- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെംഗളൂരു സ്‌ഫോടന കേസിൽ സാക്ഷിവിസ്താരവും വിചാരണയും പൂർത്തിയായിട്ടും അന്തിമവിധിയില്ല; അഗ്രഹാര ജയിലിന്റെ ഇരുട്ടറയിൽ പിന്നിടുന്നത് ഒരു വ്യാഴവട്ടക്കാലം; 18-ാം വയസിൽ വിചാരണ തടവുകാരനാക്കിയ സകരിയ പുറംലോകം കാണാതെ 30 പിന്നിടുന്നു; നീതി നിഷേധത്തിന്റെ ആ 12 ആണ്ടുകൾ
ബെംഗളുരു: സ്വതന്ത്രമായി സഞ്ചരിക്കുവാനും ജോലി ചെയ്യാനും ജീവിക്കാനുമുള്ള ഒരു പൗരന്റെ ഭരണഘടനാപരമായ അവകാശം നിയമക്കുരുക്കിൽ പെടുത്തി നിഷേധിക്കുക. രാജ്യത്തെ നീതി നിഷേധങ്ങളുടെ പട്ടികയിലെ പേരുകളിൽ ഒന്ന് സകരിയയുടേതാകും. തെളിയിക്കപ്പെടാത്ത രാജ്യദ്രോഹക്കുറ്റത്തിന് ബെംഗളൂരു അഗ്രഹാര ജയിലിന്റെ ഇരുട്ടറയിൽ ഉരുകിത്തീരുകയാണ് സകരിയയുടെ ജീവിതം ഇപ്പോഴും.
2008 ലെ ബെംഗളൂരു സ്‌ഫോടന കേസിലെ പ്രതിയെന്ന് ആരോപിച്ചായിരുന്നു സകരിയയെ കർണാടക പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 2009 ഫെബ്രുവരി 5ന് 18 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് തിരൂർ മൊബൈൽ ഷോപ്പിൽ നിന്ന് സകരിയയെ പൊലീസ് പിടികൂടുന്നത്.
അതിനു ശേഷം സകരിയ പുറംലോകം കണ്ടത് സ്വന്തം സഹോദരന്റെ വിവാഹത്തിനും ആ സഹോദരന്റെ തന്നെ ആകസ്മിക മരണത്തിനും മാത്രം. സാക്ഷിവിസ്താരവും വിചാരണയും പൂർത്തിയായിട്ടും അന്തിമവിധി നീട്ടിക്കൊണ്ട് പോകുകയാണ്.
സകരിയക്ക് പ്രായം 30 പിന്നിടുമ്പോഴും ബെംഗളൂരു അഗ്രഹാര ജയിലിൽ വിചാരണത്തടവുകാരനായി തുടരുകയാണ്. യു.എ.പി.എ ചുമത്തി അന്തിമവിധി പ്രഖ്യാപിക്കാതെ ഒരു പൗരന്റെ ജീവിതത്തിന്റെ നല്ല ഭാഗങ്ങളൊക്കെ ജയിലിൽ തീർക്കാൻ വിധിക്കുന്നത് കൃത്യമായ ആസൂത്രണങ്ങളോടെ എന്ന ആക്ഷേപമാണ് സകരിയയുടെ സുഹൃത്തുക്കളും ബന്ധുക്കളും ഉയർത്തുന്നത്.
ഒരു മുസ്ലിം ആയതുകൊണ്ട് മാത്രം വിചാരണ നീട്ടിക്കൊണ്ട് പോവുകയും നീതി നിഷേധിക്കുകയും ചെയ്യുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം. അവിടെ തോൽക്കുന്നത് സകരിയ മാത്രമല്ല, കൊട്ടിഘോഷിക്കപ്പെടുന്ന ഇന്ത്യൻ മതേതരത്വവും കൂടിയാണെന്നും അവർ ഓർമപ്പെടുത്തുന്നു.
സകരിയയുടെ നീതി നിഷേധത്തിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരികയും സകരിയയെ മോചിപ്പിക്കുകയും ചെയ്യണമെന്ന ഇവർ ആവശ്യപ്പെടുന്നു. സകരിയ നേരിടുന്ന അനീതിക്ക് മുന്നിൽ മൗനം പാലിക്കുന്ന സർക്കാർ നിഷ്‌ക്രിയത്വം വെടിഞ്ഞ് നീതി ഉറപ്പാക്കണമെന്നും അവർ ആവശ്യം ഉന്നയിക്കുന്നു. . പന്ത്രണ്ട് വർഷമായി സക്കറിയുടെ ഉമ്മ കണ്ണീർ വാർത്ത് മകന് വേണ്ടി കാത്തിരിക്കുകയാണെന്നും ഓർമ്മപ്പെടുത്തുന്നു.
ന്യൂസ് ഡെസ്ക്