കൊച്ചി: വീട്ടമ്മയെ കൊലപ്പെടുത്തി കോൺക്രീറ്റ് വീപ്പയിൽ നിറച്ച് കായലിൽ തള്ളിയതിന് പിന്നിൽ പെൺവാണിഭ മാഫിയയുടെ ഇടപെടലുമുണ്ടെന്ന് സംശയിച്ച് പൊലീസ്. ഉദയംപേരൂർ സ്വദേശിനി ശകുന്തളയെ കൊലപ്പെടുത്തിയത് എം ടി. സജിത്തെന്ന എസ്‌പിസിഎ ഇൻസ്പെക്ടറാണെന്നാണ് പൊലീസ് നിഗമനം. ഇയാൾ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. സജിത്തിന് കൊച്ചിയിലെ പെൺവാണിഭ സംഘങ്ങളുമായി ബന്ധമുണ്ടെന്ന സൂചനകൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ശകുന്തളയുടെ മകൾ അശ്വതിക്കും ഇവരുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്. അതേസമയം സജിത്തുമായി ബന്ധമുണ്ടായിരുന്ന ഇടുക്കി സ്വദേശിനിയായ 26കാരിയെ കാണാതായിട്ടുണ്ട്. സജിത്ത് ആത്മഹത്യ ശേഷമായിരുന്നു ഇവർ വിദേശത്തേക്ക് കടന്നത്.

വിവാഹ മോചിതയായ അശ്വതിക്കൊപ്പമാണ് സജിത്ത് കഴിഞ്ഞിരുന്നത്. ഇവിടേക്ക് എത്തിയ ശകുന്തള അവിഹിത ഇടപാടുകൾ തിരിച്ചറിഞ്ഞു. ഇതോടെയാണ് ഇവരെ വകവരുത്തിയതെന്നാണ് സൂചന. ഇതിന് പിന്നിൽ പെൺവാണിഭ സംഘങ്ങൾക്ക് പങ്കുണ്ടെന്നാണ് സൂചന. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയ സംഘം മുന്തിയ ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് ഇടപാട് നടത്തുന്നത്. ഇവർക്ക് ആനക്കൊമ്പടക്കമുള്ള ഇടപാടുകളുമുണ്ട്. ഈ സംഘത്തെ നയിക്കുന്ന യുവതിയെ കുറിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. മുങ്ങിയ യുവതിയെ തേടിയുള്ള അന്വേഷണം ഊർജിതമാക്കി. സജിത്തുമായും ശകുന്തളയുടെ മകൾ അശ്വതിയുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന ഉന്നത ബന്ധങ്ങളുള്ള സ്ത്രീയ്ക്ക് ശകുന്തളയുടെ കൊലയെ കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം.

ഇവർ ഗൾഫിലേക്ക് കടന്നതായാണ് സൂചന. സജിത്തും അശ്വതിയും മക്കളുമൊത്ത് ഇവർ വിനോദയാത്രകൾ നടത്തിയ ദൃശ്യങ്ങളും വീഡിയോയും പൊലീസിന്റെ പക്കലുണ്ട്. നാടുവിട്ട ശേഷം ഇവർ സമൂഹമാധ്യമങ്ങളിലോ പതിവായി ഉപയോഗിച്ചിരുന്ന വാട്സപ്പിലോ പ്രത്യക്ഷപ്പെട്ടിട്ടില്ല. സജിത്തുമായി പല ദുരൂഹമായ ഇടപാടുകളിലും ഇവർക്ക് പങ്കുണ്ടായിരുന്നു. അതിനിടെ ശകുന്തളയുടെ മകൾ അശ്വതിയെ കോടതിയുടെ അനുമതി ലഭിച്ചാലുടൻ രണ്ട് ദിവസത്തിനുള്ളിൽ നുണപരിശോധനയ്ക്ക് വിധേയമാക്കും. അശ്വതിയുടെ പരസ്പര വിരുദ്ധമായ മൊഴികളാണ് ഇതിന് കാരണമെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന പി.പി. ഷംസ് പറഞ്ഞു. നാടുവിട്ട യുവതിയെ കുറിച്ചും ഇവർ ഒന്നും പറയുന്നില്ല. ഇടുക്കികാരിയായ ഇവർക്ക് സിനിമാ സീരിയൽ മേഖലയിലും അടുത്ത ബന്ധമുണ്ട്.

2017 നവംബർ 8 ന് കുമ്പളം കായലിൽ, കൊലപ്പെടുത്തി ചാക്കുകെട്ടിലാക്കി കായലിൽ തള്ളിയ നിലയിൽ കണ്ടെത്തിയ അജ്ഞാത ജഡത്തെക്കുറിച്ചുള്ള അന്വേഷണവും സജിത്തിനേയും സംഘത്തേയും കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്. ശകുന്തളയുടെ മകൾക്കു കൊലയിൽ പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇത് തെളിയിക്കാൻ കഴിഞ്ഞാൽ കേസിൽ നിർണായകമായ വഴിത്തിരിവുണ്ടാകുമെന്നും പൊലീസ് കരുതുന്നു. സജിത്തിന്റെ നിർദ്ദേശപ്രകാരം വീപ്പയിലാക്കിയ മൃതദേഹം കായലിൽ തള്ളുന്നതിനും മറ്റും സഹായിച്ച അഞ്ചുപേർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇവരെ ചോദ്യം ചെയ്തതിൽനിന്നു പൊലീസിന് കൊലപാതകം നടന്നത് എവിടെയാണെന്ന് സ്ഥിരീകരിക്കാനായിട്ടുണ്ട്.

എന്നാൽ, ഇവർക്ക് കൊലയിൽ പങ്കുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്. ഇവർ പെൺവാണിഭ സംഘത്തിലെ അംഗങ്ങളാണെന്നാണ് പൊലീസ് കരുതുന്നത്. ശകുന്തളയുടെ മകളുടെ മുൻകാല ജീവിതത്തെക്കുറിച്ച് പൊലീസ് പരിശോധിക്കുന്നുണ്ട്. മകളെ നുണപരിശോധനയ്ക്ക് വിധേയമാക്കാനും നീക്കമുണ്ട്. ശകുന്തളയെ സജിത്ത് എങ്ങനെയാണു കൊന്നതെന്നും കണ്ടെത്തേണ്ടതുണ്ട്. കൊല നടന്നത് ഉദയംപേരൂർ എരുവേലി ശാന്തിതീരം ശ്മശാനത്തിനടുത്ത് നാലാംവാർഡിലെ 107-ാം നമ്പർ വാടകവീട്ടിലാണെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വീട് ശകുന്തള ടൈറ്റസ് ജോർജ് എന്നയാളിൽനിന്ന് മാസവാടകയ്ക്കെടുത്തതാണ്.

2016 സെപ്റ്റംബർ 14 ന് വാഹനാപകടത്തിൽപ്പെട്ട ശകുന്തളയ്ക്ക് കാലിൽ മലിയോളർ സ്‌ക്രൂ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയിരുന്നു. സെപ്റ്റംബർ 20 ന് ശകുന്തള വാടകവീട്ടിൽവച്ച് കൊലചെയ്‌പ്പയെട്ടു എന്നാണ് പൊലീസ് നിഗമനം. മൃതദേഹം പൂജാമുറിയിൽ സൂക്ഷിച്ചശേഷം ഇവിടെവച്ചു തന്നെ വീപ്പയിൽ കയറ്റി കോൺക്രീറ്റ് ഇട്ട് നിറച്ചുവെന്നുമാണ് കരുതുന്നത്. ഏതാനും ദിവസങ്ങൾക്കുശേഷമാണ് വീപ്പ ഇവിടെ നിന്നു നീക്കം ചെയ്ത് കായലിൽ തള്ളിയത്. ഇതിനിടെ വീട് ഒഴിയുകയാണെന്ന് മകൾ വാടകക്കാരനെ അറിയിച്ചു. വീടിനു സമീപത്തുണ്ടായിരുന്ന മെറ്റലും കട്ടകളും ഉപയോഗിച്ചുണ്ടാക്കിയ കോൺക്രീറ്റ് ആണ് വീപ്പയിൽ നിറച്ചത്. ഇതിന്റെ അവശിഷ്ടങ്ങൾ വീട് വൃത്തിയാക്കിയവേളയിൽ സജിത്തും കൂട്ടരും ചേർന്ന് നീക്കം ചെയ്തു.

പെരുമ്പാവൂരിൽ ഭൂമി വിറ്റ് കിട്ടിയ പണമടക്കമുള്ളത് ശകുന്തളയുടെ കൈവശമുണ്ടായിരുന്നു. മകളുമായി സജിത്തിന് അടുപ്പമുണ്ടായിരുന്നുവെന്ന കാര്യം തിരിച്ചറിഞ്ഞ ശകുന്തള ഇക്കാര്യം സജിത്തിന്റെ ഭാര്യയെ അറിയിക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം മറച്ചുവയ്ക്കുന്നതിനൊപ്പം സ്ഥലവിൽപനയിലൂടെ ലഭിച്ച പണം തട്ടിയെടുക്കാനും ഉദ്ദേശിച്ചായിരുന്നു കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം.