- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെയ്‌സിന ഹിൽസിലെ ലുട്യന്റെയും ബേക്കറുടെയും സുന്ദര സൃഷ്ടിയിൽ താമസം; കാഴ്ചയ്ക്ക് വിരുന്നായി മുഗൾ പൂന്തോട്ടം; സഞ്ചരിക്കാൻ കറുത്ത മെഴ്‌സിഡസ് ബെൻസും ലിമോസിനും; പ്രതിമാസ ശമ്പളം 5 ലക്ഷം രൂപ; രാഷ്ട്രപതിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും ഉന്നത ഭരണഘടനാ പദവിയിൽ ഏത്തുന്ന ആദ്യഗോത്രവനിതയായി മാറിയിരിക്കുകയാണ് ദ്രൗപദി മുർമു. ഇന്ത്യയുടെ പ്രഥമ പൗരനായ രാഷ്ട്രപതി രാജ്യത്തെ മൂന്ന് സായുധ സേനകളുടെയും തലവനാണ്. രാജ്യത്തെ സർക്കാരിന്റെ പരമോന്നത നേതാവ് കൂടിയാണ് രാഷ്ട്രപതി. സർക്കാരിന്റെ എല്ലാ നിയമനിർമ്മാണ അധികാരങ്ങളും രാഷ്ട്രപതിയിൽ നിക്ഷിപ്തമാണ്.
രാജ്യത്തിന്റെ അഖണ്ഡത നിലനിർത്തുകയും ഭരണഘടന സംരക്ഷിക്കുകയുമാണ് രാഷ്ട്രപതിയുടെ പ്രഥമ കർത്തവ്യം. രാഷ്ട്രപതിക്ക് നിശ്ചിത അധികാരങ്ങൾക്കും അവകാശങ്ങൾക്കും ഒപ്പം നിരവധി ആനുകൂല്യങ്ങളും ഉണ്ട്.
റെയ്‌സിന ഹിൽസിലെ സുന്ദര സൃഷ്ടി
ലോകത്തിലെ ഏറ്റവും വലിയ പ്രസിഡൻഷ്യൽ കൊട്ടാരമാണ് റെയ്‌സിനാ ഹിലൽസിൽ നിർമ്മിച്ച രാഷ്ട്രപതി ഭവൻ. എഡ്വിൻ ലുട്യന്റെയും ഹെർബർട്ട് ബേക്കറുടെയും അസാധാരണ കൽപനാവൈഭവത്തിലും, കരവിരുതിലും വിരിഞ്ഞ മനോഹര സൃഷ്ടി. കെട്ടിടത്തിൽ നാലു നിലകളിലായി 340 മുറികളുണ്ട്. രണ്ടര കിലോമീറ്ററോളം നീണ്ട് കിടക്കുന്ന ഇടനാഴി. വിശാലമായ പൂന്തോട്ടം. കാഴ്ചയ്ക്ക് വലിയൊരു വിരുന്ന് തന്നെ. രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിൽ റിസപ്ഷൻ ഹാളുകളും അതിഥികൾക്കും ഉദ്യോഗസ്ഥർക്കുമുള്ള മുറികളും ഉണ്ട്. രാഷ്ട്രപതിയുടെ പേഴ്സണൽ സ്റ്റാഫുകളും രാഷ്ട്രപതി ഭവന്റെ പരിചരണത്തിനായി ഇരുനൂറിലധികം ജോലിക്കാരുമുണ്ടാകും.
മുഗൽ ഗാർഡൻസ് 15 ഏക്കറോളം പരന്നുകിടക്കുന്നു. പ്രസിഡന്റ്ഷ്യൽ കൊട്ടാരത്തിന്റെ ആത്മാവ് എന്നാണ് ഇതറിയപ്പെടുന്നത്. ജമ്മു-കശ്മീരിലെയും താജ്മഹളിലെയും മുഗൾ ഗാർഡനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള നിർമ്മിതി. കൊട്ടാരത്തിൽ, വിശാലമായ കുതിരലായങ്ങളും കുതിരകളുടെ മികച്ച ശേഖരവും ഉണ്ട്. നിരവധി ആശുപത്രികൾ, വിപുലമായ ഗോൾഫ് കോഴ്‌സ് എന്നിവയും റെയ്‌സിന ഹിൽസിലുണ്ട്.
ശമ്പളം എത്ര?
2017 വരെ രാഷ്ട്രപതിക്ക് പ്രതിമാസം 1.50 ലക്ഷം രൂപയായിരുന്നു ശമ്പളം. എന്നാൽ ഏഴാം ശമ്പള കമ്മീഷന് ശേഷം അത് 200 മടങ്ങ് വർദ്ധിച്ചു. ഇപ്പോൾ പ്രതിമാസ ശമ്പളം 5 ലക്ഷം രൂപയാണ്. ശമ്പളത്തിന് പുറമെ രാഷ്ട്രപതിക്ക് മറ്റ് സൗകര്യങ്ങളും ആനുകൂല്യങ്ങളും ഇന്ത്യയുടെ പ്രഥമ പൗരന് ലഭിക്കുന്നു. ജീവിതകാലം മുഴുവൻ സൗജന്യ, വീട്, ചികിത്സാ സൗകര്യങ്ങൾ എന്നിവ ഇവയിൽ ഉൾപ്പെടുന്നു.രാഷ്ട്രപതിയുടെ താമസത്തിനും അതിഥികളെ സ്വീകരിക്കാനും ഓരോ വർഷവും 2.25 കോടി രൂപ ആണ് ഇന്ത്യൻ സർക്കാർ ചെലവഴിക്കുന്നത്.
രാഷ്ട്രപതിയുടെ കാറുകൾ
രാജ്യത്തിന് അകത്തും പുറത്തും ഏറ്റവുമധികം സുരക്ഷ ലഭിക്കുന്ന വ്യക്തിയെന്ന നിലയിൽ രാഷ്ട്രപതിക്ക് സഞ്ചരിക്കാനായി നൽകുന്നത് കറുത്ത മെഴ്‌സിഡസ് ബെൻസ് എസ് 600 പുൾമാൻ ഗാർഡാണ്. ഇതുകൂടാതെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ലിമോസിൻ കാറും ഉപയോഗിക്കാം.
അവധിക്കാല താമസം
ഹൈദരാബാദിലെ രാഷ്ട്രപതി നിലയവും, ഷിംലയിലെ റിട്രീറ്റ് ബിൽഡിങ്ങും.രാഷ്ട്രപതിക്കും ഭാര്യക്കും ലോകത്തിലെ ഏത് സ്ഥലത്തേക്കും സൗജന്യ നിരക്കിലാണ് യാത്ര
സുരക്ഷ
രാഷ്ട്രപതിയുടെ അംഗരക്ഷകരാണ് ( പിബിജി) സുരക്ഷ നൽകുന്നത്. ഇന്ത്യൻ സൈന്യത്തിലെ ഏറ്റവും പഴക്കം ചെന്ന യൂണിറ്റിൽ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരാണ് ഉള്ളത്. സമാധാന കാലത്ത് ആചാരപരമായ യൂണിറ്റായി ആണ് ഉപയോഗിക്കുന്നതെങ്കിലും, യുദ്ധ സമയത്തും അവർക്ക് ചുമതലകൾ വഹിക്കാം. ഇവർ എല്ലാം പരിശീലനം കിട്ടിയ പാരാട്രൂപ്പർമാരാണ്.
വിരമിച്ച ശേഷവും ആനുകൂല്യങ്ങൾ
ഒന്നര ലക്ഷം രൂപയാണ് നിലവിലെ സാഹചര്യത്തിലുള്ള പ്രതിമാസ പെൻഷൻ. ഭാര്യമാർക്ക് 30000 രൂപ പ്രതിമാസ സഹായം കിട്ടുംപൂർണ്ണമായും ഫർണിഷ് ചെയ്ത വാടകയില്ലാത്ത ക്ലാസ് എട്ടനുസരിച്ചുള്ള സർക്കാർ ബംഗ്ലാവ് താമസത്തിന് കിട്ടും. രണ്ട് സൗജന്യ ലാൻഡ് ഫോൺ കണക്ഷനുകളും ഇന്റർനെറ്റ് സൗകര്യങ്ങളോടെയുള്ള മൊബൈൽ കണക്ഷനും.ഒരു കാറും ഡ്രൈവറും അനുവദിക്കും.
ഒരു പ്രൈവറ്റ് സെക്രട്ടറിയടക്കം അഞ്ച് പേഴ്സണൽ സ്റ്റാഫുകൾ. ആജീവനാന്തം ട്രെയിനിലും വിമാനത്തിലും ഒരാൾക്കൊപ്പം യാത്ര ചെയ്യാം. സൗജന്യ വൈദ്യുതിയും ജല സൗകര്യവും. ഡൽഹി പൊലീസാണ് സുരക്ഷ ഒരുക്കുക. സ്റ്റാഫുകളുടെ ചെലവ്ക്കായി വർഷത്തിൽ 60000 രൂപ അനുവദിക്കും.
മറുനാടന് മലയാളി ബ്യൂറോ