മസ്‌കത്ത്: സലാലയുടെ മഴക്കാല ഉത്സവമായ സലാല ടൂറിസം ഫെസ്റ്റിവലിന് ഇന്ന് കൊടിയുയരും. വിവിധ കലാസാംസ്‌കാരിക വിനോദപരിപാടികൾ സമന്വയിപ്പിക്കുന്ന ഫെസ്റ്റിവൽ ഓഗസ്റ്റ് 31ന് സമാപിക്കും. 40ദിവസം നീളുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനച്ചടങ്ങ് വർണ ശബളമായിരിക്കും. വിവിധ രാജ്യങ്ങളിൽനിന്നുള്ള സാംസ്‌കാരിക, പൈതൃക പ്രദർശനങ്ങളും കായിക, വിനോദ ഇനങ്ങളും ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

മേഖലയിലെ ഏറ്റവും വലിയ ഉത്സവമാണ് സലാല ടൂറിസം ഫെസ്റ്റിവൽ. പരമ്പരാഗത കരകൗശല ഉൽപന്നങ്ങൾ, കല, ഗെയിമുകൾ, ഭക്ഷ്യവിഭവങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുമായി പരമ്പരാഗത വില്ലേജ് ഫെസ്റ്റിവലിന്റെ ആകർഷകമാവും. ഉത്സവത്തിന്റെ ഭാഗമായി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ നിരവധി പ്രദർശനങ്ങളും ഒരുക്കുന്നുണ്ട്. സാംസ്‌കാരിക, വാർത്താവിനിമയ, സങ്കേതിക പ്രദർശനങ്ങളും ആരംഭിക്കുന്നുണ്ട്.

സലാല മുനിസിപ്പാലിറ്റി റിക്രിയേഷൻ സെന്ററിൽ ഈമാസം 28 മുതൽ ചരിത്രരേഖകളുടെ പ്രദർശനം ആരംഭിക്കും. അടുത്തമാസം രണ്ട് വരെ പ്രദർശനം തുടരും. ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ ശൈഖ് സാലിം ബിൻ ഉഫൈത്ത് അൽ ഷൻഫരി പ്രദർശനം ഉദ്ഘാടനം ചെയ്യും. ഒമാന്റെ ഏറെ വിലപ്പെട്ട ചരിത്രരേഖകൾ, ചരിത്രപ്രാധാന്യമുള്ള കയൈഴുത്ത് പ്രതികൾ, പഴയകാല നാണയങ്ങളുടെയും സ്റ്റാമ്പുകളുടെയും ശേഖരങ്ങൾ എന്നിവയും പ്രദർശനത്തിനത്തെും. ഒമാനും വിവിധ രാജ്യങ്ങളും തമ്മിൽ പുരാതന കാലം മുതൽ നടത്തിയ വ്യാപാര കരാറുകളുടെയും ഉടമ്പടികളുടെയും രേഖകൾ എന്നിവയും പ്രദർശനത്തിനത്തെും.

ഫെസ്റ്റിവൽ കാലത്താണ് ഏറ്റവും കൂടുതൽ സന്ദർശകർ സലാലയിലത്തെുന്നത്. അറേബ്യൻ ഉപഭൂഖണ്ഡം മുഴുവൻ വേനൽച്ചൂടിൽ കത്തിയെരിയുമ്പോൾ ദൈവത്തിന്റെ വരദാനം പോലെ സലാലയിൽ അനുഭവപ്പെടുന്ന മഴക്കാലാവസ്ഥ കാണാൻ ആയിരക്കണക്കിന് സന്ദർശകരാണ് ദിവസവും എത്തുക. സ്വദേശത്തുനിന്നും ജി.സി.സി രാജ്യങ്ങളിൽനിന്നുമാണ് ഏറ്റവും കൂടുതൽ സന്ദർശകരത്തെുന്നത്. ഇവരെ സ്വീകരിക്കാനും സുരക്ഷ ഉറപ്പുവരുത്താനും ദോഫാർ മുനിസിപ്പാലിറ്റി നിരവധി സജ്ജീകരണങ്ങൾ ഒരുക്കുന്നുണ്ട്. അപകടം പതിയിരിക്കുന്ന മസ്‌കത്ത്, സലാല റൂട്ടിൽ അധികൃതർ റോന്ത് ചുറ്റൽ ശക്തപ്പെടുത്തിയിട്ടുണ്ട്.

സലാല സന്ദർശിക്കുന്നവരുടെ പേരുവിവരങ്ങളും അധികൃതർ ശേഖരിക്കുന്നുണ്ട്.പെരുന്നാൾ അവധിക്കാലത്ത് തന്നെ സലാലയിലേക്ക് സന്ദർശകപ്രവാഹം ആരംഭിച്ചിരുന്നു. കഴിഞ്ഞമാസം തന്നെ മഴ ആരംഭിച്ചതിനാൽ ഏറ്റവും സുഖകരമായ കാലാവസ്ഥയാണ് സലാലയിൽ അനുഭവപ്പെടുന്നത്. മഴക്കാലാവസ്ഥ അനുഭവിക്കാൻ ആയിരക്കണക്കിന് സന്ദർശകരാണ് സലാലയിലേക്ക് പ്രവഹിച്ചത്. സലാലയിലെ മഴയും പ്രകൃതിഭംഗിയും ആസ്വദിക്കാനാണ് ജനങ്ങൾ എത്തുന്നത്.

സലാലയിലെ അരുവികളും വെള്ളച്ചാട്ടങ്ങളും തടാകങ്ങളും സന്ദർശകർക്ക് ഹരം പകരും. ഈ സുഖകരമായ കാലാവസ്ഥ അനുഭവിക്കാനത്തെുന്നവർക്ക് കൂടുതൽ ഹരം പകരാനാണ് ടൂറിസം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.