മലപ്പുറം: പാങ്ങ് ചേണ്ടി പെരുംചോലയിലെ ചെങ്കൽ ക്വാറിയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു. കരേക്കാട് ചേനാടൻകുളമ്പ് സ്വദേശി ചോലശ്ശേരി മൂസയുടെ മകൾ സാജിത (32)യെയാണ് ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ സംഭവം നടന്ന് ഒരു മാസമായിട്ടും പ്രതികളെക്കുറിച്ച് യാതൊരു സൂചനയും പൊലീസിനു ലഭിച്ചില്ല. സാജിതയുടെ കുടുംബം ചിലരെ സംശയിക്കുന്നതായി പൊലീസിൽ അറിയിക്കുകയും ഈ പേരുകൾ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

എന്നാൽ ഇവരെല്ലാം നാട്ടിലെ പൗരപ്രമുഖരും പൊലീസിന്റെ ഇഷ്ടക്കാരും ആണെന്നതിനാൽ ഇവരെ ചോദ്യം ചെയ്യാൻ പോലും തയ്യാറായിട്ടില്ല. മാത്രമല്ല, സാജിതയുടെ പിതാവിനെയും മകനെയും കള്ളക്കേസിൽ കുടുക്കി അകത്താക്കുമെന്ന ഭീഷണിയും പൊലീസ് മുഴക്കിയിട്ടുണ്ട്. സമീപപ്രദേശങ്ങളിലെ ക്വാറികളിൽ ദൂരൂഹസാഹചര്യത്തിലുള്ള മരണം പതിവായിരിക്കുകയാണ്. ഈ കേസ് അന്വേഷണമെല്ലാം ഒരു തുമ്പുമില്ലാതെ പര്യവസാനിക്കുകയാണ് പതിവ്. ഇത്തരത്തിൽ കേസൊതുക്കി ഫയൽ ക്ലോസ് ചെയ്യാനുള്ള നീക്കമാണ് സാജിതയുടെ മരണത്തിലും പൊലീസ് നടത്തുന്നത്.

ക്വാറിയിൽ ഭക്ഷണം പാകം ചെയ്യുന്ന ജോലി സാജിതയാണ് ചെയ്തിരുന്നത്. പാചക ജോലി കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സാജിതയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ യുവതിയുടെ ശരീരത്തിലെ മുറിപ്പാടുകളും ധരിച്ചിരുന്ന ആഭരണങ്ങൾ കാണാതായതും സംഭവത്തിൽ ദുരൂഹതയുണ്ടാക്കുന്നു. ക്വാറിയും പരിസരവും കൃത്യമായി അറിയുന്നവരാണ് സംഭവത്തിനു പിന്നിലെന്നും കൃത്യം നടത്താൻ ആസൂത്രണം നടന്നിരുന്നതായും അന്വേഷണസംഘം വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെയും നൂറോളം പേരെ ചോദ്യം ചെയ്തതായി പെരിന്തൽമണ്ണ സി.ഐ ബിജു പറഞ്ഞു. എന്നാൽ ഇവരിൽ നിന്നും യാതൊരു സൂചനയും ലഭിച്ചില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അതേസമയം സാജിതയുടെ ബന്ധുക്കൾ സംശയിക്കുന്നവരെ ചോദ്യം ചെയ്യാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.

ഇതേ ക്വാറിയിൽ ജോലി ചെയ്തിരുന്ന രണ്ട് അസം സ്വദേശികളെ കൊലപാതകം നടന്നതിനു ശേഷം കാണാതായിരുന്നു. ഇവരുടെ പേരുവിവരങ്ങൾ പൊലീസിൽ ലഭ്യമായിട്ടും ഇവരെ പിടികൂടുന്നതിൽ പൊലീസ് അലംഭാവം കാണിക്കുകയായിരുന്നു. സംഭവത്തിനു തൊട്ടു പിന്നാലെ അസമിലേക്ക് പുറപ്പാടാനിരുന്ന അന്വേഷണ സംഘം ഇത് ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ക്വാറിയുമായി ബന്ധമുള്ള ചിലരെ പൊലീസ് രക്ഷപ്പെടുത്താനാണിതെന്ന ആക്ഷേപമുണ്ട്. അതുകൊണ്ടാണ് പ്രിതികളെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടും പൊലീസ് നടപടിയെടുക്കാത്തതെന്നാണ് യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.

മരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും അസം സ്വദേശികളെ പിടികൂടാൻ പൊലീസ് പോകാതായപ്പോൾ നാട്ടുകാർ ചേർന്ന് അരലക്ഷം രൂപ പിരിവെടുത്തു നൽകിയതോടെയാണ് അസമിലേക്ക് പൊലീസ് സംഘം പുറപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച കാണാതായ രണ്ട് അസം സ്വദേശികളെയും പൊലീസ് പിടികൂടിയിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും ഇവർക്ക് സംഭവത്തിൽ പങ്കില്ലെന്നാണ് പൊലീസ് വിശദീകരണം. സംഭവം നടന്നതിനു ശേഷം ഇവർ ഒളിവിൽ പോയത് എന്തിനെന്ന ചോദ്യത്തിന് പൊലീസിനും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. ഇവരെ പൊലീസ് നിരീക്ഷണത്തിൽ വിട്ടിട്ടുണ്ടെന്നും ആവശ്യമായാൽ ഇനിയും ചോദ്യം ചെയ്യുമെന്നും അന്വഷണസംഘം അറിയിച്ചു.

അസം സ്വദേശികളിലേക്ക് മാത്രം കേന്ദ്രീകരിക്കാനിരുന്ന അന്വേഷണത്തിന് നാട്ടുകാരായ ചിലർക്ക് പങ്കുണ്ടെന്ന മൊഴികളും നിർണായക വിവരങ്ങളുമാണ് പൊലീസിനെ വെട്ടിലാക്കിയിരിക്കുന്നത്. ക്വാറിയിലുണ്ടായിരുന്ന എട്ടു തൊഴിലാളികളിൽ ഒളിവിൽ പോയത് രണ്ടു പേരായിരുന്നു. ബാക്കി ആറുപേരെ പലതവണ ചോദ്യം ചെയ്തതായി പൊലീസ് പറഞ്ഞു. കൊലനടന്ന ദിവസം കാണാതായ രണ്ടു പേരും മറ്റു തൊഴിലാളികൾക്കൊപ്പം ഉണ്ടായിരുന്നതായി കൂടെയുള്ളവർ മൊഴിനൽകിയിട്ടുണ്ട്. ഇവർക്കു മാത്രമല്ല സംഭവത്തിൽ പങ്കുള്ളതെന്നു പൊലീസ് നേരത്തെ നിഗമനത്തിലെത്തിയിരുന്നു.

ഇവർ സഹായികളാകാമെന്നും മറ്റാർക്കോ വേണ്ടിയാകാം കൊലപാതകമെന്നുമായിരുന്നു നിഗമനം. എന്നാൽ അസം സ്വദേശികൾ കുറ്റം ഏൽക്കാൻ തയ്യാറായിട്ടില്ല. അസംസ്വദേശികളുടെ പങ്കു പൊലീസിന് വ്യക്തമായി അറിയാമെങ്കിലും പിന്നിൽ പ്രവർത്തിച്ചവരെ സംരക്ഷിക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. ഇവരുടെ പങ്ക് പുറത്തറിയുന്നതോടെ യഥാർത്ഥ പ്രതികളിലേക്ക് എത്തുമെന്നാണ് സൂചന. ക്വാറിയുമായി ബന്ധപ്പെടുന്ന നൂറിലധികം പേരെയാണ് ഇതുവരെ പൊലീസ് ചോദ്യം ചെയ്തത്. ക്വാറി ഉടമകൾ, ക്വാറിയിൽ സ്ഥിരമായി എത്താറുള്ള ഡ്രൈവർമാർ, നാട്ടുകാരായ ചിലർ തുടങ്ങിയവർ ചോദ്യം ചെയ്യപ്പെട്ടവരിൽ പെടുന്നു. ചോദ്യം ചെയ്ത ചിലരിൽ നിന്നും നിർണായക വിവരം ലഭിച്ചെങ്കിലും ഇതു രേഖപ്പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ല.

യുവതിയുടെ തലയിൽ കല്ലുപയോഗിച്ച് പരിക്കേൽപിച്ചനിലയിലും കഴുത്തിൽ ആയുധംകൊണ്ട് ആഴത്തിൽ മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട സാജിദയുടെ സ്വർണമാല നഷ്ടപ്പെട്ടതായി കുടുംബാംഗങ്ങൾ മൊഴിനൽകിയിട്ടുണ്ട്. അതേസമയം, യുവതി ധരിച്ചിരുന്ന മോതിരം, കമ്മൽ കയ്യിലുണ്ടായിരുന്ന രണ്ടായിരം രൂപ എന്നിവയും നഷ്ടപ്പെട്ടിട്ടില്ല. ഇതിനാൽ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം ഉണ്ടായതായും സംശയിക്കുന്നു. എന്നാൽ ബാലാത്സംഗത്തിനിരയായിട്ടില്ലെന്ന് പോസ്റ്റുമോർട്ടത്തിനു നേതൃത്വം കൊടുത്ത കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ വ്യക്തമാക്കുന്നു.

തലക്കും കഴുത്തിനും മാരകമായി പരിക്കേറ്റ് രക്തം വാർന്നൊഴുകിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഡോഗ് സ്‌ക്വോഡും ഫോറൻസിക് വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു. എന്നാൽ നിർണായക വിവരങ്ങളും മൊഴികളും പൊലീസിനു ലഭിച്ചിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നതാണ് വസ്തുത. കുറ്റക്കാരെ കണ്ടെത്തുന്നതിലെ പൊലീസ് അലംഭാവം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സാജിതയുടെ ബന്ധുക്കൾ, നാട്ടുകാർ, ജനപ്രതിനിധികൾ, പാങ്ങ് പൊതുപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവർ ഇന്നലെ മലപ്പുറം കലക്‌ട്രേറ്റിനു മുന്നിൽ നിന്നും എസ്‌പി ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. കേസിന്റെ തുടക്കം മുതൽ പൊലീസ് ആർക്കൊക്കെയോ വേണ്ടി നിസ്സംഗത തുടരുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. സാജിതയുടെ പിതാവിനെയും മകനെയും പൊലീസുകാർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.