തിരുവനന്തപുരം: ഭീഷണിപ്പെടുത്തിയും സ്ഥലംമാറ്റിയും സാലറി ചലഞ്ചിൽ പങ്കെടുപ്പിക്കാനുള്ള നീക്കം ശക്തമാകുമ്പോൾ തന്നെ എതിർത്തുകൊണ്ടുള്ള നീക്കങ്ങളും ശക്തം. ഭീഷണിപ്പെടുത്തി പണം പിരിക്കാനുള്ള നീക്കത്തിനെതിരെ പല കോണുകളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. ഇതോടെ നോ പറച്ചിലിന്റെ ശക്തിയും കൂടി. ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിട്ടുകൊടുക്കുന്ന സാലറി ചലഞ്ചിന് സെക്രട്ടേറിയറ്റിൽ ഇതുവരെ വിസമ്മതം അറിയിച്ചത് 228 പേരാണ്. സാലറി ചലഞ്ചിൽനിന്ന് വിട്ടുനിൽക്കണമെങ്കിൽ അത് അറിയിക്കാൻ ഇനി ഒരു പ്രവർത്തിദിവസം കൂടിയേയുള്ളൂ. ശനിയാഴ്ചയാണ് വിസമ്മതം അറിയിക്കാനുള്ള അവസാന ദിനം.

സെക്രട്ടേറിയറ്റിൽ മാത്രം 4700 ജീവനക്കാരുണ്ട്. ഇതിലാണ് 228 പേർ സാലറി ചലഞ്ചിനോട് നോ പറഞ്ഞത്. വ്യാഴവും വെള്ളിയും അവധി ദിനങ്ങളാണ്. സെക്രട്ടേറിയറ്റിലെ പൊതുഭരണ വിഭാഗത്തിൽനിന്ന് 150 പേരും ധനകാര്യസെക്രട്ടേറിയറ്റിലെ 70 പേരും നിയമവിഭാഗത്തിലെ എട്ടുപേരുമാണ് ഇതുവരെ വിസമ്മതം അറിയിച്ചതെന്ന് സെക്രട്ടേറിയറ്റ് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, സംസ്ഥാനത്താകെ 40 ശതമാനം പേരെങ്കിലും സാലറി ചലഞ്ചിൽനിന്ന് വിട്ടുനിൽക്കുമെന്നാണ് പ്രതിപക്ഷ സംഘടനകൾ അവകാശപ്പെടുന്നത്. സാലറി ചലഞ്ചിൽ പരമാവധി പേരെ പങ്കെടുപ്പിക്കാൻ ഭരണപക്ഷ സംഘടനകൾ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.

ശമ്പളം സംഭാവന ചെയ്യാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കാനായി ഉദാരമായ വായ്പാ പദ്ധതികളുമായി സഹകരണസംഘങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണസംഘം ആറുശതമാനം പലിശയ്ക്കാണ് വായ്പ നൽകുന്നത്. ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നവർക്ക് മാത്രമാണിത്. 40 തവണകളായി തിരിച്ചടച്ചാൽ മതി. കേരള സർവകലാശാലാ ആസ്ഥാനത്തെ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഒരുലക്ഷം രൂപവരെ പലിശരഹിത വായ്പ പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് തുല്യതവണകളായി തിരിച്ചടയ്ക്കണം. മുടങ്ങുന്ന ഗഡുവിന് ഏഴുശതമാനം പലിശ നൽകണം.

അതിനിടെ സാലറി ചലഞ്ച് എന്ന നിർദ്ദേശം മുന്നോട്ടുവെച്ച മുൻ യുഎൻ ഉദ്യോസ്ഥൻ കൂടിയായ ജെ എസ് അടൂർ ഭീഷണിപ്പെടുത്തി പണം പിരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന വ്യക്തമാക്കുകയുണ്ടായി. സാലറി ചലഞ്ചിനോട് നോ പറഞ്ഞ ഉദ്യോസ്ഥനെ സ്ഥലം മാറ്റിയും മർദ്ദിക്കുകയും ചെയ്യുന്ന സാഹചര്യം പോലും ഇതോടെ ഉണ്ടായി. ഈ സാഹചര്യത്തിൽ താൻ മുന്നോട്ടു വെച്ച ആശയം ഗുണ്ടാപ്പിരിവായി മാറുന്നു എന്ന വിമർശനം ഉന്നയിച്ച് ജെഎസ് അടൂർ രംഗത്തെത്തി.

കേരള സർക്കാർ ഇപ്പോൾ നടത്തുന്നത് ഇണ്ടാസ് ഇറക്കി ശമ്പളം പിടിച്ചുവാങ്ങുന്ന ശൈലിയാണെന്നും അദ്ദേഹം വിമർശിച്ചു. ഇപ്പോൾ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പറഞ്ഞ തുക നൽകാൻ ഒരുക്കമല്ലെന്നും ദുരിതബാധിതർക്ക് നേരിട്ട് സഹായം ചെയ്യുമെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂട വ്യക്തമാക്കുകയുണ്ടായി.