കൊച്ചി: ദിലീപിന്റെ ഫോൺ സർവീസ് ചെയ്തിരുന്ന മൊബൈൽ ഫോൺ സർവീസ് സെന്റർ ഉടമയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി. എറണാകുളത്ത് മൊബൈൽ ഫോൺ സർവീസ് സെന്റർ നടത്തിയിരുന്ന ഷലീഷിന്റെ അപകടമരണത്തിലാണ് കുടുംബം അങ്കമാലി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

ഷലീഷിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലും സാമൂഹികമാധ്യമങ്ങളിലും ചില സംശയങ്ങൾ ഉയരുന്നുണ്ടെന്നും അതിനാൽ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും ഷലീഷിന്റെ സഹോദരൻ പരാതിയിൽ പറയുന്നു. 2020 ഓഗസ്റ്റിൽ അങ്കമാലിയിലുണ്ടായ വാഹനാപകടത്തിലാണ് ഷലീഷ് മരണപ്പെട്ടത്. ഷലീഷ് ഓടിച്ചിരുന്ന കാർ മീഡിയനിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസും ഇതേകാര്യം തന്നെയാണ് കണ്ടെത്തിയത്.

എന്നാൽ മരണത്തിൽ സംശയങ്ങളുണ്ടെന്നും പുനരന്വേഷണം വേണെന്നുമാണ് ഷലീഷിന്റെ കുടുംബം ഇപ്പോൾ പറയുന്നത്. പുനരന്വേഷണം ആവശ്യപ്പെട്ടുള്ള പരാതി നിലവിൽ ദീലിപിനെതിരേ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറാനും സാധ്യതയുണ്ട്. ദിലീപിന്റെ മൊബൈൽ ഫോണുകൾ സർവീസ് നടത്തിയിരുന്നത് ഷലീഷിന്റെ എറണാകുളത്തെ സർവീസ് സെന്ററിലായിരുന്നു. ദിലീപുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഷലീഷ് 'വെൽക്കം ടു സെൻട്രൽ ജയിൽ' അടക്കമുള്ള ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്ത് മടങ്ങുമ്പോഴായിരുന്നു സലീഷിന്റെ അപകടമരണം. ഈ അപകടത്തെ കുറിച്ചാണ് ബാലചന്ദ്രകുമാർ അന്വേഷണം ആവശ്യപ്പെടുന്നത് എന്നാണ് സിനിമാക്കാർക്കിടയിലെ ചർച്ച. എന്നാൽ ഈ മരണത്തിൽ ദുരൂഹതകൾക്കൊന്നും സാധ്യതയില്ലെന്നതാണ് വസ്തുത. ഇതേ കാര്യം ബൈജു കൊട്ടാരക്കരയും വെളിപ്പെടുത്തിയിരുന്നു.

അരുൺ ഗോപിയുടെ ഫോണുമായി ബന്ധപ്പെട്ടായിരുന്നു ഈ വിവാദം. ദിലീപ് ജയിലായപ്പോൾ അരുൺ ഗോപിയെ കേരളത്തിലെ ഒരു നേതാവിന്റെ മകൻ വിളിച്ചെന്നും പണം ആവശ്യപ്പെട്ടെന്നുമാണ് ആരോപണം. ഈ വിഷയം ദിലീപ് പുറത്തിറങ്ങിയപ്പോൾ അരുൺ ഗോപി ദിലീപിനോട് പറഞ്ഞുവെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചിരുന്നു. ഈ ഫോൺ സംഭാഷണം വീണ്ടെടുക്കാനുള്ള ശ്രമാണ് സലീഷിന്റെ പേരും ചർച്ചകളിൽ എത്തിച്ചത്. ഈ സലീഷിന്റെ മരണത്തിലാണ് ദുരൂഹത ആരോപണം ഇപ്പോൾ എത്തുന്നത്.

സിനിമയിൽ അസി.ഡയറക്ടറായും മറ്റും പ്രവർത്തിച്ചയാളാണ് സലീഷ്. ബാലചന്ദ്രകുമാറാണ് സലീഷിനെ ദിലീപിന്റെ അടുത്ത് എത്തിച്ചത്. എന്നാൽ അറിയാത്ത ഒരാൾക്ക് തന്റെ ഫോൺ കൊടുക്കാൻ സംവിധായകൻ അരുൺ ഗോപി തയ്യാറായില്ല. എന്നാൽ ദിലീപ് കടുത്ത സമ്മർദ്ദം ചെലുത്തി ഈ ഫോണ് വാങ്ങിച്ചു. തുടർന്ന് സലീഷ് ആവശ്യപ്പെട്ട പ്രകാരം ദിലീപിന്റെ അനുജൻ 90,000 രൂപ മുടക്കി ഡോ. ഫോൺ എന്ന സോഫ്റ്റ് വെയർ വാങ്ങി. എന്നാൽ വേറെ പലതും കിട്ടിയെങ്കിലും ഈ കോൾ റെക്കോർഡ് മാത്രം തിരിച്ചെടുക്കാൻ സലീഷിന് സാധിച്ചില്ല. ഒടുവിൽ അമേരിക്കയിൽ ഐ ഫോൺ കമ്പനിയിൽ ഫോൺ അയച്ച് പത്ത് ലക്ഷം രൂപയോളം മുടക്കി ആ കോൾ റെക്കോർഡ് ദിലീപ് തിരിച്ചു പിടിച്ചു.

