- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടപ്പാക്കാൻ വർഷങ്ങളെടുക്കുന്ന പരിഷ്കരണം ചെറിയൊരു ഫോർമുല കൊണ്ടു നിമിഷങ്ങൾക്കകം തീർത്തു; കോവിഡു കാലത്ത് എല്ലാം നടന്നത് ഓൺലൈനിൽ; യാത്രാ ബത്ത വാങ്ങാത്ത ആദ്യ കമ്മീഷൻ; ശുപാർശയും പ്രവർത്തിയും ഒരേ വഴിയിൽ; വെള്ളാനയാകാതെ ശമ്പള പരിഷ്കരണ കമ്മീഷൻ
തിരുവനന്തപുരം: ഈ കമ്മീഷന് കൈയടിക്കാം. കേരളത്തിലെ മതസംഘടനകളെ പോലും പിടിച്ചു കെട്ടുന്ന വിപ്ലവകരമായ ശുപാർശകൾ നൽകിയ കമ്മീഷൻ. 11-ാം ശമ്പള പരിഷ്കരണ കമ്മിഷന്റെ കാലാവധി അന്തിമ റിപ്പോർട്ട് കൂടി സമർപ്പിച്ചതോടെ അവസാനിക്കുമ്പോൾ വാക്കിലും പ്രവർത്തിയിലും അവർ മാതൃക തീർക്കുകയാണ്.
പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ റിപ്പോർട്ടിലെ ഏഴാം ഭാഗത്തിലുള്ളത് വിപ്ലവകരമായ ശുപാർശകളാണ്. എയ്ഡഡ് സ്കുൾ അദ്ധ്യാപക നിയമനത്തിൽ സുതാര്യത ഉറപ്പാക്കാൻ കരുതലോടെയുള്ള ശുപാർശയാണ് മുമ്പോട്ട് വയ്ക്കുന്നത്. സർക്കാർ സർവ്വീസിലെ ആശ്രിത നിയമനം അവസാനിപ്പിക്കണമെന്നതാണ് മറ്റൊരു നിർദ്ദേശം. ഇതിനൊപ്പം പിന്നോക്ക സംവരണത്തിനുള്ളിൽ പാവങ്ങൾക്കായി സംവരണമെന്ന നിർദ്ദേശവും മുമ്പോട്ട് വയ്ക്കുന്നു. പെൻഷൻ പ്രായം ഉയർത്തണമെന്നതിൽ അപ്പുറമുള്ള കാതലായ പലവിഷയങ്ങളും ഈ റിപ്പോർട്ടിലുണ്ടെന്നതാണ് വസ്തുത.
കെ.മോഹൻദാസ് അധ്യക്ഷനും പ്രഫ.എം.കെ.സുകുമാരൻ നായർ, അഡ്വ.അശോക് മാമ്മൻ ചെറിയാൻ എന്നിവർ അംഗങ്ങളുമായ 11ാം ശമ്പള പരിഷ്കരണ കമ്മിഷന്റെ കാലാവധിയാണ് അവസാനിച്ചത്. 2019 നവംബർ 6 ന് രൂപീകരിച്ച കമ്മിഷൻ 2020 ഫെബ്രുവരിയിലാണു പ്രവർത്തനം തുടങ്ങിയത്. എല്ലാം അതിവേഗം പൂർത്തിയാക്കി. ജനുവരിയിൽ തന്നെ ഇടക്കാല ശുപാർശ നൽകി. അത് അംഗീകരിക്കപ്പെട്ടു.
കഴിഞ്ഞ ദിവസം അവസാന റിപ്പോർട്ടും. നടപ്പാക്കാൻ വർഷങ്ങളെടുക്കുന്ന ശമ്പള പരിഷ്കരണം ചെറിയൊരു ഫോർമുല കൊണ്ടു നിമിഷങ്ങൾക്കകം പൂർത്തിയാക്കുകയെന്ന ശുപാർശയാണ് ഈ കമ്മിഷനെ ശ്രദ്ധേയമാക്കിയത്. കോവിഡ് കാരണം സിറ്റിങ്ങുകളെല്ലാം ഓൺലൈൻ ആയിട്ടായിരുന്നു. ഇതും സർക്കാരിന് നേട്ടമായി.
കോവിഡുകാലത്തെ ഓൺലൈൻ യോഗം കാരണം യാത്രാബത്തയ്ക്കു ബിൽ നൽകാത്ത ഏക കമ്മിഷൻ കൂടിയാണിത്. കൊച്ചിയിലേക്ക് ഒരു യാത്ര നടത്തിയെങ്കിലും അതിനു ബിൽ നൽകേണ്ടെന്നു കമ്മിഷൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ കടുകട്ടി നിർദ്ദേശങ്ങൾ നൽകിയ കമ്മീഷൻ പുതിയ മാതൃകയും കാട്ടിയാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്.
ശമ്പളപരിഷ്കരണത്തിന്റെ ആദ്യ ആറു ഭാഗങ്ങളിലും ശമ്പളവും അലവൻസും പെൻഷനും മറ്റ് ആനുകൂല്യങ്ങളും പരിഷ്കരിക്കുന്നതിനെ കുറിച്ചാണ്. ഏഴാം ഭാഗത്തിലാണ് നയപരമായ വിഷയങ്ങളിലെ സുഫാർശ. കാര്യക്ഷ്മതയും സാമൂഹിക ഉത്തരവാദിത്തവും ലിംഗ നീതിയുമാണ് ഇവിടെ പൊതുതാൽപ്പര്യാർത്ഥം ഉയർത്തിക്കാട്ടുന്നത്. സേവനവും നിയമനവും എങ്ങനെ വേണമെന്ന് പറയുകയാണ് കമ്മീഷൻ.
എന്നാൽ ഇതിൽ പലതും തൊട്ടാൽ പൊട്ടുന്ന വിഷയങ്ങളാണ്. പെൻഷൻ പ്രായം ഉയർത്തിയാൽ യുവാക്കൾ സമരത്തിന് ഇറങ്ങും. എയ്ഡഡ് സ്കൂളുകളെ തൊട്ടാൽ മതസംഘടനകളും. ആശ്രിത നിയമനം തടഞ്ഞാൽ ജീവനക്കാരും സമരത്തിന് ഇറങ്ങും. അതുകൊണ്ടു തന്നെ ക്രിയാത്മകമായ ഈ ശുപാർശകൾ എല്ലാം സർക്കാരിന് കണ്ടില്ലെന്ന് നടിക്കേണ്ടി വരും. എന്നാൽ സാമ്പത്തിക സ്ഥിതി പരിഗണിച്ച് പെൻഷൻ പ്രായം ഉയർത്താനും സാധ്യതയുണ്ട്.
എയ്ഡഡ് നിയമനത്തിൽ ഇടപെടൽ വേണമെന്നും ശുപാർശയുണ്ട്. എയ്ഡഡ് സ്കൂൾ നിയമനത്തിൽ റിക്രൂട്മെന്റ് ബോർഡ് ഉണ്ടാക്കണം. മാനേജ്മെന്റുകൾക് ഉള്ള പൂർണ്ണ അധികാരം മാറ്റണം. ബോർഡിൽ മാനേജ്മെന്റ് പ്രതിനിധിയും ആവാം എന്നും ശുപാർശയിൽ പറയുന്നു. റിക്രൂട്മെന്റ് ബോർഡ് നിലവിൽ വരും വരെ നിയമനം നിരീക്ഷിക്കാൻ ഓംബുഡ്സ്മാനെ വെക്കണം. എയ്ഡഡ് നിയമനം സുതാര്യമാക്കണം. ഒഴിവുകൾ പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തണം. വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കണം.
അഭിമുഖത്തിന്റെ ഓഡിയോയും വിഡിയോയും പകർത്തണം. നിയമനത്തിലെ പരാതി പരിശോധിക്കാൻ ഓംബുഡ്സ്മാൻ ഉണ്ടാക്കണം. ഇതിനായി നിയമനിർമ്മാണം കൊണ്ടുവരണമെന്നും മോഹൻദാസ് കമ്മീഷന്റെ അന്തിമറിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. അന്തിമ റിപ്പോർട്ട് കഴിഞ്ഞ ദിവസം സർക്കാരിന് നൽകി. സർവീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂർണ പെൻഷൻ നൽകണമെന്നും ശപാർശ ചെയ്തിട്ടുണ്ട്. എന്നാൽ ആശ്രിത നിയമനം വേണ്ട. എയ്ഡഡ് മേഖലയിലേയും ആശ്രിത നിയമനത്തിലേയും ശുപാർശകൾ സർക്കാർ തള്ളനാണ് സാധ്യത. ക്രൈസ്തവ-ഹൈന്ദവ സ്കൂൾ മാനേജ്മെന്റുകൾ എയ്ഡഡ് മേഖലയിലെ പരിഷ്കരണത്തെ സ്വാഗതം ചെയ്യില്ല. അത് വിവാദമായി മാറുകയും ചെയ്യും.
എയ്ഡഡ് നിയമനരംഗത്തെ ക്രമക്കേടുകൾ ഒഴിവാക്കാനാണ് ശുപാർശകളെന്ന് ശമ്പള പരിഷ്കരണ കമ്മീഷൻ ചെയർമാൻ മോഹൻദാസ് പ്രതികരിച്ചു. ആയുർദൈർഘ്യം പരിഗണിച്ചാണ് പെൻഷൻ പ്രായം ഉയർത്താനുള്ള ശുപാർശ. സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയും ശുപാർശകൾക്ക് കാരണമായി. സർക്കാർ ജോലികൾ ഡിജിറ്റലൈസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ വീടുകളിലിരുന്ന് തന്നെ ജനങ്ങൾക്ക് സേവനം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊപ്പം സംവരണത്തിലും കാതലായ മാറ്റം മുമ്പോട്ട് വയ്ക്കുന്നു.
മറ്റ് പിന്നോക്ക് വിഭാഗങ്ങൾക്കുള്ള 40 ശതമാനം സംവരണത്തിൽ സാമ്പത്തികമായി മെച്ചപ്പെട്ടവർക്ക് നേട്ടമുണ്ടാകുന്നു എന്നാണ് വിലയിരുത്തൽ. കാശുള്ളവർ മെച്ചപ്പെട്ട പരിശീലനം നേടി സംവരണത്തിലെ 40 ശതമാനം ജോലികളും കൈയടക്കുന്നുവെന്നാണ് നിരീക്ഷണം. ഇത് പരിഗണിച്ച് സംവരണ ക്വാട്ടയിൽ 20 ശതമാനം ഈ വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി സംവരണം ചെയ്യണമെന്നാണ് ആവശ്യം. ഇത് പട്ടിക ജാതി പട്ടിക വർഗങ്ങൾക്കും വേണ്ടതാണെങ്കിലും ഭരണ ഘടനയും കോടതി വിധികളും അനുസരിച്ച് അതിന്റെ സാധ്യത പരിശോധിക്കേണ്ടതാണെന്നും ശമ്പള പരിഷ്കരണ കമ്മീഷൻ വിശദീകരിക്കുന്നു.
സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ 5 ആക്കി കുറയ്ക്കണം. ജോലി ചെയ്യുന്ന സമയം വർധിപ്പിക്കണം. പ്രവൃത്തി ദിനം നഷ്ടപ്പെടുന്നതിനു പരിഹാരമായി പ്രവൃത്തി സമയം രാവിലെ 9.30 മുതൽ വൈകിട്ട് 5.30 ആക്കണം. വർഷത്തിലെ അവധി ദിനങ്ങൾ 12 ആക്കി കുറയ്ക്കണം. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ആഘോഷങ്ങളോ മറ്റോ ഉണ്ടെങ്കിൽ മാത്രമേ പ്രാദേശിക അവധികൾ അനുവദിക്കേണ്ടതുള്ളൂ. ആർജിതാവധി വർഷം 30 ആക്കി ചുരുക്കണം. വർക്ക് ഫ്രം ജോലിക്കായി ഉദ്യോഗസ്ഥർക്ക് മാറിമാറി അവസരം നൽകണം.
ചെലവ് കുറയ്ക്കുന്നതിനായി പിഎസ്സി അംഗങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കുക. കാലികമായ മാറ്റങ്ങൾ കണക്കിലെടുത്ത് സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം പരിഷ്കരിക്കണം എന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