ശ്രീനഗർ: ഇന്ത്യൻ ജനാധിപത്യത്തെ അംഗീകരിക്കാതെ തങ്ങളുടെ കൂറ് പാക്കിസ്ഥാനോടാണെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുള്ളവരാണ് കാശ്മീരിലെ ഹുറിയത്ത് നേതാക്കൾ. കാശ്മീരിനെ പാക്കിസ്ഥാനോട് ചേർക്കണമെന്ന് വാദിക്കുന്ന ഇക്കൂട്ടർക്കേറ്റ കനത്ത തിരിച്ചടിയാണ് ജമ്മു - കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് ഭീകരരെ ഇറക്കി ആക്രമണം അഴിച്ചുവിട്ടും ജനാധിപത്യത്തെ വെല്ലുവിളിച്ചെങ്കിലും കാശ്മീർ ജനത ഇത്തരക്കാരെ തോൽപ്പിച്ചു. തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന ഹുറിയത്ത് നേതാക്കളുടെ ആഹ്വാനത്തെയും മറികടന്ന് പോളിങ് ബൂത്തിലെത്തിയ കാശ്മീരിലെ ജനങ്ങൾ ജനാധിപത്യത്തിന് കരുത്തേകി. ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയ മുൻ ഹുറിയത്ത് നേതാവ് സജ്ജാദ് ഗാലി ലോണിന്റെ വിജയമാണ്.

സ്വതന്ത്ര കശ്മീർ എന്ന വാദിക്കുന്ന ഹുറിയത്ത് നേതാക്കളിൽ നിന്നും മാറി മുഖ്യധാരയോടൊപ്പം ചേർന്ന് മത്സരിക്കാൻ ഇറങ്ങിയ സജ്ജാദിന് കുപ്വവാരയിലെ ഹൻഡ്വാര മണ്ഡലത്തിൽ നിന്നും വിജയിച്ചു കയറി. ഹുറിയത്ത് നേതാവായിരുന്ന അബ്ദുൾ ഗാനി ലോണിന്റെ മകനാണ് സജ്ജാദ്. 2002 ലായിരുന്നു അബ്ദുൾ ഗനി ലോൺ കൊല്ലപ്പെട്ടതോടെയാണ് സജ്ജാദ് ലോൺ ഇന്ത്യൻ ജനാധിപത്യത്തെ അംഗീകരിച്ച് സ്വന്തമായി പാർട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയത്.

പിതാവിന്റെ കൊലപാതകത്തിന് പിന്നിൽ ഹൂറിയത്ത് സയ്യീദ് അലി ഷാ ഗിലാനിയാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു അന്ന് സജ്ജാദ് ലോൺ ആരോപിച്ചത്. ലോണിൻെ സംസ്‌ക്കാര ചടങ്ങിൽവച്ച് സജ്ജാദ് ലോൺ ഗിലാനിയെ തള്ളിയിട്ടത് വലിയ വാർത്തായായിരുന്നു. എന്നാൽ പിന്നീട് ഇരുവരും ഒന്നിക്കുകയും സജ്ജാദ് ഹുറിയത്ത് കോൺഫറൻസിന്റെ നിർവാഹക സമിതി അംഗമാകുകയും ചെയ്തു. എന്നാൽ അധിക കാലംമുമ്പ് തന്നെ ഇരുവരും അകന്നു. പിന്നീട് അബ്ദുൾ ഗനി ലോണിന്റെ ഘാതകന്റെ സംസ്‌ക്കാര ചടങ്ങിന് മിർവായിസ് നേതൃത്വം നൽകിയെന്ന് ആരോപിച്ച് സജ്ജാദിന്റെ വിഭാഗം പിളർന്നു. എന്നാൽ അദ്ദേഹത്തിന്റെ സഹോദരൻ ബിലാൽ ഗനി ലോൺ ഹുറിയത്ത് വിടാൻ വിസമ്മതിച്ചതും വൻ വാർത്തയായിരുന്നു.

ഇത്തരത്തിൽ വിഘടന പക്ഷത്തെ വിവിധ സംഘങ്ങളുടെ ഭാഗമായതിന് ശേഷമാണ് കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ സജ്ജാദ് ലോൺ മത്സരിക്കാൻ ഇങ്ങറിയതും ഇപ്പോൾ വിജയിച്ചു. അദ്ദേഹത്തിന്റെ കാശമീർ പീപ്പിൾസ് കോൺഫറൻസ് രണ്ട് സീറ്റുകൾ നേടിയിട്ടുണ്ട്. ഇന്ത്യൻ ജനാധിപത്യത്തെ അംഗീകരിച്ച് മത്സരിക്കാൻ ഇറങ്ങിയ സജ്ജാദിന് ബിജെപിയായിരുന്നു സഹായവുമായി എത്തിയത്. ബിജെപി നേതാക്കളുമായി തെരഞ്ഞെടുപ്പിന് മുമ്പ് നിരവധി തവണ ചർച്ച നടത്തിയിരുന്നു. നരേന്ദ്ര മോദിയെ തന്റെ പഴയ സുഹൃത്തെന്നായിരുന്നു ലോൺ അഭിസംബോധന ചെയ്തത്.

ഹൻഡ്വാരയിൽ വിജയിച്ച ലോൺ ജനങ്ങളോട് നന്ദി പറഞ്ഞു. എല്ലാവർക്കുമുള്ള മറുപടി വിജയത്തിലൂടെ താൻ നൽകിയെന്ന് സജ്ജാദ് പറഞ്ഞു. വികസനത്തിന് വേണ്ടി തങ്ങൾ പ്രവർത്തിക്കുമെന്നും എംഎൽഎമാരെ ജനങ്ങൾ ഭയക്കേണ്ടി സ്ഥിതി ഉണ്ടാകില്ലെന്നും സജ്ജാദ് പറഞ്ഞു. പാക്കിസ്ഥാൻകാരിയായ അസ്മ ഖാൻ ലോണിനെയാണ് സജ്ജാദ് വിവാഹം കഴിച്ചിരുന്നത്. ജമ്മു കാശ്മീർ സ്വതന്ത്രമാക്കണമെന്ന് വാദിക്കുന്ന ജമ്മു കാശ്മീർ ലിബറേഷന്റെ ഫ്രണ്ട് നേതാവ് അമാനുള്ള ഖാന്റെ പുത്രിയാണ് അസ്മ ഖാൻ.

തെരഞ്ഞെടുപ്പ് വേളയിൽ ബിജെപിയുമായി സഹചരിച്ച സജ്ജാദിനെതിരെ ബിജെപി സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ സജ്ജാദ് ലോണിന്റെ പാർട്ടി ബിജെപിയുമായി സഖ്യത്തിലാകാനുള്ള സാധ്യതയുമുണ്ട്.