കൊച്ചി: ഭർത്താവുമായി വേർപിരിഞ്ഞ അശ്വതിക്കൊപ്പമായിരുന്നു വിവാഹിതനായ സജിത്തിന്റെ താമസം. അതിനിടെ, അപകടത്തിൽ പരുക്കേറ്റ ശകുന്തള മകൾക്കൊപ്പം താമസിക്കാനെത്തി. ശകുന്തള ബാധ്യതയായി തോന്നിയ സജിത്ത് അവരെ ഇല്ലാതാക്കാൻ തീരുമാനിച്ചു-കുമ്പളത്ത് പ്ലാസ്റ്റിക് വീപ്പയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ. സംഭവത്തിൽ അശ്വതിയിൽ നിന്നും കൂടുതൽ വ്യക്തതയോടെ വിവരങ്ങൾ കിട്ടാൻ നുണപരിശോധനയ്ക്കു വിധേയയാക്കാൻ അന്വേഷണസംഘം കോടതിയെ സമീപിച്ചു. ചോദ്യം ചെയ്യലിനിടയിൽ അശ്വതി നൽകിയ മൊഴികളിലെ വൈരുധ്യം സംശയങ്ങൾക്കിട നൽകി. ഇതോടെയാണ് കൊലയിലെ ചുരുൾ അഴിഞ്ഞത്.

ജില്ലാ ജന്തുദ്രോഹ നിവാരണ സമിതി ഇൻസ്പെക്ടറായിരുന്നു സജിത്ത്. മരിച്ച സജിത്തിന്റെ മൊെബെൽ ഫോണുകളിലൊന്ന് അശ്വതിയുടെ പക്കൽനിന്നു കണ്ടെടുത്തിരുന്നു. തന്റെ മകളുമായുള്ള ബന്ധം സജിത്തിന്റെ ഭാര്യയെ അറിയിക്കുമെന്നു ശകുന്തള ഭീഷണിപ്പെടുത്തിയിരുന്നു. അയൽവാസികളോട് ശകുന്തളയെ കോട്ടയത്തുള്ള ചേച്ചിയുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നുവെന്നു പറഞ്ഞശേഷം സജിത്ത് അശ്വതിയെയും കുട്ടികളെയും സ്ഥലത്തുനിന്നു മാറ്റി. വാടക വീട്ടിൽ തനിച്ചായ ശകുന്തളയെ കൊലപ്പെടുത്തിയ സജിത്ത് മൃതദേഹം വീട്ടിൽ സൂക്ഷിച്ചു.

സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവറുടെ സഹായത്തോടെ വീപ്പ സംഘടിപ്പിച്ചു. പിന്നീട് മൃതദേഹം വീപ്പയിലാക്കി കോൺക്രീറ്റ് നിറച്ചു. വീപ്പ ഉപേക്ഷിക്കാൻ അഞ്ചു പേരെ ഏർപ്പാടാക്കി. വീപ്പയ്ക്കുള്ളിൽ വേസ്റ്റാണെന്നാണ് ഇവരെ വിശ്വസിപ്പിച്ചത്. തുടർന്ന് സജിത്തിന്റെ നേതൃത്വത്തിൽ പാം ഫൈബറിന്റെ ഒഴിഞ്ഞ പറമ്പിനോട് ചേർന്നുള്ള കുമ്പളം കായലിൽ വീപ്പ തള്ളി. കൊലപാതകത്തെക്കുറിച്ച് അശ്വതിക്ക് അറിവുണ്ടായിരുന്നോ എന്നു വ്യക്തമാക്കാനാണ് നുണ പരിശോധന. വീപ്പ കായലിൽ തള്ളാൻ സഹായിച്ചവരെ പൊലീസ് തിരിച്ചറിഞ്ഞു ചോദ്യം ചെയ്തിട്ടുണ്ട്. ഇതിൽ ചില ലോഹങ്ങളാണെന്നാണു സജിത്ത് പറഞ്ഞിരുന്നതെന്നും മൃതദേഹമായിരുന്നുവെന്നു അറിവില്ലെന്നുമാണു സംഘം പൊലീസിനു നൽകിയിരിക്കുന്ന മൊഴി. എന്നാൽ, ഇതു പൂർണമായി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

ഉദയംപേരൂർ മാവട ദാമോദരന്റെ ഭാര്യ ശകുന്തളയുടെതാണെന്നു നേരത്തേ കണ്ടെത്തിയിരുന്നു. ജനുവരി എട്ടിനാണു കുമ്പളം പാംെഫെബറിന്റെ ഒഴിഞ്ഞ പറമ്പിൽ കിടന്ന പ്ലാസ്റ്റിക്ക് വീപ്പ പൊളിച്ചപ്പോൾ അസ്ഥികൂടം കണ്ടെത്തിയത്. വീപ്പ കണ്ടെത്തിയതിന്റെ പിറ്റേന്ന് ഏരൂരിലെ വീട്ടിൽ ശകുന്തളയുടെ മകൾ അശ്വതിയുടെ കാമുകൻ സജിത്തിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിരുന്നു. അന്വേഷണത്തിനിടെ ശകുന്തളയുടെ മകളെ പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും അമ്മ ഒരു വർഷംമുമ്പ് വീടുവിട്ടു മുംബൈയ്ക്കു പോയെന്നായിരുന്നു മൊഴി നൽകിയിരുന്നത്.

എന്നാൽ, പൊലീസ് മുംബൈയിലെത്തി നടത്തിയ അന്വേഷണത്തിൽ ശകുന്തള ഇവിടെയെത്തിയിട്ടില്ലെന്നു വ്യക്തമായിരുന്നു. അതേസമയം, ശകുന്തള 2016 സെപ്റ്റംബറിൽ മരണപ്പെട്ടതായുള്ള സൂചനയാണു പൊലീസ് നൽകുന്നത്. മൃതദേഹം കണ്ടെത്തിയതോടെ അന്വേഷണം തന്നിലേക്കുവരുമെന്നു ഭയന്നാകാം കൊലപാതകി ജീവനൊടുക്കിയതെന്നു സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. തൃക്കാക്കര എ.സി.പി. ഷംസിന്റെ മേൽനോട്ടത്തിൽ സൗത്ത് സിഐ സിബി ടോമാണ് കേസ് അന്വേഷിക്കുന്നത്. എസ്.ഐ. തിലകരാജ്, എഎസ്ഐമാരായ വിനായകൻ, ശിവൻകുട്ടി, സി.പി.ഒ. അനിൽകുമാർ എന്നിവരും അന്വേഷണസംഘത്തിലുണ്ട്.

വസ്ത്രാവശിഷ്ടങ്ങളിൽനിന്നു മൃതദേഹം സ്ത്രീയുടേതാണെന്നു വ്യക്തമായിരുന്നു. തുടർന്നു പൊലീസ് നടത്തിയ പരിശോധനയിൽ ഇടതു കണങ്കാലിൽ ശസ്ത്രക്രിയ നടത്തി സ്റ്റീൽ കന്പിയിട്ടയാളാണു മരിച്ചതെന്നും തിരിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണു മരിച്ചത് ശകുന്തളയാണെന്നും കൊലപാതകി സജിത്താണെന്നും കണ്ടെത്തിയത്.