കൊച്ചി : ട്രഷറി വഴി ശമ്പളവും പെൻഷനും നേരിട്ട് നൽകുന്നതിന് സംസ്ഥാന സർക്കാരിന് വേണ്ടത് 1200 കോടിയലധികം കറൻസികളാണ്. എന്നാൽ നോട്ട് അസാധുവാക്കൽ മൂലം കറൻസി സർക്കാരിന്റെ കൈയിലില്ല. ബാങ്ക് അക്കൗണ്ടിൽനിന്ന് ആഴ്ചയിൽ പിൻവലിക്കാവുന്ന തുകയുടെ പരിധി 24,000 രൂപ എന്നതു റിസർവ് ബാങ്ക് എടുത്തുകളഞ്ഞ പശ്ചാത്തലത്തിലാണ് ട്രഷറിവഴി ശമ്പളവും പെൻഷനും മുഴുവൻ തുകയായി നൽകുന്നതിന് 1,200 കോടി നോട്ടുകൾ വേണ്ടി വരുന്നത്. ഈ പ്രശ്‌നത്തിന് ഇനിയും പരിഹാരമായിട്ടില്ല. അതിനിടെ പണം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് പുതിയതായി ഇറക്കിയ സർക്കുലറിനെച്ചൊല്ലി അവ്യക്തതയാനുള്ളത്.

നവംബർ 29 മുതൽ അംഗീകൃത നോട്ടുകളിൽ നിക്ഷേപിക്കുന്ന പണം നിയന്ത്രണമില്ലാതെ പിൻവലിക്കാമെന്നാണ് റിസർവ് ബാങ്കിന്റെ തിങ്കളാഴ്ചത്തെ സർക്കുലർ. ബാങ്ക് ശാഖകളിൽ നിന്ന് പിൻവലിക്കാനാണ് ഇളവ്. എ.ടി.എമ്മിൽ നിന്നുള്ളതിന് നിയന്ത്രണം തുടരും. എന്നാൽ, സംസ്ഥാനത്ത് ശമ്പളവും പെൻഷനും ഇലക്ട്രോണിക് രീതിയിലാണ് സർക്കാർ അക്കൗണ്ടുകളിലേക്ക് കൈമാറുന്നത്. ഈ പണം ജീവനക്കാർക്കും പെൻഷൻകാർക്കും ആഴ്ചയിൽ 24,000 രൂപയെന്ന നിയന്ത്രണമില്ലാതെ ട്രഷറിയിലും ബാങ്കുകളിലും നിന്ന് പിൻവലിക്കാനാവുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. കാരണം നവംബർ എട്ടിന് നോട്ട് അസാധുവാക്കൽ തീരുമാനം വന്ന ശേഷം നിക്ഷേപിക്കുന്ന തുകകളിൽ ഇപ്പോഴും നിയന്ത്രണമുണ്ട്. അതായത് നാളെ ഇടുന്ന നിക്ഷേപവും ഭാഗികമായി മാത്രമേ ബാങ്കിൽ നിന്ന് പിൻവലിക്കാനാകൂ. ഇങ്ങനെ പിൻവലിക്കാൻ ആളുകൾ കൂട്ടത്തോടെ എത്തിയാൽ കറൻസി ക്ഷാമം വില്ലനായി എത്തും. ബാങ്കിലെത്തുന്നവർക്ക് മുഴുവൻ നൽകാനുള്ള കറൻസി ഒരു ബാങ്കിലുമില്ല.

ശമ്പളവും പെൻഷനും നൽകാനുള്ള പണം സർക്കാറിനുണ്ട്. എന്നാൽ, പുതിയ ഇളവ് ബാധകമല്ലെങ്കിൽ ജീവനക്കാർക്കും പെൻഷൻകാർക്കും ആഴ്ചയിൽ 24,000 രൂപമാത്രമേ പിൻവലിക്കാനാവൂ. സാധുവായ നോട്ടുകളിലുള്ള നിക്ഷേപം പിൻവലിക്കാൻ റിസർവ് ബാങ്ക് ഇളവ് നൽകിയെങ്കിലും ശമ്പളവിതരണം സുഗമമാക്കാനാണ് ഇതെന്ന് ആർ.ബി.ഐ.യുടെ സർക്കുലറിൽ പറയുന്നില്ല. ജനം പിൻവലിച്ച് കൈയിൽവച്ചിരിക്കുന്നതിനാൽ നോട്ടുകളുടെ കൈമാറ്റം നടക്കുന്നില്ല. നോട്ട് ക്ഷാമത്തിന് ഇതുമൊരു കാരണമാണ്. അതിനാൽ ജനത്തിന്റെ കൈയിലുള്ള പണം ബാങ്കുകളിൽ എത്തിക്കാനാണ് ഇളവെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ പിൻവലിക്കാൻ അനുവദിക്കുമ്പോൾ പണലഭ്യതയുടെ സാഹചര്യം വിലയിരുത്തണമെന്നും അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകൾ കൂടുതൽ നൽകണമെന്നും സർക്കുലർ സൂചിപ്പിക്കുന്നു.

ബാങ്കുകളിൽ നോട്ടുക്ഷാമം രൂക്ഷമായി തുടരുന്നതിനാൽ ശമ്പളദിവസങ്ങളിൽ എ.ടി.എമ്മുകളിൽ പണം ലഭ്യമാകാതെ വരുമെന്ന ആശങ്കയുണ്ട്. ആവശ്യത്തിന് നോട്ടില്ലെന്ന കാര്യം ബാങ്കുകളും സ്ഥിരീകരിക്കുന്നുണ്ട്. കടുത്തസമ്മർദമാണ് ഇക്കാര്യത്തിൽ ബാങ്കുകൾ നേരിടുന്നത്. നോട്ട് അസാധുവാക്കലിന് ശേഷം ഏതാണ്ട് പ്രശ്‌നമെല്ലാം പരിഹരിക്കപ്പെട്ടതാണ്. അതിനിടെയാണ് ശമ്പള ദിനത്തിലെ ആശങ്ക ശക്തമാകുന്നത്. ഇത് ഫലപ്രദമായി കൈകാര്യം ചെയ്താൽ നോട്ട് അസാധുവാക്കലിലെ അനിശ്ചിതത്വം മാറും. അല്ലാത്ത പക്ഷം പ്രതിസന്ധി രൂക്ഷമാവുകയും ചെയ്യും.

ശമ്പളം എടുക്കുമ്പോൾ നോട്ട് ക്ഷാമം കൂടും

നോട്ട് ക്ഷാമം ഇപ്പോഴും പൂർണ്ണമായും മാറിയിട്ടില്ല. 500 രൂപയുടെ നോട്ടിനാണ് കൂടുതൽ ക്ഷാമം. പഴയ നോട്ടുകൾ പിൻവലിച്ചശേഷം ഇതുവരെയായി 150 കോടിരൂപയുടെ 500 രൂപാ നോട്ടുകളാണ് കേരളത്തിലാകെ വിതരണം ചെയ്തത്. ജീവനക്കാർ ശമ്പളം പിൻവലിച്ചുതുടങ്ങുമ്പോൾ നോട്ടുക്ഷാമം ഇതിലും രൂക്ഷമാകുമെന്ന സാഹചര്യമുണ്ട്.

ഉയർന്നമൂല്യമുള്ള നോട്ടുകൾ അസാധുവാക്കിയതോടെ സർക്കാർ ജീവനക്കാരുെട ശമ്പളം പണമായി നൽകാനാവില്ലെന്ന് ബാങ്കുകൾ സൂചന നൽകുന്നുണ്ട്.. ജീവനക്കാർക്കായി ബാങ്കുകളിൽ പ്രത്യേക കൗണ്ടർ ഏർപ്പെടുത്തും. 

സ്വകാര്യ സ്ഥാപനങ്ങളിലെ ശമ്പളവും ബാങ്ക് വഴിയാണ് നൽകുന്നത്. അവരും നാളെ മുതൽ ശമ്പളം എടുത്തു തുടങ്ങും. അങ്ങനെ വരുമ്പോൾ കൂടുതൽ കറൻസി ആവശ്യമായി വരും. ഇതും ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

 

വാറ്റ് പിരിവിനും ആംനസ്റ്റി മോഡൽ

ശമ്പളവും പെൻഷനും നൽകുന്നതിന് 1,200 കോടി രൂപയുടെ നോട്ടുകൾ ലഭ്യമാക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്നു ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. വാറ്റ് നികുതി വരുമാനം വർധിപ്പിക്കാനായി കെട്ടിക്കിടക്കുന്ന കേസുകളിൽ ആംനസ്റ്റി പദ്ധതി കൊണ്ടുവരും. കട പരിശോധന ഉണ്ടാവില്ലെന്നും സൗഹാർദപരമായി നികുതി പിരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ധനമന്ത്രി അറിയിച്ചു. കള്ളപ്പണം നിയമപ്രകാരം നിക്ഷേപിച്ചാൽ 50% നികുതി കഴിച്ച് ബാക്കി തുക തിരികെ കിട്ടുന്ന പദ്ധതി കേന്ദ്രം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണു കേരളത്തിലും വാറ്റ് നികുതിക്കുടിശിക പിരിക്കാൻ ആംനസ്റ്റി പദ്ധതി കൊണ്ടുവരുന്നത്. നികുതി വെട്ടിപ്പ് കണ്ടെത്തി കൂടുതൽ തുകയുടെ ഡിമാൻഡ് വച്ചാലും വ്യാപാരികൾ അപ്പീൽ പോകും. വർഷങ്ങളോളം കേസ് നടക്കുമ്പോൾ കുടിശിക കെട്ടിക്കിടക്കും. ഇതൊഴിവാക്കി വൻതോതിൽ കുടിശിക പിരിക്കാൻ ലക്ഷ്യമിടുന്ന ആംനസ്റ്റി പദ്ധതിയുടെ വിശദാംശങ്ങൾ പിന്നീടു തീരുമാനിക്കുമെന്നു ധനമന്ത്രി അറിയിച്ചു.

കടപ്പത്രം ഇറക്കി പൊതുവിപണിയിൽനിന്നു സമാഹരിക്കുന്ന തുകയുടെ പരിധി ഉയർത്തണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 18,000 കോടി രൂപയാണ് ഈ വർഷത്തെ പരിധി. കള്ളപ്പണം നിരോധനത്തിലൂടെ ഏതാണ്ട് രണ്ടരലക്ഷം കോടി രൂപ ബാങ്കിൽ തിരിച്ചെത്തില്ലെന്നാണു കണക്ക്. ഈ തുക കേന്ദ്രത്തിനു വൻലാഭമാണ്. അതിൽനിന്നു സംസ്ഥാനങ്ങൾക്കു സഹായം നൽകണമെന്നും ഡോ.ഐസക് ആവശ്യപ്പെട്ടു.