കണ്ണൂർ: രോശശാന്തി ശുശ്രൂഷാ തട്ടിപ്പുകളെ കുറിച്ച് മറുനാടൻ മലയാളി നിരവധി വാർത്തകൾ ചെയ്തിട്ടുണ്ട്. ആളുകളെ നഗ്നമായി കബളിപ്പിക്കുന്ന ഈ നാടകം കേരളത്തിൽ ഇപ്പോഴും അങ്ങോളമിങ്ങോള നടക്കുന്നുണ്ടെന്നത് ഞെട്ടിക്കുന്ന വിവരം തന്നെയാണ്. രോഗശാന്തി ശുശ്രൂഷാ വ്യവസായം തഴച്ചു വളരുമ്പോൾ കബളിപ്പിക്കപ്പെടുന്നത് സാധുക്കളാണ്. പലപ്പോഴും വിശ്വാസത്തിന്റെ കെണിയിൽ വീണു പോകുന്നവർക്ക് കരകയറാൻ പോലും സാധിക്കാറില്ല. ആൾക്കാരുടെ രോഗാവസ്ഥ അടക്കം മുതലെടുത്തുകൊണ്ടാണ് ഈ തട്ടിപ്പുകാർ വിലസുന്നത്. ഇത്തരം രോഗശാന്തി ശുശ്രൂഷാ തട്ടിപ്പുകാരുടെ കൂട്ടത്തിൽ മുന്നിലായിരുന്നു സജിത് പാസ്റ്റർ എന്ന പേരിൽ അറിയപ്പെടുന്ന സജിത് ജോസഫ്. മുമ്പ് സുഗതന്റെ കെട്ടഴിച്ചു വീഡിയോയിലൂടെ മറുനാടൻ ഇയാളുടെ കാപട്യം പുറത്തുകൊണ്ടുവന്നിരുന്നു.

'യേശുവേ, യേശുവേ. ..സുഗതന്റെ കെട്ടഴിച്ചു' എന്ന യൂട്യൂബ് വീഡിയോ മറുനാടൻ മലയാളി പുറത്തുവിട്ടതോടെയാണ് സജിത്ത് ജോസഫിന്റെ അത്ഭുത രോഗ ശാന്തിയിൽ സംശയങ്ങൾ സജീവമായത്. ഇതോടെ സമൂഹമാകെ സജിത്ത് ജോസഫിന്റെ രോഗശാന്തി ശുശ്രൂഷകളെ കരുതലോടെ കാണാൻ തുടങ്ങി. അതോടുകൂടി പല തട്ടിപ്പുകളും പുറത്തുവന്നു. ഇതിന് പിന്നാലെയും ഇയാളെ കുറിച്ചുള്ള തട്ടിപ്പുകൾ പുറത്ുതലന്നിരുന്നു.

ഭൂതത്തെ ആവാഹിക്കുന്നതു മുതൽ ഒരു സ്ത്രീയുടെ കണ്ണിന് കാഴ്‌ച്ച നൽകുന്നതു വരെയുള്ള വീരശൂര പരാക്രമങ്ങൾ വർണ്ണിക്കുന്ന നിരവധി വീഡിയോകൾ യൂടൂബിൽ സജിത് പോസ്റ്റ് ചെയ്തിരുന്നു. ആളുകളെ തള്ളി വീഴ്‌ത്തി 'രോഗം 'മാറ്റുകയാണ് ഇയാളുടെ ഉണർവ്വാണ് യോഗങ്ങളിലെ ചൂടൻ 'ഐറ്റം'. ഇത് ഏറെ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. പിൽക്കാലത്ത് കോവിഡ് സാഹചര്യങ്ങൾ മൂലം ഇത്തരം രോഗശാന്തി ശുശ്രൂഷകൾക്ക് അൽപ്പം കുറവു സംഭവിച്ചിരുന്നു. കോവിഡ് കാലത്തിന് ശേഷം പൂർവ്വാധികം ശക്തിയോടെ ഇക്കൂട്ടർ വീണ്ടും രംഗത്തുവന്നിരിക്കയാണ്. സജിത് പാസ്റ്റർ തന്നെ സജീമായി കളത്തിൽ ഇറങ്ങിയിട്ടുണ്ട്.

