കോഴിക്കോട്: അവിടേക്ക് വീൽ ചെയർ അനുവദിച്ചാൽ അമ്പലനട അശുദ്ധമാകുമോ...? തൃച്ചബരം ക്ഷേത്ര അധികൃതരോടാണ് സജിത മാണിയൂരിന്റെ ചോദ്യം. ജീവിതം സമ്മാനിച്ച വേദനകളിൽ തളർന്നിരിക്കാതെ ചെറുപുഞ്ചിരിയോടെ അതിനെ നേരിടുന്ന തളിപ്പറമ്പ് സ്വദേശിനിയാണ് സജിത മാണിയൂർ. വളരെ ചെറുപ്പത്തിലേ തന്നെ മസ് കുലാർ ഡിസ്‌ട്രോഫി എന്ന അപൂർവ്വ ജനിതക രോഗമാണ് തളിപ്പറമ്പിനടുതത് പുളിപ്പറമ്പ് കരിപ്പൂൽ സ്വദേശിനിയായ സജിതയെ വീട്ടിനകത്ത് തളച്ചിട്ടത്. ശാസ്ത്രീയമായി പഠിക്കാൻ കഴിഞ്ഞില്ലെങ്കിലും യൂ ട്യൂബ് നോക്കി മ്യൂറ് പെയിന്റിംഗിൽ കഴിവു തെളിയിച്ചു ഈ പെൺകുട്ടി. ശരീരം നുറുങ്ങുന്ന വേദന സഹിച്ച് വരച്ചു തീർത്ത കണ്ണന്റെ ചിത്രം തൃച്ചംബരം ക്ഷേത്ര സന്നിധിയിൽ സമർപ്പിക്കാൻ പോയപ്പോഴാണ് സജിതയ്ക്ക് നിരാശ സമ്മാനിക്കുന്ന സംഭവങ്ങൾ ഉണ്ടായത്.

മൂന്ന് നാലു വർഷമായി കുടുംബത്തോടൊപ്പം തൃച്ചബരം അമ്പലത്തിൽ ഉത്സവം കാണാൻ സ്ഥിരമായി പോകാറുണ്ടായിരുന്നുവെന്ന് സജിത പറയുന്നു. അവിടെ എത്തിയാൽ ഭിന്നശേഷിയുള്ള എനിക്ക് ഭഗവാനെ കാണുവാൻ എല്ലാ സഹായങ്ങളും ചെയ്തു തരാറുമുണ്ടായിരുന്നു. മനസ്സ് നിറഞ്ഞു തൊഴുതാണ് വീട്ടിൽ വരാറും. ഒരുപാട് സുഹൃത്തുക്കളോട് അനുഭവം പങ്കുവയ്ക്കാറുണ്ട്. ഇവിടെ വീൽചെയർ നടയിൽ വച്ചു തൊഴാൻ സാധിക്കും നിങ്ങളും പോകണം എന്നൊക്കെ.

കഴിഞ്ഞ വർഷം ഭഗവാനെ കണ്ട് മടങ്ങുമ്പോൾ എന്റെ മനസ്സിൽ തോന്നിയ ആഗ്രഹമാണ് അടുത്ത വർഷം ഞാൻ ഭഗവാനെ കാണാൻ വരുമ്പോൾ ഭഗവാന്റെ ഒരു ചിത്രം വരച്ചു ഇവിടെ സമർപ്പിക്കണം എന്നത്. എന്റെ പ്രാർത്ഥന എന്നപോലെ തന്നെ ഈ വർഷം കൊടിയേറിയപ്പോഴേക്കും എനിക്ക് ഭഗവാന്റെ ഒരു ചിത്രം വരച്ചു പൂർത്തിയാക്കാൻ സാധിച്ചു. എന്റെ ആഗ്രഹം വീട്ടിൽ അറിയിച്ചപ്പോൾ എല്ലാവർക്കും ഒരുപാട് സന്തോഷം ആയി.. ക്ഷേത്രത്തിൽ വിളിച്ച് എല്ലാകാര്യങ്ങളും ചോദിച്ച് പറഞ്ഞും ഇന്നലെ ഭഗവാനെ കാണുവാനും ചിത്രം സമർപ്പിക്കുവാനും ഒരുപാട് സന്തോഷത്തോടെ ആണ് അവിടെ എത്തിയത്.

അവിടെ എത്തുമ്പോൾ സന്ധ്യ സമയത്തുള്ള ശ്രീവേലി ആയിരുന്നു... നടതുറന്ന് ഭഗവാനെ കണ്ട് എന്റെ വലിയൊരു ആഗ്രഹം സാധിക്കാൻ പോകുന്നു എന്ന് പ്രാർത്ഥനയോടെ നിൽക്കുകയായിരുന്നു. അപ്പോൾ ക്ഷേത്ര അധികാരികൾ വീൽചെയർ തിരുനടയിൽ കേറ്റുവാൻ സാധിക്കില്ല എന്നും എടുത്തുകൊണ്ടുപോയി ക്ഷേത്ര ദർശനം നടത്താനും പറഞ്ഞപ്പോൾ ഞാൻ മനസ്സുരുകി കണ്ണനെ വിളിച്ചു. ഈ വാക്കുകേട്ടപ്പോൾ കണ്ണാ ഞാനിവിടെ തളർന്നുപോയി.... എന്ന് വേദനയോടെ സജിത ഫേസ് ബുക്കിൽ കുറിച്ചു.

എല്ലാവർഷവും നടയിൽ വീൽചെയറോടെ തൊഴാറുണ്ടെന്ന് ഏട്ടൻ എല്ലാവരോടും പറഞ്ഞു നോക്കിയെങ്കിലും പിന്നെ ഏട്ടൻ ഒന്നും ചിന്തിക്കാതെ എന്നെ എടുത്ത് പോയ് ചിത്രം ഭഗവാന് സമർപ്പിക്കുകയായിരുന്നു. ആ നിമിഷം സന്തോഷത്തേക്കാൾ സങ്കടത്താൽ ഞാൻ ഒരുപാട് കരഞ്ഞുപോയി... വീൽചെയറിൽ ഉള്ളവർക്കും ഭഗവാനെ കാണണ്ടേ കണ്ണാ.. ഭക്തികൊണ്ടു ഞാനെഴുതിയ നിന്റെ ചിത്രം ആ തിരുമുമ്പിൽ സമർപ്പിച്ച് ഉള്ളുനിറയെ നിന്നെ കണ്ടുതൊഴണം എന്ന അത്യാഗ്രഹത്തിനപ്പുറം മറ്റൊരു മോഹവുമായല്ലല്ലോ ഭഗവാനേ ഞാനങ്ങയെ തേടിയെത്തിയത്. അതും നീ ബാലലീലയാടിക്കളിക്കും നിന്റെ ത്രിഛംബരത്തിന്റെ തിരു മുറ്റത്തത്തേക്ക്.

ഞങ്ങളും മനുഷ്യരല്ലേ ഭഗവാനേ ഞങ്ങൾക്കുമില്ലേ മനസ്സും ആഗ്രഹങ്ങളും. വയ്യായ്കയുടെ പരിമിതികൊണ്ട് പൊതുവിടങ്ങളിലേക്ക് 'ഉരുണ്ടു' വരേണ്ടിവരുന്ന ജീവനുകളെ'വീൽചെയർ അശുദ്ധിയെന്ന്' പറഞ്ഞ് ഇനിയൊരാളേയും തടഞ്ഞിടപ്പെടുന്ന അവസ്ഥ ഇല്ലാതിരിക്കട്ടെ എന്നു പറഞ്ഞുകൊണ്ടാണ് സജിത പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പതിനാല് വയസു വരെ ചെറുതായി നടക്കാൻ സാധിച്ചിരുന്ന സജിതയ്ക്ക് ഏഴാം ക്ലാസു വരെ മാത്രമാണ് പഠിക്കാൻ സാധിച്ചത്. രോഗം തീവ്രമായപ്പോൾ പഠനം ഉപേക്ഷിക്കേണ്ടിവന്നു. പിന്നീടാണ് മ്യൂറൽ പെയിന്റിംഗിലേക്ക് സജിത തിരിഞ്ത്. കുട നിർമ്മാണം, ഗ്ലാസ് പെയിന്റിങ്, വിത്തുപേന നിർമ്മാണം എന്നിവയിലും സജീവമാണ് സജിത. അടുത്തിടെ ഇന്റർനെറ്റിന്റെ സഹായത്തോടെ നെറ്റിപ്പട്ട നിർമ്മാണവും ആരംഭിച്ചിട്ടുണ്ട് ഈ പെൺകുട്ടി.