കണ്ണൂർ: സംസ്ഥാനത്തെ സാക്ഷരതാ മിഷൻ പ്രവർത്തിക്കുന്നത് ആർക്കു വേണ്ടിയാണ്? പ്രഹസനങ്ങളുടെ അയ്യരുകളിയാണ് ഇവിടെ നടക്കുന്നത്. പഠിതാക്കൾക്ക് ഒരു ദിവസം പോലും ക്ലാസ് നൽകാതെ സാക്ഷരതാമിഷൻ വെറും പബ്ലിസിറ്റിക്ക് വേണ്ടി പരീക്ഷ നടത്തിയതായി ആക്ഷേപം. പരീക്ഷാ നാടകത്തിനെതിരേ ഇടതനുകൂല പ്രേരക്മാരുടെ സംഘടന വിദ്യാഭ്യാസമന്ത്രിക്ക് പരാതിയും നൽകി. ഒരു ദിവസം പോലും പഠിപ്പിക്കാത്ത ഞങ്ങൾ നടത്തിയ പരിക്ഷ മനസ്സാക്ഷിക്ക് നിരക്കാത്തതായിയെന്നും അവർ പറയുന്നു.

ഒന്നും പഠിപ്പിക്കാതെ പരീക്ഷ നടത്തി പഠിതാക്കൾക്ക് വിജയിച്ച സർട്ടിഫിക്കറ്റ് നൽകി നേട്ടം കാണിക്കുകയാണ് സാക്ഷരതാ മിഷൻ ചെയ്യുന്നതെന്നാണ് ആക്ഷേപം. ഈ പരീക്ഷയെ അദ്ധ്യാപകരായ പ്രേരക്മാർ എതിർത്തെങ്കിലും അത് സാക്ഷരതാമിഷൻ ഗൗനിച്ചില്ല. ഒരു ക്ലാസും നൽകാതെ നാല്, ഏഴ് തുല്യതാപരീക്ഷ ഡിസംബർ 11-നാണ് നടത്തിയത്.

കോവിഡ് നിയന്ത്രണങ്ങൾ കാരണം നാല്, ഏഴ് തുല്യതാ കോഴ്സുകളിൽ സർക്കാർ ഉത്തരവ് പ്രകാരം ക്ലാസുകൾ തുടങ്ങിയത് തുല്യതാകോഴ്സുകളിൽ മാത്രം ഓൺലൈൻ വഴിയുള്ള ക്ലാസുകൾ സാക്ഷരതാമിഷൻ നടത്തിയിരുന്നു. ഏഴാംക്ലാസിൽ 2640 പേരാണ് പരീക്ഷ എഴുതിയത്. നാലാംക്ലാസ് തുല്യതാപരീക്ഷ 4132 പേരും എഴുതി. തുല്യതാ പരീക്ഷകൾ മാറ്റിവെക്കണമെന്ന് പ്രേരക്മാരുടെ അസോസിയേഷൻ ആവശ്യപ്പെട്ടെങ്കിലും സാക്ഷരതാമിഷൻ അത് തള്ളി. പകരം ക്ലാസ് നടന്നിട്ടില്ലെങ്കിലും പരീക്ഷ കൃത്യമായി നടത്തണമെന്നായിരുന്നു നിർദ്ദേശം.

ഓൺലൈൻ ക്ലാസ് നൽകാൻ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും അതിനുള്ള സൗകര്യവും നൽകിയില്ല. ഇത് പരീക്ഷാനാടകമാണെന്ന് പ്രേരക്മാർതന്നെയാണ് പറയുന്നത്. പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം എന്ന നിലയിൽ സാക്ഷരതാമിഷന്റെ ഏഴാംതരം തുല്യതാസർട്ടിഫിക്കറ്റ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർചെയ്യാം. കൂടാതെ, ഏഴാം ക്ലാസ് യോഗ്യത മാനദണ്ഡം ആക്കിയിട്ടുള്ള പി.എസ്.സി. പരീക്ഷകൾക്കും അപേക്ഷിക്കാം. പുതിയ തൊഴിൽസംരഭം തുടങ്ങാൻ ബാങ്കുകളിൽനിന്നും വായ്പയും ലഭ്യമാകുന്നുണ്ട്.

സാക്ഷരതാമിഷൻ നടത്തുന്ന പത്താംതരം തുല്യതാകോഴ്‌സിൽ ചേർന്ന് പഠിക്കുകയും ചെയ്യാം. അതുകൊണ്ടുതന്നെ പരീക്ഷയെ പ്രഹസനമാക്കരുതെന്നാണ് പ്രേരക്മാരുടെ ആവശ്യം. സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാസർട്ടിഫിക്കറ്റ് ഔപചാരിക തലത്തിലെ എസ്.എസ്.എൽ.സി.ക്ക് തുല്യമാണ്. എന്നാൽ, പത്താംതരം തുല്യതാ പരീക്ഷാനടത്തിപ്പിന്റെ ചുമതല പരീക്ഷാഭവന്റേതാണ്.