഒളിവിൽ പോയ സജിമോൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്ന് ഉദാര സമീപനം ഉണ്ടായതോടെ കോടതി ഉപാധികളോടെ സജിമോന് ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും ഡിഎൻഎ അടക്കമുള്ള പരിശോധനകൾ നടത്താനുമായിരുന്നു ഹൈക്കോടതി നിർദ്ദേശം.

ഇതിൻ പ്രകാരം നാലിന് രാത്രിയാണ് സജിമോൻ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരായത്. തുടർന്നാണ് ആൾമാറാട്ടം അരങ്ങേറിയത്. പൊലീസുകാരൻ ഹരിലാലിനെയും കൂട്ടി തൊട്ടടുത്ത താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് സജിമോനെ അയച്ചു. അയച്ചതാര് എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരമില്ല. എസ്ഐയാണ് ഹരിലാലിനെ ചുമതലപ്പെടുത്തിയതെന്ന് എസ്എച്ച്ഒ പറയുന്നു. എന്നാൽ, എസ്എച്ച്ഒ ആണ് കേസിന്റെ അന്വേഷണമെന്ന നിലപാടിലാണ് എസ്ഐ. സജിമോൻ തന്നെ ഒപി ടിക്കറ്റെടുത്ത് ആദ്യം ലൈംഗിക ശേഷി പരിശോധനയ്ക്ക് ഹാജരായി. തുടർന്ന് ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിൾ ശേഖരിക്കാൻ പോയപ്പോഴാണ് ആൾമാറാട്ടം നടന്നത്. സജിമോന്റെ പേരിൽ എടുത്ത ഒപി ടിക്കറ്റുമായി രക്തപരിശോധനയ്ക്ക് ഹാജരായത് സുമേഷ് എന്ന ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു.

ലാബ് ടെക്നിഷ്യൻ പേര് ചോദിച്ചപ്പോൾ സജിമോൻ എന്നതിന് പകരം സ്വന്തം പേരാണ് ഇയാൾ പറഞ്ഞത്. സാമ്പിൾ ബോട്ടിലിന് പുറത്ത് ഇതേ പേര് തന്നെ ടെക്നിഷ്യൻ എഴുതുകയും ചെയ്തു. പിന്നീട് സാമ്പിൾ എടുക്കാൻ സ്റ്റേഷനിൽ നിന്ന് ആൾ ചെന്നപ്പോഴാണ് സജിമോന്റെ പേരിൽ രക്തം എടുത്തിട്ടില്ലെന്നും പൊലീസുകാരനൊപ്പം വന്നത് സുമേഷ് ആണെന്നും ടെക്നിഷ്യൻ അറിയിച്ചത്. ഇതോടെ കഴിഞ്ഞ ബുധനാഴ്ച സജിമോനെ തന്നെ വിളിച്ചു വരുത്തി സാമ്പിൾ ശേഖരിച്ചു. പൊലീസുകാരന്റെ നേതൃത്വത്തിൽ പ്രതിക്ക് വേണ്ടി ആൾമാറാട്ടം നടത്തിയെന്ന വാർത്ത പുറത്തായതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഡിവൈഎസ്‌പി ആർ ചന്ദ്രശേഖരപിള്ള പൊലീസ് ഇൻസ്പെക്ടർ ടി രായപ്പൻ റാവുത്തറെ ചുമതലപ്പെടുത്തി.

രായപ്പന്റെ റിപ്പോർട്ട് എസ്‌പി. ടി നാരായണൻ ഐജി മനോജ് ഏബ്രഹാമിന് സമർപ്പിക്കുകയാണ് ചെയ്തത്. സിപിഎം അനുകൂല സംഘടനയുടെ നേതാവിനെതിരേ നടപടി എടുക്കാൻ എസ്‌പിക്ക് ഭയമായിരുന്നുവത്രേ. കുറ്റം ഹരിലാലിന്റെ തലയിൽ മാത്രം കെട്ടി വച്ച് ഉത്തരവാദികളായ ഉദ്യോഗസ്ഥർ രക്ഷപ്പെട്ടിരിക്കുകയാണ്. സ്വന്തം ഇഷ്ടപ്രകാരം ഹരിലാൽ തനിയെ ആണ് ആൾമാറാട്ടത്തിന് കൂട്ടുനിന്നത് എന്നത് വിശ്വസനീയമല്ല. മേലുദ്യോഗസ്ഥരുടെ കൂടി മൗനാനുവാദത്തോടെയാകണം ക്രമക്കേട് നടന്നിരിക്കുക. പിടിവീണതോടെ മറ്റുള്ളവർ കൈകഴുകി. ഈ സംഭവത്തിൽ തുടരന്വേഷണത്തിന് അഡ്‌മിനിസ്ട്രേഷൻ ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും അന്വേഷണ പരിധിയിൽ എന്തൊക്കെ വരുമെന്നത് തീരുമാനിച്ചിട്ടില്ല.

പൊലീസുകാരനെ മാത്രം സസ്പെൻഡ് ചെയ്ത് സംഭവത്തിന്റെ ഗൗരവം കുറയ്ക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ആൾമാറാട്ടം നടത്തിയതിന് സജിമോനും പങ്കാളിയായ ഡിവൈഎഫ്ഐ നേതാവ് സുമേഷിനുമെതിരേ പൊലീസ് അന്ന് തന്നെ കേസ് എടുക്കേണ്ടിയിരുന്നതാണ്. ആൾമാറാട്ടത്തിന് ശ്രമിച്ചവർക്ക് സഹായം നൽകിയതിന്റെ പേരിൽ പൊലീസുകാരൻ സസ്പെൻഷനിലായതോടെ പൊലീസ് പറയുന്ന ന്യായങ്ങൾ പൊളിഞ്ഞു. ഇനിയിപ്പോൾ മറ്റു രണ്ടുപേർക്കെതിരേയും കേസെടുക്കാൻ നിയമ തടസമില്ല. സംഭവത്തിന്റെ പ്രധാന സാക്ഷിയായ താലൂക്ക് ആശുപത്രിയിലെ ലാബ് ടെക്നിഷ്യൻ നാട്ടിലില്ലാത്തതും പ്രതികൾക്ക് തുണയായിരിക്കുകയാണ്. ഇവർ അവധിയെടുത്ത് വിദേശത്തുള്ള ഭർത്താവിന്റെ അടുത്തേക്ക് പോയിരിക്കുന്നുവെന്നാണ് വിവരം.

സിപിഎമ്മിലെ വിഭാഗീയതയാണ് പ്രശ്നം ഇത്രത്തോളം രൂക്ഷമാക്കിയത്. പീഡന കേസിൽ പ്രതിയായ സജിമോനും സസ്പെൻഷനിലായ ഹരിലാലും സിപിഎമ്മിന്റെ ജില്ലാ നേതാവിന്റെ കണ്ണിലെ കരടാണ്. ചുമത്ര ഭാഗത്ത് പാർട്ടിക്കുള്ളിൽ നിർണായക സ്വാധീനമാണ് സജിമോനുള്ളത്. അതേ പോലെ പൊലീസ് അസോസിയേഷന്റെ അടുത്ത ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നു വന്ന പേരാണ് ഹരിലാലിന്റേത്. സിപിഎം ജില്ലാ നേതാവിൽ നിന്ന് ഓൺലൈൻ തട്ടിപ്പു സംഘം ലക്ഷങ്ങൾ തട്ടിയ സംഭവം വാർത്തയാക്കിയതിന് പിന്നിൽ ഹരിലാൽ ആണെന്നാണ് പറയപ്പെടുന്നത്.