പത്തനംതിട്ട: കേരളമണ്ണിൽ സഹ്യസാനുക്കൾക്കുമേൽ അധിവാസം ഉറപ്പിച്ച ഹാരിസൺസ് മലയാളം കമ്പനിക്കെതിരെ മംഗളം ദിനപ്പത്രത്തിന്റെ സ്പെഷ്യൽ കറസ്പോണ്ടന്റ് സജിത്ത് പരമേശ്വരൻ വാർത്ത എഴുതാൻ തുടങ്ങിയിട്ട് 14 വർഷം കഴിയുന്നു. ഇതുവരെ എഴുതിയത് 1300-ൽ പരം വാർത്തകളും ഒരു പരമ്പരയും.

കേരള രാഷ്ട്രീയത്തിൽ മാത്രമല്ല ഇന്ത്യാമഹാരാജ്യത്തിന്റെ ഭരണസിരാകേന്ദ്രങ്ങളെ വരുതിക്ക് നിർത്താൻ കെൽപ്പുള്ള ആർ.പി.ഗോയങ്കയെന്ന ബിസിനസ് രാജാവിന്റെ 3100 കോടിയിൽ പരം ആസ്ഥിയുള്ള സാമ്പ്രാജ്യത്തിന്റെ ഖജനാവാണ് കേരളത്തിൽ അവർ കൈയാളുന്ന ഭൂസ്വത്ത്. ഗോയങ്കയ്ക്ക് പിന്നാലെ സിംഹാസനത്തിലേറിയ മക്കളായ ഹർഷ് ഗോയങ്കയും സജ്ഞീവ് ഗോയങ്കയും കേരളത്തിന്റെ മണ്ണ് ഇന്ന് ബ്രിട്ടീഷ് രാജ്ഞിക്ക് അടിയറ വെച്ചുകഴിഞ്ഞു. സംസ്ഥാത്തിന്റെ ആകെ വിസ്തൃതിയുടെ ശതമാനകണക്കിൽ ഉൾപ്പെടുന്ന 59,000-ൽ പരം ഏക്കർ ഭൂമിക്ക് ഇനി മേൽ കരം അടയ്ക്കേണ്ടത് ബ്രിട്ടീഷ് രാജ്ഞിയാണെന്നുള്ളതാണ് വിചിത്രമായ വസ്തുത.

ഇന്ത്യൻ സ്വാതന്ത്ര്യത്തേയും പരമാധികാരത്തേയും ചോദ്യം ചെയ്യുന്ന നടപടിക്കെതിരെ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരൊ സംസ്ഥാനം ഭരിക്കുന്ന ഇടത് സർക്കാരൊ ചെറുവിരൽ അനക്കുന്നില്ലെന്നുള്ളതാണ് വിചിത്ര വിശേഷം. ഹാരിസണെപ്പറ്റിയുള്ള അന്വേഷണം സജിത്തിന്റെ കാര്യത്തിൽ ഒരു കഥയാണെന്ന് പറയാം. ഭീഷണിയും വധശ്രമവും വരെ എത്തിനിൽക്കുന്ന മാധ്യമമേഖലയിലെ ദുരന്ത പർവങ്ങൾ അടങ്ങുന്നതാണ് ആ ചരിത്രം. കഴിഞ്ഞ 19 വർഷമായി സജിത്ത് പരമേശ്വരൻ നടത്തിവരുന്ന ഒറ്റയാൾ പോരാട്ടം നാൾവഴിയിലൂടെ....

ഹാരിസൺ ഭൂമി ഇടപാടുകളെപ്പറ്റി വാർത്ത എഴുതാനുള്ള കാരണം?

എന്റെ പിതാവ് കെ.എസ്.ഇ.ബിയിലെ ഒരു സാധാരണ ജീവനക്കാരനായിരുന്നു. കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ പത്തനംതിട്ട ജില്ലയിലെ മൂഴിയാറിലായിരുന്നു അദ്ദേഹത്തിനുജോലി. കുട്ടിക്കാലത്ത് സ്‌കൂൾ അടയ്ക്കുമ്പോൾ അമ്മ എന്നെ മൂഴിയാറിലേക്ക് കൊണ്ടുപോവുക പതിവായിരുന്നു. മലായളം പ്ലാന്റേഷന്റെ ളാഹതോട്ടത്തിലൂടെയാണ് യാത്ര. വിസ്തൃതമായ തോട്ടഭൂമി എന്നും എനിക്കൊരു കൗതുകമായിരുന്നു എന്നുപറയാം. ഒരിക്കൽ യാത്രക്കിടയിൽ അമ്മയോട് ഞാൻ ചോദിച്ചു 'ഈ എസ്റ്റേറ്റ് എല്ലാം ഒരാളുടേതാണൊ'. അതേ എന്നായിരുന്നു അമ്മയുടെ മറുപടി. എന്നാൽ അടുത്ത സീറ്റിൽ ഇരുന്ന വൈദ്യുതിബോർഡ് ജീവനക്കാരനായ ഒരാൾ പറഞ്ഞു. 'മോനെ ഇത് ബ്രിട്ടീഷുകാരന്റെ ഭൂമിയാണ്. പാട്ടത്തിന് കൃഷിചെയ്യാൻ വാങ്ങി എന്നേ ഉള്ളൂ. കാലാവധി കഴിയുമ്പോൾ മടക്കി കൊടുക്കണം' എന്ന്. പാട്ട ഭൂമി എന്നുപറഞ്ഞാൽ എന്താണെന്ന് അന്നെനിക്ക് മനസിലായില്ല.

എങ്കിലും ബ്രിട്ടീഷുകാരുടെ വകയാണെന്ന് അറിഞ്ഞപ്പോൾ വിഷമം തോന്നി. ഈ സംഭാഷണം എന്റെ മനസിൽ കിടന്നു. മാധ്യമപ്രവർത്തനം തുടങ്ങിയപ്പോൾ പോലും ഞാൻ ഈ സംഭാഷണത്തിന്റെ പൊരുൾ കാര്യമാക്കിയില്ല. 2009-ൽ ആണ് ഹാരിസൺ ഭൂമിയെപ്പറ്റി സുബിതാ മേനോൻ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കി എന്ന വിവരം അറിയുന്നത്. ആ റിപ്പോർട്ട് വായിച്ചപ്പോഴാണ് ഭൂമിയുടെ ഉടമ ഇപ്പോൾ ഗോയങ്ക ആണെന്ന കാര്യം അറിയുന്നത്. രണ്ടുവാർത്തകൾ അന്ന് സുബിതാ മേനോൻ റിപ്പോർട്ടിനെപ്പറ്റി നൽകി. പിന്നീട് കാര്യമായി ഒന്നും ചെയ്തില്ല. എന്നാൽ 2005-ൽ ഹാരിസൺ കമ്പനിയുടെ പക്കലുള്ള കോട്ടയം ജില്ലയിലെ ചെറുവള്ളിതോട്ടം ബിഷപ്പ് യോഹന്നാന് വിറ്റതായി അറിഞ്ഞപ്പോൾ സംഭവത്തിന് പിന്നിലെ ഗൗരവുത്തെപ്പറ്റി എനിക്ക് ശരിക്കും ബോധ്യമായി. പിന്നീട് ഹാരിസണെതിരെയുള്ള അന്വേഷണമായിരുന്നു. അതിന് എന്നെ സഹായിച്ച അന്തരിച്ച തഹസീൽദാർ മോഹനൻ നായരെ ഞാൻ ഇപ്പോഴും സ്മരിക്കുന്നു.

എന്താണ് ഹാരിസൺ ഭൂമിയുടെ പ്രശ്നങ്ങൾ?

