തിനായിരമെന്ന് കണക്കിൽക്കാണിച്ചശേഷം അതിന്റെ പാതിപോലും ജീവനക്കാർക്ക് നൽകാത്ത സ്ഥാപനങ്ങളുള്ള നാടാണ് നമ്മുടേത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ഇത്തരം ചൂഷണം പതിവാണ്. ഇത്തരത്തിൽ തൊഴിലാളികൾക്കും ജീവനക്കാർക്കും കുറഞ്ഞ അടിസ്ഥാന ശമ്പളം പോലും നൽകാതെ പറ്റിക്കുന്ന സ്ഥാപനങ്ങൾക്ക് മൂക്കുകയർ വീഴുകയാണ്.. എല്ലാ ഫാക്ടറികളിലെയും വ്യാവസായിക സ്ഥാപനങ്ങളിലെയും ശമ്പളം ചെക്ക് വഴിയോ ബാങ്ക് അക്കൗണ്ടുവഴിയോ മാത്രമേ നൽകാവൂ എന്ന നിഷ്‌കർഷ പുറപ്പെടുവിക്കാനൊരുങ്ങുകയാണ് കേന്ദ്രം.

പണം നേരിട്ടുനൽകുകയെന്ന നിലവിലെ രീതി മാറുന്നതോടെ ഈ രംഗത്തെ ചൂഷണം വൻതോതിൽ ഇല്ലാതാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഇത്തരമൊരു നിർദ്ദേശം കൊണ്ടുവരുന്നതിന്റെ ഭാഗമായി മന്ത്രിസഭയുടെ ചർച്ചയ്ക്ക് വിട്ടിരിക്കുകയാണ്. ജീവനക്കാർക്ക് ശമ്പളം കൊടുത്തുവെന്ന പേരിൽ കള്ളപ്പണം വെളുപ്പിച്ചെടുക്കുന്നവരെ പൂട്ടുക മാത്രമല്ല ഇതിന്റെ ലക്ഷ്യം. കേന്ദ്രവും സംസ്ഥാനങ്ങളും നിശ്ചയിച്ചിട്ടുള്ള നിയമപ്രകാരമുള്ള മിനിമം ശമ്പളം ഓരോരുത്തർക്കും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുക കൂടിയാണ്.

കറൻസി രഹിത ഭാരതമെന്ന പ്രധാനമന്ത്രി നദേന്ദ്ര മോദിയുടെ സ്വപ്‌നത്തിലേക്കുള്ള മറ്റൊരു ചുവടായും ഇതുമായി മാറും. ശമ്പളം അക്കൗണ്ടുവഴി മാത്രമാക്കുന്നതോടെ, കൂടുതൽ ആളുകളെ ഡിജിറ്റൽ ബാങ്കിങ്ങിന്റെ ലോകത്തേയ്ക്ക് ആകർഷിക്കാനാകുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. പ്രതിമാസം 18,000 രൂപയിൽ കവിയാത്ത ശമ്പളമുള്ള എല്ലാവരും പുതിയ നിയമത്തിന്റെ പരിധിയിൽ വരും. നിലവിലെ നിയമത്തിൽ ആവശ്യമായ ഭേദഗതികളോടെയാവും മന്ത്രിസഭ ഇത് ചർച്ച ചെയ്യുക. അടുത്ത മന്ത്രിസഭായോഗത്തിൽ ഇത് പരിഗണിക്കപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.

ശമ്പളം പണമായി നൽകുന്നതാണ് തൊഴിലാളികളെയും മറ്റും ചൂഷണം ചെയ്യാൻ തൊഴിലുടമകളെ സഹായിക്കുന്ന കാര്യം. ഇടപാടുകൾ സുതാര്യമാകുന്നതോടെ ഇത്തരത്തിലുള്ള ചൂഷണം അവസാനിക്കും. തൊഴിലാളിക്ക് കിട്ടുന്ന വരുമാനവും തൊഴിലുടമയുടെ സാമ്പത്തിക നിലയും കണക്കിൽപ്പെടുന്നതാകും. നികുതി പിരിവിനെയും ഇത് സഹായിക്കും. ഡിജിറ്റൽ ഇന്ത്യ വ്യാപകമാക്കുന്നതിനും കറൻസി രഹിത ഭാരതമെന്ന ആശയം നടപ്പിലാക്കുന്നതിനും വളരെ വലിയ ചുവടുവെയ്‌പ്പായി ഇതുമാറുമെന്നാണ് അധികൃതർ കരുതുന്നത്.