- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരുവല്ല പീഡനത്തിൽ നസറിനെ മാത്രം പ്രതിയാക്കും; ഒന്നാം പ്രതി സജിമോനെ ഒഴിവാക്കും; ശേഷിച്ചവരെ അറസ്റ്റ് ചെയ്യുന്നത് തെളിവുകൾ കിട്ടുന്ന മുറയ്ക്ക്; സിപിഎമ്മിന്റെ തിരക്കഥയ്ക്ക് അനുസരിച്ച് അഭിനയിക്കാൻ പൊലീസ്; പരാതിക്കാരിയെ സമൂഹമധ്യത്തിൽ അപമാനിച്ച ഏരിയാ സെക്രട്ടറിക്കെതിരേ നടപടി വേണമെന്നും ആവശ്യം
തിരുവല്ല: ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രവർത്തകയായിരുന്ന വീട്ടമ്മയെ ജ്യൂസ് കൊടുത്ത് മയക്കിയ ശേഷം പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്ത കേസ് അട്ടിമറിക്കാനുള്ള നീക്കം പൂർണം. സിപിഎം രചിച്ച തിരക്കഥയ്ക്ക് അനുസരിച്ച് കേസ് ഫ്രെയിം ചെയ്യാനാണ് പൊലീസിന് കിട്ടിയിരിക്കുന്ന നിർദ്ദേശം. ഇതനുസരിച്ച് ഒന്നാം പ്രതി സജിമോനെ കേസിൽ നിന്നൊഴിവാക്കും. രണ്ടാം പ്രതി നസറിനെ മാത്രം അറസ്റ്റ് ചെയ്യും.
മൂന്നു മുതൽ 10 വരെയുള്ള പ്രതികളെ സൈബർ തെളിവ് കിട്ടിയാൽ മാത്രം അറസ്റ്റ് ചെയ്യും. വീട്ടമ്മ പൊലീസിൽ നൽകിയ മൊഴി പ്രകാരം സജിമോനും നസറുമാണ് പീഡിപ്പിച്ചതും ദൃശ്യം പകർത്തിയതും. മൊഴി അട്ടിമറിച്ച് സജിമോനെതിരേ തെളിവില്ലെന്ന് വരുത്തി തീർക്കാനുള്ള നീക്കമാണ് നടക്കുന്നത്. പാർട്ടിയുടെ മുഖം രക്ഷിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. മുമ്പൊരിക്കൽ പീഡനകേസിൽ പ്രതിയാക്കപ്പെട്ട സജിമോനെ പാർട്ടിയിൽ തിരികെ കൊണ്ടു വന്നത് ഇപ്പോഴത്തെ ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി മുൻകൈയെടുത്താണ്.
തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറിയായിരിക്കേ 2018 ലാണ് സജിമോൻ അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. ഇതേ തുടർന്ന് പാർട്ടി നടപടി എടുത്തെങ്കിലും പുറത്താക്കിയില്ല. ഇക്കുറി കോട്ടാലിൽ ബ്രാഞ്ച് സെക്രട്ടറിയാക്കി. അതിന് ശേഷം നോർത്ത് ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ കൊണ്ടു വരാൻ നോക്കിയെങ്കിലും നടന്നില്ല. അതിനിടെയാണ് ലൈംഗിക പീഡനകേസിൽ വീണ്ടും പ്രതിയായത്.
സിപിഎം ജില്ലാ നേതാവിന്റെയും ഏരിയാ സെക്രട്ടറിയുടെയും മാനസപുത്രനാണ് സജിമോൻ. ഇക്കാരണം കൊണ്ട് തന്നെയാണ് കേസിൽ നിന്ന് സജിമോനെ ഒഴിവാക്കാൻ ശ്രമം നടക്കുന്നത്. സമ്മേളനങ്ങൾ നടക്കുന്ന സമയത്ത് ജില്ലാ നേതാവിന്റെ മാനസപുത്രൻ രണ്ടാമതും പീഡനകേസിൽ പ്രതിയായത് സംസ്ഥാനമൊട്ടാകെ ചർച്ച ചെയ്യപ്പെടുകയാണ്. പരാതിക്കാരിയുടെ മൊഴിയിൽ പൊലീസ് തിരുത്തൽ വരുത്തുമെന്നും സംശയിക്കപ്പെടുന്നു.
അതിനിടെ ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ പരാതിക്കാരിയെ മോശക്കാരിയാക്കി സംസാരിച്ചുവെന്ന് സിപിഎം തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാൻസിസിനെതിരേ ആരോപണമുയർന്നു. പരാതിക്കാരിയെ മോശം സ്ത്രീയെന്ന സൂചന നൽകിയും സജിമോനെ പൊതിഞ്ഞു പിടിച്ചുമാണ് ഫ്രാൻസിസ് മാധ്യമങ്ങളോട് സംസാരിച്ചത്. യുവതി ഉൾപ്പെട്ട വീഡിയോ സമൂഹത്തിന് മോശം സന്ദേശം നൽകുമെന്ന് ഏരിയാ സെക്രട്ടറി പറഞ്ഞു.
അതേ സമയം, തുടർച്ചയായി രണ്ടു ലൈംഗിക പീഡന കേസിൽ പ്രതിയായ സജിമോനെ ന്യായീകരിക്കുകയും ചെയ്തു. പരാതിക്കാരി കുറ്റക്കാരിയും സജിമോൻ നല്ലവനെന്നുമുള്ള ധ്വനി വരത്തക്ക വിധമാണ് ഏരിയാ സെക്രട്ടറി സംസാരിച്ചതെന്നും സ്ത്രീത്വത്തെ അപമാനിച്ചതിന് ഇയാൾക്കെതിരേ കേസ് എടുക്കണമെന്നും ആവശ്യം ഉയരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്