ഒരുനൂറ്റാണ്ടിലേറെ കാലം നീളുന്ന ചരിത്രമാണ് ഈ ഭൂമി കുംഭകോണത്തിനുള്ളത്. പണ്ട് ബ്രിട്ടീഷുകാരുടെ മേൽകോയ്മ്മ ഇന്ത്യയിൽ നിലനിന്ന കാലം. കേരളത്തിലെ വളകൂറുള്ള മണ്ണിൽ കൃഷി ഇറക്കാൻ താത്പര്യം പ്രകടിപ്പിച്ച് വിവിധ പേരുകളോടെ ബ്രിട്ടീഷ് കമ്പനികൾ സ്ഥലത്തെത്തി. അക്കാലത്ത് ഭൂമിക്കുമേൽ അവകാശം സ്ഥാപിച്ചിരുന്ന കോവിലകങ്ങളിൽ നിന്നും പ്രഭുക്കന്മാരിൽ നിന്നും സർക്കാരിൽ നിന്നും അവർ ഭൂമി പാട്ടത്തിന് വാങ്ങി കാപ്പി, റബ്ബർ, തേയില എന്നിവ കൃഷിചെയ്യാൻ ആരംഭിച്ചു. റബ്ബർ പ്രോഡ്യൂസിങ് കമ്പനി, റബ്ബർ ഇൻവെസ്റ്റ്മെന്റ് കമ്പനി തുടങ്ങി വിവിധ പേരുകളിൽ ഭൂമി വാങ്ങി കൂട്ടിയ ഈ സ്ഥാപനങ്ങളുടെ എല്ലാം മേൽവിലാസം ഒന്നായിരുന്നു. 'നമ്പർ 4-10, ഗ്രേറ്റ് ടവർ ഇൻ ലണ്ടൻ'. ഇതിന്റെ അർഥം വിവിധ പേരുകളിൽ അറിയപ്പെടുന്ന ഈ കമ്പനികൾ എല്ലാം തന്നെ ഒന്നാണ് എന്നതാണ്.

1920-ൽ ഈ കമ്പനികൾ എല്ലാം ഒന്നിച്ച് 'മലായളം പ്ലാന്റേഷൻ ലിമിറ്റഡ്'എന്ന പേര് സ്വീകരിച്ചു. തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കമ്പനികൾ പാട്ടത്തിന് വാങ്ങിയ 75,000-ൽപരം ഏക്കർ ഭുമി മലാളം പ്ലാന്റേഷൻ ലിമിറ്റഡിന്റെ പേരിലേക്ക് മാറ്റി ആധാരം രജിസ്റ്റർ ചെയ്തു. നിശ്ചിത കാലയളവിലേക്ക് പാട്ടത്തിന് വാങ്ങിയ ഭൂമി ജന്മിയറിയാതെ മറ്റൊരു കമ്പനിയുടെ പേരിലേക്ക് മാറ്റിയതോടെ ഭൂമിയുടെ അവകാശം മലയാളം പ്ലാന്റേഷനായി. പിന്നീട് റവന്യൂ ഉന്നതരെ സ്വാധീനിച്ച് ഇല്ലാത്ത രേഖകൾ അവർ സൃഷ്ടിച്ചു.

എങ്ങനെയാണ് ഭൂമി ഗോയങ്കയുടെ കൈവശം എത്തിയത്?

ആർ.പി.ഗോയങ്ക വെറും ബിനാമി മാത്രമാണ്. പതിറ്റാണ്ടുകൾ ഭൂമി കൈവശം വച്ച് അനുഭവിച്ചുവന്ന മലയാളം പ്ലാന്റേഷന് ഏറ്റ പ്രഹരമായിരുന്നു 1963-ലെ ഭൂപരിഷ്‌ക്കരണ നിയമം. വിദേശ കമ്പനി കേരളത്തിന്റെ മണ്ണിൽ 75,000 ഏക്കർ ഭൂമി കൈവശം വച്ചിരുക്കുന്നു എന്നത് ഭൂപരിഷ്‌ക്കരണ നിയമങ്ങൾക്ക് വിരുദ്ധമാണ്. വൈകാതെ 1971-ൽ ഫെറാ നിയമവും നിലവിൽ വന്നു. ഇന്ത്യയിൽ വിദേശകമ്പനിക്ക് ഭൂമി വിൽക്കാനും വാങ്ങാനും കൈവശം വയ്ക്കാനും പറ്റില്ലെന്ന വ്യവസ്ഥ ഈ നിയമത്തിലുണ്ട്. ഇതിന് തടയിടാൻ മലയാളം പ്ലാന്റേഷന്റെ ചില ആശ്രിതർ ഒത്തുചേർന്ന് 1978-ൽ കൊച്ചിയിൽ മലയാളം പ്ലാന്റഷൻ( ഇന്ത്യാ) ലിമിറ്റഡ് എന്നൊരു കമ്പനി തുടങ്ങി. തുടർന്ന് ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാന്റേഷൻ ലിമിറ്റഡിന്റെ ഷെയർ ഇവർ വാങ്ങി. 1982-ൽ കേരളത്തിൽ നിന്നും തേയില കാപ്പി എന്നിവ വാങ്ങിയിരുന്ന മറ്റൊരു ബ്രിട്ടീഷ് കമ്പനിയായ ഹാരിസൺ ആൻഡ് ക്രോസ്ഫീൽഡ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഷെയർ കൂടി വാങ്ങി ഹാരിസൺസ് മലയാളം പ്ലാന്റഷൻ( ഇന്ത്യാ) ലിമിറ്റഡ് എന്ന കമ്പനിയായി മാറി. ബ്രിട്ടീഷ് കമ്പനികളുടെ ഷെയർ വാങ്ങിയതല്ലാതെ ഇവർ ഭൂമി സ്വന്തം പേരിൽ കൂട്ടിയിട്ടില്ലെന്ന കാര്യം ശ്രദ്ധേയമാണ്.

ഹാരിസന്റെ പേരിൽ ഭുമി ഇല്ലെന്നാണൊ?

ഹാരിസൺസ് മലയാളം പ്ലാന്റേഷൻ (ഇന്ത്യാ)ലിമിറ്റഡിന്റെ പേരിൽ കാലുകുത്താൻ ഇടമില്ല. അടുത്ത കാലം വരെ ഹാരിസൺ കരം അടച്ചുകൊണ്ടിരുന്നത് ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാന്റേഷൻ ലിമിറ്റഡിന്റെ പേരിലാണ്. കരം അടച്ചതിന്റെ രസീത് പോരെ തെളിവിന്. അല്ലെങ്കിൽ റവന്യൂ രേഖകളിലുണ്ടല്ലൊ.

എങ്ങനെ ഭൂമി ബ്രിട്ടീഷ് രാജ്ഞിയുടെ പേരിൽ എത്തി?

ഹാരിസന്റെ കൈവശമുള്ള ഭൂമി ഇപ്പോഴും ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാന്റേഷൻ ലിമിറ്റഡിന്റെ പേരിലാണെന്ന് വ്യക്തമാണെല്ലൊ. ഈ ബന്ധം തുടരുന്നതിനാലാണ് ഹാരിസൺസിന്റെ ഉടമയായ ഗോയങ്ക ബ്രിട്ടനിലെ ചാനൽ ഐലൻഡിലേക്ക് പണംകടത്തുന്നത്. ഇക്കാര്യം റവന്യൂ സ്പെഷൽ ഓഫീസർ എം.ജി രാജമാണിക്യം റിപ്പോർട്ട് ചെയ്തിരുന്നതാണ്. ഹാരിസൺ കമ്പനിയുടെ യഥാർത്ഥ ഉടമ ബ്രിട്ടനിലെ ചാനൽ ഐലൻഡിൽ പ്രവർത്തിക്കുന്ന ആംബിൾഡൗൺ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ആ കമ്പനിയുടെ 100 ശതമാനം ഷെയറുകളും ആന്തണി ജാക്ക് ഗ്വിന്നസ് എന്നയാളുടേതാണ്. കള്ളപ്പണ നിക്ഷേപകരുടെ സ്വർഗമെന്നാണ് ചാനൽ ഐലൻഡ് അറിയപ്പെടുന്നത്. ഗോയങ്ക കേരളത്തിനുപുറമെ ബംഗാളിൽ നിന്നും പണം കടത്തുന്നുണ്ട്. ഹാരിസൺസിന്റേതിന് സമാനമായ ഓഹരി പങ്കാളിത്തം ബംഗാളിലെ ഏറ്റവും വലിയ വൈദ്യുതി ഉൽപ്പാദന വിതരണ കമ്പനിയായ കൽക്കത്ത ഇലക്ട്രിക് സപ്ലൈ കോർപ്പറേഷനിലും (സ്സെ്ക്) ആംബിൾഡൗൺ ഇൻവെസ്റ്റ്മെന്റുണ്ട്. ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാൻേഷൻസ് (ഹോൾഡിങ്) ലിമിറ്റഡ് തങ്ങളുടെ ആസ്തിയും വരുമാനവുമെല്ലാം ഇന്ത്യയിലെ ഹാരിസൺസ് മലയാളം, സെസ്‌ക്, സെന്റിനൽ ടീ ലിമിറ്റഡ് എന്നീ കമ്പനികളിൽ നിന്നാണെന്ന് അവരുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. മലയാളം പ്ലാൻേഷൻസിന്റെ 100 ശതമാനം ഓഹരിയും ആമ്പിൾഡൗണിനാണ്. മലയാളം പ്ലാൻേഷൻസിന്റെ ഡയറക്ടർ ബോർഡിൽ എച്ച്.എം.എൽ, സെന്റിനൽ ടീ ലിമിറ്റഡ്, സ്സെ്ക് എന്നിവയുടെ ചെയർമാനായിരുന്ന സഞ്ജീവ് ഗോയങ്ക അംഗമായിരുന്നു.

വിദേശ ഓഹരി പങ്കാളിത്തത്തിന്റെ പേരിൽ ഇന്ത്യയിൽ നിന്ന് പണം കടത്തുകയും അത് നികുതിരഹിത നിക്ഷേപത്തിന് അവസരമുള്ള ബ്രിട്ടനിലെ ചാനൽ ഐലന്റിൽ നിക്ഷേപിക്കുകയുമാണ് ഗോയങ്ക ചെയ്തുവരുന്നതെന്ന് തെളിയിക്കുന്ന വേറെയും രേഖകളുണ്ട്. ഹാരിസൺ മലയാളം കമ്പനി കൈവശപ്പെടുത്തിയിട്ടുള്ള കേരളത്തിലെ 59,000-ൽപരം ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം ബ്രിട്ടീഷ് രാജ്ഞിക്കാണെന്ന് പറഞ്ഞത് മലയാളം പ്ലാന്റേഷൻ (യു.കെ) ഹോൾഡിംഗാണ്. നേരത്തെ ഭൂമി ബ്രിട്ടീഷ് സർക്കാർ വകയാണെന്നും ഇവർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ ഹാരിസണെതിരെ കേസ് വന്നതോടെയാണ് കമ്പനി പിരിച്ചുവിട്ട് തങ്ങളുടെ അധീനതയിലുള്ള എല്ലാ സ്ഥാപര ജംഗമ സ്വത്തുക്കളൂം ബ്രിട്ടീഷ് രാജ്ഞിക്ക് സ്വന്തമാണെന്ന് കമ്പനി അധികൃതർ പ്രഖ്യാപിച്ചത്. ഇക്കാര്യം കമ്പനിയുടെ വാർഷീക റിപ്പോർട്ടിലും പറഞ്ഞിട്ടുണ്ട്.

ഹാരിസന്റെ ആധാരം പോലും വ്യാജമാണൊ?

തീർച്ചയായും. എല്ലാം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ഇപ്പോൾതെളിഞ്ഞിട്ടുണ്ട്. സിപിഐയുടെ മുഖ്യമന്ത്രിയായ സി. അച്യുതമേനോന്റെ ഭരണകാലത്താണ് ഇവ സൃഷ്ടിച്ചത്. കമ്പനികളുടെ ആധാരങ്ങൾ ഇതിന് തെളിവാണ്. ഈ ആധാരങ്ങളെല്ലാം ചമക്കപ്പെട്ടത് 1970 മുതൽ 79 വരെയുള്ള കാലത്താണ്.. 1970 മുതൽ 77 വരെ മുഖ്യമന്ത്രിയായിരുന്നത് സി. അച്യുതമേനോനാണ്. 79ൽ പി.കെ.വിയുമായിരുന്നു മുഖ്യമന്ത്രി. അക്കാലത്ത് റവന്യു മന്ത്രിയായിരുന്നത് ബേബിജോണുമാണ്. ഈ ആധാരങ്ങളെല്ലാം വ്യാജമാണെന്നാണ് തെളിയുന്നത്്. അഞ്ചു ലക്ഷം ഏക്കർ ഭൂമിയാണ് ഈ കാലത്ത് വ്യാജ ആധാരങ്ങൾ വഴി കുത്തക കമ്പനികൾ കൈക്കലാക്കിയത്.

സ്വാതന്ത്ര്യ ശേഷം ഇന്ത്യയിൽ ഭൂമി കൈവശം വക്കുന്നതിനുള്ള അവകാശം ബ്രിട്ടീഷ് കമ്പനികൾക്ക് നഷ്ടപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിദേശ നാണ്യ വിനിമയ നിയന്ത്രണ ചട്ടം (ഫെറ) 1974 ജനുവരി ഒന്നിന് നിലവിൽ വന്നു. അതിൽ റിസർവ് ബാങ്കിന്റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ഇന്ത്യയിൽ വിദേശ കമ്പനികൾ പ്രവർത്തിക്കുന്നത് പൂർണമായും നിരോധിക്കുന്നു. അതിനു പിന്നാലെയാണ്? ബ്രിട്ടീഷ് കമ്പനികളിൽ നിന്ന്? ഭൂമി വാങ്ങിയെന്ന ആധാരങ്ങൾ ടാറ്റ, ഹാരിസൺസ്?, ടി.ആർ ആന്റടീ, ആർ.വി.ടി, എ.വി.ടി, കൽപ്പറ്റ, കോടാർ തുടങ്ങിയ തോട്ടം മേഖലയിലെ 200 ഓളം വരുന്ന കമ്പനികളെല്ലാം ചമച്ചത്. റിസർവ് ബാങ്ക് ചില കമ്പനികൾക്ക് അനുമതി നൽകിയെങ്കിലും അതിലെ പ്രധാന വ്യവസ്ഥ കൈവശ ഭൂമി വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ പാടില്ല എന്നായിരുന്നു. ഫെറ നിലവിൽ വന്നതോടെ വിദേശ കമ്പനികളിൽ നിന്ന് വിലക്കുവാങ്ങിയെന്ന പേരിൽ വമ്പൻ കമ്പനികൾ വ്യാപകമായി വ്യാജ ആധാരം ചമക്കുകയായിരുന്നു എന്നാണ് വെളിപ്പെടുന്നത്. ഈ ആധാരങ്ങളെല്ലാം അംഗീകരിച്ച് സർക്കാറിന് അവകാശപ്പെട്ട ലക്ഷ കണക്കിന് ഏക്കർ ഭൂമി കൈവശപ്പെടുത്താൻ വമ്പൻ കമ്പനികൾക്ക് കഴിഞ്ഞത് അന്നത്തെ ഭരണകർത്താക്കളുടെ പിന്തുണയോടെയാണ്.

കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലായി 29,000 ഏക്കറിലേറെ ഭൂമി കൈവശം വയ്ക്കുന്നതിന് കമ്പനി കാട്ടുന്നത് 1600/1923 നമ്പർ ആധാരമാണ്. ഇത് പൂർണമായും വ്യാജമാണെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ആധാരം എഴുതിയ മുദ്രപത്രം അന്നത്തെ തിരുവിതാംകൂർ സർക്കാറിൽ നിലവിലുണ്ടായിരുന്നതല്ലെന്നാണ് അന്ന് അന്വേഷണം നടത്തിയ വിജിലൻസ്? ഡി.വൈ.എസ്‌പി നന്ദനൻ പിള്ള കണ്ടെത്തിയത്. 1923 കാലത്തെ തിരുവിതാംകൂറിന്റെ മുദ്ര പത്രങ്ങൾ ശംഖ്, ഗവൺമെന്റ് ഓഫ് ട്രാവൻകോർ എന്നീ വാട്ടർമാർക്കുകൾ വ്യക്തമായി രേഖപ്പെടുത്തിയവയാണ്. അതേസമയം ഹാരിസൺസ്? ഹാജരാക്കിയ ആധാരത്തിൽ ജോൺ ഡിക്കിൻസ് എന്ന ലണ്ടൻ കമ്പനിയുടെ വാട്ടർമാർക്കാണുള്ളത്. മുദ്രപത്രത്തിൽ പതിച്ചിരിക്കുന്ന തിരുവിതാംകൂർ സർക്കാറിന്റെ മുദ്രയും അക്കാലത്തെ മറ്റ് ആധാരങ്ങളിൽ ഉള്ളവയല്ല. ഇങ്ങനെ ഒട്ടേറെ പൊരുത്തക്കേടുകൾ ഉള്ളതായാണ് വിജിലൻസ്? റിപ്പോർട്ടിൽ നന്ദനൻ പിള്ള രേഖപ്പെടുത്തിയിരിക്കുന്നത്. വസ്?തുതകൾ ഇതായിരിക്കെകയാണ് കേസിലെ പ്രതികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തുവരുന്നത്.

ഹാരിസന്റെ മിച്ചഭൂമി പോലും ഏറ്റെടുക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ശരിയാണൊ?.

നൂറു ശതമാനം. സംസ്?ഥാനത്ത് 18,322.46 ഏക്കർ ഭൂമി അനധികൃതമായി കൈവശമുണ്ടെന്ന് ഹാരിസൺസൺ തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നിട്ടും ഭൂമി പിടിച്ചെടുക്കാൻ സംസ്ഥാന ലാൻഡ് ബോർഡ്? ശ്രമിക്കുന്നില്ല. ഹാരിസൺസിന്റെ വാർഷിക റിപ്പോർട്ടുകളിലാണ് തങ്ങളുടെ കൈവശം തോട്ടമല്ലാത്ത 18,322.46 ഏക്കർ ഭൂമിയുണ്ടെന്ന് വ്യക്തമാക്കുന്നത്. 'റിസർവ്' എന്നാണ് ഇത്? രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ജില്ല തിരിച്ചുള്ള കണക്കും അവർ നിരത്തുന്നു. കഴിഞ്ഞ മാർച്ച് 31ന് പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിലും ഈ കണക്കുകളുണ്ട്. തോട്ട ഇതര ഭൂമി 15 ഏക്കറിൽ കൂടുതൽ കൈവശമുള്ളവരിൽ നിന്ന് അത് ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നാണ്? ഭൂപരിഷ്‌കരണ നിയമം അനുശാസിക്കുന്നത്. ഭൂപരിഷ്‌കരണ നിയമം 85 (2) വകുപ്പ് പ്രകാരം മിച്ചഭൂമി കൈവശമുണ്ടോ ഇല്ലയോ എന്നതിന് ഭൂ ഉടമകൾ ലാൻഡ് ബോർഡിൽ സീലിങ് റിട്ടേൺ ഫയൽ ചെയ്യണം.

റവന്യൂ വകുപ്പിന്റെ ഫോറം ഒന്നു പ്രകാരമാണ് സീലിംങ് റിട്ടേൺ നൽകേണ്ടത്. ഫോറം ഒന്നിൽ ഹാരിസൺ ഇതേവരെ സീലിങ് റിട്ടേൺ ഫയൽ ചെയ്തിട്ടില്ല. വാർഷിക റിപ്പോർട്ടുകളിൽ കാണിക്കുന്ന കണക്കനുസരിച്ച് സ്വമേധയാ നടപടി സ്വീകരിക്കാൻ സംസ്?ഥാന ലാൻഡ് ബോർഡിന് കഴിയും. അതിന് ലാൻഡ് ബോർഡ് തുനിഞ്ഞിട്ടുമില്ല. അഞ്ചു വർഷത്തിലേറെയായി ഹാരിസൺസിന്റെ വാർഷിക റിപ്പോർട്ടുകളിൽ തോട്ട മല്ലാത്ത 18,322 ഏക്കറോളം ഭൂമിയുടെ കണക്ക് നിരത്തുന്നുണ്ടെങ്കിലും അതനുസരിച്ച്? മിച്ച ഭൂമി കേസ്? ലാൻഡ്? ബോർഡ്? എടുത്തിട്ടില്ല. വയനാട്? ജില്ലയിലാണ്? കമ്പനിക്ക്? ഏറ്റവും കുടുതൽ തോട്ട ഇതര ഭൂമിയുള്ളത്.

തോട്ടഇതരമായ 12,401.87 ഏക്കർ ഭൂമി വയനാട്ടിൽ ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചെങ്ങറ ഭൂസമരം നടക്കുന്ന കുമ്പഴ എസ്?റ്റേറ്റിലും 214.89 ഏക്കർ തോട്ടമല്ലാത്ത ഭൂമി ഉണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്?, വയനാട് ജില്ലകളിലാണ് ഹാരിസൺസിന് ഭൂമിയുള്ളത്. എല്ലാ ജില്ലകളിലും ?േതാട്ടമല്ലാത്ത ഭൂമിയുള്ളതായി കണക്കുകൾ കാണിക്കുന്നു. കമ്പനിയുടെ കൈവശം ഒരു ലക്ഷം ഏക്കറിലേറെ ഭൂമിയുണ്ടെന്നാണ് സർക്കാർ നിയോഗിച്ച വിവിധ കമ്മീഷനുകളുടെയും സംസ്ഥാന വിജിലൻസിന്റെയും വിലയിരുത്തൽ. വാർഷിക റിപ്പോർട്ടുകളിലെ കണക്കുകളിൽ 52284.96 ഏക്കർ ഭൂമി മാത്രമാണുള്ളതെന്നാണ് കാണിക്കുന്നത്. അതിലാണ് 18,322.46 ഏക്കർ ഭൂമി റിസർവ് ഇനത്തിൽ ഉള്ളതായി പറയുന്നത്.

ഇടത് സർക്കാരിന് ഹാരിസൺ ഭൂമി ഏറ്റെടുക്കാൻ മടിയാണൊ?

പാവപ്പെട്ടവന്റെ പേരുപറഞ്ഞ് അധികാരത്തിൽ എത്തിയ ഇടത് സർക്കാറിന്റെ ബന്ധം വൻകിട കുത്തകകളോടാണ്. അച്ച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് ഹാരിസണെതിരെ ആദ്യ അന്വേഷണം നടന്നത്. അതിന് മുന്നോടിയായി അന്നത്തെ റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രൻ എന്നെ വിളിച്ച് ഹാരിസൺ രേഖകൾ ഹാജരാക്കാൻ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് എം.എൻ ഭവനിൽ വച്ച് ഞാൻ മന്ത്രിയെ കണ്ടു. ഹാരിസൺ കേസുകളെപ്പറ്റി വിശദീകരണവും നടത്തി. പാവപ്പെട്ടവർക്ക് അൽപ്പം ഭൂമി കൊടുക്കാൻ കഴിയുമൊ എന്ന് നോക്കാം എന്നായിരുന്നു മന്ത്രി പറഞ്ഞത്. വൈകാതെ ലാന്റ് റവന്യൂ കമ്മീഷണറായി നിവേദിതാ പി.ഹരന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി അന്വേഷണം ആരംഭിച്ചു. ഹാരിസണ് ഭൂമിക്കുമേൽ യാതൊരു അവകാശവും ഇല്ലെന്ന് വ്യക്തമാക്കി അവർ മാസങ്ങൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചു. പിന്നീട് റിപ്പോർട്ടിന്റെ നിയമസാധുതയെപ്പറ്റി പഠിക്കാൻ ജസ്റ്റീസ് എൽ.മനോഹരനെ കമ്മീഷനായി നിയമിച്ചു.