സലീഷിനേയും ദിലീപിനേയും പരിചയപ്പെടുത്തി കൊടുത്തത് ബാലചന്ദ്രകുമാർ ആണെങ്കിലും അവർ രണ്ട് പേരും പിന്നീട് അടുത്ത സുഹൃത്തുകളായി. വളരെ കാലം കഴിഞ്ഞ ബാലചന്ദ്രകുമാറിനെ സലീഷ് വിളിച്ചു സൗഹൃദം പുതുക്കിയിരുന്നു. താൻ ദിലീപിനെ വീണ്ടും കാണാൻ പോകുന്നുണ്ടെന്നും അന്ന് സലീഷ് ബാലചന്ദ്രകുമാറിനോട് പറഞ്ഞു. അവിടുന്നങ്ങോട്ട് മൂന്നോ നാലോ ദിവസം കഴിഞ്ഞപ്പോൾ ആലുവയിൽ അജ്ഞാതവാഹനം ഇടിച്ച് സലീഷ് മരിച്ചു-ഇതായിരുന്നു ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തൽ. ഇത് പിന്നീട് ബാലചന്ദ്രകുമാറും ശരിവയ്ക്കുകയായിരുന്നു. തന്റെ കൂട്ടുകാരന്റെ മരണത്തിൽ ദിലീപിന് പങ്കുള്ളതായും സംശയമുയർത്തി.

ഇതോടെയാണ് സിനിമാ ലോകവും ഈ സലീഷിനെ തേടി യാത്ര തുടങ്ങിയത്. അത് എത്തിയത് സലീഷ് വെട്ടിയാട്ടിൽ എന്ന വ്യക്തിയിലും. 2020ലെ ഓണനാളിലായിരുന്നു ഈ അപകടം.

ആ അപകടമുണ്ടായത് ടെൽക്കിന് മുന്നിൽ

കലാഭവൻ മണിയുടെ ചാലക്കുടിയിലെ വസതിയിൽ ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ റിലീസുചെയ്തു മടങ്ങിയ സംവിധായകൻ സലീഷ് വെട്ടിയാട്ടിൽ അങ്കമാലിയിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. ചിത്രം യു ട്യൂബിൽ റിലീസ് ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു അപകടം. സലീഷ് സംവിധാനം ചെയ്ത 'ലോക്ക് ഡൗണായ ഓണം' പോസ്റ്റർ കലാഭവൻ മണിയുടെ രാമൻ സ്മാരക കലാഗൃഹത്തിലാണ് അന്ന് ഉച്ചയോടെ റിലീസ് ചെയ്തത്. മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണനും അന്തരിച്ച നടൻ രാജൻ പി. ദേവിന്റെ മകൻ ജൂബിൽ രാജൻ പി. ദേവും ചേർന്നാണ് റിലീസ് ചെയ്തത്. വൈകിട്ട് ഏഴിന് എസാർ മീഡിയ യൂ ട്യൂബ് ചാനലിൽ പ്രദർശിപ്പിക്കുന്നതിന് മുന്നോടിയായിരുന്നു ചടങ്ങ്.

ചടങ്ങിനുശേഷം എറണാകുളത്തേക്ക് വരുമ്പോൾ സലീഷ് ഓടിച്ചിരുന്ന കാർ ടെൽക്കിന് സമീപം മീഡിയനിൽ ഇടിച്ചുകയറിയാണ് അപകടം എന്നാണ് റിപ്പോർട്ടുകൾ. കാറിൽ മറ്റാരുമുണ്ടായിരുന്നില്ല. ചാലക്കുടി വെള്ളമുക്ക് സ്വദേശിയായ സലീഷ് തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിലായിരുന്നു താമസം. ഈ അപകടത്തിൽ അന്നാരും ദുരുഹത ഉയർത്തിയില്ല. ഇതാണ് ഇപ്പോൾ ബാലചന്ദ്രകുമാറും ബൈജു കൊട്ടാരക്കരയും ചർച്ചയാക്കുന്നതെന്നാണ് സൂചന. സലീഷ് സംവിധാനം ചെയ്ത പേരിടാത്ത സിനിമയുടെ ചിത്രീകരണം ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തിവച്ചിരിന്നു. അനിൽ സച്ചു തിരക്കഥ എഴുതുന്ന മറ്റൊരു സിനിമയുടെ അണിയറപ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയായിരുന്നു അപകടം.

സലീഷ് ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ദേശീയപാത അങ്കമാലി ടെൽക്കിന് സമീപം റെയിൽവെ മേൽപ്പാലം ഇരുമ്പ് കൈവരിയിൽ ഇടിച്ച് കയറുകയായിരുന്നു. ഉച്ചക്ക് 1.55നായിരുന്നു അപകടം. തകർന്ന കാറിൽ നിന്ന് അഗ്നി രക്ഷാസേനയും നാട്ടുകാരും ഏറെ പരിശ്രമിച്ചാണ് സലീഷിനെ പുറത്തെടുത്തത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു.