കൊച്ചി: എങ്ങും എവിടേയും കേരളത്തിലിപ്പോൾ ചാനലാണ്. ഗ്ലാമറും ഉയർന്ന ശമ്പള വാഗ്ദാനത്തിലും മയങ്ങിയ പ്രതിഭകളും ഇവിടെങ്ങളിൽ ഒത്തു ചേർന്നു. അങ്ങനെ കൂണുകൾ പോലെ മുളച്ചുപൊങ്ങിയ മലയാളം ചാനലുകളിൽ പലതും ശമ്പളം കൊടുക്കാൻ കഴിയാതെ പ്രതിസന്ധിയിൽ നീങ്ങുകയാണ്.

വാർത്താ ചാനലുകളുടെ തുടക്കത്തോടെ പത്രത്തിലെ പ്രമുഖരെല്ലാം കൂടുവിട്ട് കൂടുമാറി. ചാനലുകളിലെ പ്രവർത്തന സ്വാതന്ത്ര്യവും ഗ്ലാമർ പരിവേഷവുമാണ് പത്രത്തിലെ പ്രതിഭകളെ ചാനൽലോകത്ത് എത്തിച്ചത്. ചാനലുകൾ നിറഞ്ഞതോടെ ജേർണലിസം പഠിച്ചിറങ്ങുന്ന പ്രതിഭകളും കണ്ണ് അങ്ങോട്ടാക്കി. മാദ്ധ്യമ പ്രവർത്തനമെന്നാൽ ടിവി ജേർണലിസമെന്ന ധാരണയും വളർന്നു. അങ്ങനെ ചാനലുകളിലേക്ക് ഒഴുകിയ നൂറ് കണക്കിന് പ്രതിഭകളാണ് ശമ്പളമില്ലാതെ വലയുന്നത്.

ഇന്ത്യാവിഷൻ, റിപ്പോർട്ടർ, ടിവി ന്യൂ തുടങ്ങിയ ചാനലുകളിലെ ജീവനക്കാരെല്ലാം പ്രതിസന്ധിയിലാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംപ്രേഷണം അവസാനിപ്പിച്ച പ്രഭാതം ചാനലിലെ ജീവനക്കാരും ജോലിക്കായുള്ള നെട്ടോട്ടത്തിൽ. ഒരു കൊല്ലം ശമ്പളം നൽകിയതിന് ശേഷം മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഐബിഎസ് സംപ്രേഷണത്തിന് മുമ്പ് പൂട്ടേണ്ടിയും വന്നു. എന്നാൽ സഞ്ചാരം പോലുള്ള ചെറിയ ചാനലുകൾക്ക് പ്രേക്ഷക ശ്രദ്ധ ഉറപ്പാക്കി പിടിച്ച് നിൽക്കാനുമാകുന്നു.

കണക്കുകളിൽ ലാഭമില്ലെങ്കിലും അമൃതാ ടിവിയും ജീവനും ശമ്പളം മുടങ്ങില്ലെന്ന് ഉറപ്പാക്കുന്നുണ്ട്. ഏഷ്യാനെറ്റിലും മാതൃഭൂമിയിലും മനോരമയിലും കൈരളിയിലും മാത്രമാണ് കൃത്യമായി എല്ലാമാസവും ശമ്പളം കിട്ടുമെന്ന് ഉറപ്പുള്ളത്. സൺ ടിവിയുടെ കരുത്തിൽ സൂര്യയും മുന്നേറുന്നു. മാദ്ധ്യമം ഗ്രൂപ്പിന്റെ മിഡീയാ വണ്ണിലും സാമ്പത്തിക പ്രശ്‌നങ്ങളില്ല. ഇതിനിടെയിൽ കേബിൾ ടിവി ചാനലായ ടിവി ടുഡേയും പിടിച്ചു നിൽ്ക്കുന്നു. കേബിൾ സംപ്രേഷണത്തിലൂടെ ചെലവ് കുറയ്ക്കാനും പ്രാദേശിക പരസ്യങ്ങൾ നേടുന്നതിലൂടെ കഷ്ടിച്ച് മുന്നോട്ട് പോകാനും ടിവി ടുഡേയ്ക്കാകുന്നു.

ചാനലുകളുടെ എണ്ണം കൂടിയതോടെ പരസ്യവരുമാനം വിഭജിച്ചുപോയതാണ് ചാനൽ മേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കിയത്. കിടമത്സരത്തിൽ പിടിച്ചുനിൽക്കുന്നതിന്റെ ഭാഗമായി വൻതുക കടമെടുത്ത് ആധുനിക ഉപകരണങ്ങൾ വാങ്ങിയതും മറ്റു സ്ഥാപനങ്ങളിൽനിന്ന് വൻതുക വാഗ്ദാനംചെയ്ത് ജീവനക്കാരെ എടുത്തതും വിനയായി. നിക്ഷേപത്തിന് ആനുപാതികമായി ബാങ്കുകളിൽനിന്ന് ഓവർഡ്രാഫ്റ്റ് എടുത്താണ് പലയിടത്തും ശമ്പളം നൽകിയിരുന്നത്. നിക്ഷേപം കുറഞ്ഞതോടെ ഓവർഡ്രാഫ്റ്റ് നൽകാൻ ബാങ്കുകൾ വിമുഖത കാണിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കി.

പരസ്യവരുമാനം കുറഞ്ഞതോടെ പരസ്യവിഭാഗം ജീവനക്കാരും പിരിച്ചുവിടൽ ഭീഷണിയിലാണ്. ഒരു പ്രമുഖചാനലിൽ രണ്ടുമാസമായി ശമ്പളം കിട്ടാത്ത 50 മുതിർന്ന ജീവനക്കാർ മാനേജ്‌മെന്റിന് കത്തുനൽകി. മികച്ച ശമ്പളവും സൗകര്യങ്ങളും വാഗ്ദാനംചെയ്ത് മറ്റു സ്ഥാപനങ്ങളിൽനിന്നു ക്ഷണിച്ചുകൊണ്ടുവന്നവരാണ് ശമ്പളം ലഭിക്കാതെ വലയുന്നത്. പ്രകടനത്തിനുസരിച്ച് നിയമനകരാർ നീട്ടിനൽകുന്ന സമ്പ്രദായം ഏർപ്പെടുത്തിയ ഇവിടെ താരതമ്യേന ജൂനിയറായ നിരവധി പേർക്ക് പിരിച്ചുവിടാതിരിക്കാൻ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയതായാണ് വിവരം.

മലയാളത്തിലെ ആദ്യ വാർത്താ ചാനലാണ് ഇന്ത്യാവിഷൻ. നികേഷ് കുമാർ ചാനൽ വിട്ടതോടെ ഇന്ത്യാവിഷന്റെ മാർക്കറ്റ് ഷെയറിൽ കുറവുണ്ടായി. ഇതിനൊപ്പം ചാനലിൽ അധികാര തർക്കവും തുടങ്ങി. എം.കെ.മുനീറും ജമാലുദ്ദീൻ ഫാറുഖിയും തന്നിഷ്ടപ്രകാരം ചാനലിനെ മുന്നോട്ട് കൊണ്ടു പോകുന്നുവെന്ന ആക്ഷേപമുയർത്തി ഭൂരിഭാഗം നിക്ഷേപകരും നിശബ്ദരായി. ഇതോടെ ശമ്പളം മുടങ്ങൽ സ്ഥിരമായി. പ്രതിഭകളെല്ലാം ചാനൽ വിട്ടു. പ്രശ്‌നപരിഹാരത്തിന് മാനേജ്‌മെന്റ് ശ്രമിക്കുന്നുണ്ടെങ്കിലും ഒരിടത്തും എത്തിയിട്ടില്ല. ഇതിനിടെ മുത്തൂറ്റ് ഏറ്റെടുക്കൽ നീക്കവും നടത്തി. ഇതിനെ മുനീറും കൂട്ടരും എതിരായതോടെ മുത്തൂറ്റിൽ നിന്ന് വായ്പയും കുറഞ്ഞു. ഇതോടെ നിത്യചെലവിന് വഴിയില്ലാതെയുമായി.

എന്നാൽ ഇന്ത്യാവിഷന് വരുമാനക്കുറവില്ലെന്നതും വസ്തുതയാണ്. മിസ് മാനേജ്‌മെന്റാണ് ചാനലിലെ പ്രശ്‌നം. വരുമാനത്തിൽ വലിയൊരു ഭാഗം ചിലർ തട്ടിയെടുക്കുന്നുവെന്നാണ് ആക്ഷേപം. ഗൾഫ് മേഖലയിൽ നിന്നുള്ള പരസ്യവരുമാനം കമ്പനിയുടെ അക്കൗണ്ടിൽ എത്താറില്ലെന്ന് ജീവനക്കാർ പറയുന്നു. അങ്ങനെ കള്ളക്കണക്കുണ്ടാക്കി ചാനലിനെ മാനേജ്‌മെന്റ് തകർക്കുകയാണെന്നാണ് ജീവനക്കാരുടെ പക്ഷം. ഇത് ശരിവയ്ക്കുന്ന പ്രതിഷേധങ്ങൾ ഡയറക്ടർ ബോർഡ് യോഗത്തിലും പ്രതിഫലിച്ചിട്ടുണ്ട്.

സ്‌കൂൾ തുറക്കുന്ന സമയത്തും ശമ്പളം നൽകാതെവന്നതോടെ ഇന്ത്യാവിഷനിൽ കൂട്ട അവധിയെടുത്ത് മുതിർന്ന മാദ്ധ്യമപ്രവർത്തകർ പ്രതിഷേധം അറിയിച്ചിരുന്നു. മാനേജ്‌മെന്റുമായുള്ള ചർച്ചയെത്തുടർന്ന് താൽക്കാലികമായി സമരം അവസാനിപ്പിച്ചെങ്കിലും പ്രതിസന്ധി തുടർന്നതോടെ മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെ ജീവനക്കാർ കൂട്ടത്തോടെ രാജിവച്ചു. ഇതിനിടെയിൽ ഒരു ദിവസം വാർത്താ സംപ്രേഷണത്തിനിടെ സമരവും പ്രഖ്യാപിച്ചു. പ്രതിഷേധത്തിന് പിന്നിലുള്ളവരെ പുറത്താക്കി പ്രവർത്തനം തുടങ്ങിയെങ്കിലും പ്രതിസന്ധിക്ക് ഇപ്പോഴും കുറവില്ല.

പ്രതീക്ഷയോടെ ഇന്ത്യവിഷനിൽ നിന്നിറങ്ങി റിപ്പോർട്ടർ തുടങ്ങിയ നികേഷിനും പ്രതിസന്ധിക്കിടയിൽ പിടിച്ചു നിൽക്കാനാകുന്നില്ല. ബ്രാൻഡ് നികേഷിനും പരസ്യ വരുമാനം ഉയർത്താനായില്ല. മൂന്ന് മാസമായി ശമ്പളത്തിൽ കൃത്യതയില്ല ഈ ചാനലിൽ. മാനേജ്‌മെന്റ് തലത്തിലെ അടിക്ക് വിധേയമാകാതെ കാശില്ലാതെ പണിയെടുക്കാം എന്നത് മാത്രമാണ് റിപ്പോർട്ടറിലെ മെച്ചം. ഇതു തിരിച്ചറിഞ്ഞ് ഇവിടെയുള്ള പ്രമുഖരും മറ്റ് സ്ഥാപനങ്ങളിലേക്ക് ചേക്കേറാനുള്ള ശ്രമത്തിലാണ്.

ഏറ്റവും ഒടുവിൽ തുടങ്ങിയ ടിവി ന്യൂ അടച്ചു പൂട്ടലിന്റെ വക്കിലാണ്. മാദ്ധ്യമപ്രവർത്തരടക്കം ഇരുന്നൂറ്റി അൻപതോളം പേർ ഇവിടെ ജോലി ചെയ്യുന്നു. സിഇഒ ഭഗത് ചന്ദ്രശേഖറും മാനേജ്‌മെന്റായ കേരളാ ചേംബർ ഓഫ് കോമേഴ്‌സുമായുള്ള തർക്കം മൂത്തതോടെ ശമ്പളം മുടങ്ങി. തുടക്കത്തിൽ ആർക്കും ചേംബർ ശമ്പളം നൽകിയില്ല. ജീവനക്കാരുടെ പ്രതിഷേധം ശക്തമായപ്പോൾ ഇഷ്ടക്കാരുടെ അക്കൗണ്ടിൽ കാശെത്തി. അപ്പോഴും ഭഗത്തിനെ അനുകൂലിക്കുന്നവർക്ക് ശമ്പളം നൽകാൻ ചേംബർ തയ്യാറായിട്ടില്ല. ഇവരെയെല്ലാം പിരിച്ചുവിടാനാണ് ടിവി ന്യൂവിന്റെ മാനേജ്‌മെന്റായ ചേംബറിന്റെ നീക്കമെന്നാണ് സൂചന. ദുബായിൽ നടന്ന ഒത്തുതീർപ്പ് ചർച്ചകളും ഫലം കാണാത്തതിനെ തുടർന്നാണ് ഇത്.

മികച്ച സാമ്പത്തിക അടിത്തറയുള്ള അമൃതാനന്ദമയീ മഠത്തിന്റെ അമൃത ടിവിയിലും പ്രതിസന്ധി രൂക്ഷമാണ്. ചാനലിന്റെ പല ബ്യൂറോകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഹൈദരാബാദിലെയും ബാംഗ്ലൂരിലെയും ബ്യൂറോകളുടെ പ്രവർത്തനം അവസാനിപ്പിച്ചു. വാർത്താ ബുള്ളറ്റിനുകളുടെ എണ്ണവും കുറച്ചു. ചെലവ് കുറയ്ക്കാനായി ജീവനക്കാരെ വെട്ടിച്ചുരുക്കാൻ എല്ലാ അരമണിക്കൂറിലും നൽകി വന്ന സ്‌പോട് ന്യൂസ് എണ്ണം കുറച്ചു. ന്യൂസ് വിഭാഗത്തിലെ ഷിഫ്റ്റ് മൂന്നിൽ നിന്ന് രണ്ടായി കുറയ്ക്കാനാണ് വാർത്താ ബുള്ളറ്റിനുകളുടെ എണ്ണം കുറച്ചത്. എന്നാൽ മഠത്തിന്റെ പിന്തുണയുള്ളതിനാൽ ശമ്പളം മുടങ്ങിയിട്ടില്ല.

കേരളാ കൗമുദിയുടെ ചാനലായ കൗമുദിയിലും കാര്യങ്ങൾ അവതാളത്തിലാണ്. മാനേജ്‌മെന്റിലെ പ്രശ്‌നങ്ങൾ ചാനലിനേയും ബാധിച്ചിട്ടുണ്ട്. നിലവിൽ പ്രോഗ്രാം ചാനലായതിനാൽ ചെറിയ ശമ്പളത്തിൽ കുറച്ച് ജീവനക്കാരേ കൗമുദിയിലുള്ളൂ. ന്യൂസ് ലൈസൻസ് ഉണ്ടെങ്കിലും വാർത്താ ബുള്ളറ്റിൻ തുടങ്ങാൻ കഴിയാത്തത് പ്രതിസന്ധി മൂലമാണ്. ജീവൻ ടിവിയിൽ ചുരുങ്ങിയ ജീവനക്കാരും കുറവ് ശമ്പളവുമാണ്. അവിടേയും തട്ടിയും മുട്ടിയുമാണ് നിത്യചെലവുകൾ നടക്കുന്നത്. ആത്മീയ ചാനലുകളും വിദേശ ഫണ്ടിന്റെ കുരത്തിൽ സംപ്രേഷണം മുടങ്ങാതെ പോകുന്നുമുണ്ട്.

ലാഭത്തിലാണെങ്കിലും മാതൃഭൂമി ചാനലിലെ ജീവനക്കാരും പ്രതിഷേധത്തിലാണ്. ശമ്പള വർദ്ധനവ് അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്നുവെന്നതാണ് പരാതി. ജമാഅത്തെ ഇസ്ലാമിയുടെ ഇടപെടലിൽ അതൃപ്തരായ ജീവനക്കാർ മാദ്ധ്യമത്തിന്റെ മിഡിയോ വണ്ണിലുമുണ്ട്. പക്ഷേ എടുത്ത് ചാടി ചാനൽ മാറാൻ ഇവരാരും തയ്യാറല്ല. മനോരമയിലോ ഏഷ്യാനെറ്റിലോ എത്താനായില്ലെങ്കിൽ ശമ്പളം മുടങ്ങുമെന്ന് ചാനൽ മാദ്ധ്യമ പ്രവർത്തരും തിരിച്ചറിഞ്ഞിരിക്കുന്നു.