കൊച്ചി: യുഡിഎഫ് കൺവീനർ പി പി തങ്കച്ചനെതിരായ ആരോപണം അടിസ്ഥാനരഹിതമെന്നു താൻ പറഞ്ഞിട്ടില്ലെന്നു സിപിഐ(എം) നേതാവ് സാജു പോൾ. തന്റെ പരാമർശം വളച്ചൊടിച്ചു സ്‌ക്രോൾ കൊടുത്തതു മനോരമ ന്യൂസാണെന്നും സാജു പോൾ മറുനാടൻ മലയാളിയോടു പറഞ്ഞു.

ജിഷ യുഡിഎഫ് കൺവീനർ പിപി തങ്കച്ചന്റെ മകളാണ് എന്നും ജിഷായുടെ അമ്മ രാജേശ്വരി താങ്കച്ചന്റെ വീട്ടിൽ ജോലി നോക്കിയിരുന്നു എന്നും ജോമോൻ പുത്തൻപുരയ്ക്കൽ കൊണ്ടുവന്ന ആരോപണങ്ങളെ കുറിച്ച് മനോരമ ന്യൂസ് ചോദിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതിയോ വസ്തുതകളോ എന്തെന്ന് തനിക്കു അറിയില്ല എന്നാണ് മറുപടി നൽകിയത്. പക്ഷേ, തങ്കച്ചനെതിരായ ആരോപണം അടിസ്ഥാനരഹിതം എന്നു താൻ പറഞ്ഞതായാണ് അവർ സ്‌ക്രോൾ കൊടുത്തതെന്നും പെരുമ്പാവൂർ മുൻ എംഎൽഎ പറഞ്ഞു.

തനിക്ക് അറിവില്ലാത്ത സംഭവമാണ് ഇത്. അതിനാൽ അറിയില്ല എന്ന് പറഞ്ഞു. പക്ഷെ വാർത്ത വന്നത് വേറെ രീതിയിൽ ആണ്. തിരഞ്ഞെടുപ്പിൽ തന്റെ പരാജയത്തിന് ജിഷയുടെ അമ്മ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും കാരണമായി എന്ന് സാജു പോൾ സമ്മതിക്കുന്നു. അവർ തന്നെ കുറിച്ച് പറഞ്ഞ അപവാദങ്ങൾ സാധാരണ ജനങ്ങളെ സ്വാധിനിച്ചു എന്നാണ് സാജു പോളിന്റെ നിഗമനം. ഒന്നര വർഷം മുൻപ് ജിഷയുടെ ഒരു സർട്ടിഫിക്കറ്റ് ശരിയാക്കാനായി തന്റെ അടുത്ത് വന്നു. അപ്പോൾ തന്നെ കോളജിൽ വിളിച്ചു അത് ശരിയാക്കിയെന്നും സാജുപോൾ പറഞ്ഞു.

ലോകം മുഴുവൻ വാർത്തയായ ജിഷയുടെ അമ്മ രാജേശ്വരി തന്നെ കുറിച്ച് ഉന്നയിച്ച ആരോപണങ്ങൾ ആരോ മനഃപൂർവം പറയാപ്പിച്ചതാണ് എന്ന വിശ്വാസത്തിലാണ് സാജുപോൾ ഇപ്പോഴും. പി രാജീവ്, ജയറാം, സുരേഷ്ഗോപി തുടങ്ങിയവർ ജിഷയുടെ അമ്മയെ കാണാനായി വന്നു പോയതിനു ശേഷം ഉമ്മൻ ചാണ്ടി എത്തിയിരുന്നു. മാദ്ധ്യമപ്രവർത്തകരെ വരെ മുറിയിൽ നിന്ന്.മാറ്റി ഇവരുമായി സംസാരിച്ചു. ഇതിനുശേഷമാണ് ഇന്നസെന്റും വി എസ് അച്യുതാനന്ദനും വന്നത്. അവരോടാണ് ഇത് പറഞ്ഞത് അതിൽ താൻ ആദ്യം മുതലേ ഉന്നയിക്കുന്ന വാദത്തിൽ ഉറച്ചു നിൽക്കുന്നതായും സാജുപോൾ പ്രതികരിച്ചു.

പെൻക്യാമറയും, മാരകായുധങ്ങൾ തലയിണയുടെ ഇടയിൽ വച്ചാണ് ജിഷ ഉറങ്ങാറുള്ളത് എന്ന് ജിഷയുടെ അമ്മ പറഞ്ഞതായി വാർത്തകൾ വന്നിരുന്നു, ജിഷ ആരെയാണ് ഭയപ്പെട്ടിരുന്നതെന്ന് ഇതുവരെ അറിയാൻ അന്വേഷണ സംഘത്തിന് സാധിച്ചില്ല. രാജേശ്വരിയുടെ കൃത്യമായ മൊഴി എടുക്കാനും പറ്റിയില്ല എന്നും സാജുപോൾ പറഞ്ഞു. ജിഷയുടെ അമ്മ രാജേശ്വരി കാണാൻ ചെന്ന സാമൂഹ്യ പ്രവർത്തകരോട് പരസ്പരവിരുദ്ധമായാണ് സംസാരിച്ചതെന്നും സാജു പോൾ പറഞ്ഞു.

ഭരിക്കുന്ന സർക്കാരിനെ തനിക്കു വിശ്വാസമുണ്ടെന്നും പുതിയ സംഘത്തിന്റെ അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും സാജുപോൾ പറഞ്ഞു.