കൊയിലാണ്ടി : മൊബൈൽ ഫോണിൽ യുവതികളുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് അവരെ വലയിലാക്കാൻ സുഹൃത്തുക്കളെ ഉപയോഗിച്ച് യുവതികളുടെ ഭർത്താക്കന്മാരെപ്പറ്റി മോശമായ വിവരങ്ങൾ നൽകി ദാമ്പത്യ ബന്ധത്തിൽ വിള്ളലുണ്ടാക്കുകയും ചെയ്ത് പീഡനം നടത്തിയ വിരുതൻ പൊലീസ് പിടിയിൽ. ഇതിനൊപ്പം ഭർതൃമതികളായ യുവതികളെ ജോലി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കൂടെക്കൂട്ടി ഹോം സ്റ്റേകളിലും ലോഡ്ജുകളിലും താമസിപ്പിച്ച് ലൈംഗിക പീഡനം നടത്തിയ കേസിലെ പ്രതി അത്തോളി ചെറുവലത്ത് സക്കീർഹുസൈനെ (24) പൊലീസ് അറസ്റ്റു ചെയ്തു.

കൊളക്കാട് സ്വദേശിനി നൽകിയ പരാതിയിൽ കൊയിലാണ്ടി സിഐ കെ. ഉണ്ണിക്കൃഷ്ണനാണ് പ്രതിയെ പിടികൂടിയത്. ഭർത്താക്കന്മാരെപ്പറ്റി മോശമായ വിവരങ്ങൾ നൽകി ദാമ്പത്യ ബന്ധത്തിൽ വിള്ളലുണ്ടാക്കുകയുമായിരുന്നു ഇയാളുടെ ശൈലി. വിവാഹ വാഗ്ദാനം നൽകി വശീകരിച്ച യുവതികളുടെ ആഭരണങ്ങളും തട്ടിയെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. 2015 സെപ്റ്റംബറിൽ അത്തോളി സ്വദേശിനിയായ യുവതി ചെന്നൈയിൽ കുടുംബത്തോടൊപ്പം താമസിക്കുമ്പോൾ സമാനമായ നിലയിൽ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച കേസിലും പ്രതിയാണ്.

ഇയാൾക്ക് സഹായം നൽകിയ നാട്ടിലെയും ബെംഗളൂരുവിലെയും സ്ത്രീകൾ ഉൾപ്പെടെയുള്ളവരെക്കുറിച്ചും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എഎസ്‌ഐ ബാബു, എസ്‌സിപിഒമാരായ എംപി. ശ്യാം, പ്രദീപൻ, സുരേഷ്‌കുമാർ, പ്രേമൻ മുചുകുന്ന്, ഗിരീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.