അദ്ദേഹം ഭൂമി ഏറ്റെടുക്കുന്നതിന് യാതൊവുവിധ തടസവാദങ്ങളുമില്ലെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ടെഴുതി. അതിനുശേഷം ലാന്റ്് റവന്യൂ അസിസ്റ്റന്റ് കമ്മീഷണറായ സജിത്ത് ബാബുവിനെ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ചു. ഭൂമി അടിയന്തരമായി ഏറ്റെടുക്കണമെന്ന് സൂചിപ്പിച്ച് അദ്ദേഹവും റിപ്പോർട്ട് എഴുതി. എന്നാൽ ജസ്റ്റീസ് എൽ.മനോഹരൻ കമ്മിറ്റി റിപ്പോർട്ടും സജിത്ത് ബാബുവിന്റെ റിപ്പോർട്ടും നിയമസഭയ്ക്ക് മുന്നിൽ വന്നില്ല. തുടർനടപടികൾ എല്ലാം നിശ്ചലമായി. കാരണം തിരക്കിയപ്പോൾ ഞെട്ടിക്കുന്ന വിവരമാണ് ലഭിച്ചത്. ഹാരിസണും സിപിഐ ഉന്നതരും തമ്മിൽ രഹസ്യധാരണയിലെത്തിയതായി അറിഞ്ഞു. അതോടെ എന്റെ പ്രതീക്ഷകളും അസ്തമച്ചു.

കഴിഞ്ഞ യു.ഡി.എഫ് സർക്കാർ എന്തുചെയ്തു?

പ്രതീക്ഷകൾക്ക് വിപരീതമായി കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഹാരിസൺ വിഷയത്തിൽ ശ്രദ്ധേയമായ നീക്കങ്ങളാണ് നടത്തിയത്. ആദ്യം റവന്യൂ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും പിന്നീട് എത്തിയ അടൂർ പ്രകാശും ഇക്കാര്യത്തിൽ വലിയ പങ്കുവഹിച്ചു. ഹാരിസന്റെ ഭൂമി ഇടപാടുകളെപ്പറ്റി അന്വേഷിക്കാൻ വിജിലൻസ് ഡിവൈ.എസ്‌പി നന്ദനൻപിള്ളയെ നിയമിച്ചത് അടൂർ പ്രകാശാണ്. ഹാരിസന്റെ ആധാരം പോലും വ്യാജമാണെന്ന് അദ്ദേഹം കണ്ടെത്തി. തുടർന്ന് റവന്യൂ വകുപ്പ് പ്ലീഡർ സുശീലാ ഭട്ടിനെ കേസ് വാദിക്കാനായി നിയമിച്ചു. ചെയ്യുന്ന ജോലിയോട് നൂറ് ശതമാനം കൂറുപുലർത്തിയ അവർ സർക്കാരിനുവേണ്ടി സമർഥമായി വാദിച്ചു. ഒടുവിൽ ഹാരിസൺ ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് കഴിയുമെങ്കിൽ അതിനുള്ള നടപടികൾ തുടങ്ങാൻ കോടതി വിധിച്ചു. അങ്ങനെയാണ് എറണാകുളം ജില്ലാ കലക്ടറായിരുന്ന രാജമാണിക്യത്തെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചത്.

രാജമാണിക്യത്തിന്റെ റിപ്പോർട്ടുകൾ ആധികാരികമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുശീലാഭട്ട് ശക്തമായി കോടതിയിൽ വാദമുന്നയിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ 36,000-ൽ പരം ഏക്കർ ഭൂമി ഏറ്റെടുത്തുകൊണ്ട് രാജമാണിക്യം ഹാരിസണെ വെല്ലുവിളിച്ചു. ഭൂമി ഏറ്റെടുക്കാൻ രാജമാണിക്യത്തിനുള്ള അധികാരത്തെ ചോദ്യം ചെയ്ത് ഭൂമി വാങ്ങിയവരും ഹാരിസണും ഹൈക്കോടതി സിംഗിൾ ബഞ്ചിനെ സമീപിച്ചു. രാജമാണിക്യത്തിന് ഭൂമി ഏറ്റെടുക്കാൻ അവകാശമുണ്ടെന്ന് ജസ്റ്റീസ് ആശ വിധിച്ചു. എന്നാൽ മുമ്പ് ഹാരിസണ് ഉണ്ടായ അനുകൂല വിധികൾ കണക്കിലെടുത്ത് അന്തിമ വിധിക്കായി ഹൈക്കോടതി ഡിവിഷൻ വഞ്ചിന് കേസ് വിട്ടു. അതിന്റെ വാദമാണ് ഇപ്പോൾ നടക്കുന്നത്. ഭരണം മാറി വീണ്ടും ഇടതുസർക്കാർ അധികാരമേറ്റതോടെ ഹാരിസൺ കേസുകളിൽ അനുകൂല വിധി ഉണ്ടാകാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ് ഇപ്പോൾ.

സർക്കാർ അഭിഭാഷക സുശീലാ ഭട്ടിനെ മാറ്റിയതിൽ ദുരൂഹതയില്ലെ?

അതാണ് സിപിഐയുടെ തന്ത്രം. സുശീലാ ഭട്ട് കേസ് വാദിച്ചാൽ ഹാരിസൺ തോൽക്കുമെന്ന് അറിയാം അതിനാലാണ് ശക്തയായ അവരെ മാറ്റിയത്. സുശീലാ ഭട്ടിനെ വീണ്ടും കേസ് ഏൽപ്പിക്കണമെന്ന് വി എസ്.അച്ച്യുതാനന്ദനും വി എം.സുധീരനും വാദിച്ചുനോക്കി. സുപ്രീം കോടതിയിൽ നിന്നും അഭിഭാഷകനെ വരുത്താം സുശീലാ ഭട്ടിനെ വേണ്ടാ എന്നായിരുന്നു റവന്യൂ മന്ത്രിയുടെ മറുടപടി.

സുശീലാ ഭട്ട് ബിജെപികാരിയല്ല. കോൺഗ്രസുകാരിയുമല്ല. കേസ് സമർഥമായി വാദിച്ചു എന്നതുമാത്രമാണ് അവരുടെ പേരിലുള്ള കുറ്റം. ഹാരിസണുവേണ്ടി സുശീലാ ഭട്ടിനെ മാറ്റി എന്നുപറയുന്നതാവും ശരി.

സിപിഎം നിലപാടിനെപ്പറ്റി ?

ഇക്കാര്യത്തിൽ മാത്രം സിപിഐയും സിപിഎമ്മും ഒരേ അഭിപ്രായക്കാരാണ്. ഹാരിസണാണ് അവർക്ക് എല്ലാം. ഹാരിസണെ തൊട്ടാൽ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നോകും. രാജമാണിക്യം റിപ്പോർട്ട് ശുപാർശകൾ നടപ്പാക്കരുതെന്നും റിപ്പോർട്ടിന് നിയമപരമായ പിന്തുണയില്ലെന്നും പറഞ്ഞത് നിയമവകുപ്പ് സെക്രട്ടറിയാണ്. അതിന് പിന്നിൽ സിപിഎമ്മിന്റെ നയമാണ് നാം കണ്ടത്.

മുഖ്യമന്ത്രി പിണറായി വിജയനും ഹാരിസൺ മലയാളം പ്ലാന്റേഷൻ (ഇന്ത്യാ) ലിമിറ്റഡ് അധികൃതരുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ രഹസ്യ കൂടിക്കാഴ്‌ച്ച നടത്തി എന്നതിന് തെളിവുണ്ട്.. ഹാരിസൺസിന്റെ ഡയറക്ടർ കൗഷിക് റോയി 2016 ഓഗസ്റ്റ് 29ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് നേരത്തെ നടത്തിയ കൂടിക്കാഴ്ചകളെപ്പറ്റി സൂചിപ്പിക്കുന്നത്. ഹാരിസൺസൺ ഭൂമി വിഷയങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയിട്ടുള്ള മീറ്റിങ്ങുകൾ ഓർമപ്പെടുത്തിയും ക്ഷമയോടെ കാര്യങ്ങൾ കേട്ടതിന് നന്ദി അറിയിച്ചുമാണ് കത്ത് തുടങ്ങുന്നത്.