കിടപ്പുരോഗിയായ സ്ത്രീ എണീറ്റോടുന്ന അത്ഭുത രോഗശാന്തി ശുശ്രൂഷയുമായാണ് ഇക്കുറി സജിത് പാസ്റ്റർ രംഗത്തുവന്നിരിക്കുന്നത്. തൃശ്ശൂരിൽ നടന്ന സെന്റ് ആനീസ് ചർച്ചിൽ ഇക്കഴിഞ്ഞ ജൂലൈ 19നാണ് സജിത് ജോസഫിന്റെ നേതൃത്വത്തിൽ വൻ രോഗശാന്തി ശുശ്രൂഷാ തട്ടിപ്പ് അരങ്ങേറിയത്. നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത കൺവെൻഷനിൽ കിടപ്പുരോഗിയായ സ്ത്രീയെ ഭേദപ്പെടുത്തി അവരെ എണീറ്റ് ഓടാൻ പ്രാപ്തരാക്കുന്ന വിധത്തിലുള്ള അത്ഭുതപ്രവർത്തിയാണ് സജീത് പാസ്റ്ററും സംഘവും നടത്തിയിരിക്കുന്നത്.

രോഗശാന്തി ശുശ്രൂഷയിൽ പുറനാട്ടുകര സ്വദേശിനിയാണ് കിടന്നിടത്ത് നിന്ന് എണീറ്റ് ഓടിയ രോഗി. ഇവർ കിടപ്പുരോഗിയാണെന്ന് നടിച്ചുകൊണ്ടാണ് രംഗത്തുവന്നത്. തുടർന്ന് സജിത് പാസ്റ്ററുടെ പ്രാർത്ഥനക്കും ഹല്ലേലൂയ വിളിക്കും ഒടുവിൽ ഇവർ കിടന്നിടത്തു നിന്നും എണീറ്റ് ഓടുകയും ചെയ്യുന്നു. 

അതേസമയം രോഗശാന്തി ശുശ്രൂഷ ലഭിച്ച സ്ത്രീയെ കുറിച്ച് മറുനാടൻ അന്വേഷണം നടത്തിയപ്പോൾ ഇവർക്ക് യാതൊരു അസുഖവും ഇല്ലെന്നും വ്യക്തമാക്കി. സജിത് പാസ്റ്ററു സംഘവും ചേർന്നു നടത്തിയ രോഗശാന്തി ശുശ്രൂഷാ നാടകത്തിൽ ഒരു നടി മാത്രമായിരുന്നു ഇവരെന്നാണ് വ്യക്തമാകുന്നത്. പുറന്നാട്ടുകര സ്വദേശിയായ സ്ത്രീ അടുത്തദിവസങ്ങളിൽ പോലും ബൈക്ക് ഓടിച്ച ഇതിലേ പോയിരുന്നു എന്നാണ് പ്രദേശത്തെ നാട്ടകാരും സാക്ഷ്യപ്പെടുത്തുന്നത്. ഇതോടെ യുവതി പാസ്റ്ററിനൊപ്പം നാടകം കളിക്കുകയായിരുന്നു എന്ന് വ്യക്തമായി.

അതേസമയം തൃശ്ശൂരിലെ രോഗശാന്തി ശുശ്രൂഷക്ക് ശേഷം കണ്ണൂരിലെ മലയോര മേഖലയിലും രോഗശാന്തി ശുശ്രൂഷയുമായി സജിത് പാസ്റ്റർ സജീവമാണ്. കണ്ണൂർ ജില്ലയിലെ ആലക്കോട് സെന്റ് മേരീസ് ഫെറോന പള്ളിയിലാണ് ഇയാൾ മൂന്ന് ദിവസം നീണ്ടു നിന്ന രോഗശാന്തി ശുശ്രൂഷ നടത്തിയത്. ഇതിന് ശേഷം പേരാവൂർ തൊണ്ടിയിൽ എന്ന സ്ഥലത്തേക്കുമാണ് അടുത്ത സ്‌റ്റേജ് ഷോ നടക്കുന്നത്. ആലക്കോട് ഇടവകയ്ക്ക് മാത്രമായല്ല ധ്യാനം നടന്നത് ഫെറോന പള്ളിയുടെ കീഴിലുള്ള എല്ലാ ഇടവകകളിലുള്ളവർക്കും ധ്യാനത്തിൽ പങ്കെടുക്കാം എന്നതാണ് ഓഫർ. മാത്രമല്ല ലോകത്ത് എവിടെ നിന്നുള്ള വിശ്വാസികൾക്കും പങ്കെടുക്കുന്നതിൽ തടസ്സമില്ല. അതിനാൽ പങ്കെടുക്കാൻ വരുന്ന വിശ്വാസികളിൽ എല്ലാവരെയും എല്ലാവർക്കും പരസ്പരം അറിയണമെന്നില്ല. തട്ടിപ്പിന്റെ സാധ്യതകളെല്ലാം മനസ്സിലാക്കിയാണ് സജീത് പാസ്റ്ററുടെ രംഗപ്രവേശം.

