അമ്പലവയൽ: പൊലീസുദ്യോഗസ്ഥയെ പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയതിൽ ദൂരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്.

അമ്പലവയൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മേപ്പാടി പുതിയപാടി കാർത്തികേയൻ നിവാസിൽ രാജേന്ദ്രന്റെ ഭാര്യ സജിനി (37) യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ അമ്പലവയൽ പൊലീസ് സ്റ്റേഷന്റെ മുകളിലത്തെ നിലയിലെ വിശ്രമമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

സജിനി ആത്മഹത്യചെയ്യാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ഭർത്താവ് രാജേന്ദ്രൻ പറഞ്ഞു. സജിനിയുടെ കാലുകൾ നിലത്തുമുട്ടിയിരുന്നതും തൊപ്പി തലയിൽത്തന്നെ ഉണ്ടായിരുന്നതും ദുരൂഹമാണെന്നും രാജേന്ദ്രൻ പറഞ്ഞു. സജിനി ആത്മഹത്യചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ലെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണംവേണമെന്നും അമ്മ സരോജിനിയും പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിമുതൽ നാലുമണിവരെ സജിനി പാറാവ് ജോലിയിൽ ഉണ്ടായിരുന്നു. നാലുമണിക്ക് മറ്റൊരാൾ പകരമെത്തിയപ്പോൾ സജിനി വിശ്രമമുറിയിലേക്ക് പോയി. നാലുമണിയുടെ ഡ്യൂട്ടി കഴിഞ്ഞയാൾ വിശ്രമമുറിയിലെത്തിയപ്പോഴാണ് സജിനി ചുരിദാറിന്റെ ഷാൾ കഴുത്തിൽ കുരുക്കി ഫാനിൽ തൂങ്ങിനിൽക്കുന്നത് കണ്ടത്. സബ്കളക്ടറടക്കമുള്ള ഉന്നതോദ്യോഗസ്ഥർ സ്ഥലത്തെത്തി. ഉച്ചയോടെ മൃതദേഹം താഴെയിറക്കി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്?പത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

മരിക്കുന്നതിനുമുമ്പ് സജിനി എഴുതിയതെന്നുകരുതുന്ന ഒരു കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിലെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. കൽപ്പറ്റ ഡിവൈ.എസ്‌പി. മുഹമ്മദ് ഷാഫിയാണ് സംഭവത്തെക്കുറിച്ചന്വേഷിക്കുന്നത്. കാർത്തികേയൻ, കൈലാസ് എന്നിവരാണ് സജിനിയുടെ മക്കൾ.