- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഖിലേന്ത്യാ പണിമുടക്ക് ദിവസം സ്‌കൂളിൽ ഹാജരായി; മുഖ്യമന്ത്രിയുടെ പഞ്ചായത്തിൽ അദ്ധ്യാപികയ്ക്ക് ശമ്പളം നൽകാതെ മാനസിക പീഡനം; രാഷ്ട്രീയക്കളിക്ക് ഇരയായത് പിണറായി കോഴൂർ യുപി സ്‌കൂളിലെ അദ്ധ്യാപിക
പിണറായി: മുഖ്യമന്ത്രിയുടെ പഞ്ചായത്തായ പിണറായിയിൽ കഴിഞ്ഞ മാർച്ച് 28,29 തീയ്യതികളിൽ നടന്ന അഖിലേന്ത്യാപണിമുടക്കിൽ പങ്കെടുക്കാതെ സ്‌കൂളിൽ ഹാജരായ അദ്ധ്യാപികയ്ക്ക് ശമ്പളം നൽകാതെ മാനസികമായി പീഡിപ്പിക്കുന്നതായി പരാതി. പിണറായി പഞ്ചായത്തിലെ കാപ്പുമ്മൽ കോഴൂർ യു.പി സ്‌കൂളിലെ അദ്ധ്യാപിക മൈലുള്ളിമെട്ട സ്വദേശിനി പി. നീതിയാണ് സ്‌കൂൾ പ്രധാന അദ്ധ്യാപികയുടെയും തലശേരി നോർത്ത് വിദ്യാഭ്യാസ ഉപജില്ലാ അധികൃതരുടെയും രാഷ്ട്രീയകളിക്ക് ഇരയാകുന്നത്.
പൊതുപണിമുടക്ക് ദിവസം സർക്കാർ നിർദ്ദേശപ്രകാരമാണ് താൻ ജോലിക്ക് ഹാജരായതെന്നും എന്നാൽ സ്‌കൂൾ തുറക്കാൻ പ്രധാന അദ്ധ്യാപിക പി.കെ ബിന്ദുശ്രീ തയ്യാറാവുകയോ മറ്റാർക്കെങ്കിലും ചുമതല നൽകുകയോ ചെയ്തിരുന്നില്ലെന്നും ഇവർ പറയുന്നു. അന്നേ ദിവസം ഹാജരായി മടങ്ങിയ താൻ പിന്നീട് 30ന് അറ്റൻഡ്സ് രജിസ്റ്ററിൽ ഒപ്പിട്ടുവെങ്കിലും ഇതു മായ്ച്ചുകളഞ്ഞ് കമ്യൂട്ടഡ് ലീവാക്കാൻ കെ. എസ്.ടി. എ നേതാവായ പ്രധാന അദ്ധ്യാപിക നിർബന്ധിക്കുകയായിരുന്നു.
ഇതിനെ തുടർന്ന് പിന്നീട് തലശേരി നോർത്ത് എ. ഇ. ഒ ഗീത വെള്ളുവങ്കണ്ടി, സൂപ്രണ്ട് ഫെലിക്സ് ജോൺ, സ്‌കൂൾ മാനേജർ എന്നിവരുടെ സാന്നിധ്യത്തിൽ അനുരഞ്ജനയോഗം നടന്നുവെങ്കിലും അന്നേ ദിവസം കാഷ്വൽ ലീവെടുക്കാനാണ് തനിക്ക് ഉത്തരവ് കിട്ടിയതെന്ന് നീതി പറയുന്നു. അല്ലെങ്കിൽ സർവീസ് ബ്രേക്കുണ്ടാവുമെന്ന് ഭീഷണിപ്പെടുത്തുന്നതായാണ് ഇവരുടെ പരാതി. പണിമുടക്ക് ദിവസം സ്‌കൂളിൽ ഹാജരാവാതെ ലീവെടുത്ത് വീട്ടിലിരുന്നവർക്ക് കാഷ്വൽ ലീവ് അനുവദിച്ച് മുഴുവൻ ശമ്പളവും നൽകിയപ്പോൾ ജോലിക്ക് ഹാജരായ തനിക്ക് ശമ്പളം നിഷേധിക്കുന്നുവെന്നാണ് ഇവരുടെ പരാതി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്