കണ്ണൂർ: കണ്ണൂർ, കരുണാ മെഡിക്കൽ കോളേജ് വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഏറ്റവും വലിയ തിരിച്ചടിയായിരുന്നു കൂത്തു പറമ്പ് രക്തസാക്ഷി സഖാവ് റോഷന്റെ പിതാവും അടിയുറച്ച കമ്മ്യൂണിസറ്റ് നേതാവുമായ വാസു ഫേസ്‌ബുക്കിലൂടെ നടത്തിയ ഒരു പരാമർശം. സ്വാശ്രയ മെഡിക്കൽ കോളജ് പ്രവേശനത്തിലെ എൽഡിഎഫ് സർക്കാരിന്റെ മാനേജ്മെന്റ് അനുകൂല നിലപാടിനെ വിമർശിച്ചാണ് റോഷന്റെ പിതാവ് കെ.വി.വാസു ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടത്. സ്വാശ്രയ സമരങ്ങൾ നേതൃത്വം നൽകിയ പാർട്ടിയുടെ സർക്കാർ മുതലാളിക്ക് വേണ്ടി നിയമം ഉണ്ടാക്കിയതാണ് വാസു ചർച്ചയാക്കിയത്.

രക്തസാക്ഷിയുടെ പിതാവും അടിയുറച്ച സിപിഎമ്മുകാരനുമായ വാസുവിന്റെ പരാമർശം വന്നത് സിപിഎമ്മിന്റെ കോട്ടയായ കണ്ണൂരിൽ നിന്നുമാണ്. എകെജി സെന്ററിലെ മുൻ ജീവനക്കാരനുമായ വാസുവിന്റെ പരാമർശം അൽപ്പ നേരത്തേക്കാണെങ്കിലും സിപിഎമ്മിന് ക്ഷീണം ചെയ്തു. നിരവധി പേർ ഇതിനെ ചർച്ചയാക്കി. ഇതിന് പിന്നാലെ തന്റെ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് വാസു. അടിയുറച്ച പാർട്ടി പ്രവർത്തകനായ വാസു തന്റെ നിലപാടിൽ മാറ്റം വരുത്തിയത് പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്നാണെന്നാണ് റിപ്പോർട്ട്.

180 കുട്ടികളുടെ ഭാവി ഓർത്ത് ഗവൺമേന്റ് ചെയ്തത് ശരിയാണ്. അതോടൊപ്പം 94 ലെ രക്തസാക്ഷിത്വത്തെ പറ്റിയും മുഖ്യമന്ത്രി ഓർക്കേണ്ടതായിരുന്നു എന്നാണ് വാസു ഇപ്പോൾ തിരുത്തി പറഞ്ഞിരിക്കുന്നത്. ഞങ്ങൾ ഒരിക്കലും, സിപിഐ (എം) ക്കോ ഡിവൈഎഫ്‌ഐക്കോ എതിരായി നിൽക്കില്ല. പണത്തിന് വേണ്ടി സ്വന്തക്കാരെ കൂട്ടികൊടുക്കുന്നവരുണ്ടാവാം ഞങ്ങൾ അത്തരക്കാരല്ലെന്നും വാസു തന്റെ ഫേസ്‌ബുക്കിൽ പറയുന്നു.

1994ലെ സ്വാശ്രയ മെഡിക്കൽ കോളജ് വിരുദ്ധ സമരത്തിനിടെ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകനാണ് റോഷൻ. കണ്ണൂരിലെ ധീരരക്തസാക്ഷിയുടെ അച്ഛന്റെ പോസ്റ്റ് സിപിഎമ്മിന് കടുത്ത തിരിച്ചടിയാണ് എന്ന് വിലയിരുത്തിയതിനിടയിലാണ് വാസു നിലപാട് മാറ്റിയത്. സൈബർ സഖാക്കൾക്ക് പോലും കരുണ-കണ്ണൂർ ബില്ലിൽ പിണറായി സർക്കാരിനെ പിന്തുണയ്ക്കാനായിരുന്നില്ല. ഇത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുന്നതാണ് വാസുവിന്റെ പോസ്റ്റിലുള്ളത്.

'എല്ലാ കക്ഷികളും പിന്തുണച്ചു എന്നതല്ല പ്രശ്നം, നമ്മൾ പറഞ്ഞതും ഇപ്പോൾ നമ്മൾ ചെയ്തതും തമ്മിൽ പൊരുത്തമുണ്ടോ? ഇതിനാണ് ഉത്തരം കണ്ടെത്തേണ്ടത്. അതൊരു ധാർമിക പ്രശ്നം കൂടിയാണ്. കൂത്തുപറമ്പ് വെടിവയ്പിലേക്ക് എത്തിച്ചേർന്ന സമരത്തിലെ മുദ്രാവാക്യം എന്തായിരുന്നു? അതിനെ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു രക്തസാക്ഷികളെ വീണ്ടും കൊല്ലുന്ന സ്ഥിതിയിലേക്കാണു പലരും ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്' - റോഷന്റെ പിതാവ് ഫേസ്‌ബുക് പോസ്റ്റിൽ എഴുതി. വാസുവിന്റെ പോസ്റ്റ് സിപിഎമ്മിനെ ഞെട്ടിച്ചു. അടിയുറച്ച അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ് വാസു. വാസു പോലും പാർട്ടിയെ പരസ്യമായി തള്ളി പറയുന്നു.

കണ്ണൂരിൽ പിണറായി വിജയന് പിടി അയയുന്നതായി സൂചനകളുണ്ട്. പി ജയരാജനാണ് കണ്ണൂരിലെ കരുത്തൻ. ഇതിന് പുതിയ മാനം നൽകുന്നതാണ് വാസുവിന്റെ പോസ്റ്റ്. പിണറായി സർക്കാരിനെതിരെ കണ്ണൂരിൽ അലയടിക്കുന്ന വികാരം അണപൊട്ടി പുറത്തുവരാതിരിക്കാൻ സിപിഎം ഔദ്യോഗിക പക്ഷം നടത്തിയ അടിയന്തര ഇടപെടലിലാണ് പോസ്റ്റിൽ നിലപാട് മാറ്റിയതെന്നാണ് റിപ്പോർട്ട്.

പ്രതിപക്ഷം ആവശ്യപ്പെട്ടതു കൊണ്ടാണ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചതെന്നാണ് പിണറായി സർക്കാരിന്റെ വിശദീകരണം. പല വിഷയത്തിലും പ്രതിപക്ഷം പിണറായിയുടെ രാജി ആവശ്യപ്പെടാറുണ്ട്. പ്രത്യേകിച്ച് ബിജെപി. അപ്പോഴൊന്നും പിണറായി രാജി വച്ചിട്ടില്ല. പിന്നെ എന്തിന് സ്വാശ്രയ മാനേജ്മെന്റിന്റെ കാര്യത്തിൽ പ്രതിപക്ഷത്തിന് വേണ്ടി ഇടപെടൽ നടത്തിയെന്നതാണ് പാർട്ടിക്കാർ ഉയർത്തുന്ന ചോദ്യം. ഇതിന് കൃത്യമായ വിശദീകരണം നൽകാൻ നേതൃത്വത്തിന് കഴിയുന്നുമില്ല. പാർട്ടിക്കെതിരെ രണ്ടാമതൊരു പോസ്റ്റും വാസു ഇട്ടുകഴിഞ്ഞു. ഇതോടെ സ്വാശ്രയത്തിൽ തുറന്ന സംവാദത്തിന് അവസരമൊരുക്കുകയാണ് വാസു.

വാസുവേട്ടാ... നിങ്ങളുടെ മകനടക്കമുള്ള അഞ്ച് രക്തസാക്ഷികളെയും പാർട്ടി എന്നേ വിറ്റ് തിന്നു കഴിഞ്ഞു. വിദ്യാഭ്യാസ രംഗത്തെ സ്വാശ്രയ വൽക്കരണത്തിനെതിരെയും കച്ചവടവൽക്കരണത്തിനെതിരെയും പോരാടിയാണ് റോഷനടക്കം രക്തസാക്ഷികളായതെന്ന് ഈ രാജ്യത്ത് ആർക്കാണ് അറിയാത്തത്. എന്നാൽ ഇന്ന് ആ കച്ചവടത്തിന്റെ ഏറ്റവും വലിയ വക്താക്കളായ സിപിഎം, ജനങ്ങളെ പുതിയ ചരിത്രം പഠിപ്പിക്കുകയാണ്. ആ ചരിത്രത്തിൽ ആ അഞ്ച് രക്തസാക്ഷിത്വത്തിന്റെ കാരണമായി വിദ്യാഭ്യാസകച്ചവടത്തിനെതിരായ പോരാട്ടമില്ല, മറിച്ച് എം വിരാഘവൻ പരിയാരം മെഡിക്കൽ കോളേജ് സ്വന്തം പേരിലാക്കുന്നതിനെതിരെയുള്ള സമരം എന്ന ഒറ്റക്കാരണമേയുള്ളൂ... രക്തസാക്ഷികളുടെ ചോര കുടിച്ച് വീർത്ത ശേഷം, സ്വാശ്രയ മുതലാളിമാർക്ക് വിടുപണി ചെയ്തുകൊണ്ടിരിക്കുന്ന ഈ പാർട്ടിയോട് റോഷന്റെ ആത്മാവ് പോലും പൊറുക്കില്ല...!-ഇതാണ് വാസുവിനെ ആശ്വസിപ്പിച്ച് പോസ്റ്റിന് താഴെയുള്ള കമന്റ്.

ആരോട് പറയാൻ ആര് കേൾക്കാൻ എന്നാണ് വാസുവിന്റെ പോസ്റ്റിന് താഴെയുള്ള ഒരു കമന്റ്. 1994 നവംബർ 25ന് കൂത്തുപറമ്പിൽ നടന്ന പൊലീസ് വെടുവെപ്പിൽ 5 ഡിവൈഎഫ് ഐ പ്രവർത്തകർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക് പറ്റി.പുഷ്പൻ ജീവിക്കുന്ന രക്തസാക്ഷി ആയി.... സ്വാശ്രയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയ മുഖ്യമന്ത്രിയെയോ വിദ്യാഭ്യാസ മന്ത്രിയെയോ തടയാതെ സഹകരണ മന്ത്രിയെ തടഞ്ഞത് അന്നേ സംശയം ജനിപ്പിച്ച വസ്തുത ആണ്. പരിപാടി ഉൽഘാടനം ചെയ്ത സിപിഎം നേതാക്കൾക്ക് പൊലീസ് നടപടിയിൽ നിസ്സാര പരിക്ക് പോലും പറ്റാഞ്ഞതും ജനങ്ങളുടെ ഇടയിൽ ചർച്ച ആയിരുന്നു....പിന്നെ നടന്നത് സംഘടിത അക്രമം ആയിരുന്നു. നിരവധി സർക്കാർ സ്ഥാപനങ്ങൾ തകർത്തു. സഹതാപ തരംഗത്തിൽ ഇടതുപക്ഷം അധികാരത്തിൽ വന്നു.കോടികൾ പിരിവ് നടത്തി പാർട്ടി പണം സമ്പാദിച്ചു.

പിന്നീട് ചരിത്രം മാറി. വെടി വച്ച കേസുകൾ ദുർബലമായി. പൊലീസുകാർ ഒന്നൊഴിയാതെ രക്ഷപ്പെട്ടു. കൊലപാതകം നടത്തിയ രാഘവനെ പാർട്ടി ഏറ്റെടുത്തു. മക്കളെ തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിച്ചു. പരിയാരം മെഡിക്കൽ കോളേജ് ഭരണം പിടിച്ചു.ലക്ഷങ്ങൾ കൈക്കൂലി വാങ്ങി സീറ്റുകൾ വിൽപന നടത്തി.

ഏറ്റവും ഒടുവിലായി അന്വേഷണ ഏജൻസികൾ കരുണ ,കണ്ണൂർ സ്വാശ്രയ മാനേജുമെന്റുകൾക്കെതിരെ റിപ്പോർട്ട് നൽകിയിട്ടും അവർക്ക് വേണ്ടി നിയമനിർമ്മാണം നടത്താൻ ശ്രമിക്കുന്നു... എല്ലാം കണ്ടും കേട്ടും പ്രതികരിക്കാൻ പോലും ത്രാണി ഇല്ലാതെ പുഷ്പൻ. പാർട്ടി ചെയ്യുന്ന തെമ്മാടിത്തരങ്ങൾക്ക് ഇങ്കുലാബ് വിളിച്ചു പിന്തുണയ്ക്കാൻ നിർബന്ധിതരായ പാർട്ടി അണികൾ....ഇത്രയും അധഃപതിച്ച മറ്റൊരു പ്രസ്ഥാനം ഈ ഭൂമുഖത്തുണ്ടാവില്ല-ഇതൊക്കെയാണ് പോസ്റ്റിൽ നിറയുന്ന കമന്റുകൾ. സിപിഎമ്മിനേയും സർക്കാരിനേയും പ്രതിരോധിക്കാൻ ആരും എത്തുന്നുമില്ല.