തിരുവനന്തപുരം: സാലറി ചലഞ്ചിന്റെ ഭാഗമായി വിസമ്മതപത്രം നൽകണമെന്ന വ്യവസ്ഥ ഒഴിവാക്കി കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് ഇന്നാണ് പുറത്തുവന്നത്. സംസ്ഥാന സർക്കാറിന് ഇത് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. സാലറി ചലഞ്ചെന്ന ആശയം മുഖ്യമന്ത്രിക്ക് മുമ്പിൽ വെച്ച് മുൻ യുഎൻ ഉദ്യോഗസ്ഥനായ ജെ എസ് അടൂരും സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്ന അവസ്ഥയാണ് ഉണ്ടായത്. നേരത്തെ സാലറി ചലഞ്ച് നിർബന്ധിത പിരിവായി മാറിയ വേളിൽ അദ്ദേഹം സർക്കാറിന് മുന്നറിയിപ്പു നൽകിയിരുന്നു.

ഇപ്പോൾ സുപ്രീംകോടതിയിൽ നിന്നും തിരിച്ചടി നേരിട്ട ഘട്ടത്തിൽ ജെഎസ് അടൂർ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്:

അന്നേ പറഞ്ഞതാണ് അടിച്ചു അപ്പം തീറ്റിക്കരുത് എന്ന്. സാലറി ചലഞ്ചു എന്ന ആശയം തന്നെ സ്വമേധയ ലോകത്തുള്ള മലയാളികൾക്കെല്ലാം കേരള പുനർ നിർമ്മാണത്തിൽ പങ്കാളികൾ ആകുവാൻ ഉള്ള ഒരു പങ്കാളിത്ത ഐക്യ ദാർഡ്യം അധവാ ഇൻക്ലൂസിവ് സോഷ്യൽ സോളിഡാരിറ്റി എന്ന രീതിയിൽ ലോകത്തുള്ള മലയാളികൾക്കെല്ലാം സുതാര്യമായും സ്വമേധയായും പങ്കെടുക്കുവാനുള്ള അവസരം എന്ന രീതിയിൽ ആണ് പറഞ്ഞത്. അത് വിജയിക്കുന്നതിന് ചില കണ്ടീഷൻസും പറഞ്ഞിരുന്നു. പക്ഷെ സർക്കാർ ഉത്തരവിലൂടെ അത് ജീവനക്കാർ സാലറി ചലഞ്ചിൽ പങ്കെടുക്കണം എന്നത് വിപരീത ഫലമുണ്ടാക്കും. വിചാരിച്ചതിലും വളരെ താഴെയേ കിട്ടുകയുള്ളൂ. അത് സാലറി ചെല്ലഞ്ചിനെ കക്ഷി രാഷ്ട്രീയവൽക്കരിച്ചു സാലറി റിവെൻജ് ആക്കും എന്ന് പറഞ്ഞത് സർക്കാരിനോടോ മന്ത്രി മാരോടോ ഉള്ള വിരോധം കൊണ്ടല്ല. മറിച്ചു ഒരു ടോപ് ഡൗൺ അപ്പ്രോച്ച് വിജയിക്കില്ല എന്ന ധാരണയുണ്ടായിരുന്നതിനാലാണ്. അന്നേ പറഞ്ഞതാണ് ഇത് കോടതിയിൽ നിലനിൽക്കില്ലെന്ന്.

സാലറി ചലഞ്ചിന്റെ കാര്യത്തിൽ സുപ്രീംകോടതിവിധി സർക്കാരിന് തിരിച്ചടിയാണെന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക് നേരത്തെ രംഗത്തെത്തിയിരുന്നു. കോടതിവിധിയനുസരിച്ച് വിസമ്മതപത്രം നൽകണമെന്ന വ്യവസ്ഥ ഒഴിവാക്കാൻ ഉത്തരവിൽ ഭേദഗതിവരുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറയുകയുണ്ടായി. ഫലത്തിൽ സർക്കാരിന്റെ അനാവശ്യ പിടിവാശിയുടെ പേരിൽ വക്കീൽഫീസ് അടക്കം നഷ്ടമായ അവസ്ഥയാണ് ഉണ്ടാത്. നേരത്തെ സാലറി ചലഞ്ചിന് സമ്മതം അറിയിച്ചുകൊണ്ട് ഉദ്യോഗസ്ഥർ സമ്മതപത്രം ഒപ്പിട്ടു നൽകണമായിരുന്നു. പണം ഈടാക്കാൻ പല ഓപ്ഷനുകളും പൂരിപ്പിച്ചു നൽകേണ്ട ഫോമിൽ ഉണ്ടായിരുന്നു. ഇത് പ്രകാരം ഏത് ഓപ്ഷനാണ് എന്ന കാര്യം ജീവനക്കാരന് നിശ്ചയിക്കാമായിരുന്നു.

ഈ ഒപ്ഷൻ ഉപയോഗിച്ച് സാലറി ചലഞ്ചിന് സമ്മതമാണെന്ന് അറിയിച്ചു കൊണ്ട് സമ്മതപത്രം നൽകേണ്ട കാലവധിയും അവസാനിച്ചിരുന്നു. കാലാവധി അവസാനിച്ചിട്ടും സമ്മതപത്രം നൽകാതെയും വിസമ്മതം അറിയിക്കാതെയും ഇരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് സർക്കാർ നീങ്ങിയത്. എന്നാൽ, വിസമ്മതം നിർബന്ധമാക്കിയ സർക്കാർ നടപടിക്തെതിരെ ഹൈക്കോടതി വിധിയും പിന്നീട് ഇപ്പോൾ സുപ്രീംകോടതിയും വിധി പുറപ്പെടുവിച്ചു. പലപ്പോഴും ശമ്പളം നൽകാൻ തയ്യാറല്ലെന്ന് അറിയിച്ച ഉദ്യോഗസ്ഥരോട് സർക്കാർ പ്രതികാരം ചെയ്യുന്ന അവസ്ഥ പോലും ഉണ്ടായി.

സാലറി ചലഞ്ചിന് സമ്മതമല്ലെന്ന് അറിയിച്ച് വിസമ്മതപത്രം നൽകിയപ്പോൾ അതിന്റെ പേരിൽ പല ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയും മറ്റും പ്രതികാര നടപടിയിലേക്ക് സർക്കാർ നീങ്ങിയിരുന്നു. ജീവനക്കാരുടെ സംഘടന ചേർന്ന് ചിലരെ മർദ്ദിക്കുന്ന അവസ്ഥ വരെ എത്തി. ഇങ്ങനെ സ്ഥലം മാറ്റപ്പെട്ടവർക്ക് വിസമ്മതപത്രം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാവുന്ന സാഹചര്യവും ഇപ്പോൾ സംജാതമായിട്ടുണ്ട്. വിസമ്മതപത്രം വേണമെന്ന വ്യവസ്ഥ ശരിയല്ലെന്നും സർക്കാരിന് വേണമെങ്കിൽ ഭേദഗതി ചെയ്യാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. പണം നൽകാൻ കഴിയാത്തവർ സ്വയം അപമാനിതരാകേണ്ട കാര്യമില്ല. പിരിച്ച പണം ദുരിതാശ്വാസത്തിനുതന്നെ ഉപയോഗിക്കുമെന്ന് ഉറപ്പില്ലെന്നും ഇക്കാര്യത്തിൽ ജനങ്ങൾക്കിടയിൽ വിശ്വാസമുണ്ടാക്കേണ്ടത് സർക്കാരാണെന്നും കോടതി അറിയിച്ചു.

സുപ്രീംകോടതി വിധി സർക്കാർ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കോടതി ചെലവ് മുഖ്യമന്ത്രിയിൽ നിന്ന് ഇടാക്കണം. സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവരെ പൊതുജനമധ്യത്തിൽ അവഹേളിച്ച മന്ത്രി തോമസ് ഐസക് മാപ്പുപറയണമെന്നും ജീവനക്കാരിൽ നിന്ന് വാങ്ങിയ വിസമ്മതപത്രം തിരികെ നൽകണമെന്നും ചെന്നിത്തല പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നവകേരള നിർമ്മാണത്തിനായി ഫണ്ട് കണ്ടെത്താൻ വേണ്ടി സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് തിരിച്ചടി കൂടിയാണ് ഇപ്പോഴത്തെ സുപ്രീംകോടതി വിധി. ക്രൗഡ് ഫണ്ടിങ് നടത്താനുള്ള ശ്രമങ്ങളും തുടക്കത്തിൽ തന്നെ പാളിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയിൽ നിന്നേറ്റ തിരിച്ചടിയും. മന്ത്രിമാർ വിദേശത്തു പോയി ഫണ്ട് പിരിക്കാനുള്ള ശ്രമങ്ങളും പാളിപ്പോയിരുന്നു. മുഖ്യമന്ത്രിക്ക് മാത്രമാണ് കേന്ദ്രസർക്കാർ അനുമതി നൽകിയത്. അദ്ദേഹം യുഎഇയിൽ പോയെങ്കിലും എത്രതുക പിരിഞ്ഞു കിട്ടിയെന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല.