മെൽബൺ: സൂപ്പർമാർക്കറ്റുകളിൽ അത്യാവശ്യ സാധനങ്ങൾക്കൊപ്പം ലിക്വറും ലഭ്യമാകുന്ന കാലം ഇനി വിദൂരമല്ല..ഒരു വർഷം മുമ്പ് ഇക്കാര്യത്തിൽ സമർപ്പിച്ചിട്ടുള്ള ഹാർപർ റിവ്യൂ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി മാൽക്കം ടേൺബുൾ. സൂപ്പർമാർക്കറ്റുകളിൽ ലിക്വർ വില്പന നടത്തരുതെന്ന നിയമത്തിൽ ഇളവു വരുത്തണമെന്ന് വ്യാപാരികളും നിർദ്ദേശം നൽകിയിരിക്കുന്നതോടെ ഹാർപർ റിവ്യൂ പ്രാബല്യത്തിൽ വരുത്താനുള്ള ശ്രമത്തിലാണ് പുതിയ സർക്കാർ.

സൂപ്പർമാർക്കറ്റുകളിലൂടെ ലിക്വർ വില്പന അനുവദിക്കുന്നതിന് ലിക്വർ നിയമത്തിൽ ഇളവു വരുത്തണമെന്ന് കോമ്പറ്റീഷൻ പോളിസിയിലുള്ള റിവ്യൂവിലാണ് ഹാർപർ കമ്മിറ്റി ശുപാർശ ചെയ്തിരുന്നത്. ഒരു വർഷം മുമ്പ് ശുപാർശ നൽകിയിരുന്നതാണെങ്കിലും ടോണി അബോട്ടിന്റെ കാലത്ത് ഇതിന് പ്രത്യേക പരിഗണന നൽകിയിരുന്നില്ല. എന്നാൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഏറെ ഗുണകരമാകും ഇത്തരത്തിൽ ലിക്വർ പോളിസിയിൽ ഇളവു വരുത്തുന്നത് എന്ന് ട്രഷറർ സ്‌കോട്ട് മോറിസണും പിന്താങ്ങിയിട്ടുണ്ട്.

യുകെയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും നിലനിൽക്കുന്നതു പോലെ ഓസ്‌ട്രേലിയയിലും സൂപ്പർമാർക്കറ്റുകൾ മുഖേന മദ്യം വിൽക്കുന്നത് അനുവദിക്കണമെന്നാണ് ലിബറൽ ഡെമോക്രാറ്റിക് സെനറ്റർ ഡേവിഡ് ലിയോൺജെലം വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ അനാവശ്യ കടുംപിടുത്തം ഒഴിവാക്കുകയാണ് നല്ലതെന്നാണ് ഡേവിഡ് ലിയോൺജെലത്തിന്റെ അഭിപ്രായം. യുകെയിൽ മദ്യത്തിന്റെ ലഭ്യത ഏറിയതോടെ അവിടെ കുറ്റകൃത്യങ്ങളുടെ തോതും കുറഞ്ഞിട്ടുണ്ട്.

മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നത് രാജ്യത്തെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകുന്നതു പോലെയാണെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ ഇംഗ്ലണ്ട് ലക്ചറർ ഇൻ ഹിസ്റ്റോറിക്കൽ ക്രിമിനോളജി ഡോ. മാത്യു അലൻ പറയുന്നത്. ലിക്വർ വിൽക്കുന്നതിന് നിയമത്തിൽ അഴിച്ചുപണി നടത്തേണ്ട കാലം അതിക്രമിച്ചുവെന്നു തന്നെയാണ് വ്യാപാരികൾ അഭിപ്രായപ്പെടുന്നത്. ഇക്കാര്യത്തിൽ സർക്കാർ കാട്ടുന്ന അനാവശ്യ കടുംപിടുത്തം ഒഴിവാക്കി സൂപ്പർമാർക്കറ്റുകളിൽ ലിക്വർ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നാണ് വ്യാപാരികൾ ഒന്നടങ്കം പറയുന്നത്.

സമൂഹത്തിന്റെ വിവിധ തലത്തിലുള്ള വിദഗ്ദ്ധർ മദ്യവില്പന സൂപ്പർ മാർക്കറ്റുകളിലൂടെ വ്യാപിപ്പിക്കുന്നതിന് പിന്തുണ നൽകുന്നതോടെ ഹാർപർ റിവ്യൂ ഏറ്റെടുത്തു നടത്താനുള്ള തയ്യാറെടുപ്പിലാണ് ടേൺബുൾ സർക്കാരും. അതുകൊണ്ടു തന്നെ സമീപ ഭാവിയിൽ തന്നെ ഇനി സൂപ്പർമാർക്കറ്റുകളിൽ നിന്നു തന്നെ ലിക്വർ ഷോപ്പിംഗും നടത്താം...