- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജീവും പിള്ളയും കൈകോർത്തപ്പോൾ പുറത്തായി; കളമശ്ശേരിയിൽ ചന്ദ്രൻ പിള്ളയ്ക്ക് മത്സരമോഹം എത്തിയപ്പോൾ സക്കീർ ഭായി അകത്തും; 'പൊന്മുട്ടയിടുന്ന താറാവിനെ' തിരിച്ചെത്തിക്കുന്നത് ജയം ഉറപ്പാക്കാൻ; സക്കീർ ഹുസൈൻ സിപിഎമ്മിൽ തിരിച്ചെത്തുന്നതിന് പിന്നിൽ വിഎസിന്റെ പഴയ വിശ്വസ്തന്റെ എംഎൽഎ മോഹം
കളമശ്ശേരി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നടപടി നേരിട്ട സിപിഎം കളമശ്ശേരി ഏരിയ മുൻ സെക്രട്ടറി സക്കീർ ഹുസൈനെ സിപിഎം തിരിച്ചെടുത്തു. എറണാകുളം ജില്ലാ കമ്മിറ്റിയാണ് അച്ചടക്ക നടപടി പിൻവലിച്ചത്. കളമശ്ശേരിയിൽ നിയസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാനുള്ള ചന്ദ്രൻപിള്ളയുടെ നീക്കമാണ് സക്കീറിന് തുണയാകുന്നത്. സിപിഎം കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ കഴിഞ്ഞ 10 വർഷത്തിനിടെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായാണ് സിപിഎം റിപ്പോർട്ട്. ഇതിനൊപ്പം നിരവധി ആരോപണങ്ങൾ സക്കീർ ഹുസൈനെതിരെ ഉയർന്നിരുന്നു.
സസ്പെൻഷൻ കാലാവാധി പൂർത്തിയായതിനെത്തുടർന്നാണ് നടപടി പിൻവലിച്ചതെന്നാണ് സിപിഎം നൽകുന്ന വിശദീകരണം. പാർട്ടി കമ്മിറ്റി അംഗം എന്ന നിലയിലേക്കാണ് ഇപ്പോഴുള്ള തിരിച്ചെടുക്കൽ. പക്ഷേ പാർട്ടിയിൽ തിരിച്ചെത്തുന്ന സക്കീർ ഹുസൈൻ കളമശേരിയിൽ സജീവമാകും. കൊച്ചിയിൽ പാർട്ടി ഫണ്ട് അടക്കമുള്ള കാര്യങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന വ്യക്തിയാണ് സക്കീർ ഹുസൈൻ. അനധികൃത സ്വത്ത് സമ്പാദനം, വിദേശയാത്ര എന്നീ ആരോപണങ്ങൾ അന്വേഷിച്ച പാർട്ടി കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നാണ് സക്കീർ ഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്.
കളമശ്ശേരിയിൽ വികെ ഇബ്രാഹിംകുഞ്ഞാണ് മുസ്ലിം ലീഗ് എംഎൽഎ, പാലാരിവട്ടം അഴിമതിയിൽ കുടുങ്ങിയ ഇബ്രാഹിംകുഞ്ഞ് കാൻസർ രോഗ ബാധിതനുമാണ്. ഈ സാഹചര്യത്തിൽ കളമശ്ശേരിയിൽ സിപിഎമ്മിന് പ്രതീക്ഷ ഏറെയാണ്. പക്ഷേ സക്കീർ ഹുസൈൻ പിണങ്ങിയാൽ പണി കിട്ടും. ഇത് മനസ്സിലാക്കിയാണ് സക്കീർ ഹുസൈനെ പാർട്ടിയിലേക്ക് കൊണ്ടു വരുന്നത്. നേരത്തെ കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെ ആറുമാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുമ്പോൾ ചർച്ചയാകുന്നത് എറണാകുളത്തെ സിപിഎം ഗ്രൂപ്പ് സമവാക്യങ്ങളിലെ മാറ്റങ്ങളായിരുന്നു.
ആദ്യഘട്ടത്തിൽ എറണാകുളം ജില്ലാ കമ്മിറ്റി ചേർന്ന് സക്കീർ ഹുസൈനെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഈ തീരുമാനം അംഗീകരിക്കാൻ സാധിക്കില്ലെന്നും കൂടുതൽ ശക്തമായ നടപടി വേണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് നിർദ്ദേശിക്കുകയായിരുന്നു. സക്കീർ ഹുസൈനെതിരെ വിശദമായ അന്വേഷണ കമ്മീഷൻ റിപ്പോർട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് ജില്ലാ കമ്മറ്റി സക്കീർ ഹുസൈനെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ഇതിന് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകാരം നൽകുകയുമായിരുന്നു. ഇതിന് പിന്നിൽ എറണാകുളത്തെ സിപിഎം ഗ്രൂപ്പ് സമവാക്യങ്ങളിലെ മാറ്റങ്ങളും കാരണമായെന്നാണ് സൂചന.
എറണാകുളത്ത് സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തെ നയിക്കുന്നത് പി രാജീവാണ്. രാജീവിന്റെ അതിവിശ്വസ്തനായിരുന്നു സക്കീർ ഹുസൈൻ. അതുകൊണ്ട് തന്നെ ആരോപണം പലതെത്തിയിട്ടും സക്കീർ ഹുസൈന് മാത്രം ഒന്നും സംഭവിച്ചില്ല. വി എസ് അച്യുതാനന്ദൻ പക്ഷത്തിന് അടിയുറച്ച വേരുകൾ എറണാകുളത്തുണ്ട്. ചന്ദ്രൻ പിള്ളയും എസ് ശർമ്മയും ഒരു ഘട്ടത്തിലും രാജീവുമായി സഹകരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ രാജീവിന് എറണാകുളത്ത് കരുക്കൾ നീക്കാൻ സക്കീർ ഹുസൈൻ ്അനിവാര്യതയായി. ഇതിനിടെയാണ് ചന്ദ്രൻ പിള്ളയുടെ മനസ്സ് മാറുന്നത്. പഴയ പ്രശ്നമെല്ലാം മറന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി സഹകരിക്കാൻ ചന്ദ്രൻ പിള്ള തയ്യാറായി. ഈ നീക്കത്തിന് പിന്നിൽ ചരട് വലിച്ചതും രാജീവായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജീവിന് എറാണാകുളത്ത് വമ്പൻ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ഇതോടെ കൂടുതൽ കരുതലുകൾ എടുക്കാൻ രാജീവ് തീരുമാനിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും സുരക്ഷിത മണ്ഡലം കണ്ടെത്തി മത്സരിക്കാനാണ് രാജീവിന്റെ തീരുമാനം. പി സ്വരാജ് തൃപ്പുണ്ണിത്തുറയിലെ എംഎൽഎയാണ്. സ്വരാജും മലപ്പുറത്തു നിന്നു വന്ന് എറാണുകളത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചു. സ്വരാജും മുഖ്യമന്ത്രി പിണറായിയും നല്ല അടുപ്പത്തിലുമാണ്. ഇതെല്ലാം മനസ്സിലാക്കിയാണ് രാജീവ് എറണാകുളത്തെ വി എസ് പക്ഷത്തെ അടുപ്പിച്ചത്.
ചന്ദ്രൻ പിള്ളയ്ക്ക് കൂടുതൽ പരിഗണന ഇനി സിപിഎം നേതൃത്വത്തിൽ നിന്നും ലഭിക്കും. ഈ ഫോർമുല അംഗീകരിച്ചാണ് ചന്ദ്രൻ പിള്ളയുടെ രാജീവ് പക്ഷത്തേക്കുള്ള വരന്നത്. ഇതോടെ എറണാകുളത്ത് സക്കീർ ഹുസൈന്റെ പിന്തുണ രാജീവിന് ആവശ്യമില്ലാതെയായി. അതുകൊണ്ട് തന്നെ സക്കീർ ഹുസൈനെ കൂടുതൽ കാലത്തേക്ക് പാർട്ടിയിൽ നിന്ന് മാറ്റി നിർത്തുമെന്ന് വിലയിരുത്തലുകൾ എത്തി. എന്നാൽ കളമശ്ശേരിയിൽ മത്സരിക്കാൻ ചന്ദ്രൻപിള്ളയ്ക്ക് താൽപ്പര്യമുണ്ട്. സക്കീർ ഹുസൈനെ പിണക്കിയാൽ മത്സരിച്ചാലും തോൽക്കും. ഇതോടെയാണ് സക്കീറിന് അനുകൂലമായി ചന്ദ്രൻപിള്ളയും മാറിയത്.
വെണ്ണല സ്വദേശിയായ യുവ വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയതാണ് സക്കീറിന്റെ ഗുണ്ടാമുഖം ആദ്യമായി വെളിയിൽ കൊണ്ടുവന്നത്. സക്കീർ ഹുസൈൻ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിലപാട് വ്യക്തമാക്കിയപ്പോൾ അന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശക്തമായ നിലപാടിലേക്ക് വന്നതേയില്ല. കോടിയേരി ഹുസൈനെ ന്യായീകരിച്ച് സംസാരിച്ചതും അന്ന് വിവാദങ്ങളിൽ സ്ഥാനം പിടിക്കുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