ഇടുക്കി: സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത നിവിൻ പോളിയുടെ പുതിയ ചിത്രം സഖാവ് ഇന്റർനെറ്റിലും യു ട്യൂബിലും. കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രമാണ് മൂന്നു ദിവസമെത്തുമ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. സിനിമയുടെ അണിയറ പ്രവർത്തകർ പൊലിസിൽ പരാതി നൽകിയതിനെ തുടർന്ന് സൈറ്റുകളിൽനിന്ന് സിനിമയുടെം വ്യാജ പതിപ്പ് നീക്കാൻ ശ്രമം ആരംഭിച്ചു. ഫ്രാൻസിൽനിന്നാണ് സഖാവ് അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്നാണ് സൂചന.

ചില തമിഴ് സൈറ്റുകളിലും യൂടൂബിലുമാണ് ചിത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സിനിമയുടെ പകർപ്പ് അപ്‌ലോഡ് ചെയ്യുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. മുമ്പും നിരവധി സിനിമകളുടെ വ്യാജപതിപ്പുകൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ച സൈറ്റുകളിലാണ് സഖാവും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആദ്യദിവസങ്ങളിൽ മികച്ച കളക്ഷൻ നേടിയ ചിത്രം ഇന്റർനെറ്റിലൂടെ പ്രചരിച്ചതോടെ തീയേറ്ററുകളിലും ഇതിന്റെ പ്രതിഫലനമുണ്ടായി. കളക്ഷനിൽ കാര്യമായ ഇടിവുണ്ടായതായി പറയുന്നു. സിനിമാ മേഖലയെ തകർക്കുംവിധം വ്യാജ പതിപ്പുകൾ ഇന്റർനെറ്റിൽ പ്രത്യക്ഷപെടുമ്പോഴും കാര്യമായ നടപടിയെടുക്കാൻ കവിയാതെ സൈബർ പൊലീസ് കുഴയുകയാണ്.

മൂന്ന് ദിവസത്തിനിടെ മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെയാണ് ഇത്തരത്തിലൊരു തിരിച്ചടി നേരിട്ടിരിക്കുന്നത്. തിയറ്റർ സ്‌ക്രീനിൽ നിന്നും പകർത്തിയതെന്നാണ് സംശയം. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് ചിത്രത്തിന്റെ തിയേറ്റർ പ്രിന്റ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഐശ്വര്യ രാജേഷും അപർണ ഗോപിനാഥുമാണ് ചിത്രത്തിൽ നായിക വേഷങ്ങളിൽ എത്തുന്നത്. സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുധീർ കരമന, സുധീഷ് തുടങ്ങി പ്രമുഖരും അണിനിരക്കുന്നു. നേരത്തെ നിവിൻ പോളിയുടെ പ്രേമത്തിന്റെ വ്യാജ പതിപ്പ് പ്രചരിച്ചതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു. അന്ന് അന്വേഷണം ചെന്ന് നിന്നത് സെൻസർ ബോർഡിന്റെ ഓഫീസിലാണ്.

തുടർച്ചയായി ഹിറ്റുകൾ ഒരുക്കുന്ന നിവിൻപോളിയുടെ സഖാവും സൂപ്പർ ഹിറ്റാകുമെന്നായിരുന്നു ആദ്യ സൂചനകൾ. ഇതിന് വ്യാജൻ വിലങ്ങു തടിയാകുമോ എന്ന ആശങ്ക സജീവമാണ്. കമ്യൂണിസ്റ്റു കഥ പറയുന്ന സിനിമയിൽ നിവൻ പോളി മൂന്ന് ഗെറ്റപ്പിലാണ് എത്തുന്നത്. പീരുമേടിലെ കൈയേറ്റ മാഫിയയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് സിദ്ധാർഥ് ശിവ പറയുന്നത്. ഞായറാഴ്ച രാത്രിയാണ് വ്യാജൻ ഇന്റർനെറ്റിലെത്തിയത്. ഇതു സംബന്ധിച്ച് നിർമ്മാതാക്കൾ പരാതി നൽകിയിട്ടുണ്ട്. എന്നാൽ വിദേശത്ത് നിന്ന് അപ് ലോഡ് ചെയ്തതു കൊണ്ട് തന്നെ പൊലീസിന് പരിമിതികൾ ഏറെയാണ്.

ചിത്രത്തിന്റെ നിർമ്മാതാക്കൾ ഇത് സംബന്ധിച്ച് പൊലീസ് ആന്റി പൈറസി സെല്ലിൽ പരാതി നൽകി. വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് നിർമ്മാതാവ് ബി. രാഗേഷ് ആവശ്യപ്പെട്ടു.