പാസ്റ്ററുടെ കീഴിലുള്ള പ്രത്യേക നാടകക്കാരാണ് ഈ തട്ടിപ്പുകൾക്കെല്ലാം കൂട്ടു നിൽക്കുന്നത്. രോഗശാന്തി ലഭിക്കുന്നതും, നൽകുന്നതും ഒരേ ടീമിലുള്ള ആൾക്കാർ തന്നെയാണ്. പല സ്ഥലങ്ങളിലുള്ള ആൾക്കാർ ഉള്ളതിനാൽ രോഗശാന്തി കിട്ടിയത് ആർക്ക്? അവരുടെ സ്വദേശം എവിടെ? എന്ന് ഒന്നും ആരും അന്വേഷിക്കാറില്ല. ധ്യാനം കഴിയുന്നതിന് മുൻപേ പരിചയപ്പെടാൻ അവസരം നൽകാതെ ഇവർ മാറിക്കളയും. രോഗശാന്തി ലഭിച്ചവരുടെ അഡ്രസ് തെളിയിക്കുന്ന രേഖകളും , ഫോൺ നമ്പറും വാങ്ങി വയ്ക്കാൻ തുടങ്ങിയാൽ അന്ന് ഈ തട്ടിപ്പിന് അവസാനമാകുമെന്ന് ഇവർക്കും അറിവുള്ളതാണ്.

20 അംഗങ്ങളുള്ള ഒരു ടീമാണ് സജിത്തിനുള്ളത്. അതിൽ പ്രധാന കഥാപാത്രങ്ങളായ സജിത്തും കൂടെ പിന്നണിയിൽ നിന്ന് അപശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന മിമിക്രി കലാകാരന്മാർക്കും മാറ്റമില്ല. ഓരോ ദിവസവും ഷിഫ്റ്റ് അടിസ്ഥാനത്തിൽ മാറി മാറി വരുന്നത് ഇവരുടെ ടീമിൽ പെട്ട ആൾക്കാർ തന്നെയാണ്. രോഗികളുടെ വേഷം കെട്ടുന്നവരും വിശ്വാസികളുടെ വേഷത്തിൽ വന്ന് രോഗശാന്തി ലഭിച്ചു എന്ന് പറയുന്നതും കന്യാസ്ത്രീകളുടെ വേഷം പോലും ഇവരുടെ ഇടയിൽ ചെയ്യാൻ ആൾക്കാരുണ്ട്.

വളരെ തീക്ഷണമായും, ആത്മാർത്ഥമായും പ്രാർത്ഥിക്കുന്ന യഥാർത്ഥ രോഗികൾ ഈ വേദിയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നുണ്ട് എങ്കിലും അവർക്കാർക്കും ഒരു രോഗ ശാന്തിയോ, ദൈവത്തിന്റെ സ്പർശനമോ ലഭിക്കാറില്ല. തീഷ്ണതയോടെ പ്രാർത്ഥിച്ചാൽ മാത്രമെ ദൈവം പ്രാർത്ഥന കേൾക്കൂ എന്ന് പാസ്റ്റർ ഇടവിടാതെ പറയുന്നുണ്ടാകും, തന്റെ തീഷ്ണതക്കുറവാണ് തനിക്ക് രോഗശാന്തി ലഭിക്കാത്തതിന് കാരണം എന്ന് കരുതി ഇവർ ആത്മ സംതൃപ്തിയടയും. പ്രാദേശികമായി രോഗശാന്തി ലഭിക്കാൻ കട്ടിലിൽ ചുമന്ന് കൊണ്ടുവരുന്ന രോഗികളെ, ധ്യാനം കഴിഞ്ഞ് അതേ അവസ്ഥയിൽ കരഞ്ഞ് കൊണ്ട് ചുമന്ന് തിരിച്ച് പോകാറാണ് പതിവ്. രോഗാവസ്ഥയിലെ നിസ്സഹായവസ്ഥയാണ് ഇവർ ചൂഷണം ചെയ്യുന്നത്. അതേസമയം മാർപാപ്പയുടെ മുട്ടുവേദന മാറ്റാൻ എന്തുകൊണ്ട് ഈ രോഗശാന്തി ശുശ്രൂഷകർക്ക് സാധിക്കുന്നില്ലെന്നാണ് യുക്തിയുള്ള വിശ്വാസികൾ തിരിച്ചു ചോദിക്കുന്നത്.

ചുരുങ്ങിയത് ആയിരം പേരെങ്കിലും ഇല്ലാതെ ഇവർ പരിപാടി നടത്താറില്ലെന്നാണ് വസ്തവം. അവസാന ദിവസമെങ്കിലും ലോട്ടറി അടിക്കും, രോഗം സുഖപ്പെടും , കഷ്ടപ്പാട് മാറും എന്നെല്ലാം കരുതി വിശ്വാസികൾ കാത്തിരിക്കും, അവസാന ദിവസം സ്‌തോത്ര കാഴ്ച എന്ന ഒരു പരിപാടിയുണ്ട്. ദൈവവുമായുള്ള ഇടപാടായതിനാൽ ആരും ചെറിയ തുകയൊന്നും നൽകാൻ താൽപ്പര്യപ്പെടുകയുമില്ല. അന്നേ ദിവസം അനുഗ്രഹങ്ങളും, രോഗശാന്തിയും വാരി വിതറും കൂടെ വിദേശത്ത് ജോലി നോക്കാൻ ശ്രമിക്കുന്ന അനേകം വ്യക്തികളുടെ തടസ്സം ഈശോ മാറ്റുന്നു എന്നും പറയും. ഇതിൽ കുറേപ്പേർ എങ്ങനെയും വിദേശത്ത് പോകും എന്ന് നൂറ് ശതമാനം ഉറപ്പാണ്. ഇങ്ങനെ മൊത്തത്തിൽ അവസാന ദിവസം ഒരു കലാശക്കൊട്ടായിരിക്കും നടത്തുക. ആ സമയത്ത് പിന്നണിയിൽ നിന്ന് ചീവിടിന്റെ ശബ്ദം പുറപ്പെടുവിക്കുന്നവനും, എൻഫീൽഡ് ബുള്ളറ്റിന്റെ ശബ്ദം നൽകുന്നവനും, ഓരിയിടുന്ന കുറുക്കനെ അനുകരിക്കുന്നവനും നിർത്താതെ ശബ്ദം പുറപ്പെടുവിച്ച് കൊണ്ടേയിരിക്കും.

സ്‌തോത്ര കാഴ്ച നൽകുന്ന സമയത്ത് ഇവരുടെ ടീമിൽ പെട്ട ആളുകൾ തന്നെ മാതൃകാപരമായി സ്വർണ്ണമോ, വൻ തുകയോ ബക്കറ്റിൽ നിക്ഷേപിക്കുന്ന രീതിയും പലയിടത്തും കണ്ട് വരാറുണ്ട്. ഇത് കാണുമ്പോൾ സ്വർണം ഒരുപാടുള്ള സ്ത്രീകൾ തങ്ങളുടെ കൈവശമുള്ള സ്വർണം ഊരി ബക്കറ്റിലിടുന്നതും കണ്ടിട്ടുണ്ട്. ജന്മം കൊണ്ട് റോമൻ കത്തോലിക്കനാണ് സജിത് ജോസഫ് എന്നാണ് അന്വേഷണത്തിൽ അറിയാൻ സാധിച്ചത്. പിന്നീട് പെന്തക്കോസ്ത് സഭയിൽ ചേർന്ന് വിശ്വാസത്തെ മുൻ നിർത്തി സ്റ്റേജ് ഷോയിലൂടെ ധനം സമ്പാദിക്കുന്നത് തുടരുകയായിരുന്നു.

മൂന്ന് ദിവസത്തെ മണിക്കൂറുകൾ മാത്രം ദൈർഘ്യമുള്ള തട്ടിപ്പ് കലാപരിപാടിക്ക് വിദേശത്ത് മെഗാ ഷോ അവതരിപ്പിക്കുന്ന സൂപ്പർ സ്റ്റാറുകളെക്കാൾ പണവുമായി പാവപ്പെട്ട വിശ്വാസികളെ
കബളിപ്പിച്ച്‌ പണവുമായി അടുത്ത പ്രദേശത്തേക്ക് പറക്കുന്ന അവസ്ഥയുണ്ട്. രോഗശാന്തി കിട്ടിയവർ സജിത്തിനൊപ്പവും, കിട്ടാത്തവർ വീണ്ടും അടുത്ത ധ്യാനം തേടി കാത്തിരിക്കുകയും ചെയ്യും. കാപ്പിമല സ്വദേശിയായ സജിത്ത് പ്രാർത്ഥനയിലൂടെ ആഡംബര ജീവിതത്തിലേക്ക് എത്തിയിട്ടുണ്ട്. ഓട്ടോയിലും നടന്നും, ബസിന്റെ കമ്പിയിൽ പിടിച്ചും വളരെ കഷ്ടപ്പെട്ട് രോഗശാന്തി നേടാൻ വരുന്നവർ കാണുന്നത് ലക്ഷ്വറി കാറിൽ പായുന്ന സജിത് പാസറ്ററിനെയാണ്. പയ്യന്നൂരിൽ ആഡംബര വസതിയും ഇയാൾക്കുണ്ട്. കൂടാതെ ചങ്ങാനശ്ശേരിയിലും, പുനലൂരും റസ്റ്റോറന്റുകളും സജിത് പാസറ്ററിന് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.