സൗദിയിലെ സ്വകാര്യ മേഖലയിൽ അടുത്ത അഞ്ചുവർഷത്തിനിടയിൽ 20 മുതൽ 30 വരെ വേതന വർധനവുണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്ത് വിദേശ നിക്ഷേപം വർധിച്ചതും സ്വകാര്യവത്ക്കരണവുമാണ് വേതന വർധനവിന് കാരണമായതെന്ന് സാമ്പത്തിക വിദഗ്ദ്ധർ വ്യക്തമാക്കി. ചില്ലറവിൽപ്പന, സാങ്കേതികം, വിനോദസഞ്ചാരം, എന്റർടെയിന്മെന്റ് തുടങ്ങിയ മേഖലകളിലാകും ആദ്യം വേതനവർദ്ധനയുണ്ടാകുക. ഈ നാല് മേഖലകളിലേക്കും പുതിയ കമ്പനികൾ കടന്നു വരുന്നതാണ് ഇതിന് കാരണമെന്നു സാമ്പത്തിക വിദഗ്ദ്ധനായ അബ്ദുള്ള അൽ മഘ്ലൗത് പറഞ്ഞു.

തയ്ഫ് യൂണിവേഴ്‌സിറ്റി പ്രൊഫസറായ ബാജാജ പറഞ്ഞതനുസരിച്ച് മുൻപ് പ്രഖ്യാപിച്ച ഉത്തരവ് പ്രകാരം കൂടുതൽ സൗദികളെ നിയമിക്കാൻ വൻകിട ബഹുരാഷ്ട്ര കമ്പനികൾ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഈ കമ്പനികൾ 20 മുതൽ 30വരെയുള്ള ശമ്പള വർദ്ധന നടപ്പിലാക്കുമ്പോൾ ചെറുകിട കമ്പനികളും വേതന വർദ്ധനവിന് നിർബന്ധിതരാകും. മാത്രമല്ല, ബാങ്കിങ്, പെട്രോകെമിക്കൽ, സാങ്കേതിക, വിനോദസഞ്ചാര, വിനോദ മേഖലകളും വരും വർഷങ്ങളിൽ ഉയർന്ന വേതനം നൽകാൻ നിർബന്ധിതരാകുകയും ചെയ്യും.

അതേസമയം, കഴിഞ്ഞ കൊല്ലം അഞ്ച്ശതമാനം വേതന വർദ്ധനയാണ് രാജ്യത്തുണ്ടായത്. ഇതൊരു ശുഭ സൂചനയാണെങ്കിലും തൊഴിലാളികൾ ആഗ്രഹിക്കുന്നതും അവർക്കു ലഭിക്കുന്നതും തമ്മിൽ ദൂരമേറെയുണ്ടെന്ന് ലേബർ കമ്മിറ്റി യൂണിയൻ പ്രസിഡന്റായ നിദാൽ റദ്വാൻ വ്യക്തമാക്കുന്നു. പുതിയ വിദേശ കമ്പനികൾ മാർക്കറ്റിലേക്ക് കടന്നു വരുമ്പോൾ ശമ്പള വർധനവ് ഉണ്ടാകുമെന്ന് അർത്ഥമില്ല. അതേസമയം, രാജ്യത്തെ തൊഴിൽ നിരക്ക് വർധിപ്പിക്കുവാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പള വർധനവിൽ ഇപ്പോഴുണ്ടായ മാറ്റം ശരിയായ നയങ്ങളും പദ്ധതികളും സ്വീകരിച്ചതിന്റെ ഫലമായുണ്ടായതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.