ഹാരിസന്റെ പേരിലുള്ള കേസുകൾ പിൻവലിക്കണമെന്നായിരുന്നു കമ്പനിയുടെ പ്രധാന ആവശ്യം. വ്യാജ ആധാരങ്ങൾ നിർമ്മിക്കൽ, സർക്കാർ ഭൂമി കൈയേറ്റം, ഗൂഢാലോചന, സർക്കാറിന് 106 കോടി രൂപയുടെ നഷ്ടം വരുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഹാരിസൺസ് കമ്പനി ഭാരവാഹികൾക്കെതിരെ വിജിലൻസ് ഹൈക്കോടതിയിൽ 2013 നവംബർ ഒന്നിന് എഫ്.ഐ.ആർ സമർപ്പിച്ചത്. ഹാരിസൺസിന്റെ ആവശ്യങ്ങൾ പരിഗണിക്കുന്നതിന് റവന്യൂ, വനം, തൊഴിൽ വകുപ്പു മന്ത്രിമാരെ കൂടി ഉൾപ്പെടുത്തി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കണമെന്ന് അഭ്യർത്ഥിച്ച് 2016 ഡിസംബർ 28 തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണനും മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതൊക്കെ സിപിഎമ്മും ഹാരിസണും തമ്മിലുള്ള ബന്ധമല്ലെ സൂചിപ്പിക്കുന്നത്.

ഹാരിസൺ വാർത്തകളാണൊ ചെങ്ങറ സമരത്തിന് കാരണമായത്?

ചെങ്ങറ സമരം എന്റെ സൃഷ്ടിയല്ല. സാധുജന വിമോചന സംയുക്ത സമരവേദിയുടെ നേതാവ് ളാഹ ഗോപാലനായിരുന്നു അതിന്റെ അമരക്കാരൻ. ഹാരിസൺ വാർത്തകൾ മംഗളം പ്രസിദ്ധീകരിച്ചപ്പോൾ അവർ രേഖകൾ തേടി എത്തി. ചെങ്ങറ തോട്ടം പാട്ടഭൂമിയാണെന്ന് അറിഞ്ഞതോടെയാണ് അവർ സമരം ആസൂത്രണം ചെയ്തത്. മംഗളം വാർത്തകൾ വച്ച് ളാഹ ഗോപാലൻ വലിയ പോസ്റ്റർ ഇറക്കി. ളാഹതോട്ടത്തിലേക്ക് സമരക്കാർ കയറുന്നതിന് തലേ ദിവസം ളാഹ എന്നെ വിളിച്ചു. നാളെ ഒരു വാർത്ത ഉണ്ടെന്ന് മാത്രം പറഞ്ഞു. എന്നാൽ അത് ഇത്രയും വലിയ സമരമായി മാറുമെന്ന് ഞാൻ കരുതിയില്ല.

ഹാരിസൺസ് വാർത്തകൾ ഇത്രയേറെ വിജയിക്കാനുള്ള കാരണം?

മംഗളം മാനേജ്മെന്റ് എടുത്ത ധീരമായ നടപടിയാണ് അതിന് വഴിതെളിച്ചത്. ഒപ്പം രാജു മാത്യു എന്ന സമർഥനായ എക്സിക്യുട്ടീവ് എഡിറ്ററുടെ ഇടപെടലും. ഒരു പക്ഷേ രാജുമാത്യു ഇല്ലായിരുന്നുവെങ്കിൽ ഏതൊരു സാധാരണ വാർത്തപേലെ അപ്രസക്തമായി മാറുമായിരുന്നു ഹാരിസൺ വാർത്തകളും. ഇന്നും ഈ വാർത്തയ്ക്ക് പിന്നാലെ ഞാൻ നിൽക്കുന്നത് രാജു മാത്യുവും മാനേജ്മെന്റും നൽകുന്ന പിന്തുണകൊണ്ടുമാത്രമാണ്. ഇപ്പോൾ മാധ്യമം പത്രത്തിന്റെ സീനിയർ റിപ്പോർട്ടർ ശ്രീ ബിനുവും ഹാരിസൺ വാർത്തകൾ നന്നായി കൊടുക്കുന്നുണ്ട്. ചാനലുകൾ മുമ്പ് കാണിച്ച ആവേശം ഇപ്പോൾ കാട്ടുന്നില്ല.

വാർത്തകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഉണ്ടായ ഭീഷണികൾ എന്തൊക്കെയാണ്?

ഓർക്കാൻകൂടി വയ്യാത്ത രംഗങ്ങൾ. പക്ഷേ അതിന്റെയൊക്കെ പിന്നിൽ ഹാരിസൺ ആയിരുന്നില്ല. അവരിൽ നിന്നും ഭൂമി വാങ്ങിയ വമ്പന്മാരായിരുന്നു എനിക്കെതിരെ രംഗത്തുവന്നത്. ആദ്യം ടെലിഫോൺ വിളിയും ഭീഷണിയും മാത്രമായിരുന്നു. ഒരാൾ (പേരറിയാം. പറയുന്നില്ല) മിക്ക ദിവസവും വിളിക്കും. സൗമ്യമായ പെരുമാറ്റം. എന്നാൽ ആ സൗമ്യതയ്ക്ക് പിന്നിൽ അൽപ്പം ഭീഷണി നിലനിന്നിരുന്നുവെന്ന് വ്യക്തം. പക്ഷേ അത് ഭീഷണിയാണെന്ന് പറയാനും സാധിക്കില്ല. അതാണ് സംസാര ശൈലി. എന്റെ വീട്, വീട്ടുകാർ, ഇട്ടിരിക്കുന്ന ഡ്രസ്, എല്ലാം കൃത്യമായി അയാൾ ദിവസവും ഫോണിലൂടെ പറഞ്ഞിരുന്നു. താൻ ഒരു ദൈവവിശ്വാസിയാണെന്നും കടുംകൈ ചെയ്യാൻ പ്രേരിപ്പിക്കരുതെന്നും ഓർമ്മിപ്പിച്ചിരുന്നു. പിന്നൊരിക്കൽ അയാൾ എന്റെ ബൈക്കിനെ പിന്തുടർന്നെത്തി.

ബൈക്കിന് പിന്നാലെ ചാരനിറമുള്ള സുമൊ പിന്തുടർന്നപ്പോൾ എനിക്ക് സംശയമായി. ഒരു പാലത്തിന് സമീപമെത്തിയപ്പോൾ ഞാൻ ബൈക്ക് നിർത്തി. എന്നെ മറികടന്ന് വാഹനം കടന്നുപോയി. എനിക്ക് ഉണ്ടായ സംശയം അസ്ഥാനത്തായിരുന്നുവെന്ന് ഞാൻ കരുതി. എന്നാൽ വൈകാതെ മൊബൈൽ ഫോൺ ശബ്ദിച്ചു.....അത് അയാൾ ആയിരുന്നു. ആലപ്പുഴയ്ക്ക് പോകയാണെന്നും സജിത്തിനെ കണ്ടപ്പോൾ പരിചയപ്പെടണമെന്നുണ്ടായിരുന്നുവെന്നും വൈകാതെ പരിചയപ്പെടാമെന്നും അയാൾ പറഞ്ഞു. അതോടെ ഞാൻ മരവിച്ചുപോയി. പിന്നീട് അയാളെ ഞാൻ പരിചയപ്പെട്ടു. ഒരുപാട് കുശലം പറയുകയും ചെയ്തു.

18 കി.മീറ്റർ പിന്തുടർന്ന ലോറി

അന്നൊരു ഞായറാഴ്‌ച്ചയായിരുന്നു. ഓഫീസിൽ ഞാൻ മാത്രം. പണി കഴിഞ്ഞപ്പോൾ രാത്രി എട്ടര കഴിഞ്ഞു. സാധാരണ ഏഴുമണിക്ക് ഓഫീസ് വിട്ട് ഇറങ്ങുന്നതാണ്. അന്നതിന് കഴിഞ്ഞില്ല. ബൈക്ക് ടി.കെ റോഡിൽ (തിരുവല്ല-കുമ്പഴ റോഡ്) ഇറങ്ങിയപ്പോൾ കരിക്കിനേത്ത് എന്ന ഷോറൂമിന് മുന്നിൽ പഴയ ലോറി കിടക്കുന്നതു കണ്ടു. വാഹനത്തിന്റെ പഴക്കമാണ് എന്നെ ആകർഷിച്ചതെന്ന് പറയാം. ബൈക്ക് മുന്നോട്ടെടുത്തപ്പോൾ പിന്നിൽ ലോറി സ്റ്റാർട്ട് ചെയ്യുന്നതു കേട്ടു. അര കി.മീറ്റർ ഓടിക്കാണും . ബൈക്ക് സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെത്തി. അവിടെ സിഗ്‌നൽ ലൈറ്റുണ്ട്. ഞാൻ ബൈക്ക് അവിടെ നിർത്തി. പിന്നിലെ ലോറിയും എത്തി ബ്രേക്ക് ചെയ്തു. സിഗ്‌നൽ കാത്ത് രണ്ട് സെക്കന്റ് നിന്നപ്പോഴാണ് എട്ടുമണി വരെ മാത്രമെ സിഗ്‌നൽ ലൈറ്റ് ഉള്ളൂവെന്ന കാര്യം ഓർത്തത്. ഇതിനിടെ ലോറി ഹോറൻ മുഴക്കി. ഞാൻ പെട്ടന്ന് ബൈക്ക് മുന്നോട്ടെടുത്തു. നൂറ് മീറ്റർ കഴിഞ്ഞപ്പോൾ മൊബൈൽ ഫോൺ ശബ്ദിച്ചു. ബൈക്ക് റോഡിന്റെ ഓരം ചേർത്ത് നിർത്തി. എന്നെ മറികടന്ന ലോറിയുടെ വേഗത പെട്ടന്ന് കുറഞ്ഞു. അതിനുള്ളിൽ നിന്നും ഒരാൾ ഗൗരവ ഭാഗത്തിൽ എന്നെ നോക്കുന്നത് കാണാമായിരുന്നു. സിഗ്‌നൽ ലൈറ്റിന് സമീപം ബൈക്ക് നിർത്തിയതിനാലാവും ആ രോക്ഷപ്രകടനമെന്ന് ഞാൻ തെറ്റി ധരിച്ചു. ലോറി കൺമുന്നിൽ നിന്ന് മറഞ്ഞപ്പോൾ ഫോൺ സംഭാഷണം മതിയാക്കി ബൈക്ക് മുന്നോട്ടെടുത്തു. ഉദ്ദേശം അര കി.മീറ്റർ പിന്നിട്ടുകാണും ഒരു ലോറി സൈഡിൽ നിർത്തിയിട്ടിരിക്കുന്നത് കണ്ടു. ബൈക്ക് അതിനെ മറികടന്നതും വാഹനം ഇരമ്പിയെത്തിയതും പെട്ടന്നായിരുന്നു. ഇടിച്ചു ഇടിച്ചില്ല എന്ന സ്ഥിതിയായപ്പോൾ റോഡിന്റെ ഓരത്തുള്ള വൈദ്യുതി പോസ്റ്റിന് പിന്നിൽ ഞാൻ ബൈക്ക് ഒതുക്കി നിർത്തി. കേവലം 15 സെ.മി വ്യത്യാസത്തിൽ ലോറി എന്നെ ഇടിക്കാതെ മറികടന്നു. അറിയാതെ ഞാൻ നെഞ്ചിൽ കൈവച്ചുപോയി.

വഴിവിളക്കുകൾ കത്തുന്നുണ്ട്. റോഡിൽ വാഹനങ്ങൾ കുറവാണ്. മുന്നിൽ പോസ്റ്റ് കണ്ടതുകൊണ്ടാവാം അവരെന്നെ ഇടിച്ചുതെറിപ്പിക്കാഞ്ഞതെന്ന് ഞാൻ ഓർത്തു. വീണ്ടും ബൈക്ക് മുന്നോട്ടെടുത്തു. രണ്ടു കി.മീറ്റർ ഭാഗം കുഴപ്പമില്ലാതെ കടന്നുപോയി. ചുരളിക്കോട് എന്ന സ്ഥലത്തെത്തിയതും റോഡിന്റെ ഓരത്തുനിന്നും ഇരമ്പൽ കേട്ടതും പെട്ടന്നായിരുന്നു. ഇരുളിന്റെ മറവിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ വെളിച്ചം സൈഡ് മിററിൽ പതിച്ച് എന്റെ കണ്ണിൽ തട്ടി. ഒരു സ്പ്ലെണ്ടർ ബൈക്കിന് പരമാവധി എത്ര കി.മീറ്റർ സ്പീഡിൽ ഓടാൻ കഴിയുമെന്ന കാര്യം ഓർക്കുക. ലോറി തൊട്ടുപിറകിൽ ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. മുന്നിൽ ഏകദേശം 150 മീറ്റർ ഭാഗത്ത് വയലാണ്. അതുകഴിഞ്ഞാൽ വാര്യാപുരം കയറ്റം. ദൈവം ഏന്റെ കൂടെ ഉണ്ടായിരുന്നു. ഇറക്കമിറങ്ങി അമിതവേഗതയിൽ ഒരു പാസ്റ്റ് പാസഞ്ചർ വരുന്നത് ഞാൻ കണ്ടു. ഇതോടെ ലോറിയുടെ വേഗത കുറഞ്ഞു. കയറ്റത്തിന് മുമ്പ് ഇടതു ഭാഗത്തേക്ക് ഒരു ചെറിയ റോഡുണ്ട്. അത് എവിടേക്കുള്ള വഴിയാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ബൈക്ക് ആ റോഡിലേക്ക് തിരിച്ചു. ലോറിക്ക് എത്താൻ കഴിയാത്തതിനാൽ അവർ നേരെ ഓടിച്ചുപോയി.

കുറഞ്ഞത് പത്തുമിനിറ്റ് ഞാൻ അവിടെ നിന്നു. ഇതിനിടെ വീട്ടിൽ നിന്നും ഫോണും എത്തി. താമസിക്കും എന്ന് പറഞ്ഞശേഷം ബൈക്കിൽ കയറി. വാര്യാപുരത്ത് കയറ്റത്തോടൊപ്പം രണ്ട് വളവുണ്ട്. രണ്ടാമത്തെ വളവ്് പിന്നിട്ടപ്പോൾ സൈഡിൽ നിർത്തിയിട്ടിരിക്കുന്ന ലോറി കാണായി. ബൈക്കിനോടൊപ്പം ഒരു മത്സരത്തിന് തയ്യാറായി നിൽക്കുകയായിരുന്നു അവരെന്ന് തോന്നും. ഞാനും ലോറിയും തമ്മിൽ കഷ്ടിച്ച് അഞ്ചുമീറ്റർ മാത്രം അകലം. പെട്ടന്ന് വാര്യാപുരം ജംഗ്ഷനിലൂടെ മുകളിലേക്ക് കിടക്കുന്ന റോഡിലേക്ക് ഞാൻ ബൈക്ക് പായിച്ചു. അവിടെ കുറച്ച് ഓട്ടോറിക്ഷകൾ കിടന്നിരുന്നു. ബൈക്കിന് പിന്നാലെ അമിത വേഗതയിൽ ലോറി പാഞ്ഞുവരുന്നത് കണ്ടപ്പോൾ എന്തൊ പന്തികേടുണ്ടെന്ന് ഓട്ടോ ഡ്രൈവർമാർക്ക് വ്യക്തമായി. ജംഗ്ഷനിലെ തിരക്ക് കണ്ടതോടെയാവാം അവർ ലോറി നിർത്താതെ നേരെ പോയി.
എന്റെ മരണപ്പാച്ചിൽ കണ്ട ഓട്ടോ ഡ്രൈവർമാർ കാരണം തേടി. കാര്യം അറിഞ്ഞപ്പോൾ അവർ സജീവമായി. എന്റെ ഫോൺ നമ്പർ അവർ വാങ്ങി. സഹായത്തിന് കൂടെ വരാമെന്ന് പറഞ്ഞപ്പോൾ സാധാരണക്കാരായ അവരുടെ വലിയ മനസിനുമുന്നിൽ ഞാൻ തൊഴുത് നിന്നുപോയി.

ഉദ്ദേശം പത്തുമിനിറ്റ് കഴിഞ്ഞാണ് യാത്ര തുടർന്നത്. രണ്ടര കി.മീറ്റർ ഭാഗത്ത് കുഴപ്പം ഒന്നും ഉണ്ടായില്ല. എന്നാൽ ഇലന്തർ അടുക്കുന്നതിന് മുമ്പ് ചെറിയ ഒരു വളവുണ്ട്. വളവിലേക്ക് മറ്റൊരു റോഡ് വന്നുചേരുന്നുണ്ട്. ഈ റോഡിലേക്ക് ലോറി കയറ്റി ഇട്ടശേഷം എന്റെ വരവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അവർ. ഞാൻ വളവു തിരിഞ്ഞതും പിന്നാലെ ലോറി എത്തിയതും ഒന്നിച്ചായിരുന്നു. ഇവിടെയും ദൈവം എന്റെ രക്ഷക്കെത്തി. മുന്നിൽ ഓടിയിരുന്ന കാറിനെ ഞാൻ മറികടന്നു. ഒപ്പം വേഗത കുറച്ച് കാറിന് അൽപ്പം മുന്നിലായി യാത്ര തുടർന്നു. ഇലന്തൂർ ജംഗ്ഷനിലുള്ള പെട്രോൾ പമ്പിലേക്ക് ഞാൻ ബൈക്ക് കയറ്റി. ഇന്ധനം നിറച്ചശേഷം ഞാൻ ആറന്മുള എസ്.ഐയെ വിളിച്ച് വിവരം ധരിപ്പിച്ചു. ലോറിയുടെ നമ്പറാണ് അവർ ആദ്യം തിരക്കിയത്. മരണപ്പാച്ചിലിനിടെ നമ്പർ നോക്കാൻ എവിടെ സമയം. കോഴഞ്ചേരി ടൗണിൽ തങ്ങൾ പെട്രോളിങ് നടത്തുകയാണെന്നും ലോറി എത്തിയാൾ പിടിക്കാമെന്നുമായിരുന്നു എസ്.ഐയുടെ മറുപടി.

പത്തനംതിട്ട മുതൽ ഇലന്തൂർ വരെ കേവലം 7 കി.മീറ്റർ മാത്രം . ഇത്രയും ദൂരം എത്താൻ എടുത്തത് മുക്കാൽ മണികൂറോളം സമയം. പെട്രോൾ പമ്പ് വിട്ട് ഞാൻ യാത്ര തുടർന്നു. പൂക്കോട് എന്ന സ്ഥലം പിന്നിട്ട് കയറ്റം കയറി തുടങ്ങി. ഇതാ സൈഡിൽ ഭീകര രൂപം പോലെ ലോറി കിടക്കുന്നു. കയറ്റത്തിൽ ഞാനായിരുന്നു മിടുക്കൻ ലോറിയെ നൂറു മീറ്ററോളം പിന്നിലാക്കി ബൈക്ക് മുന്നോട്ടുപാഞ്ഞു. എതിരെ ഒരു കെ.എസ്.ആർ.ടി.സി ബസുകൂടി എത്തിയതോടെ ബൈക്ക് ബഹുദൂരം മുന്നിലെത്തി. നെല്ലിക്കാലാ ജംഗ്ഷനിലെത്തിയപ്പോൾ പ്രധാന റോഡ് വിട്ട് ഞാൻ വലത്തേക്ക് തിരിഞ്ഞു. രണ്ടര കി.മീറ്റർ യാത്രചെയ്ത് വട്ടക്കാവുങ്കൽ എന്ന സ്ഥലത്തെത്തി കോഴഞ്ചേരിക്ക് യാത്ര തുടർന്നു. ഒമ്പതര കഴിഞ്ഞപ്പോൾ കോഴഞ്ചേരി ടൗണിലെത്തി. സ്വകാര്യ ബസ് സ്റ്റാന്റിന് സമീപം പൊലീസ് ജീപ്പ് കിടന്നിരുന്നു. പൊലീസിനോട് കാര്യം പറഞ്ഞപ്പോൾ ഞങ്ങൾ നോക്കി നിൽക്കുകയായിരുന്നുവെന്നും ഇതുവഴി സംശയാസ്പദമായ രീതിയിൽ വാഹനങ്ങൾ ഒന്നും വന്നില്ലെന്നുമായിരുന്നു മറുപടി. ഇത് കേട്ടതോടെ ധൈര്യമായി. പമ്പാ നദിക്ക് കുറുകെയുള്ള കോഴഞ്ചേരിപാലത്തിലേക്ക് ബൈക്ക് കയറി. പാലം പിന്നിട്ടപ്പോൾ ഞെട്ടിപ്പോയി.

ഇതാ ലോറി വീണ്ടും റോഡ് സൈഡിൽ. അടുത്ത ഒന്നര കി.മീറ്റർ ഒരു ചെയ്സിങ് തന്നെയായിരുന്നു. എന്റെ മുന്നിൽ ജീവിതം അവസാനിക്കുന്നതായി തോന്നിപ്പോയി. മുന്നിൽ മിന്നാമിനുങ്ങിന്റെ പ്രകാശത്തിൽ എതോ ഒരു വാഹനം നീങ്ങുന്നതായി തോന്നി. എങ്ങനെയെങ്കിലും അതിനെ മറികടക്കണമെന്നു കരുതി ഞാൻ ബൈക്ക് പായിച്ചു. മൂന്നാമതും ദൈവത്തിന്റെ കാരുണ്യം ഞാൻ കണ്ടറിഞ്ഞു. കേടായ ഒരു ഓട്ടോറിക്ഷയെ വലിച്ചുകൊണ്ടുപോവുകയാണ് മറ്റൊരു ഓട്ടോ. ഞാൻ അതിന് മുന്നിൽ കയറി സൈഡ് ചേർത്ത് ബൈക്ക് വേഗത കുറച്ച് ഓടിച്ചു. ഓട്ടോ റിക്ഷാ ഡ്രൈവർ കാരണം ചോദിച്ചപ്പോൾ 'എന്നെ കൊല്ലാൻ ലോറിയിൽ ഗുണ്ടകൾ വരുന്നു' എന്ന് പറഞ്ഞൊപ്പിച്ചു. 'വണ്ടി നിർത്തടാ....ഞങ്ങടെ നാട്ടിൽ ഏത് ഗുണ്ടയാടാ വിളയാടാൻ' എന്നുപറഞ്ഞുകൊണ്ട് ഓട്ടോ റിക്ഷക്കാർ ശബ്ദമുണ്ടാക്കി.

രംഗം പന്തിയല്ലെന്ന് കണ്ട് ലോറിയുമായി ഗുണ്ടകൾ കടന്നു. എന്റെ ഗ്രാമത്തിലേക്ക് തിരിയുന്ന ഒരു ഇടവഴിയിലൂടെ ഞാൻ ബൈക്ക് ഓടിച്ചു. വീണ്ടും പ്രധാന റോഡിൽ എത്തുന്നതിന് മുമ്പ് ബൈക്ക് നിർത്തി ഞാൻ പരിസരം വീക്ഷിച്ചു. ഒരു വിധത്തിൽ രാത്രി പത്തരയോടെ വീട്ടിലെത്തി. ഇന്നും മനസിൽ ഒരു തീപന്തം പോലെ ആ യാത്ര ജ്വലിക്കുകയാണ്.